അമിത വണ്ണം കുറയ്ക്കാന്‍ കീഴാര്‍നെല്ലി
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. അത്യാര്‍ത്തവം, രക്താതിസാരം, അമിത രക്തസമ്മര്‍ദ്ദം, പനി, നീര്, അസ്ഥിസ്രാവം, വിളര്‍ച്ച, വയറുകടി, മുടികൊഴിച്ചില്‍, മാലക്കണ്ണ് എന്നിവയുടെ ഔഷധമായും കീഴാര്‍നെല്ലി ഉപയോഗിക്കുന്നു. കുറ്റിച്ചെടി വിഭാഗത്തില്‍പ്പെടുന്ന കീഴാര്‍നെല്ലി അഥവാ കിഴുകാനെല്ലി കേരളത്തില്‍ സര്‍വസാധാരണയായി കണ്ടുവരുന്നു. വര്‍ ഷം മുഴുവനും പുഷ്പിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വം ചില ഔഷധച്ചെടികളില്‍ ഒന്നാണ് കീഴാര്‍നെല്ലി. ബംഗാള്‍, ദക്ഷിണേന്ത്യ, ശ്രീലങ്ക എന്നീ ഭൂവിഭാഗങ്ങളില്‍ സാധാരണ വളരുന്ന ഫലദായിയായ ഒരു ഔഷധച്ചെടിയാണിത്.

സംസ്‌കൃതത്തില്‍ താമലകീ, താലിഃ, ബഹുപത്രഃ, ബഹുവീര്യഃ, ഭൂമ്യാമലകി എന്നിങ്ങനെ വ്യത്യസ്ത പേരുകളുള്ള ഇതിന്റെ ശാസ്ത്രനാമം 'ഫില്ലാന്തസ് നിരൂരി' എന്നാണ്. ഇംഗ്ലീഷില്‍ ഫില്ലാന്തസ് എന്നു പേരുള്ള ഈ ചെടിയില്‍ ഫില്ലാന്തിന്‍ എന്ന ഒരു കയ്പുള്ള പദാര്‍ഥം അടങ്ങിയിട്ടുണ്ട്. ഇത് മഞ്ഞപ്പിത്തത്തിനും അജീര്‍ണ്ണത്തിനും പനിക്കും ഔഷധമായി ഉപയോഗിക്കുന്നു.

യൂഫോര്‍ബിയേസീ സസ്യകുടുംബത്തില്‍ ഉള്‍പ്പെട്ട ഈ ഔഷധസസ്യം സമൂലവും (ഇല, മൊട്ട്, തണ്ട്, വേര്, കായ് എന്നിവ) ഔഷധയോഗ്യമാണ്. ആയൂര്‍വേദത്തില്‍ ഇവയെല്ലാം ഉപയോഗിക്കുന്നു. ഇതിന്റെ വേരും, ഇലയും, മൊട്ടും ശീതവീര്യവും മൂത്രവര്‍ധക ഔഷധവുമാണ്. തിക്ത കഷായ മധുര രസവും രൂക്ഷഗുണവും ശീതവീര്യവും അടങ്ങിയതാണ് കീഴാര്‍നെല്ലിയുടെ രസാദിഗുണങ്ങള്‍.

ഔഷധഗുണങ്ങള്‍

കഫ, പിത്തങ്ങള്‍ ശമിപ്പിക്കുന്നു. വയറുവേദന, ദഹനമില്ലായ്മ, രക്തസ്രാവം എന്നിവ ഇല്ലാതാക്കുന്നു. ഇത് മൂത്രളവും വാതകാരിണിയുമാണ്. കരളിന്റെ പ്രവര്‍ത്തനത്തിന് ഗുണകരമാണ്. കീഴാര്‍നെല്ലി ഒരു പിത്തഹര ഔഷധമാണ്. പതിനഞ്ചു മുതല്‍ മുപ്പത് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ പൂക്കള്‍ വളരെ ചെറുതും ഇലകള്‍ പുളിയിലയോട് സാമ്യമുള്ളതുമാണ്. ഇതിന്റെ ഇലകള്‍ക്കടിയില്‍ ചെറിയ ഉരുണ്ട ഫലങ്ങള്‍ നെല്ലിയിലേതുപോലെ കാണപ്പെടുന്നതിനാലാണ് കീഴാര്‍നെല്ലി എന്നു പറയുന്നത്.


ഔഷധപ്രയോഗങ്ങള്‍

* കീഴാര്‍നെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലിലിറ്ററോ ഇതിന്റെ 10 ഗ്രാം വേരോ അരച്ചു കറന്ന ഉട നെയുള്ള പശുവിന്‍ പാലില്‍ ചേര്‍ത്ത് കാലത്തും വൈകുന്നേരവും തുടര്‍ച്ചയായി ഏഴുദിവസം കഴിച്ചാല്‍ മഞ്ഞപ്പിത്തം ഭേദമാകും.

* കീഴാര്‍നെല്ലി ആറു ഗ്രാം വീതം അരിക്കാടിയില്‍ അരച്ചു കലക്കി രണ്ടുതവണ കഴിക്കുന്നത് അത്യാര്‍ത്തവം ഭേദമാക്കാന്‍ സഹായിക്കും.

* ഇത് സമൂലം അരച്ച് പുളിച്ച മോരില്‍ കലക്കിക്കുടിച്ചാല്‍ രക്താതിസാരത്തിനും ആമാതിസാരത്തിനും നന്ന.്

* ഇത് അരച്ച് കറന്നയുടനെ കിട്ടുന്ന പാലില്‍ കലക്കി ദിവസേന കഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദം കുറയും.

* കീഴാര്‍നെല്ലിയും കുറച്ച് ജീരകവും അരച്ചു കഞ്ഞിവച്ചുകഴിച്ചാല്‍ ശരീരത്തിലുള്ള നീരിനു ശമനം കിട്ടും.

* കീഴാര്‍നെല്ലി നീരില്‍ തേന്‍ ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ കുട്ടികളിലെ വിളര്‍ച്ച മാറും.

* കീഴാര്‍നെല്ലി പത്തുഗ്രാം അരച്ചു ആട്ടിന്‍പാലില്‍ കലക്കി കഴിച്ചാല്‍ വയറുകടി ശമിക്കും.

* കീഴാര്‍നെല്ലി സമൂലം അരച്ചു പിഴിഞ്ഞെടുത്ത നീരില്‍ മൂന്ന് ഔണ്‍സ് ചൂടുള്ള പാലൊഴിച്ച് രാവിലെ കഴിക്കുന്നത് ഉത്തമം.

* കീഴാര്‍നെല്ലി സമൂലം കഷായം വച്ച് കഴിക്കുന്നത് പ്രമേഹത്തിന് നന്ന്.

* കീഴാര്‍നെല്ലിയുടെ വേരും ഇലയും കഷായമാക്കി കവിള്‍കൊണ്ടാല്‍ വായ്പുണ്ണിനു കുറവുണ്ടാവും.

* ചെടി സമൂലം ഉണക്കിപ്പൊടിച്ച് കഞ്ഞിവെള്ളത്തില്‍ ലേപനമാക്കി പുണ്ണുകളിലും വ്രണങ്ങളിലും വച്ചുകെട്ടിയാല്‍ ആശ്വാസം കിട്ടും.

* കീഴാര്‍നെല്ലി താളിയായും എണ്ണയില്‍ ചേര്‍ത്തു കാച്ചിയും മുടികൊഴിച്ചില്‍ തടയാന്‍ ഉപയോഗിക്കുന്നു.

പ്രഫ.കെ.നസീമ
ഫോണ്‍: 9633552460