കരുവഞ്ചാലിലെ ചക്ക മധുരം
Monday, October 6, 2025 11:42 AM IST
ആർക്കും വേണ്ടാതെ വെറുതേ നശിക്കുന്ന ചക്കയിൽനിന്ന് വിജയചരിത്രം രചിക്കുകയാണ് കണ്ണൂർ കരുവഞ്ചാൽ മീൻപറ്റിയിലെ കട്ടക്കയം ജോസ്റ്റിൻ. മുപ്പതോളം കുടുംബങ്ങളെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ന്ധജാക്ക് ടേസ്റ്റി’ എന്ന ചക്കക്കഥ ആരംഭിക്കുന്നത് പത്തു വർഷം മുന്പാണ്.
ചക്കയിലെ മൂല്യവർധിത സാധ്യത തിരിച്ചറിഞ്ഞ ജോസ്റ്റിൻ വിവിധ കയറ്റുമതി കന്പനികൾക്കുള്ള ചക്കയുടെ അസംസ്കൃത വസ്തുക്കൾ ഉണ്ടാക്കി നൽകിവരുന്നു.
കൂടാതെ, മീന്പറ്റി ആശാഭവന് സമീപമുള്ള ജാക്ക് ടേസ്റ്റി എന്ന സ്ഥാപനത്തിൽ ചക്കയിൽനിന്ന് സ്ക്വാഷ്, ചക്കക്കുരുവിൽനിന്ന് കുക്കീസ്, ചക്ക പൗഡർ, ചക്കക്കുരു പൗഡർ, ഡ്രൈഡ് ജാക്ക് ഫ്രൂട്ട് തുടങ്ങി വ്യത്യസ്തമായ ഉത്പന്നങ്ങൾ നിർമിക്കുന്നു.
ചക്കയുടെ കരിമടൽ പോലും മൂല്യവർധിത ഉത്പന്നമാക്കി ഇവിടെമാറ്റുന്നു. മടലിൽനിന്ന് ജൈവവളം ഉത്പാദിപ്പിച്ച് വില്ക്കുന്നുണ്ട്. ഇറച്ചിക്ക് ബദലായി ഇടിച്ചക്കയിൽനിന്ന് കറിക്കൂട്ട് ഉദ്പാദിപ്പിക്കുന്നുണ്ട്. ഒരു വർഷം വരെ കേടൂ കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്ന ഇതിന് ആവശ്യക്കാർ ഏറെയാണ്.
സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ജോസ്റ്റിൻ ചക്കകൾ വെറുതെ നശിച്ചു പോകുന്നതുകണ്ട് 2016ലാണ് ഒരു പുതുസംരംഭത്തിന് തുടക്കം കുറിച്ചത്. ചക്ക ജൈവളമാക്കുന്ന സംരംഭമാണ് ആദ്യം തുടങ്ങിയത്. മണ്ണിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ചക്കവളത്തിലുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.

തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുവഞ്ചാൽ ഗ്രാമികയുടെ പ്രസിഡന്റ് ആയതോടുകൂടി ജോസ്റ്റിന്റെ ജീവിതം മാറിമറിഞ്ഞു. ഗ്രാമിക സംഘത്തിൽ പ്രവർത്തിക്കുന്ന തന്റെ സഹപ്രവർത്തകർക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ 2019ൽ അഞ്ചു സംഘങ്ങൾ രൂപീകരിച്ചു.
ഇവരുടെ പറന്പിലെ ചക്കകൾ വാങ്ങി സ്ലൈസ് ചെയ്തു സ്ക്വാഷ് ആക്കി വിപണിയിൽ എത്തിച്ചു. ചക്കയുടെ സീസണ് ആയാൽ 30 ഓളം കർഷകർ രാവിലെ തന്നെ പാകമായ ചക്കകളുമായി ജാക്ക് ടേസ്റ്റിയിൽ എത്തും. ഇവർ തന്നെ ചക്കയുടെ ചുളയും കുരുവും വേർതിരിച്ച് നൽകും.
ചുരുങ്ങിയ സമയംകൊണ്ട് 400 രൂപ മുതൽ 750 രൂപ വരെ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഓരോ കുടുംബങ്ങളും ഓരോ പ്രൊഡക്ഷൻ യൂണിറ്റായി അഭിവൃദ്ധിപ്പെടണം എന്നാണ് ലക്ഷ്യം. ഹോർട്ടി ക്രോപ്പ് മിഷൻ ധനസഹായത്തോടെയാണ് ജാക്ക് ടേസ്റ്റി പ്രവർത്തിക്കുന്നത്.
ജോസ്റ്റിന് സ്വന്തമായി രണ്ട് ഏക്കർ പ്ലാവിൻതോട്ടവും ഉണ്ട്. നാടൻ പ്ലാവ് ഇനങ്ങൾ ബഡ് ചെയ്യുന്നതാണ് നല്ലതും ആദായകരവുമെന്ന് ജോസ്റ്റിൻ പറയുന്നു. ഒരു പ്ലാവിൽ നിന്ന് പത്തുകിലോ തൂക്കം വരുന്ന 20 ചക്ക കിട്ടിയാൽ കിലോയ്ക്ക് പത്തുരൂപ നിരക്കിൽപ്പോലും കുറഞ്ഞത് 2000 രൂപ ലഭിക്കും.
ഇങ്ങനെ ഒരു ഏക്കറിൽനിന്ന് ഒരു വർഷം ഒരു ലക്ഷം രൂപ വരുമാനം നേടാം. ചക്കച്ചുളകളും കുരുവും ആയി വേർതിരിച്ചു നൽകിയാൽ ഇരട്ടിയും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കി മാറ്റിയാൽ വീണ്ടും ഇരട്ടിച്ച് നാല് ലക്ഷത്തിലധികം രൂപയും ലഭിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.
ചക്ക അരക്ക് ഉൾപ്പെടെ വിപണനം നടത്തുന്നുണ്ട്. ഇതിന് കിലോയ്ക്ക് 500 രൂപ ലഭിക്കും. ക്ഷേത്ര കലകൾക്ക് പശയായി ഉപയോഗിക്കാനാണ് ചക്ക അരക്ക് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ്, ഹോർട്ടി ക്രോപ്പ്, തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി, ബാങ്കുകൾ തുടങ്ങി പലയിടങ്ങളിൽനിന്നും ജോസ്റ്റിന്റെ സംരംഭത്തിന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ആലക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പൈതൽ ഹിൽസ് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനിയുടെ ഡയറക്ടർ കൂടിയായ ഇദ്ദേഹം ഉല്പന്നങ്ങൾ ഈ കന്പനി മുഖേനയാണ് വിപണനം നടത്തുന്നത്.

പൈനാപ്പിളും പപ്പായയും കന്പനി മുഖേന കയറ്റി അയക്കുന്നുണ്ട്. ഒരു വ്യവസായി ആയി കാണാൻ ആഗ്രഹിക്കാത്ത ഇദ്ദേഹം ഇപ്പോഴും ഒരു നല്ല കർഷകനായി മൂല്യ വർധിത ഉത്പന്നങ്ങൾ വിപണനം നടത്താനാണ് താല്പര്യപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ പിതാവ് അഗസ്റ്റിന് കരുവഞ്ചാലിൽ ഫ്ളവർ മിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാത തുടർന്നാണ് ജോസ്റ്റിനും ഇങ്ങനെ ഒരു സംരംഭത്തിലേക്ക് കടന്നതെന്ന് പറയുന്നു.
അമ്മ മേരിയും ഭാര്യ ജീനയും മക്കൾ ജിജോണ്സ്, ജോഫ്രിൻസ്, ജിസ്മരിയ എന്നിവരും സഹോദരങ്ങളും എല്ലാവിധ സഹായങ്ങളുമായി കൂടെയുണ്ട്.
ജോസ്റ്റിൻ: 9495263278