ശാന്തിയായ് ഈ കൃഷി
ശാന്തിയായ് ഈ കൃഷി
Wednesday, March 27, 2019 2:36 PM IST
മനസിനും ശരീരത്തിനും ശാന്തി പകരുന്നതാണ് ഈ കൃഷി. പത്തനംതിട്ട കടമാന്‍കുളം എംജിഎം ബദനി ശാന്തിഭവനിലെ മാനസിക വെല്ലുവിളി നേരിടുന്ന 169 കുട്ടികള്‍ക്കുള്ള ഒരു ചികിത്സകൂടിയാണ് ഇവിടത്തെ കൃഷി. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും കൃഷി പ്രയോജനപ്പെടുത്തുന്ന ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയുടെ അനന്തസാധ്യതകള്‍ അടുത്തറിയാന്‍ കൂടി ഈ കൃഷി സഹായിക്കുന്നു. ശാന്തിഭവനില്‍ തൊഴില്‍പരിശീലനം നല്‍കുന്ന 59 പേരെ ഉള്‍ക്കൊള്ളിച്ചാണ് ഒരേക്കറില്‍ പച്ചക്കറികൃഷി തുടങ്ങിയത്. പച്ചക്കറികൃഷിയില്‍ ഏര്‍പ്പെട്ട കുട്ടികളില്‍ ആത്മവിശ്വാസവും സന്തോഷവും വര്‍ധിച്ചെന്ന് കൃഷിക്കു മേല്‍നോട്ടം വഹിക്കുന്ന പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സിലറ്റ് പറയുന്നു. ക്ലാസില്‍ ഇരിക്കുന്നതിനേക്കാള്‍ കൃഷിപ്പണികള്‍ ചെയ്യുന്നതിനും വിളവെടുക്കന്നതിനുമെല്ലാം കുട്ടികള്‍ക്ക് സന്തോഷവും ഉത്സാഹവുമാണ്. കുറച്ചുപേര്‍ തങ്ങളുടെ വീടുകളിലും പച്ചക്കറിക്കൃഷി തുടങ്ങി. 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍.

കുന്നിനെ തട്ടുകളായി തിരിച്ച് കൃഷി

സ്ഥാപനം നില്‍ക്കുന്നത് കല്ലൂപ്പാറയിലെ ഒരു കുന്നിന്‍മുകളിലാണ്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ പാറയുള്ള സ്ഥലം. ഇത് ജെസിബി ഉപയോഗിച്ച് തട്ടുകളാക്കുകയായിരുന്നു ആദ്യ പണി. കുന്നുകളെ രണ്ട്-മൂന്നു മീറ്റര്‍ വീതിയുള്ള തട്ടുകളായി തിരിച്ചു. സ്ഥാപനത്തിന്റെ കൃഷി ഉദ്യമത്തിന് സഹായവുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമെത്തിയതോടെ കൃഷി ഉഷാറായി. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പത്തനംതിട്ട ഐസിഎആര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ഓപ്പര്‍ച്യുണിറ്റി ലേണിംഗ് സെന്ററായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷം ഈ കൃഷിയിടം. ഇത്തവണ സംസ്ഥാന കൃഷിവകുപ്പ് കല്ലൂപ്പാറ കൃഷിഭവനു കീഴില്‍ സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷികേന്ദ്രമായി ഈ കൃഷിയിടത്തെ തെരഞ്ഞെടുത്തു. വര്‍ഷം 90,000 രൂപയുടെ ധനസഹായവും ഈ പദ്ധതിക്കു കീഴില്‍ ലഭിക്കുന്നു. കല്ലൂപ്പാറ കൃഷി ഓഫീസര്‍ സുനിതയുടെ മേല്‍നോട്ടവും മാര്‍ഗ നിര്‍ദ്ദേശങ്ങളും കൃഷി തളിര്‍ക്കുന്നതില്‍ ഏറെ സഹായിച്ചെന്ന് സിസ്റ്റര്‍ മേഴ്‌സലറ്റ് പറയുന്നു.

ശാസ്ത്രീയ ജൈവകൃഷി

കൃഷിഭവന്റെ കീഴില്‍ ശാസ്ത്രീയജൈവകൃഷിയാണ് ഇവിടെ നടക്കുന്നത്. കൃഷിയിടത്തില്‍ കുമ്മായപ്രയോഗമാണ് ആദ്യം നടത്തിയത്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച കൃഷിയിടം വെറുതേയിട്ടു. ഇതിനു ശേഷം ചാണകം, വേപ്പിന്‍പിണ്ണാക്ക് എന്നിവയില്‍ ട്രൈക്കോഡര്‍മ എന്ന മിത്രജീവാണു ചേര്‍ത്ത് സമ്പുഷ്ടമാക്കിയത് ഇട്ട് ഏഴുദിവസം നനച്ചു. വിത്ത് സ്യൂഡോമോണസ് പരിചരണം നടത്തിയാണ് നട്ടത്. 11 പ്ലോട്ടുകളായി തിരിച്ചായിരുന്നു കൃഷി. ആദ്യ പ്ലോട്ടില്‍ മത്തന്‍, കുമ്പളം, വെള്ളരി, നിലക്കടല എന്നിവ കൃഷിചെയ്തു. ഹൈദരാബാദില്‍ നിന്നാണ് നിലക്കടല വിത്തെത്തിച്ചത്. രണ്ടാമത്തെ പ്ലോട്ടില്‍ കോവലും ചതുരപ്പയറും നട്ടു. മൂന്നാം പ്ലോട്ടില്‍ മുളകും തക്കാളിയുമായിരുന്നു കൃഷി. വഴുതന, വെണ്ട എന്നിവയായിരുന്നു നാലാം പ്ലോട്ടിലെ കൃഷി. പാവല്‍, വാളരി- വെള്ളരി, പടവലം, കാരറ്റ്, പയര്‍, കാബേജ്- കോളിഫ്‌ളവര്‍ എന്നിവ മറ്റു പ്ലോട്ടുകളില്‍ കൃഷി ചെയ്തു. ബീന്‍സ്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയും കൃഷി ചെയ്യുന്നു. വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാണകം എന്നിവ ചേര്‍ത്ത് പുളിപ്പിച്ച ലായനി വെള്ളവും ചേര്‍ത്തു നല്‍കുന്നതായിരുന്നു പ്രധാന ഇടവളം. കീടങ്ങളെ നശിപ്പിക്കാന്‍ ബ്യുവേറിയ, വെര്‍ട്ടിസീലിയം തുടങ്ങിയ ജൈവാണു കീടനാശിനികളാണ് ഉപയോഗിച്ചത്. ഇവ കൃഷിഭവന്‍ നല്‍കി. വേപ്പിന്‍ പിണ്ണാക്ക് കൃഷിഭവനില്‍ നിന്ന് സൗജന്യമായി ലഭിച്ചു. ആഴ്ചയില്‍ ഒരുദിവസം സ്യൂഡോമോണസ് സ്‌പ്രേ ചെയ്യുമായിരുന്നു. പറമ്പിലെ കിണറില്‍ നിന്നും മഴവെള്ള സംഭരണിയില്‍ നിന്നും ജലസേചനം നടത്തി. പച്ചക്കറി ഹോസ്റ്റലില്‍ തന്നെ ഭക്ഷണത്തിനായി ഉപയോഗിച്ചു. 2018 ഒക്ടോബറില്‍ വിത്തിട്ട കൃഷി, നാലാം മാസം വിളവെടുപ്പിനു തയാറായി. ശാന്തിഭവനിലെ അന്തേവാസികള്‍ രാവിലെ 10 മുതല്‍ 11.30 വരെ കൃഷിയില്‍ മുഴുകും. ഇവരുടെ മാനസിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതില്‍ കൃഷി വഹിച്ച പങ്ക് ചെറുതല്ല.


ജൈവവളം തോട്ടത്തില്‍ തന്നെ

സ്ഥാപനത്തിലെ പച്ചക്കറി, ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി, വളമായി ചെടിച്ചുവട്ടില്‍ തന്നെ എത്തുന്നു. ഇതിനായി ഒരു ജൈവകമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. 50 സെന്റ് സ്ഥലത്തെ കൃഷിക്ക് ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് ജലസേചനം. തക്കാളി, മുളക്, വഴുതന, വെണ്ട എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ചാണകം, വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ചലായനി, ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ വളമായി(ഫെര്‍ട്ടിഗേഷന്‍) ചെടിച്ചുവട്ടില്‍ നല്‍കുന്നു. ഉറുമ്പിനെ അകറ്റാന്‍ സ്യൂഡോമോണസ് നല്ലതാണെന്നാണ് ഇവരുടെ അനുഭവം. ഇന്നിപ്പോള്‍ രണ്ടു ദിവസംകൂടി വന്‍പച്ചക്കറി വിളവെടുപ്പാണ് ഇവിടെ നടക്കുന്നത്. റബറിനെ ബാധിച്ച കുമിള്‍ പാവല്‍ക്കൃഷി നശിപ്പിച്ചതും വെള്ളമില്ലാത്തതിനാല്‍ കുറച്ചുഭാഗത്തെ കൃഷി ഉണങ്ങിയതുമൊഴിച്ചാല്‍ കൃഷി ലാഭകരമായിരുന്നു. ഫോണ്‍: സിസ്റ്റര്‍ മേഴ്‌സിലറ്റ്- 9400 14 56 56.

ടോം ജോര്‍ജ്‌