ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
Friday, November 22, 2019 3:21 PM IST
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക്ഷയ്ക്കുള്ള നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 18 വര്‍ഷമായിട്ടും മന്ദഗതിയിലാണ്.

ഏതൊരു ഉപഭോക്താവിനും ഊര്‍ജസംരക്ഷണത്തിനായി മുടക്കുന്ന ചെലവ് രണ്ടുമുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ തിരിച്ചു ലഭിക്കുന്നതായിട്ടാണ് എനര്‍ജി ഓഡിറ്റിംഗില്‍ കണ്ടുവരുന്നത്. ഊര്‍ജ സംരക്ഷണത്തിലൂടെ ഭൂമിയെ വരും തലമുറയ്ക്കായി കേടുകൂടാതെ കൈമാറാന്‍ നമുക്കുകഴിയും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനായി 196 ലോകരാഷ്ട്രങ്ങള്‍ 2015 -ല്‍ ഒത്തുകൂടി പാരീസ് ഉടമ്പടിയിലേര്‍പ്പെട്ടു. ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കഴിയുന്നത്ര കുറച്ച് ഗാര്‍ഹിക, വ്യാവസായിക മേഖലയിലും തെര്‍മല്‍ പവര്‍ സ്റ്റേഷനുകളിലും ഊര്‍ജ കാര്യക്ഷമത വരുത്തി ആഗോളതാപനത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അനുദിനം അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭൂഗോള താപനില വര്‍ധിക്കാതെ ഈ നൂറ്റാണ്ടില്‍ തന്നെ രണ്ടു ഡിഗ്രിയില്‍ താഴെ കൊണ്ടുവരാനും കൂടുതല്‍ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിലൂടെ 1.5 ഡിഗ്രിയിലേക്ക് എത്തിക്കാനുമാണ് പാരീസ് ഉടമ്പടിയിലൂടെ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.

കാര്‍ബണ്‍ ബഹിര്‍ഗമനതോത് ഇപ്പോഴത്തെ നിലയില്‍ തുടരുകയാണെങ്കില്‍ 2020 ആകുമ്പോള്‍ ആഗോളതാപനം രണ്ടു ഡിഗ്രി വര്‍ധിക്കുമെന്നും 2100 ആകുമ്പോഴേക്കും 2.7 മുതല്‍ 4.12 ഡിഗ്രി വരെ കൂടുമെന്നുമാണ് ശാ സ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ആഗോളതാപനം രണ്ടു ഡിഗ്രി കൂടിയാല്‍ തന്നെ ഐസ്മലകള്‍ പൂര്‍ണമായും ഉരുകുന്നതിനും ജീവജാലങ്ങളുടെ നാശത്തിനും ഇടയാകും. ഓരോ ഡിഗ്രി ചൂട് വര്‍ധിക്കുതോറും കാലാവസ്ഥാ വ്യതിയാനത്തിലൂടെ വരള്‍ച്ചയും കൃഷിനാശവും പ്രളയവും ഒക്കെ ഉണ്ടാകാനിടയാകുന്നു.

ക്രമാതീതമായി ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ അന്തരീക്ഷവായുവിനെ മലിനപ്പെടുത്തുന്നു. വായു മലിനീകരണത്തിലൂടെ ലോകത്ത് 70 ലക്ഷം മരണമാണ് പ്രതിവര്‍ഷം സംഭവിക്കുന്നത്. അതില്‍ ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 12.4 ലക്ഷം പേരാണ് മരണപ്പെടുന്നത്. 1958 ല്‍ 317 പി.പി. എം (പാര്‍ട്ട്‌സ് പെര്‍ മില്യണ്‍) ആയിരുന്ന അന്തരീക്ഷ മലിനീകരണ തോത് 2018 ല്‍ 410 പി.പി.എം. ആയി വര്‍ധിച്ചു.

രാജ്യത്തെ മൊത്തം വൈദ്യുതോത്പാദനത്തിന്റെ 65 ശതമാനത്തിലധികം വൈദ്യുതി താപവൈദ്യുതി നിലയങ്ങളിലെ ഖനീജ ഇന്ധനങ്ങള്‍ ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്. താപവൈദ്യുതി നിലയങ്ങള്‍ പ്രവര്‍ ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി അവയുടെ പ്രവര്‍ത്തനം നിര്‍ ത്തലാക്കുകയോ ആധുനികസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൂപ്പ ര്‍ക്രിട്ടിക്കലും അള്‍ട്രാ ക്രിട്ടിക്കലുമാക്കിയോ മാറ്റാവുന്നതുമാണ്. ഇത്തരം നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് ഒരു സ്വകാര്യ കുത്തകകളും താത്പര്യം കാണിക്കില്ല. വൈ ദ്യുതി മേഖലയെ പൊതു മേഖലയില്‍ നിലനിര്‍ത്തിയാല്‍ മാത്രമേ അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന താപനിലയങ്ങളെ നവീകരിച്ച് പരിപാലിക്കാന്‍ കഴിയൂ.


ഊര്‍ജസംരക്ഷണം നടത്തുമ്പോള്‍ പാഴായിപ്പോകുമായിരുന്ന അ ത്രയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുവേണ്ടിയിരുന്ന കല്‍ക്കരികത്തിക്കാതിരിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ ഗണ്യമായ അളവില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനും കഴിയുന്നു. ഊര്‍ജസംരക്ഷണത്തിനായി നാം ചെയ്യുന്ന ഓരോ ചെറിയ പ്രവര്‍ത്തനവും ആഗോള താപനത്തിന്റെ ശമനത്തിന് ഇടയാക്കുകയാണെന്ന യാഥാര്‍ഥ്യം ബോധ്യ പ്പെടുത്തുന്നതിനാണ് 1991 മുതല്‍ ദേശീയ ഊര്‍ജസംരക്ഷണ ദിനം ആചരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിന് വൈദ്യുതി ഉത്പാദനവും ഉപയോഗവും സംരക്ഷണവും ഒരു ഊര്‍ജ പിരമിഡ് സമ്പ്രദായത്തിലൂടെ ആയിരിക്കുന്നത് ഫലപ്രദമായിരിക്കും. ഊര്‍ജ പിരമിഡിന്റെ കൂര്‍ത്ത മുകള്‍ ഭാഗം സൂചിപ്പിക്കുന്നത് സോളാര്‍, ബയോമാസ്, ജലം, കാറ്റ് ജിയോതെര്‍മല്‍, തിരമാല, ഹൈജ്രജന്‍ ഫുവല്‍സെല്‍ തുടങ്ങിയ പരിസ്ഥതിയ്ക്ക് ആഘാതമില്ലാത്ത റിന്യൂവബിള്‍ എനര്‍ജിയെ പരമാവധി നാം ആശ്രയിക്കണമെന്നാണ്. ആ വൈ ദ്യുതി ഊര്‍ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉപയോഗയോഗ്യമാക്കണമെന്നാണ് പിരമിഡിന്റെ മധ്യഭാഗം സൂചിപ്പിക്കുന്നത്. ഇവയിലൊക്കെ ഏറ്റവും പ്രധാനമായത് പിരമിഡിന്റെ അടിഭാഗമാണ്. അത് സൂചിപ്പിക്കുന്നത് ഊര്‍ജ സംരക്ഷണത്തോടെയുള്ള വൈദ്യുതി ഉപയോഗത്തെ യാണ്.

ഊര്‍ജ പിരമിഡ് പരിസ്ഥതിക്കിണങ്ങിയ ഗ്രീന്‍ ടെക്‌നോളജിയുടെ പ്രയോഗമാണ്. ഇത് ഗ്രീന്‍ എനര്‍ജിയാണ്. ഗ്രീന്‍ ടെക്‌നോളജിയുടെ വ്യാപനത്തിലൂടെ മലിനീകരണവും ദുര്‍വ്യയവും ഒഴിവാക്കാനാകുന്നു. ഓരോ ഊര്‍ജസംരക്ഷണ ദിനവും അപകടകരമായ റെഡ് (അപായ) ടെക്‌നോളജികളുടെ നശീകരണത്തിനും ഗ്രീന്‍ ടെക്‌നോളജിയുടെ വ്യാപനത്തിനും ഇടയായാല്‍ മാത്രമേ ഭൂമിയെ ജീവസുറ്റതാക്കി നിലനിര്‍ത്താന്‍ കഴിയൂ.

തമലം വിജയന്‍
അസി. എന്‍ജിനീയര്‍, കെഎസ്ഇബി, തിരുവനന്തപുരം
ഫോണ്‍: 944701 3990