ദാമോദരന്റെ കൃഷിയും ചില സമ്മിശ്രചിന്തകളും
Monday, January 27, 2020 12:26 PM IST
ദുബായ് ജോലിക്കുശേഷം നാട്ടിലെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ വടവന്തൂരിലെ ദാമോദരന്‍ ഇന്ന് കൃഷിയില്‍ ഫുള്‍ടൈമറാണ്. സമ്മിശ്രകൃഷി എങ്ങനെ ലാഭം കൊണ്ടുവരുന്നു എന്നു പഠിക്കണമെങ്കില്‍ ഇവിടെത്തണം. കൃഷി പാരമ്പര്യം പ്രവാസിയുടെ കൃഷിപ്പണി എളുപ്പമാക്കി. 35 വര്‍ഷത്തെ സൗദി ജീവിതശേഷം നാട്ടിലെത്തിയപ്പോള്‍ കൃഷിക്കായി തെരഞ്ഞെടുത്തത് ചെങ്കുത്തായ സ്ഥലമായിരുന്നു. ഇത് തട്ടുകളാക്കി തെങ്ങും കവുങ്ങും വച്ചു. അടിഭാഗത്തെ വെള്ളച്ചാലില്‍ തടകെട്ടി അതില്‍ മോട്ടോര്‍ സ്ഥാപിച്ച് വെള്ളം മുകളില്‍ എത്തിച്ചു. സ്ഥലത്തെ തെങ്ങുകളും കവുങ്ങുകളും ഇതോടെ ഹാപ്പി. കൃഷിയിടത്തിലെ കൂട്ടുകാരായി വാഴകളെയും പച്ചക്കറികളെയും ഫലവൃക്ഷങ്ങളെയും കൂടെക്കൂട്ടി. മറ്റു ഭാഗങ്ങളില്‍ റബര്‍ തനിവിളയാക്കി. ദിനംപ്രതി 45 ഷീറ്റ് റബര്‍ നല്‍കുന്നു. ഇഞ്ചി, മഞ്ഞള്‍, കുരുമുളക് എന്നിവ ഇടവിളയായപ്പോള്‍ പറമ്പ് ഉഷാര്‍.
നെല്‍കൃഷിയെ കൈവിട്ടില്ല. ഗെയില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ ഇട്ടതിനാല്‍ പാടശേഖരം നശിച്ച സ്ഥിതിയാണ്. മധ്യത്തില്‍കൂടി ലൈന്‍ ഇട്ടതിനാല്‍ കൃഷിചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. നഷ്ടപരിഹാരം ഒന്നും കിട്ടിയില്ല. കൃഷിക്കാരനു വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലെന്നത് സത്യമെന്ന് ദാമോദരന്‍ പറയുന്നു. നല്ലൊരു ഡയറി ഫാം പ്രവര്‍ത്തിപ്പിക്കുന്നുണ്ട് ദാമോദരന്‍. ആധുനിക സജീകരണത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നാടനും മറുനാടനുമാ യി 12 പശുക്കളും അവയുടെ കിടാരികളും അടക്കം 18 എണ്ണമുണ്ട് തൊഴുത്തില്‍. പ്രതിരോധശേഷിയുള്ള എച്ച്എഫ് നാലെണ്ണവും ജഴ്‌സിയും ഗീറും മൂന്നെണ്ണം വീതവും പാല്‍ചുരത്തുന്നു. ശുദ്ധവായു ആവശ്യത്തിനു ലഭിക്കുന്ന തരത്തിലാണ് തൊഴുത്ത് രൂപകല്‍പന.
ചൂടില്‍ നിന്നു ശമനത്തിനു ഫാനുകളും വെള്ളം എപ്പോള്‍ വേണമെങ്കിലും കുടിക്കാന്‍ പറ്റുന്ന സംവിധാനവും തൊഴുത്തിലുണ്ട്. കൂടാതെ എഫ്.എം റേഡിയോയും പ്രവര്‍ത്തിക്കുന്നു. ഇവയെ നോക്കുന്നതിന് സഹായത്തിനായി ഒരു കുടുംബമുണ്ട്. ഇവരാണ് പുല്ലരിയുന്നതും തൊഴുത്ത് വൃത്തിയാക്കുന്നതും കറവ നടത്തുന്നതും. ഈ ഫാമിലേക്ക് പശുക്കള്‍ക്കായി ദിവസം 6000 ലിറ്റര്‍ വെള്ളം വേണം. വലിയപരിപാലനവും ശാസ്ത്രീയ തീറ്റക്രമവും വേണ്ട ഒന്നാണ് പശുവളര്‍ത്തലെന്ന് ദാമോദരന്‍ പറയുന്നു. രോഗങ്ങള്‍ കുറവാണ്. പശുക്കളെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. പുല്ല്, വൈക്കോല്‍, കപ്പലണ്ടിപ്പിണ്ണാക്ക്, ചോളപ്പൊടി, കാലിത്തീറ്റ ഇവയാണ് ആഹാരം. മാസത്തില്‍ പശു ചികില്‍സക്കായി 1000 രൂപ വേണ്ടി വരും. കാലാവസ്ഥാ മാറ്റം പുറം നാട്ടുകാരികള്‍ക്ക് ചെറിയ പ്രശ്‌നം ഉണ്ടാക്കാറുണ്ട്. അകിടു വീക്കമാണ് പ്രധാന വില്ലന്‍. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങുന്നതാണ് നല്ലതെങ്കിലും ഇവയ്ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ദിവസം 100 ലിറ്റര്‍ പാല് മില്‍മയ്ക്കു നല്കുന്നു. ലിറ്ററിന് 40 രൂപയാണിപ്പോള്‍ കിട്ടുന്നത്. ദിവസം 4000 രൂപയോളം ചെലവുവരും. ചാണകം വിറ്റും നല്ല വരുമാനം ലഭിക്കുന്നു. വായ്പ വാങ്ങാ തെ സ്വന്തം ഫണ്ട് ഉപയോഗിച്ചാല്‍ നഷ്ടം ഉണ്ടാകില്ല. ലാഭമോ നഷ്ടമോ അല്ല പ്രധാനമെന്നും മനസുഖവും സന്തോഷവുമാണെന്നും ഈ കര്‍ഷകന്‍ പറയുന്നു. കൃഷിവകുപ്പില്‍ നിന്ന് ഇതുവരെ ഒരാനുകൂല്യവും കിട്ടിയില്ല. ഭാര്യ ഭവാനി താങ്ങും തണലുമായി ഒന്നിച്ചുണ്ട്. ഫോണ്‍- ദാമോദരന്‍-9605656086
എ. വി. നാരായണന്‍
ഫോണ്‍-974577022