ടാറ്റ ‘നാനോ’ എസ്യുവിയായി തിരിച്ചെത്തുന്നു
Thursday, May 23, 2024 2:33 PM IST
ന്യൂഡൽഹി: ടാറ്റാ മോട്ടേഴ്സ് ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് നാനോ എന്ന കുഞ്ഞൻ കാറിനെ അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷിച്ചതുപോലെയുള്ളൊരു തരംഗം സൃഷ്ടിക്കാൻ നാനോയ്ക്ക് കഴിഞ്ഞില്ല.
എന്നാൽ, നാനോയുടെ പേരിൽ പുതിയ വാഹനമിറക്കി ഒരു കൈ കൂടി നോക്കാനുള്ള നീക്കത്തിലാണ് ടാറ്റ. ഇത്തവണ കുഞ്ഞൻ കാറിനു പകരം എസ്യുവി രൂപത്തിലായിരിക്കും തിരിച്ചുവരികയെന്നാണ് റിപ്പോർട്ട്.
നാനോ എസ്യുവി കാറിൽ കന്പനി 1.2 ലിറ്റർ പെട്രോൾ എൻജിനും 1.2 ലിറ്റർ സിഎൻജി എൻജിനും ഉപയോഗിക്കുമെന്നാണ് വിവരം. കാറിന്റെ പ്രത്യേകതയിലൊന്ന് മൈലേജ് ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. സിഎൻജി മോഡലിന് 50 കിലോമീറ്ററും, പെട്രോൾ മോഡലിന് 40 കിലോമീറ്ററുമായിരിക്കും മൈലേജ്.
മൊബൈൽ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് സപ്പോർട്ട്, 8 ഇഞ്ച് ടച്ച് സ്ക്രീൻ തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ പുതിയ നാനോയിൽ ഉണ്ടാകും.
ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എയർബാഗുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പുതിയ കാറിലുണ്ടാകും.2.50 മുതൽ നാലുലക്ഷം രൂപ വരെയായിരിക്കും പുതിയ നാനോയുടെ എക്സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.