കുരുമുളകും ഔഷധവൃക്ഷങ്ങളും
Friday, November 29, 2019 4:57 PM IST
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിടമെന്നാല്‍ കൃഷി പരീക്ഷണശാല കൂടിയാണ് ഇദ്ദേഹത്തിന്. ഔഷധ സസ്യങ്ങളോടും കുരുമുളകിനോടും കൂട്ടത്തില്‍ പ്രത്യേക താത്പര്യമുണ്ട്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറിയും ബിജു തന്റെ പുരയിടത്തില്‍ വിളയിക്കുന്നു. കുരുമുളകിനൊപ്പം ഇഞ്ചിയും ചീരയും മഞ്ഞളുമൊക്കെ നടും. കോട്ടയം വാകത്താനത്തെ കല്യാണിയില്‍ വീട്ടില്‍ ബിജുകുമാര്‍ എം.കെ. എന്ന ബിജുവിന്റേത് വലിയതോതിലുള്ള കൃഷിയൊന്നുമല്ലെങ്കിലും 75 സെന്റില്‍ തനിക്കാകാവുന്ന വിധം നടത്തുന്ന കൃഷി, മനസിനൊരു സുഖമാണെന്നു ബിജു പറയുന്നു.
എന്‍ജിനിയറിംഗില്‍ നിന്ന് കൃഷിയിലേക്ക്
സൗദിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്നു ബിജു. മരുഭൂമിയില്‍ ജോലിചെയ്യുമ്പോഴും നാട്ടിലെ കൃഷിയും പച്ചപ്പുമൊക്കെയായിരുന്നു മനസില്‍. ഔഷധവൃക്ഷങ്ങളോടുള്ള താത്പര്യം മൂലം ഗള്‍ഫിലായിരുന്നപ്പോള്‍ തന്നെ ഇവ നട്ടുപിടിപ്പിച്ചു. മൂന്നു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി. കൃഷിയില്‍ ഫുള്‍ടൈമറായി. കുരുമുളകിന്റെ വിവിധയിനങ്ങള്‍ തന്റെ തോട്ടത്തിലെത്തിക്കാനായി താത്പര്യം. ഇങ്ങനെ നാടനും ഹൈബ്രിഡുമൊക്കെയായി 74 ഇനങ്ങള്‍ ഇന്ന് ബിജുവിനു സ്വന്തം. രുദ്രാക്ഷം ഉള്‍പ്പെടെ 59 ഔഷധവൃക്ഷങ്ങളും ബിജുവിന്റെ പുരയിടത്തിലുണ്ട്.
അപൂര്‍വ ഇനങ്ങളുടെ സംരക്ഷകന്‍
പന്നിയൂര്‍ കുരുമുളക് ഒന്നു മുതല്‍ എട്ടുവരെ ഇനങ്ങളും സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ എല്ലാ ഇനം കുരുമുളകും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കോട്ടയത്തിന്റെ സ്വന്തം ഇനമായ നാരായക്കൊടി, വയനാടന്‍ബോള്‍ട്ട്, നിത്യകല്യാണി, ബ്‌ളാക്ക് ഗോള്‍ഡ്, വട്ടമുണ്ടി തുടങ്ങി കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഒട്ടുമിക്ക കുരുമുളകിനങ്ങളും ബിജുവിന്റെ ശേഖരത്തിലുണ്ട്. കര്‍ഷകര്‍ കണ്ടെത്തിയ പെപ്പര്‍തെക്കന്‍, കൂമ്പുക്കന്‍ പോലുള്ള കുരുമുളകിനങ്ങളെല്ലാം ഇവിടെയു ണ്ട്. കൃഷി അറിയാവുന്ന, താത്പര്യമുള്ളവര്‍ക്ക് തന്റെ ശേഖരത്തില്‍ നിന്ന് തൈകള്‍ നല്‍കാന്‍ ബിജുവിന് സന്തോഷമേയുള്ളൂ. കൃഷി അറിയില്ലാത്ത ആവേശക്കാര്‍ക്ക് നല്‍കിയാല്‍ വിത്തു നശിപ്പിക്കുമെന്നതിനാല്‍ അങ്ങനെയുള്ളവര്‍ക്ക് തൈ നല്‍കാറില്ല.
നാഗപ്പതിവയ്ക്കലിലൂടെ തൈകള്‍
കുരുമുളകിന്റെ ഓരോ മുട്ടിലും പോട്ടിംഗ് മിശ്രിതം നിറച്ച മാധ്യമം വച്ച് പുതിയ തൈകളുണ്ടാക്കുന്ന നാഗപ്പതിവയ്ക്കല്‍ രീതിയാണ് ബിജുകുമാര്‍ സ്വീകരിച്ചുന്നത്. കയറ്റുതലകള്‍ വച്ചാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ വിളവെടുക്കാം. പക്ഷെ ഇവ വേരുപിടിച്ചുകിട്ടാന്‍ പ്രയാസമാണെന്ന് ബിജു പറയുന്നു. 75 സെന്റിലെ കൃഷിയില്‍ 10 സെന്റ് കുരുമുളകിനായി ഡെഡീക്കേറ്റ് ചെയ്തിരിക്കുന്നു. കോണ്‍ക്രീറ്റ് കാലില്‍ അഞ്ചടി അകലത്തിലാണ് കുരുമുളക് നട്ടിരിക്കുന്നത്. രണ്ടടി നീളത്തിലും വീതിയിലും കുഴികളെടുത്ത് ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവചേര്‍ത്താണ് കുരുമുളക് തൈ നടുന്നത്.
എല്ലുപൊടിയില്‍ ആസിഡ്
ആദ്യം അടിവളമായി എല്ലുപൊടിയും നല്‍കിയിരുന്നു. എന്നാല്‍ എല്ലുപൊടി നിര്‍മിക്കുന്നതിനു മുമ്പ് ഇത് പൊടിയാനായി എല്ല് ആസിഡില്‍ മുക്കിയിടുമെന്ന് ബിജുപറയുന്നു. ഇത് ചെടിച്ചുവട്ടിലെത്തുമ്പോള്‍ എല്ലു ദ്രവിക്കാന്‍ ഉപയോഗിച്ച ആസിഡ് ചെടിയുടെ വേരിനേയും ദ്രവിപ്പിക്കുന്നതായി ബിജു കണ്ടത്തി. അതിനാല്‍ ഇപ്പോള്‍ എല്ലുപൊടി ഒഴിവാക്കി. പകരം രാജ്‌ഫോസാണ് നല്‍കുന്നത്.
മരോട്ടിപ്പിണ്ണാക്കിന്റെ സാധ്യതകള്‍
കീടങ്ങളെ അകറ്റി വിളകളെ സംരക്ഷിക്കാന്‍ മരോട്ടിപ്പിണ്ണാക്ക് നല്ലതാണ്. കുരുമുളകിന്റെ ചുവട്ടില്‍ മരോട്ടിപ്പിണ്ണാക്ക് ഇട്ടുകൊടുക്കുന്നു. ഒപ്പം രണ്ടുദിവസം വെള്ളത്തിലിട്ട് ആ ലായനി നേര്‍പ്പിച്ച് ഇലകളിലും തളിക്കുന്നു. നിശ്ചിത ഇടവേളകളില്‍ നല്‍കുന്ന ജീവാമൃതം, മിത്രസൂക്ഷ്മാണുവായ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, ബ്യുവേറിയ എന്നിവയെല്ലാം ചെടികളെ ആരോഗ്യവാന്മാരാക്കുന്നു.
മണ്ണു പരുവപ്പെടുത്തല്‍
കുഴിയെടുത്തശേഷം കുമ്മായം വിതറി 15 ദിവസം ഇട്ടതിനു ശേഷമാണ് അടിവളമിട്ട് തൈകള്‍ നടുക. ഒരു കുഴിയില്‍ മൂന്നു തൈകള്‍ നടും. മരത്തിലേക്കു കയറ്റുന്നതിനുമുമ്പ് കോണ്‍ക്രീറ്റ് തൂണിനു ചുറ്റും ഒരുചുറ്റ് പടര്‍ത്തിയ ശേഷമാണ് മുകളിലേക്ക് പടരാന്‍ അനുവദിക്കുക. ഇങ്ങനെ ചെയ്താല്‍ താഴെമുതല്‍ തന്നെ കുരുമുളക് പിടിക്കും. നേരേകയറ്റിയാല്‍ അടിയിലെ ഒന്നൊന്നര മീറ്ററില്‍ കുരുമുളകുണ്ടാകില്ലെന്നും ബിജു പറയുന്നു. കുരുമുളകും ഔഷധസസ്യങ്ങളും വളര്‍ത്തിയശേഷം മിച്ചമുള്ള സ്ഥലത്ത് റബറും പച്ചക്കറിയുമെല്ലാം കൃഷി ചെയ്യുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബഡ്ഡിംഗിലും ഗ്രാഫ്റ്റിംഗിലുമെല്ലാം പരിശീലനം പൂര്‍ത്തിയാക്കി അവ പ്രദേശത്തെ കര്‍ഷകര്‍ക്ക് പഠിപ്പിച്ചും കൊടുക്കുന്നു. കൊളുബ്രിയത്തില്‍ കുരുമുളക് ബഡ്ഡ് ചെയ്ത് ചെടിച്ചട്ടികളില്‍ കുറ്റിയായി വളര്‍ത്തുന്നു. കൊളുബ്രിയത്തിന്റെ വേരില്‍ കുരുമുളക് പാകി കിളിര്‍പ്പിച്ച തൈ പിടിപ്പിച്ച് പുതിയ ഒരു പരീക്ഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് ഇദ്ദേഹം.
പതിനഞ്ചടി പൊക്കമുള്ള കോണ്‍ക്രീറ്റ് കാലുകള്‍ രണ്ടടി താഴ്ത്തിയിട്ട് അതിലാണ് കുരുമുളക് പടര്‍ത്തുന്നത്. ഓരോ തൂണിലും ഇനത്തിന്റെ പേര് പ്രത്യേകം എഴുതിവച്ചിരിക്കുന്നു. കോട്ടയത്തിന്റെ സ്വന്തം നാരായക്കൊടി കുറ്റിക്കുരുമുളകാക്കാന്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. ഭാര്യ രശ്മിയും മക്കളായ ആദിത്യനും ഗൗരിലക്ഷ്മിയും അച്ഛന്റെ എല്ലാ കൃഷി പരീക്ഷണങ്ങള്‍ക്കും സഹായികളായി ഒപ്പമുണ്ട്.
ഫോണ്‍: ബിജു- 85475 948 28.
ടോം ജോര്‍ജ്
ഫോണ്‍- 93495 99023.