കര്‍പ്പൂരവല്ലി കുലയ്ക്കുന്ന കഞ്ഞിപ്പാടം
കൃഷിപ്രേമികളെ ആകര്‍ഷിക്കുന്ന പൊക്കംകുറഞ്ഞ കര്‍പ്പൂരവല്ലി കുലച്ചിരിക്കുകയാണ് ആലപ്പുഴയിലെ കഞ്ഞിപ്പാടത്ത്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ തിരുച്ചിറപ്പള്ളിയിലെ വാഴഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഈ ഇനത്തെ ആലപ്പുഴയിലെ കഞ്ഞിപ്പാടത്തെത്തിച്ചത് യുവകര്‍ഷകനായ പൊറ്റക്കാട്ടില്‍ റോജിഷ് പി. സേവ്യറാണ്. കര്‍പ്പൂരവല്ലിയുടെ പൊക്കംകൂടിയ ഇനമാണ് പ്രചാരത്തിലേറെ. എന്നാല്‍ ഒരാള്‍പൊക്കത്തിലുള്ള കര്‍പ്പൂരവല്ലി അപൂര്‍വകാഴ്ചയാണ്. ഒരു ചുവട്ടില്‍ നിന്ന് ധാരാളം കന്നുകള്‍ നിശ്ചിത അകലത്തില്‍ തന്നെ വളര്‍ന്നു കുലയ്ക്കും. ഇതിനാല്‍ പറിച്ചു നടാതെ തന്നെ ഒരു ചുവട്ടില്‍ നിന്ന് ദീര്‍ഘകാലം വിളവെടുക്കാം. ആട്ടിന്‍ കാഷ്ഠവും നാടന്‍ പശുവിന്റെ ചാണകവുമൊക്കെയാണ് റോജിഷ് പ്രധാന വളമായി ഉപയോഗിക്കുന്നത്. നല്ല തടിവണ്ണവും വേരുറപ്പുമുള്ളതിനാല്‍ വീണുപോകുമെന്നോ ഒടിഞ്ഞുപോകുമെന്നോ ഭയം വേണ്ട. നീളമേറിയ വലിയകുലകളും പ്രത്യേകതയാണ്.

കൃഷി വൈവിധ്യമൊരുക്കുന്ന കൃഷിയിടം

കുളങ്ങളും തോടും പാടവും കനാലുമെല്ലാം അതിരിടുന്നതാണ് റോജിഷിന്റെ കഞ്ഞിപ്പാടത്തെ വീട്ടുവളപ്പ്. വീടിനുമുമ്പില്‍ കച്ചോലം, പനിക്കൂര്‍ക്ക, പുളിയാറില തുടങ്ങിയ ഔഷധ സസ്യങ്ങളും മുല്ലയും ഓര്‍ക്കിഡുമടങ്ങുന്ന ഉദ്യാന സസ്യങ്ങളും വസന്തമൊരുക്കുന്നു. പൂന്തോട്ടത്തിലെ മുല്ലപ്പന്തലിലൂടെ കയറിച്ചെന്നാല്‍ കോഴിക്കൂടായി. നാടന്‍, ബി.വി. 380 ഇനങ്ങളിലെ കോഴികള്‍ ഇതില്‍ വളരുന്നു. വീട്ടിലേക്കും അല്‍പം അയല്‍ക്കാര്‍ക്കും നല്‍കാനുള്ള മുട്ട കോഴി നല്‍കും. വീടിന്റെ പിറകിലായി വിവിധയിനം മുളകുകളാണ് നിറഞ്ഞു നില്‍ക്കുന്നത്. അതിനു സമീപത്തായുള്ള ആട്ടിന്‍കൂട്ടില്‍ ആറ് ആടുകള്‍. സമീപത്ത് 2000 ലധികം ഇറച്ചിക്കോഴികളെ വളര്‍ത്തിയിരുന്ന കോഴിക്കൂട്. കോഴി- ആട്ടിന്‍ കൂടുകള്‍ക്കു നടുവില്‍ നിര്‍മിച്ചിരിക്കുന്ന പന്തലില്‍ നാടന്‍, നെയ്ക്കുമ്പളങ്ങള്‍ എല്‍ഇഡി ബള്‍ബ് തെളിഞ്ഞുകിടക്കുന്നതു പോലെ നില്‍ക്കുന്നു. ഒരു തേങ്ങയുടെ മുഴുപ്പുപോലുമില്ലാത്ത ചെറിയ കായുള്ള നെയ്ക്കുമ്പളം മഞ്ഞുഗോളങ്ങള്‍പോലെ വിളഞ്ഞുകിടക്കുന്നത് ആകര്‍ഷക കാഴ്ചയാണ്. ഈ പന്തലില്‍ തന്നെ അലങ്കാരബള്‍ബുകള്‍ പോലെ പാഷന്‍ഫ്രൂട്ട്. പാടം അതിരിടുന്ന പറമ്പന്റെ അഗ്രഭാഗത്തേക്ക് നിരനിരയായി താലപ്പൊലിയേന്തിയ സ്ത്രീകളെപ്പോലെ കവുങ്ങുകള്‍ നില്‍ക്കുന്നു. ഇവയെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളില്‍ നാടന്‍, വയനാടന്‍ നീലക്കാച്ചില്‍ എ ന്നിവ കയറ്റിയിരിക്കുന്നു. കവുങ്ങുകള്‍ക്കടിയില്‍ ലോകത്തിലെ തന്നെ ഏറ്റവും എരിവേറിയ മുളകായ നാഗാമിര്‍ച്ചി, നാടന്‍ കാന്താരിയിനങ്ങള്‍ എന്നിവ കായ്ച്ചു നില്‍ക്കുന്നു.

വാഴവൈവിധ്യം

പാടവരമ്പിനടുത്താണ് കര്‍പ്പുരവല്ലി വാഴ കുലച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി വാഴ ഗവേഷണകേന്ദ്രത്തില്‍ നിന്നെത്തിച്ച സാംബ വാഴയാണ് മറ്റൊരാകര്‍ഷണം. കറിവച്ചാല്‍ നാവില്‍ കൊതിയൂറും രുചി സമ്മാനിക്കുന്ന സാംബ പുഴുങ്ങിയും കഴിക്കാം. കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിന്റെ ബിഗാബെംഗാ, നേന്ത്രന്‍ ഇനമായ സാന്‍സിബാര്‍, പാളയംകോടന്‍ എന്നിവയെല്ലാം പറമ്പിന്റെ പടിഞ്ഞാറുഭാഗത്ത് വളരുന്നു. പറമ്പിന്റെ നടുഭാഗത്തുള്ള കുളത്തില്‍ കാരി, വരാല്‍, ചെമ്പല്ലി എന്നീ നാടന്‍ മത്സ്യങ്ങളെ വളര്‍ത്തുന്നു. കവുങ്ങിനും മുളകിനുമടുത്തായി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച മഞ്ഞള്‍ ഇനങ്ങളായ സുവര്‍ണയും പ്രതിഭയും പച്ചവിരിച്ചു നില്‍ക്കുന്നു. ഇതിനടുത്തായി ഇലകള്‍ക്ക് വയലറ്റ് നിറമുള്ള മധുരക്കിഴങ്ങ് പടര്‍ന്നു കിടക്കുന്നു. അര്‍ക്ക അനാമിക വെണ്ട നാലിലപ്രായത്തിലെത്തി നില്‍ക്കുകയാണ്. പറമ്പില്‍ നട്ടിരിക്കുന്ന കൂര്‍ക്കയില്‍ നിന്ന് നല്ല വിളവാണു ലഭിക്കുന്നതെന്ന് റോജിഷ്. കര്‍ണാടകയിലെ വിറ്റലില്‍ നിന്നും എത്തിച്ച ഇന്ററസി, മോഹിത് നഗര്‍ ഇനം കവുങ്ങുകള്‍ പൊങ്ങുന്നതേയുള്ളൂ. ലോല പയറും നിത്യവഴുതനയും കവുങ്ങുകള്‍ക്കിടയില്‍തന്നെയുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈറ്റ്‌ഷോര്‍ട്ട് ഇനം പടവലമാണ് കൃഷിചെയ്തിരിക്കുന്നത്. നീളം കൂടിയ സുലഭ ഇനം കോവല്‍, നാടന്‍ കപ്പ എന്നിവയും കൃഷിയിടത്തിലുണ്ട്. ഗ്രോബാഗുകളില്‍ ഇഞ്ചിയും നിലത്ത് വിവിധയിനം കറിവേപ്പുകളും കൃഷി ചെയ്തിരിക്കുന്നു.


ഇവയ്‌ക്കെല്ലാം വളത്തിനും അല്‍പം പാലിനുമായി മൂന്ന് കാസര്‍ഗോഡു കുള്ളന്‍ പശുക്കളെ വളര്‍ത്തുന്നു. കുമ്മായം, ഡോളോമൈറ്റ് എന്നിവയിട്ട് 7-8 ദിവസത്തിനുശേഷം കാലിവളവും കോഴിവളവും ആട്ടിന്‍കാഷ്ഠവും നല്‍കിയാണ് കൃഷിയുടെ തുടക്കം. എല്ലാം സ്വന്തം വളങ്ങള്‍തന്നെ. അതിനാല്‍ കൃഷിച്ചെലവ് കുറവാണ്. തുടര്‍ന്ന് ഗോമൂത്രം, ചാണകം, കപ്പലണ്ടി പിണ്ണാക്ക് എന്നിവ കലക്കി ഏഴുദിവസം സൂക്ഷിച്ചവെള്ളം പത്തിരട്ടി വെള്ളം ചേര്‍ത്തുനേര്‍പ്പിച്ച് 30 ദിവസത്തിലൊരിക്കല്‍ നല്‍കുന്നു. ബുധനാഴ്ചകളില്‍ കളക്ടറേറ്റിലുള്ള ചന്തവഴിയും സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള നാട്ടുചന്തവഴിയുമാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച്

മുന്നില്‍ മാലിന്യവാഹിനിയായ കാപ്പിത്തോടും പിന്നില്‍ നെല്‍പ്പാടവുമായതിനാല്‍ ഒരു നല്ലമഴപെയ്താല്‍ ഉടന്‍ കൃഷിയിടത്തില്‍ വെള്ളം കയറും. മെഡിക്കല്‍ കോളജ്, പീലിംഗ് ഷെഡ്ഡുകള്‍ എന്നിവിടങ്ങളിലെ മാലിന്യം പേറിയാണ് കാപ്പിത്തോട് ഒഴുകുന്നത്. വെള്ളം കയറുമ്പോള്‍ ഈ മാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ് കൃഷിയിടത്തിലെത്തുന്നത്. ഈ വര്‍ഷം മൂന്നുതവണയാണ് വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചത്. എങ്കിലും വെള്ളമിറങ്ങിക്കഴിയുമ്പോള്‍ വര്‍ധിതവീര്യത്തോടെ കൃഷിയിടത്തില്‍ സജീവമാണ് റോജിഷ്. ഭാര്യ ടീച്ചറായ ജോസ്മിയും രണ്ടു മക്കളും ഈ ഉദ്യമത്തില്‍ ഒപ്പമുണ്ട്.

കൃഷിയിലെ എസ്.കെയും പൊറ്റക്കാടും

സഞ്ചാരസാഹിത്യത്തിലൂടെ ശ്രദ്ധനേടിയ എഴുത്തുകാരനാണല്ലോ എസ്.കെ പൊറ്റക്കാട്. എന്നാല്‍ സഞ്ചാരത്തിലൂടെ തങ്ങളുടെ കൃഷിയിടങ്ങളില്‍ ഇനവൈവിധ്യങ്ങളെത്തിച്ച് ചരിത്രം രചിക്കുകയാണ് ആലപ്പുഴയിലെ എസ.്‌കെയും പൊറ്റക്കാടും. രണ്ടുപേരാണിവരെന്ന വ്യത്യാസമേയുള്ളൂ. കളര്‍കോടുകാരന്‍ സുരേഷ്‌കുമാറും പൊറ്റക്കാട്ടില്‍ റോജിഷും. പുതിയഇനം കാര്‍ഷികവിളകള്‍തേടി ഓരോമാസവും ഇരുവരും നടത്തുന്നത് കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്രകളാണ്. വ്യത്യസ്തങ്ങളായ അടയ്ക്കാ ഇനങ്ങള്‍ തേടി കര്‍ണാടകയിലെ വിറ്റല്‍ അടയ്ക്കഗവേഷണകേന്ദ്രത്തിലേക്ക് നടത്തിയത് 1300 കിലോമീറ്റര്‍ താണ്ടിയുള്ള കാര്‍യാത്രയാണെന്ന് ഇരുവരും ഓര്‍മിക്കുന്നു. കാര്‍ഷിക കേന്ദ്രങ്ങളില്‍ മാത്രമല്ല, കര്‍ഷകരുടെ വീടുകളിലുമെത്തി ഇവര്‍ തങ്ങള്‍ക്കാവശ്യമുള്ള വ്യത്യസ്ത ഇനങ്ങള്‍ ശേഖരിക്കുന്നു.
ഫോണ്‍: റോജിഷ് - 9037178459, 9633624987
സുരേഷ്- 9447468077

ടോം ജോര്‍ജ്
ഫോണ്‍- 93495 99023.