വരള്‍ച്ചയ്‌ക്കെതിരേ മുന്‍കരുതല്‍, വേനല്‍പച്ചക്കറി കൃഷി തുടങ്ങാം
Saturday, January 25, 2020 3:49 PM IST
നെല്ല്
മുണ്ടകന്‍ കൊയ്ത്തിന് സമയമായി. കൊയ്യാറായ പാടങ്ങളില്‍ കൊയ്ത്തിനു ഒരാഴ്ച മുമ്പുതന്നെ പാടത്തെ വെള്ളം വാര്‍ത്തുകളയണം. വിത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന പാടങ്ങളില്‍നിന്നും കൊയ്ത്തിന് രണ്ടാഴ്ച മുമ്പെങ്കിലും കളക്കതിരുകള്‍ നീക്കം ചെയ്യണം.
കൊയ്ത്ത് കഴിഞ്ഞാല്‍ നിലം ഉഴുതിടണം. ഈര്‍പ്പമുണ്ടെങ്കില്‍ എള്ള്, പയര്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യാം. കൊയ്ത്തിനുശേഷം നിലം ഉഴുത് കുറച്ചു ദിവസം തരിശിടുന്നത് തണ്ടുതുരപ്പന്റെ ഉപദ്രവം പുഞ്ചയിലേക്ക് വ്യാപിക്കാതിരിക്കാന്‍ സഹായിക്കും. നേരിട്ടു വിത്തു വിതച്ച് കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാടങ്ങള്‍ നല്ലപോലെ ഉഴുതു നിരപ്പാക്കണം. ഞാറ് പറിച്ചു നടുന്ന പാടങ്ങളില്‍ ഞാറ്റടി തയാറാക്കാം. കുട്ടനാടന്‍ പുഞ്ചയില്‍ മേല്‍വളപ്രയോഗവും സസ്യസംരക്ഷണവും തുടരാം.
തെങ്ങ്
ജലസേചനം തുടരണം. ആഴ്ചയില്‍ ഒന്നോ രണ്ടോ നന നല്‍കാം. നനയുടെ തോതു കുറയ്ക്കാന്‍ തെങ്ങിന്‍തടത്തില്‍ പുതയിട്ടു കൊടുക്കാം. മണല്‍ പ്രദേശങ്ങളില്‍ 3-4 ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. വിത്തു തേങ്ങാസംഭരണത്തിന് മാതൃവൃക്ഷം തെരഞ്ഞെടുക്കാം. സ്ഥിരമായി കായ്ക്കുന്നതും വര്‍ഷത്തില്‍ 80 തേങ്ങ കുറയാതെ കായ്ഫലമുള്ള തെങ്ങുകള്‍ തെരഞ്ഞെടുക്കണം. വിടര്‍ന്ന 30ല്‍ കൂടുതല്‍ ഓലകള്‍, ബലമുള്ള മടലുകള്‍, കരുത്തുള്ള കുലഞ്ഞെട്ടുകളോടുകൂടിയ 12 കുലകളില്‍ കൂടുതല്‍, ഇടത്തരം വലുപ്പമുള്ള തേങ്ങകള്‍ തുടങ്ങിയ ഗുണങ്ങള്‍ മാതൃവൃക്ഷത്തിനുണ്ടാകണം. വിത്തുതേങ്ങ കയറില്‍ കെട്ടിയിറക്കണം. വിത്തുതേങ്ങ മുളപ്പിക്കുന്നതിനുമുമ്പ് 60 ദിവസമെങ്കിലും തണലില്‍ സൂക്ഷിക്കണം. മൂന്നിഞ്ച് കനത്തില്‍ മണല്‍ വിരിച്ച് അതില്‍ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവുംവിധം നിരത്തി മണലിട്ട് മൂടിയിടണം. തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാനാണിത്. ഒന്നിന് മുകളില്‍ ഒന്ന് എന്ന ക്രമത്തില്‍ 5 അടുക്ക് വിത്തു തേങ്ങ ഇങ്ങനെ സംഭരിക്കാം. മണല്‍ മണ്ണും തണലുമുള്ള പ്രദേശങ്ങളില്‍ വിത്തുതേങ്ങ കൃഷിസ്ഥലങ്ങളില്‍തന്നെ സൂക്ഷിക്കാം. തണലില്‍ കൂട്ടിയിട്ട തേങ്ങകള്‍ തൊ ണ്ട് ഉണങ്ങിയതിനുശേഷം പാകി മുളപ്പിക്കാം. തീരപ്രദേശങ്ങളില്‍ ഇലകള്‍ കാര്‍ന്നു തിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുണ്ടെങ്കില്‍ എതിര്‍ പ്രാണികളെ തെങ്ങിന്‍ തോപ്പുകളിലേക്ക് വിടണം. ഓലതീ നിപ്പുഴുവിന്റെ ആക്രമണം കൂടാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ കേടായ ഓലകള്‍ വെട്ടിമാറ്റി രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുക.
കമുക്
ജലസേചനം തുടരുക. അടയ്ക്കാ മരങ്ങളെ ചൂടില്‍നിന്നു സംരക്ഷിക്കാന്‍ തടിയില്‍ കുമ്മായം പൂശുകയോ ഉണക്ക ഓലകള്‍ പൊതിഞ്ഞുകെട്ടുകയോ ചെയ്യാം.
വാഴ
നന തുടരണം. വാഴത്തടത്തില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്താം സഹായിക്കും. നേന്ത്രവാഴ നട്ട് മൂന്നാമത്തെയും നാലാമത്തെയും മാസം 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേര്‍ക്കുക. മണ്ണു പരിശോധന നടത്തിയാല്‍ കൃത്യമായ വളത്തിന്റെ തോത് അറിയാന്‍ കഴിയും.
ഏലം
പ്രാഥമിക തവാരണകളില്‍ ജലസേചനം തുടരാം. പന്തലിട്ടു കൊടുക്കണം. രണ്ടാം തവാരണയിലും കളയെടുപ്പും ദൈനംദിന ജലസേചനവും നടത്തണം. ഏലത്തിന്റെ വിളവെടുപ്പ് തുടരാം. പറിച്ചെടുത്ത കായ്കള്‍ തരംതിരിച്ച് സൂക്ഷിക്കാം. തണല്‍മരങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ഇളം ചെടികള്‍ക്ക് ആവശ്യമായ തണല്‍ നല്‍കാന്‍ ചെടികളുടെ മുകളില്‍ ചെറിയ പന്തല്‍ ഇട്ടുകൊടുക്കാം. ഉണക്കില്‍ നിന്ന് ചെടിയെ സംരക്ഷിക്കാന്‍ പുതയിട്ടു കൊടുക്കണം.

കുരുമുളക്
മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി വള്ളിയുടെ ചുവട്ടില്‍ പുതയിട്ടു കൊടുക്കണം. നട്ട് ഒന്നുരണ്ട് വര്‍ഷം മാത്രം പ്രായമെത്തിയ വള്ളികളെ പൊതിഞ്ഞു കെട്ടി വേനല്‍ച്ചൂടില്‍ നിന്നും സംരക്ഷിക്കണം. തോട്ടങ്ങളില്‍ വിളവെടുപ്പു തുടരാം. പറിച്ചെടുത്ത കുരുമുളക് ഏറ്റവും ശുചിയായ രീതിയില്‍ ഉണക്കി സൂക്ഷിക്കണം. യാതൊരുവിധ മാലിന്യങ്ങളും കുരുമുളകില്‍ കലരാന്‍ ഇടയാകരുത്.
കൊടിത്തലകള്‍ ശേഖരിക്കുവാനുള്ള മാതൃകൊടികളുടെ തെരഞ്ഞെടുപ്പ് തുടരാം. തെരഞ്ഞെടുത്ത ചെന്തലകള്‍ മണ്ണില്‍ പടരാതെ ചെറിയ താങ്ങുകാലുകളില്‍ ചുറ്റിവയ്ക്കണം.
ഇഞ്ചി, മഞ്ഞള്‍
ഇഞ്ചിയുടെ വിളവെടുപ്പും വിത്തി ഞ്ചി സംസ്‌കരണവും സൂക്ഷി പ്പും തുടരാം. വിത്തിന് സൂക്ഷിക്കുന്ന ഇഞ്ചി മൃദുചീയല്‍ രോഗം ഉണ്ടാകാതിരിക്കാന്‍ വിത്തുപചാരം നടത്തി തണലില്‍ ഉണക്കണം. മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം.
ജാതി, ഗ്രാമ്പൂ
ജലസേചനം തുടരുക. ഗ്രാമ്പുവിന്റെ വിളവെടുപ്പ് തുടങ്ങാം. ഗ്രാമ്പുവിന്റെ പൂങ്കുലകളില്‍ പച്ചനിറം മാറി ഇളം ചുവപ്പു നിറമാവുന്ന പൂക്കളാണ് പറിച്ചെടുക്കേണ്ടത്. ഇങ്ങനെ പറിച്ചെടുത്ത ഗ്രാമ്പൂ പൂക്കള്‍ വെയിലത്ത് ഒറ്റ നിരയായി പരത്തിയിട്ട് നാലഞ്ചു ദിവസം ഉണക്കുമ്പോള്‍ നല്ല തവിട്ടു നിറമാകും. ഇതാണ് ഉണക്കിന്റെ പാകം. രാത്രിയില്‍ മഞ്ഞുകൊള്ളാന്‍ അനുവദിക്കരുത്.
എള്ള്
മുണ്ടകന്‍കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ മൂന്നാം വിളയായി നടാം. നിലം രണ്ടുമുതല്‍ നാലു വരെ ചാലുഴുത്കളകള്‍ നീക്കി കട്ട പൊടിച്ച് നിരപ്പാക്കിയിടാം. അടിവളമായി ഏക്കറിന് രണ്ടു ടണ്‍ കാലിവളവും 10 കി.ഗ്രാം യൂറിയ, 12 കി.ഗ്രാം മസ്സൂറി ഫോസ്, 8 കി.ഗ്രാം പൊട്ടാഷ് ചേര്‍ത്തുകൊടുക്കണം. കായംകുളം-1, തിലോത്തമ, സോമ എന്നീ ഇനങ്ങള്‍ ഏക്കറിന് 1.5-5 കി.ഗ്രാം എന്ന തോതില്‍ മണലുമായി ചേര്‍ത്ത് വിതറണം.
കശുമാവ്
കശുമാവില്‍ പൂക്കാലം ഏകദേശം പൂര്‍ത്തിയാകും. തേയിലക്കൊതുക്, തടിതുരപ്പന്‍, കൊമ്പുണക്കം എന്നിവയ്‌ക്കെതിരെ സസ്യസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. തേയിലക്കൊതുകിന്റെ ആക്രമണത്തോ ടൊപ്പം ആന്ത്രക്‌നോസ് കുമിള്‍ബാധയുണ്ടെങ്കില്‍ 2 മിലി ക്വിനാല്‍ഫോസ്, 2 ഗ്രാം മാങ്കോസെബ് എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് പ്രായമനുസരിച്ച് 3-5 ലിറ്റര്‍ വരെ മരമൊന്നിന് തളിക്കുക. തടിതുരപ്പന്റെ ഉപദ്രവം ശ്രദ്ധിക്കുക. തടിയിലും പുറമെ കാണുന്ന വേരിലും സുഷിരങ്ങളും അതിലൂടെ ചണ്ടി പുറത്തേക്കുവരുന്നതുമാണ് ലക്ഷണം.
മാവ്
പൂവിടുന്ന സമയത്ത് മാന്തോപ്പില്‍ ചെറിയതോതില്‍ പുകച്ചുകൊടുക്കുന്നത് തുള്ളന്‍ ഉള്‍പ്പെടെയുള്ള പ്രാണികളെ നിയന്ത്രിക്കും. കായി ച്ചയെ തുരത്താന്‍ മെറ്റ്‌കെണി സ്ഥാപി ക്കണം.
സി.എസ്. അനിത