നിരോധിത വിഷങ്ങള്‍ നുഴഞ്ഞുകയറുമ്പോള്‍
കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ച് നെല്‍കൃഷി മേഖലയില്‍ നിരോധിത കള-കീടനാശിനികളുടെ കടന്നുകയറ്റം രൂക്ഷമാകുകയാണ്. പേരുമാറ്റിയും പേരില്ലാതെയും വില്‍പ്പനക്കാരുടെ നിര്‍ദേശം വഴിയുമൊക്കെ ഇവ കൃഷിയിടത്തിലെത്തുന്നു. തളിക്കുന്നയാള്‍ക്കും പ്രയോഗിക്കുന്ന കര്‍ഷകനും ഇതു തളിച്ച ഭക്ഷ്യവസ്തു ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഇതുണ്ടാക്കുന്ന ദുരന്തം പലര്‍ക്കുമറിയില്ലെന്നതാണ് വസ്തുത. കീടനാശിനി ഏത്, എങ്ങനെ ഉപയോഗിക്കണമെന്ന് ധാരണയില്ലാത്ത കര്‍ഷകന്‍ കീടനാശിനി വില്‍പനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് വിഷപ്രയോഗം നടത്തുന്നതാണ് വിനയാകുന്നത്. മറ്റു സംസ്ഥാനങ്ങളിലെ കാലാവസ്ഥയിലും വിളകളിലും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചിറക്കുന്ന കീടനാശിനികള്‍ അതുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശത്തും വിളകളിലും തളിച്ചാല്‍ ഫലം കിട്ടില്ല. ഇത്തരത്തിലുള്ള കീടനാശിനികളും ഇവിടെ എത്തുന്നുണ്ട്. ഒരു കീടനാശിനി നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ കൂടുതല്‍ തളിച്ചാല്‍ കീടങ്ങള്‍ അതിനോട് പ്രതിരോധശേഷി ആര്‍ജിക്കും. പിന്നീട് ആ കീടത്തിനെ കൊല്ലണമെങ്കില്‍ ഉയര്‍ന്ന അളവില്‍ അതേ വിഷം തളിക്കുകയോ വിഷം മാറ്റുകയോ ചെയ്യേണ്ടിവരും. ഇത് കൃഷിച്ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. ഉപയോഗം നോക്കിയുള്ള പ്രയോഗമാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. കളകളെ നശിപ്പിക്കാന്‍ നിലമുഴുമ്പോള്‍ തളിക്കേണ്ട കളനാശിനി വിളവെടുപ്പു സമയത്ത് ഉപയോഗിച്ചാലോ?- വന്‍ദുരന്തങ്ങളാകും കാത്തിരിക്കുന്നത്. പാടമൊരുക്കുന്ന സമയത്ത് കളകളെ നശിപ്പിച്ച് മണ്ണില്‍ ചേരുന്ന കളനാശിനികള്‍ നിര്‍വീര്യമാക്കപ്പെടും. എന്നാല്‍ ഇത് വിളവെടുപ്പുപ്രായത്തില്‍ അടിച്ചാല്‍ ആ വിളയില്‍ വിഷം അവശേഷിക്കും. എന്തിനുള്ള വിഷമാണിതെന്ന് അറിഞ്ഞ് ഉപയോഗിക്കുകയാണ് വേണ്ടത്.

കളര്‍ നോക്കി തിരിച്ചറിയാം

ടോക്‌സിസിറ്റി ലേബല്‍ എന്നറിയപ്പെടുന്ന ത്രികോണം എല്ലാത്തരം വിഷങ്ങളുടെയും പുറത്തുകാണും.
വിഷത്തിന്റെ കാഠിന്യമനുസരിച്ച് നാലുതരം ലേബലിംഗാണ് ഇന്ത്യയിലുള്ളത്.
1. ചുവപ്പ് ലേബല്‍ (കൊടിയ വിഷം)
മോണോക്രോട്ടോഫോസ്, സിങ്ക് ഫോസ്‌ഫൈഡ്, എത്തില്‍ മെര്‍ക്കുറി എയ്‌സ്റ്റേറ്റ് തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ള വിഷങ്ങള്‍.
2. മഞ്ഞ ലേബല്‍ (ഉയര്‍ന്ന അളവില്‍ വിഷാംശം)
ഉയര്‍ന്ന അളവില്‍ വിഷാശം അടങ്ങിയിട്ടുള്ളവയ്ക്കാണ് മഞ്ഞത്രികോണ ലേബലുള്ളത്. എന്‍ഡോസള്‍ഫാന്‍, കാര്‍ബാറില്‍, ക്വിനാല്‍ഫോസ് തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ അടങ്ങിയവ ഇതില്‍പ്പെടുന്നു.
3. നീല ലേബല്‍( മിതമായ തോതില്‍ വിഷാംശം)
മിതമായ തോതില്‍ വിഷാംശമടങ്ങിയ വിഷങ്ങള്‍. മാലത്തിയോണ്‍, തിറം, ഗ്ലൈഫോസേറ്റ് എന്നീ രാസപദാര്‍ഥങ്ങള്‍ ചേര്‍ന്നവ.
4. പച്ച ലേബല്‍(ലഘു വിഷങ്ങള്‍- ടഹശഴവഹ്യേ ഠീഃശര)
മങ്കോസെബ്, ഓക്‌സിഫ്യൂര്‍ഫെന്‍ തുടങ്ങിയവയെല്ലാം ലഘു വിഷങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളതാണ്.

ഇതില്‍ ചുവന്ന ലേബലിലുള്ള വിഷങ്ങള്‍ പൂര്‍ണമായും വില്‍പന നിരോധിച്ചിട്ടുള്ളതാണ്. മഞ്ഞ ലേബലുള്ള ഭൂരിഭാഗം വിഷങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചിലവയ്ക്കു മാത്രം നിയന്ത്രിതവില്‍പനാനുമതി നല്‍കിയിട്ടുമുണ്ട്. നീല, പച്ച ലേബലിലുള്ളവ നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ നിശ്ചിത സമയത്തു തന്നെ ഉപയോഗിച്ചാല്‍ അപകടകാരികളാകില്ല.

ആരോഗ്യം നോക്കാതെയുള്ള മരുന്നടി

കൃഷിയിടത്തില്‍ കള, കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ അത് തളിക്കുന്നയാള്‍ ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രം ഉപയോഗിക്കണം. ചെടികളില്‍ അവ തളിക്കുന്ന സ്‌പ്രേയര്‍ പിടിക്കുന്ന അകലത്തിനുമൊക്കെ കണക്കുണ്ട്. എത്ര അളവില്‍ തളിക്കണമെന്ന് വിഷത്തിന്റെ കവറില്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍, കൃഷിഭവനുകള്‍, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെ അന്വേഷിച്ചാല്‍ ഏതു രോഗത്തിന് ഏതളവില്‍ വിഷപ്രയോഗം നടത്തണമെന്നുള്ള വിവരങ്ങള്‍ ലഭിക്കും. മങ്കൊമ്പ് കാര്‍ഷിക ഗവേഷണ കേന്ദ്രം പോലുള്ള കാര്‍ഷിക സര്‍വകലാശാല സ്ഥാപനങ്ങള്‍ കീടനാശിനി വില്‍പ്പനക്കാര്‍ക്കും കര്‍ഷകര്‍ക്കും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ശാസ്ത്രീയമായും വിവേകപൂര്‍വമായുമുള്ള രീതികള്‍വേണം വിഷപ്രയോഗത്തില്‍ സ്വീകരിക്കേണ്ടത്. ഫോണ്‍: മങ്കൊമ്പ് കാര്‍ഷിക ഗവേഷണ കേന്ദ്രം- 0477 2702245.

പ്രശ്‌ന പരിഹാരത്തിന് നിരോധിത കളനാശിനിയുമായി ഏജന്റുമാര്‍

മഴയും വെയിലും മാറിമാറി വരുന്ന കാലാവസ്ഥയില്‍ നെല്‍മണി പാകമായെങ്കിലും നെല്‍ച്ചെടി കരിയാത്തതിനാല്‍ വിളവെടുക്കാനാകാത്തതായിരുന്നു നെല്‍കൃഷി മേഖലയിലെ ഇത്തവണത്തെ പ്രധാനപ്രശ്‌നം. 120 ദിവസമാണ് നെല്ല് വിളവെടുപ്പു പാകമെത്താന്‍ വേണ്ടത്. എന്നാല്‍ ഇടമഴ ലഭിക്കുന്നതു കാരണം നെല്‍ച്ചെടി ഉണങ്ങി, കൊയ്ത്തു പാകമാകാന്‍ 135 ദിവസം വരെയെടുത്തു. നെല്ല് വേഗം കൊയ്‌തെടുത്തില്ലെങ്കില്‍ മഴയത്തു വീണു നശിക്കും. കൊയ്ത്തു യന്ത്രങ്ങളുടെ ക്ഷാമവുമുണ്ടാകും. കൊയ്ത്തുയന്ത്രമുപയോഗിച്ച് നെല്ലു വേഗം കൊയ്യണമെങ്കില്‍ ചെടി കരിയണം. ഇല്ലെങ്കില്‍ കൊയ്ത്തിന് കാലതാമസമെടുക്കും. കൊയ്ത്തുയന്ത്രത്തിന് മണിക്കൂറിന് 1650 രൂപയാണു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വാടക.

പലസ്ഥലങ്ങളിലും 2000 രൂപയിലധികമൊക്കെ നല്‍കിയാണ് കൊയ്ത്തുയന്ത്രമിറക്കുന്നത്. വാടകയിനത്തിലും നെല്ല് മഴയത്തു വീണുണ്ടാകുന്നതുമൊക്കെയായുള്ള നഷ്ടം കുറയ്ക്കാനുള്ള പോംവഴിയാണ് നെല്‍ച്ചെടിയെ വേഗം കരിക്കുക എന്നത്. ഇതു മുതലാക്കി ഗ്രാമക്‌സോണ്‍ എന്ന നിരോധിത കളനാശിനി അടിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ നെല്‍ച്ചെടി കരിയുമെന്നും വിളവെടുപ്പിനു പാകമാകുമെന്നും വാഗ്ദാനം നല്‍കി വില്‍പനക്കാര്‍ കര്‍ഷകരെ സമീപിച്ചു. 2013-ല്‍ കൊടിയ വിഷങ്ങളുടെ പട്ടികയില്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ നിരോധിച്ച കളനാശിനിയാണിത്. ഇത് എന്താണെന്നറിയിക്കാതെ കര്‍ഷകര്‍ക്കിടയിലേക്ക് എത്തിക്കാനായിരുന്നു ശ്രമം.നിലമൊരുക്കുന്ന സമയത്ത് കളനശീകരണത്തിന് ഉപയോഗിച്ചിരുന്നതാണിത്. കളകളെ നശിപ്പിക്കുന്നതിനൊപ്പം ഇത് മണ്ണില്‍ കലരുമ്പോള്‍ നിര്‍വീര്യമാക്കപ്പെട്ടിരുന്നു. എന്നാല്‍ കൊയ്യുന്നതിനു തൊട്ടുമുമ്പ് ഇത് നെല്‍ക്കതിരില്‍ അടിച്ചാല്‍ വിഷം നെല്ലില്‍ തങ്ങും. നെല്ലുപുഴുങ്ങുമ്പോള്‍ വെള്ളത്തിലൂടെ ഇത് അരിയിലുമെത്തും. ഉള്ളില്‍ ചെന്നാല്‍ കഠോരവേദനയോടെയുള്ള മരണം സംഭവിക്കുന്ന നിരോധിത കളനാശിനിയാണിതെന്ന് ഇത് നിരോധിക്കുന്ന സമിതിയിലുണ്ടായിരുന്ന ഡോ. സി.റ്റി. ഏബ്രഹാം പറയുന്നു.

കളനാശിനി മേഖലയില്‍ പ്രത്യേകപഠനം നടത്തിയ ഇദ്ദേഹം ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഗ്രാമക്‌സോണ്‍ ഉള്‍പ്പെടെ ചുവപ്പ്, മഞ്ഞ ത്രികോണലേബലുള്ള കൊടിയവിഷമായ കള, കീടനാശിനികള്‍ നിരോധിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. ഇത് ഉള്ളില്‍ച്ചെന്നാല്‍ ഞരമ്പുകളും കിഡ്‌നിയും മസിലുകളും കോച്ചിവലിച്ച് നാലഞ്ചുദിവസത്തിനുള്ളിലേ മരിക്കൂ. അതിഭീകര വേദനയായിരിക്കും ഈദിവസങ്ങളില്‍. വിഷമുള്ളില്‍ചെന്നാല്‍ മനുഷ്യനെ രക്ഷിക്കാനുപയോഗിക്കുന്ന മരുന്നായ ആന്റിഡോട്ടുകള്‍ പോലുമില്ലാത്ത കളനാശിനിയാണ് ഗ്രാമക്‌സോണ്‍. അതിനാല്‍ മരണം ഉറപ്പാണ്. ഇതൊന്നുമറിയിക്കാതെയാണ് വില്‍പന നടത്താനുള്ള ശ്രമം നടന്നത്.

നിഷ്പ്രഭമാകുന്ന നിരോധനം

മനുഷ്യന് ദോഷകരമെന്നു കണ്ടെത്തുന്ന കീട-കളനാശിനികള്‍ രണ്ടു മാസത്തേക്കു നിരോധിക്കാനേ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളൂ. ഇത് പൂര്‍ണമായും നിരോധിക്കേണ്ടത് സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ് ബോര്‍ഡാണ്. സംസ്ഥാനം നിരോധിക്കുന്ന കീട-കളനാശിനികള്‍ ഇവര്‍ നിരോധിച്ചില്ലെങ്കില്‍ ഇവിടത്തെ നിരോധനം അവസാനിക്കുന്ന മുറയ്ക്ക് കോടതിയില്‍ പോയി വില്‍പ്പനാവകാശം നേടാന്‍ കമ്പനികള്‍ക്കാവും. ഇങ്ങനെയാണ് സംസ്ഥാനം നിരോധിച്ച പല കീട-കള നാശിനികളും കേരളത്തില്‍ ഇപ്പോഴും വില്‍ക്കുന്നത്. എന്നാല്‍ ഗ്രാമക്‌സോണ്‍ ഇപ്പോഴും നിരോധിത കീടനാശിനികളുടെ ലിസ്റ്റില്‍ തന്നെയാണ്. എന്നിട്ടും ഇതിന്റെ വില്‍പ്പന നിര്‍ബാധം തുടരുന്നു.

എവിടെ കൃഷി ഓഫീസറുടെ കുറിപ്പ്?

കീട-കള നാശിനികള്‍ കര്‍ഷകര്‍ക്കു ലഭിക്കണമെങ്കില്‍ കൃഷി ഓഫീസറുടെ കുറിപ്പു വേണമെന്ന നിബന്ധന പാലിക്കപ്പെടാത്തതാണ് ഇത്തരം നിരോധിത കളനാശിനികള്‍ ഊടുവഴികളിലൂടെ പാടത്തെത്തുന്നതിനു പിന്നില്‍. കീടനാശിനി കമ്പനി ഏജന്റുമാര്‍ എത്തിക്കുന്ന ഇത്തരം നിരോധിത കളനാശിനികള്‍ യഥാര്‍ഥ കവര്‍ മാറ്റി കര്‍ഷകര്‍ക്കു നല്‍കുന്നതിനാല്‍ ഏതാണിതെന്നറിയാതെ പോലുമാണ് പലരും ഇത്തരം വിഷങ്ങളെ ആശ്രയിക്കുന്നത്.

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്നനിലയിലെത്തുന്ന കളനാശിനികളെക്കുറിച്ച് കര്‍ഷകര്‍ക്കുള്ള അറിവില്ലായ്മ ചൂഷണം ചെയ്യപ്പെടുകയാണിവിടെ. ഇത്തരം കമ്പനി ഏജന്റുമാര്‍ നല്‍കുന്ന വിഷങ്ങളെക്കുറിച്ച് കൃഷിഭവനിലോ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലോ തിരക്കി, അവ തങ്ങള്‍ക്കും അരി ഭക്ഷിക്കുന്നവര്‍ക്കും ദോഷകരമല്ലെന്ന് കര്‍ഷകര്‍ തന്നെ ഉറപ്പിക്കണം. ഇത്തരത്തിലുള്ള നിരോധിത വിഷങ്ങള്‍ സംസ്ഥാനത്തെത്തുന്നുണ്ടെന്ന് അധികാരികള്‍ക്കറിയാമെങ്കിലും ഇതിന്റെ വരവു നിര്‍ത്താന്‍ നടപടിയില്ലെന്നത് എന്തുകാരണത്താലാണെന്ന് പ്രത്യേകം പറയാതെ തന്നെ മനസിലാക്കാമല്ലോ.

നെല്‍ച്ചെടി ഉണക്കാന്‍ ഉപ്പുവെള്ളം

നെല്‍ച്ചെടി വിളവെടുപ്പെത്തിയിട്ടും ഉണങ്ങുന്നില്ലെങ്കില്‍ ഉപ്പുവെള്ളമാണ് ഇതിന് ദോഷമില്ലാത്ത പ്രതിവിധിയെന്ന് കേരള കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജിലെ മുന്‍ ഡീനായ ഡോ. സി.റ്റി. ഏബ്രഹാം. പല പാടങ്ങളിലും വര്‍ഷങ്ങള്‍ക്കു മുമ്പ് പരീക്ഷിച്ചു വിജയിച്ചതാണിത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 150-200 ഗ്രാം ഉപ്പ് കലക്കിത്തളിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ നെല്‍ച്ചെടി കരിയും. വേഗം കൊയ്‌തെടുക്കുകയും ചെയ്യാം. ഇങ്ങനെ ഉപ്പുവെള്ളം തളിച്ച നെല്ല് വിത്തിനായി എടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.

അറിയാതെ കളനാശിനി ഉള്ളില്‍ ചെന്നാല്‍

അറിയാതെ കളനാശിനി ഉള്ളില്‍ ചെന്നാല്‍ വെള്ളത്തില്‍ നല്ല മണ്ണു കലക്കി തെളികുടിപ്പിക്കലാണ് പ്രഥമശുശ്രൂഷ. ഇങ്ങനെ ചെയ്താല്‍ മരണത്തില്‍ നിന്ന് രോഗിയെ രക്ഷിക്കാം. വിഷം ഉള്ളില്‍ ചെന്നയുടനെയാണ് ഇതു ചെയ്യേണ്ടത്. ഉള്ളില്‍ ചെന്ന് ശരീരത്തില്‍ പിടിച്ചുപോയാല്‍ പിന്നെയിത് ഫലപ്രദമാകില്ല. കളനാശിനികള്‍ മണ്ണിലെത്തിയാല്‍ നിര്‍വീര്യമാകുമെന്ന തത്ത്വമാണ് മണ്ണുകലക്കിയ വെള്ളം കുടിപ്പിക്കുന്നതിനു പിന്നിലും.

ടോം ജോര്‍ജ്