ഷീബയ്ക്ക് കൃഷി തന്നെ ജീവിതം
കൃഷിയെ ഉപജീവനമാര്‍ഗമായി സ്വീകരിച്ച യഥാര്‍ഥ കര്‍ഷകയാണ് ഷീബ ജോസ്. ആരോഗ്യജീവിതത്തിന് അല്പം കൃഷി വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് പ്രഫഷണല്‍ ബിരുദധാരിയായ മഞ്ഞപ്ര ഉപ്പുകല്ല് വടക്കുഞ്ചേരിയില്‍ ഷീബ കൃഷി ആരംഭിക്കുന്നത്. ഒന്നര ഏക്കറില്‍ റബറിനാണ് മുന്‍തൂക്കം. പിന്നെ പ്ലാവും ജാതിയും ഉള്‍പ്പെടെ കുറച്ചു വൃക്ഷങ്ങള്‍. അവയില്‍ നിന്ന് വരുമാനവും കുറച്ച്. കുട്ടികളായപ്പോള്‍ അവര്‍ക്ക് പാലിനായി രണ്ട് ആടുകളെ വളര്‍ത്തിക്കൊണ്ടാണ് പത്തുവര്‍ഷം മുമ്പ് ഷീബ കൃഷിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

റബറില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ആടുവളര്‍ത്തല്‍ സജീവമാക്കി. അവയോടൊപ്പം പച്ചക്കറികളും കൃഷി ചെയ്തു. മക്കള്‍ വളര്‍ന്നപ്പോള്‍ ചെലവുകള്‍ കൂടി. പത്രവിതരണത്തിലൂടെ ജോസിന് ലഭിക്കുന്ന കമ്മീഷന്‍ തുക ജീവിക്കാന്‍ തികയില്ലെന്നായതോടെ ഷീബ ആടുകളോടൊപ്പം നാടന്‍ കോഴികളെയും വളര്‍ത്തി. അവയുടെ വില്പനയിലൂടെ വരുമാനം കൂടി. അര ഏക്കറിന്റെ കിടപ്പനുസരിച്ച് തട്ടുകളാക്കി തിരിച്ചു. അവിടെ പച്ചക്കറികളും കുറ്റിമുല്ലയും കൃഷി ചെയ്തു. ആടുകള്‍ക്കും കോഴികള്‍ക്കും മീനിനുമായി പ്രത്യേക സ്ഥലമൊരുക്കി. പ്രതിമാസം ചെലവു കഴിഞ്ഞ് പതിനയ്യായിരം രൂപ ലഭിക്കുന്ന തരത്തില്‍ കൃഷി ചിട്ടപ്പെടുത്തി.

കൂട്ടിന് കുറ്റിമുല്ല

ഭൂമിയുടെ കിടപ്പ്, മണ്ണ്, കാലാവസ്ഥ, സൂര്യപ്രകാശത്തിന്റെ ലഭ്യത, ജലം, കാറ്റിന്റെ ഗതി തുടങ്ങിയവയുടെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കി, അനുയോജ്യമായ രീതിയില്‍ വിളകള്‍ ചിട്ടപ്പെടുത്തിയാല്‍ കൃഷി നാശമൊഴിവാക്കാം.

കുറ്റിമുല്ല കൃഷിയിലേക്കു തിരിയുന്നത് മൂന്നു വര്‍ഷം മുമ്പാണ്. മുല്ലപ്പൂവിന് കിലോയ്ക്ക് അയ്യായിരം രൂപവരെ വില വന്ന നാളുകളുണ്ട്. എങ്കിലും മൂന്നൂറു രൂപ സ്ഥിരവരുമാനമുറപ്പാണ്. വെള്ളക്കെട്ടില്ലാത്ത നിരപ്പായ സ്ഥലത്തു വേണം കുഴികളെടുക്കാന്‍. ഇതില്‍ ചാണകവും ആട്ടിന്‍കാഷ്ഠവും എല്ലുപൊടി യും വേപ്പിന്‍ പിണ്ണാക്കും നിറയ്ക്കണം. ശേഷം തൈകള്‍ നടാം. ഒരു മീറ്റര്‍ അകലത്തിലാണ് കുഴികളെടുത്ത് തൈകള്‍ നട്ടത്. ഇങ്ങനെ ഇരുനൂറ് ചുവട് തൈകള്‍. കൂടാതെ വീട്ടുമുറ്റത്ത് ചട്ടികള്‍ നിരത്തി മൂന്നൂറില്‍ പരം തൈകള്‍ നട്ടിട്ടുമുണ്ട്. ഇളക്കമുള്ള മണ്ണും കോഴിവളവും കമ്പോസ്റ്റും സംയോജിപ്പിച്ചുള്ള പോട്ടിംഗ് മിശ്രിതം നിറച്ചാണ് തൈകള്‍ നട്ടത്. കൃത്യമായ പരിചരണം നല്‍കിയാല്‍ നാലു മാസത്തിനുള്ളില്‍ പുഷ്പിക്കും.

തഴച്ചു വളരുന്ന ചെടിയുടെ ശിഖരങ്ങള്‍ വെട്ടി ഉയരം ക്രമീകരിക്കണം. രണ്ടുനേരം നനയ്ക്കണം. മാര്‍ച്ചു മുതല്‍ ഒക്‌ടോബര്‍ വരെയാണ് ചെടികള്‍ നിറയെ പൂക്കളുണ്ടാകുന്നത്. അതിരാവിലെ പൂമൊട്ടുകള്‍ പറിച്ചെടുത്ത് മഞ്ഞപ്ര ചന്ദ്രപ്പുരയിലുള്ള എറണാകുളം ജില്ലാ പുഷ്പസ്വാശ്രയസംഘത്തിന്റെ കളക്ഷന്‍സെന്ററില്‍ കൊടുക്കുന്നു. ഒന്നര കിലോ മൊട്ടുകളാണ് ദിവസവും നല്‍കുന്നത്. വില കുറഞ്ഞും കൂടിയുമിരിക്കുമെങ്കിലും കുറ്റിമുല്ലക്കൃഷി വീട്ടമ്മമാര്‍ക്ക് ഒരു വരുമാനമാര്‍ഗമാണ്.

പറമ്പിലെ നാടന്‍ കോഴി

പച്ചക്കറികളും കുറ്റിമുല്ലയും മറ്റും കൃഷി ചെയ്യുന്നതിനാല്‍ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു ഷെഡിലാണ് കോഴി വളര്‍ത്തല്‍. മൂന്നു തട്ടുകളായി തിരിച്ച കൂട്ടില്‍ അറക്കപ്പൊടി വിതറിയശേഷമാണ് കോഴികളെ വിടുന്നത്. സാസോ ഇനത്തില്‍പെട്ട നാടന്‍ കോഴികളുടെ കുഞ്ഞിനെ വാങ്ങി, വളര്‍ത്തുന്നു. ഇറച്ചി വില്പനയാണ് പ്രധാനം. കൃത്യമായ രീതിയില്‍ തീറ്റയും പരിചരണവും നല്‍കിയാല്‍ നല്ല തൂക്കം ലഭിക്കും.


തവിടും പൊടിയരിയും സംയോജിപ്പിച്ച തീറ്റയാണ് ഷീബ നല്‍കുന്നത്. കൂടാതെ അസോളയും. കൂട്ടില്‍ ആവശ്യത്തിനു വെള്ളം എപ്പോഴുമുണ്ടാകും. അഞ്ചു മാസം കൊണ്ട് ഒന്നരകിലോ തൂക്കമെത്തും. അതുകൊണ്ട് മാംസവില്പന ലാഭകരമാണ്. കിലോയ്ക്ക് 225 രൂപ വീട്ടില്‍ ലഭിക്കും. ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ 40 രൂപയ്ക്കു വാങ്ങി വളര്‍ത്തി വലുതാക്കുന്ന ഈ കുടുംബിനി ഖള്‍ഗം, കരിങ്കോഴി, നാടന്‍ കോഴി, മുട്ടക്കോഴി തുടങ്ങിയവയും വളര്‍ത്തുന്നുണ്ട്. പൊരുന്നക്കോഴികളെ വളര്‍ത്തിയെടുക്കാന്‍ വേണ്ടി പ്രത്യേകം സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

ആടുകള്‍

തറനിരപ്പില്‍ നിന്ന് അഞ്ചടി ഉയരത്തില്‍ നിര്‍മിച്ച കൂട്ടിലാണ് ഇരുപത്തഞ്ച് ആടുകളെ വളര്‍ത്തുന്നത്. മലബാറി മുതല്‍ സിരോഹി വരെ ഇനങ്ങളുണ്ട്. മൂന്ന് ആടുകളെ കറന്ന് പാലെടുക്കുന്നു. ഒരു ലിറ്ററില്‍ കുറയാതെ പാല്‍ ഒന്നില്‍ നിന്നു ലഭിക്കുന്നുണ്ട്. ലിറ്ററിന് 80 രൂപ നിരക്കില്‍ പ്രദേശവാസികള്‍ തന്നെ പാല്‍ വാങ്ങും. സോയാബീന്‍ തവിടും ആട്ടിന്‍ തീറ്റയും മാറിമാറി ഒരു നേരം നല്‍കും. വൈകിട്ട് മൂന്നു മണിക്കൂര്‍ പുറത്തിറക്കി വിടും. വീടിനോടു ചേര്‍ന്നുള്ള മലയിലും റബര്‍ തോട്ടത്തിലും സഞ്ചരിച്ച് ആവശ്യമുള്ളതു ഭക്ഷിച്ച് ആടുകള്‍ തിരികെയെത്തും. മലബാറി, ജമ്‌നാപ്യാരി ഇനങ്ങളില്‍പ്പെട്ട മൂന്നു മുട്ടനാടുകളെക്കൊണ്ടാണ് ഇണചേര്‍ക്കുന്നത്. പിറക്കുന്ന മുട്ടനാടിന്‍ കുഞ്ഞുങ്ങളെ എട്ടു മാസം കഴിയുമ്പോള്‍ വില്‍ക്കും. നല്ല കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കും. ഇവയെ നല്ല വില കിട്ടുന്ന അവസരത്തില്‍ വില്‍ക്കും. വലിയ ചെലവും ബുദ്ധിമുട്ടുകളും ഇല്ലാത്തതിനാല്‍ ആടുവളര്‍ത്തല്‍ ഇവര്‍ക്ക് ലാഭകരമാണ്.

വിഷമില്ലാത്ത പച്ചക്കറി

പച്ചക്കറികളുടെ കൃഷി ചെറിയ രീതിയില്‍ പത്തു വര്‍ഷം മുമ്പാരംഭിച്ചു. വീട്ടുജോലികള്‍ക്കു ശേഷമുള്ള സമയത്ത് ഗ്രോബാ ഗില്‍ കൃഷിചെയ്തു. നല്ല ഇളക്കമുള്ള മണ്ണു ശേഖരിച്ച് കോഴിവളവും ആട്ടിന്‍ കാഷ്ഠവും സംയോജിപ്പിച്ചെടുത്ത മിശ്രിതമാണ് ഗ്രോബാഗുകളില്‍ നിറച്ചത്. പാവല്‍, വെണ്ട, വഴുതന, തക്കാളി, കോവല്‍, ചീര, ഇഞ്ചി തുടങ്ങിയവയെല്ലാം കൃഷി ചെയ്തു. പറമ്പിലെ ജൈവാവശി ഷ്ടങ്ങള്‍ വളമാക്കി മാറ്റി ചെടികള്‍ക്കു നല്‍കുന്നു. വേനല്‍ക്കാലത്ത് രണ്ടു നന. വളര്‍ച്ച നോക്കി കോഴിവളവും ചാണകവും നല്‍കും. പ്രാണികളെ അകറ്റാന്‍ ഈച്ചക്കെണിയുമുണ്ട്. വീട്ടാവശ്യത്തിന് എടുത്തശേഷം ബാക്കി വരുന്നത് പ്രദേശികമായി വില്‍പ്പന നടത്തുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതിനാല്‍ കൃഷിയിടത്തിലെത്തി പച്ചക്കറികള്‍ വാങ്ങാനെത്തുന്നവരാണ് കൂടുതല്‍. അതുകൊണ്ട് വില്പന ആയാസമില്ലാതെ നടക്കുന്നു.

വിഷരഹിത പച്ചക്കറികളും മാംസവും എന്ന ലക്ഷ്യത്തോടെ ഷീബ നടത്തുന്ന പ്രവര്‍ത്തനം കുടുംബിനികള്‍ക്ക് മാതൃകയാണ്. പൂര്‍ണമായും നാടന്‍ രീതികളാണ് പിന്‍തുടരുന്നത്. അതുകൊണ്ട് ചെലവു കുറവാണ്. ഷീബ: 9497242050

നെല്ലി ചെങ്ങമനാട്