പിന്നില്‍ യന്ത്രലോബി, ഗൂഢലക്ഷ്യം: കര്‍ഷകര്‍
Tuesday, October 22, 2019 3:51 PM IST
കേരളത്തിലെ തേനീച്ചകര്‍ഷകര്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേനില്‍ മഴക്കാലമായതുകൊണ്ടു ജലാംശം കൂടുതലാണെന്നു കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍. സാധാരണനിലയില്‍ 22 മുതല്‍ 25വരെ ശതമാനം ജലാംശം കേരളത്തിലെ തേനിലുണ്ട്. ഇത്രയേറെ രുചിയും ശുദ്ധവും ഗുണമേന്മയുള്ളതുമായ തേന്‍ മറ്റൊരു സംസ്ഥാനത്തും കിട്ടില്ല. തേന്‍ ഉത്പാദന, വിതരണ മേഖലകളെ തളര്‍ത്തുന്ന നിയമമാണിത്. വില്പനയും ഉത്പാദനവും കുറഞ്ഞു. ഇതു തേനീച്ച കര്‍ഷകരെ നശിപ്പിക്കുമെന്നും ഉത്പാദനത്തില്‍ സ്തംഭനം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യന്‍ ലോബി കളിക്കുന്നതിന്റെ ഫലം
കേരളത്തില്‍ തേനുത്പാദനം കൂടിയപ്പോള്‍ അതുതകര്‍ക്കാന്‍ ഉത്തരേന്ത്യന്‍ ലോബി കളിക്കുന്നതിന്റെ ഫലമാണിതെന്ന് പൊന്‍കുന്നത്തെ തേനീച്ചകര്‍ഷകനായ സിബി അഗസ്റ്റിന്‍ പറഞ്ഞു. ലേബല്‍ ഒട്ടിച്ച് തേന്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഈ നിയമം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഞൊടിയന്‍ തേനീച്ചയാണ് ഇവിടത്തെ കര്‍ഷകര്‍ വളര്‍ത്തുന്നത്. അതിന്റെ തേനില്‍ ജലാംശം കൂടുതലാണ്. പ്രകൃതിയിലെ ജലാംശവും തേന്‍ വലിച്ചെടുക്കും. തേനില്‍ ഫംഗല്‍ ബാധയെന്നതൊക്കെ വെറുതെയാണ്. കയറ്റിയയക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഇവിടെ വില്‍ക്കാനെങ്കിലും സമ്മതിക്കണം. ഉത്തരേന്ത്യന്‍ തേനിറക്കി നമ്മുടെ വിപണി പിടിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. വില കുറച്ച് ലഭിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ പാലെടുത്ത് വര്‍ധിത വിലയില്‍ ഇവിടെ വിറ്റ് കൊള്ളലാഭം കൊയ്ത് ഇവിടത്തെ പാല്‍ ഉത്പാദന മേഖലയെ തകര്‍ക്കുന്ന ലോബികളുടെ പ്രവര്‍ത്തനം തന്നെയാണ് തേന്‍ ഉത്പാദക രംഗത്തും കാണുന്നത്. ഉത്തരേന്ത്യന്‍ ലോബിയുടെ ഗുണമേന്മയില്ലാത്ത തേന്‍ കേരളത്തിലെത്തിച്ച് കേരളത്തിലെ തേന്‍ ഉത്പാദനമേഖലയുടെ നടുവൊടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പിന്നില്‍ മെഷീന്‍ ലോബി
തേനീച്ചകള്‍ തേന്‍ ശേഖരിച്ചുവയ്ക്കുന്ന തേനടയോടെ തേനെടുത്ത് പരിശോധിച്ചാല്‍ ജലാംശം 24 നും 25 ശതമാനത്തിനും ഇടയിലുണ്ട്. ഇതാണ് ഗുണസമ്പുഷ്ടമായ തേനെ ന്ന് കേരളത്തിലെ മികച്ച തേനീച്ചകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന തൊപ്പിപ്പാളയിലെ ടി.കെ രാജു. ഒന്നെങ്കില്‍ തേനട പിഴിഞ്ഞോ അല്ലെങ്കില്‍ ഹണി എക്‌സ്ട്രാക്ടര്‍ വച്ചോ ആണ് കര്‍ഷകര്‍ തേന്‍ വേര്‍പെടുത്തുന്നത്. തേനിന് സാന്ദ്ര ത കൂടുതലായതിനാല്‍ തേന്‍ അടയില്‍ നിന്നും തേന്‍ വേര്‍പെടുത്തുന്ന സമയത്ത് അന്തരീക്ഷത്തിലെ ഈര്‍ പ്പം ഇത് ആഗിരണം ചെയ്യും. ഇങ്ങനെയും ജലാംശം തേനില്‍ പ്രവേശിക്കും. ഇത് കര്‍ഷകന്‍ തേനില്‍ ചേര്‍ക്കുന്നതല്ലല്ലോ? കേസെടുക്കാന്‍. തേനില്‍ ഫംഗസ് വന്നെന്നു പറയുന്നത് എങ്ങനെ വിശ്വസിക്കും. ഇ ത്തരം നിയമങ്ങള്‍ വരുമ്പോള്‍ കേരളത്തിലെ വില്‍പ്പനക്കാര്‍ തേന്‍ എടുത്തുമാറ്റും. അപ്പോള്‍ ഉത്തരേന്ത്യന്‍ തേന്‍ ഇവിടെ വിറ്റഴിക്കാം. കേരളത്തിലെ തേനിന്റെ സ്വാഭാവിക ജലാംശം നിലനിര്‍ത്തി തേന്‍ വില്‍ ക്കാനുള്ള നിയമമാണു വേണ്ടത്. പ്രകൃതിദത്തമായ ഈ തേന്‍ വിവിധ രീതികളില്‍ സംസ്‌കരിച്ചാണ് ജലാംശം കുറയ്ക്കുന്നത്. ഇങ്ങനെ സംസ്‌കരിക്കുമ്പോള്‍ യഥാര്‍ഥ തേനിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും നഷ്ടപ്പെടും. ദീര്‍ഘകാലം സൂക്ഷിക്കാന്‍ പറ്റുമെന്നതുമാത്രമാണ് ഏകമെച്ചം. ഇനി അശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തേനിലെ ജലാംശം കുറച്ചാല്‍ തേന്‍ വിഷമയമായി മാറും. അപ്പോള്‍ തേനിന്റെ ജലാംശമല്ല ഗുണനിലവാരത്തിലെ മാനദണ്ഡം എന്നു മനസിലാക്കാം. ലക്ഷങ്ങള്‍ വിലമതിക്കുന്ന തേന്‍ സംസ്‌കരണ യന്ത്രം വില്‍ക്കുന്ന വന്‍ലോബി അവരുടെ യന്ത്രം വില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും രാജു പറഞ്ഞു.
വിഷമുണ്ടോ എന്നു പരിശോധിക്കാതെ വെള്ളം പരിശോധിക്കുന്നു
തേനില്‍ വിഷമുണ്ടോ എന്നു പരിശോധിക്കാതെ ജലാംശം മാത്രം പരിശോധിക്കുകയാണ് അഥോറിട്ടിയെന്ന് തൃശൂരിലെ തേനീച്ചകര്‍ഷകനായ സജയകുമാര്‍. ഈ വര്‍ഷം ഉത്പാദിപ്പിച്ച തേന്‍ വിറ്റഴിക്കാനെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിയമത്തില്‍ ഇളവു ചോദിക്കണം. ഇവിടത്തെ കര്‍ഷകര്‍ പത്തുദിവസത്തിലൊരിക്കലൊക്കെയാണ് നേരത്തെ തേനെടുത്തിരുന്നത്. തേനറകള്‍ തേനീച്ച മെഴുകുവച്ചടച്ചശേഷമുള്ള തേനില്‍ ഇത്രയധികം ജലാംശം കണ്ടിരുന്നില്ല. എന്നാല്‍ ഊര്‍ജിത തേനുത്പാദനം എന്ന രീതിയില്‍ കൃഷിവകുപ്പും സര്‍വകലാശാലകളും അഞ്ചു ദിവസത്തിലൊരിക്കല്‍ തേനെടുക്കുന്ന രീതി പഠിപ്പിച്ചപ്പോഴാണ് ജലാംശം വര്‍ധിച്ചത്. പഴയരീതികളിലേക്കു തിരിച്ചു പോയാല്‍ ജലാംശം കുറയ്ക്കാം. ഇങ്ങനെ ജലാംശം കുറയ്ക്കുമ്പോള്‍ വേഗത്തില്‍ തേനിലെ പഞ്ചസാര കട്ടിയാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ള തേന്‍ വാങ്ങാന്‍ ആരു തയാറാകും എന്നതും ഈ പ്രശ്‌നത്തിന്റെ മറുവശമാണ്. കര്‍ഷകര്‍ ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത് ഗുണമേന്മയുള്ള തേന്‍ ഉത്പാദിപ്പിക്കണം. ഇതിന് വിളവെടുപ്പു കാലാവധി കൂട്ടുകയാണ് എളുപ്പമാര്‍ഗമെന്നും അ ദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ തേനിന് മധുരവും രുചിയും കുറവാണ്. കടുകില്‍ നിന്നും മറ്റും തേനീച്ച ശേഖരിക്കുന്ന തേനിന് തൈലത്തിന്റെ രുചിയാണ്. നമ്മുടെ രുചിയുള്ള തേന്‍ ഇതുമായി ചേര്‍ത്താണ് ഇവര്‍ വില്‍ക്കുന്നത്. ഇതിന് കുറഞ്ഞവിലയ്ക്ക് ഇവിടത്തെ തേനെടുക്കാനുള്ള തന്ത്രമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നും സജയകുമാര്‍ പറഞ്ഞു.
ടോം ജോര്‍ജ്