കണ്ടാല്‍ പന്നല്‍, ഇത് ചുരുളി
കണ്ടാല്‍ തോട്ടുവശങ്ങളില്‍ നില്‍ക്കുന്ന പന്നലാണെന്നേ തോന്നൂ. എന്നാല്‍ ഇലക്കറിയായും ഔഷധമായും ഉപയോഗിക്കുന്ന പന്നല്‍ ഇനത്തില്‍പ്പെട്ട ചുരുളിയാണിത്. ആദിവാസി സമൂഹം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണിത്. ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ മൂത്രസബന്ധമായ അസുഖങ്ങള്‍ മാറും. മൂത്രതടസം ഒഴിവാകും. മലേഷ്യയിലെ പരമ്പരാഗത ഭക്ഷ്യവിഭവവും ഔഷധവുമാണിത്. ബീറ്റാകരോട്ടിന്‍, റൈബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തലവേദന, ശരീരവേദന, പനി, മുറിവുകള്‍, വയറിളക്കം, തൊലിപ്പുറത്തെ രോഗങ്ങള്‍, അതിസാരം എന്നിവയുടെ ചികിത്സയ്ക്കും മലേഷ്യയില്‍ ഇത് ഉപയോഗിക്കുന്നു.

ഇതിന്റെ അധികം മൂക്കാത്ത ഇലയാണ് കറിക്ക് ഉപയോഗിക്കുന്നത്. ഇല അരിഞ്ഞു വെയിലത്തോ ആവിയിലോ വാട്ടണം. തുടര്‍ന്ന് ഒരു ചട്ടിയില്‍ വെളി ച്ചെണ്ണ ചൂടാക്കി, ഇതില്‍ വെളുത്തുള്ളിയിട്ടു മൂപ്പിച്ചശേഷം ചുരുളിയുടെ ഇലകളിട്ടു വേവിക്കണം. തേങ്ങയും ഉപ്പും പച്ചമുളകും ആവശ്യത്തിനു ചേര്‍ത്തു പാകം ചെയ്താല്‍ രുചികരമായ ഇലക്കറി റെഡി.


അലങ്കാര ചെടിയായി ചുരുളിയെ ചട്ടിയിലും വളര്‍ത്താം

ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ ശാസ്ത്രനാമം Diplazium esculentum എന്നാണ്. നനവുള്ള ഭാഗങ്ങളിലാണ് ചുരുളി കൂടുതലായി കാണപ്പെടുന്നത്. ഒരു ചെടിയില്‍ ആറിലധികം ഇലകള്‍ ഉണ്ടാകുന്ന ഈ ചെടി Athyriaceae എന്ന കുടുംബത്തില്‍പ്പെട്ട ഒരുതരം പന്നലാണ്. ചെടിച്ചട്ടിയിലോ ഒരു മീറ്റര്‍ വീതിയില്‍ വാരം എടുത്തോ ചെടി നടാം. വാരം എടുത്തു വളര്‍ത്തുന്നിടത്ത് ചെടികള്‍ തമ്മില്‍ അരമീറ്റര്‍ ഇടയകലം വേണം. വളര്‍ന്നു വലു തായ ചെടിയുടെ ചുവട്ടില്‍ ധാരാളം ചിനപ്പുകള്‍ പൊട്ടി തൈകള്‍ ഉണ്ടാകും. ഇവ 15 സെന്റീമീറ്റര്‍ വലിപ്പ മാകുമ്പോള്‍ പറിച്ചു നടാം. ദീര്‍ഘകാ ലം നില്‍ക്കുന്ന ചെടിയാണിത്. ഇളം തലകളാണ് കറിക്കു നല്ലത്. ഇല എടുത്തു കഴിഞ്ഞ് ചെടി നിലനിര്‍ത്തി യാല്‍ ചുവട്ടില്‍നിന്നും തൈകള്‍ കിളിര്‍ക്കും. രോഗ, കീട ആക്രമണങ്ങള്‍ ഇല്ലന്നുതന്നെ പറയാം. ജൈവരീതിയില്‍ വളര്‍ത്തുന്നതാകും നല്ലത്.

സുരേഷ്‌കുമാര്‍, കളര്‍കോട്
ഫോണ്‍: സുരേഷ്‌കുമാര്‍ കളര്‍കോട് 9447468077