ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
Wednesday, November 27, 2024 10:25 AM IST
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന് വലിയ കാർഷിക പാരന്പര്യമൊന്നുമില്ലെങ്കിലും എല്ലാക്കാലത്തും കൃഷിയുമായി ബന്ധപ്പെട്ടാണ് ആ കുടുംബം കഴിഞ്ഞു പോന്നിരുന്നത്.
അങ്ങനെയാണ് വൈവിധ്യമാർന്ന കൃഷിയുടെ അടരുകളിലേക്ക് കുഞ്ഞിരാമൻ എത്തിപ്പെടുന്നത്. ഇന്ന് കുഞ്ഞിരാമനറിയാത്ത കൃഷികളില്ലെന്നു മാത്രമല്ല, ഈ രംഗത്ത് പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അദ്ദേഹം നടത്തി വരികയും ചെയ്യുന്നു.
അതിനാൽ ആ കൃഷിത്തോട്ടത്തിന്റെ പരിസരം എപ്പോഴും ആളുകളെക്കൊണ്ടു നിറയും. കൃഷി പഠിക്കുന്നവരും, പഠിച്ചവരും പുത്തൻ അറിവുകൾ തേടി എത്തുന്നവരാണ് അവർ. തെങ്ങിൻ തൈകളിൽ നിന്നാണു കീഴലത്ത് നഴ്സറിയുടെ ബീജാവാപം.
പിന്നീട് കമുക്, ഇഞ്ചി, മഞ്ഞൾ, കിഴങ്ങ് വർഗ വിളകൾ, കുറ്റിക്കുരുമുളക്, ഒൗഷധസസ്യങ്ങൾ, പച്ചക്കറികൾ എന്നുവേണ്ട ഇൻഡോർ ചെടികളും അലങ്കാരച്ചെടികളും വരെ ഈ നഴ്സറിയിൽ വിതരണത്തിനെത്തി.
കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി തെങ്ങിൻ തൈകളുടെ പെരുമ ഉയർത്തിക്കൊണ്ടുവരുന്നതിൽ കുഞ്ഞിരാമന് വലിയ പങ്കുണ്ട്. ഇഞ്ചിയിനങ്ങളിൽ തന്നെ അത്യപൂർവമായ ചുവന്ന ഇഞ്ചി, വരദ ഇഞ്ചി, നാടൻ ഇഞ്ചി എന്നിവയും കൃഷിത്തോട്ടത്തിൽ സുലഭമാണ്.
കമുക് ഇനത്തിലെ മൊഹിത് നഗർ, മംഗള, സുമംഗള, കാസർക്കോടൻ എന്നിവയുമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഴങ്ങു വർഗ ഗവേഷണ സ്ഥാപനത്തിന്റെ പുതിയ മരച്ചീനിയിനങ്ങൾ കോഴിക്കോട് ജില്ലയിൽ ആദ്യമായി പരീക്ഷിക്കുന്നത് കുഞ്ഞിരാമനാണെന്നു പറയാം.
രോഗ കീടബാധകൾ കുറച്ച്, ഗുണമേ·യുള്ള വിത്തിലൂടെ അത്യുത്പാദനമെന്നതാണു കുഞ്ഞിരാമന്റെ കൃഷിമതം. അതിനായി ഗ്രോ ബാഗുകളെയാണ് അദ്ദേഹം ആശ്രയിക്കുന്നത്. ഇതുവഴി ചകിരിച്ചോറിന്റെ അളവ് കുറയ്ക്കാൻ കഴിയും.
കുറ്റിക്കുരുമുളകുകൾക്കും പലതരം ചെടികൾക്കും ഗ്രോ ബാഗുകളെയാണ് ഇദ്ദേഹം ആശ്രയിക്കുന്നത്. മഞ്ഞളും ഇഞ്ചിയും വരെ ഇങ്ങനെ നടാൻ കഴിയും. ഇല മുരടിപ്പ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് ഉത്തമമാണെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. മാത്രവുമല്ല, പരിചരിക്കാനും എളുപ്പമാണ്.
ചെണ്ടുമല്ലി കൃഷിയിലേക്ക്
ഭക്ഷ്യ ഉത്പന്നങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതുപോലെ, ആഘോഷവേളകളിൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ കുത്തൊഴുക്ക് ഒരു പരിധിയെങ്കിലും പിടിച്ചുനിർത്താൻ കഴിയുമോ എന്ന ചിന്തയിൽ നിന്നാണ് കുഞ്ഞിരാമൻ ചെണ്ടുമല്ലി കൃഷിയിലേക്കു തിരിഞ്ഞത്.
ഇന്ന് അദ്ദേഹത്തിന്റെ നഴ്സറിയിൽ വ്യത്യസ്തതരം ചെണ്ടുമല്ലികൾ വിരിഞ്ഞു നിൽക്കുന്നതു കാണാം. പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നു കിട്ടിയ വിത്തുകളിൽ നിന്നാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.
ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കൾ ഓണം വിപണിയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു കിലോ പൂവിന് കേരളത്തിൽ 300 രൂപയിലേറെ വിലയുണ്ട്. ചെണ്ടുമല്ലി കൃഷി ആദായകരമാണെന്നാണ് കുഞ്ഞിരാമന്റെ അഭിപ്രായം.
അധിക പരിചരണം ഇല്ലാതെതന്നെ ഇവ വളർത്തിയെടുക്കാമെന്നതാണ് കാരണം. തൈ വച്ച് 58 ദിവസങ്ങൾക്കുള്ളിൽ തന്നെ വിളവെടുക്കാം. സെപ്റ്റംബർ-ഓക്ടോബർ മാസങ്ങളിൽ കേരളത്തിലെ ഓണാഘോഷങ്ങൾക്കും, നവരാത്രി ആഘോഷങ്ങൾക്കും ചെണ്ടുമല്ലികൾ വിൽപന നടത്താൻ കഴിയുകയും ചെയ്യും. നല്ല വിലയും കിട്ടും.
ചെണ്ടുമല്ലികൾക്ക് ജൈവവളം മാത്രമാണ് കുഞ്ഞിരാമൻ പ്രയോഗിക്കുന്നത്. ചാണകപ്പൊടി, ചകരിച്ചോറ്, കുമ്മായം എന്നിവയാണ് അടിവളം. മരച്ചീനി കൃഷി പോലെ ഏരിയ വെട്ടി അതിനു മീതെ പ്ലാസ്റ്റിക് കവർ വിരിച്ച് പി.വി.സി. പൈപ്പ് കുത്തി നിർത്തുന്നു.
പൈപ്പിൽ ജൈവവളം നിറച്ചാണ് വിത്തുകൾ പാകുന്നത്. ഇങ്ങനെ വിത്ത് പാകിയാൽ മറ്റ് കളകൾ ചെടിയെ ഉപദ്രവിക്കുന്നത് ഒഴിവാക്കാനാകും. മാത്രവുമല്ല ഈ രീതി അവലംബിക്കുന്നതു മൂലം ചെടികൾ എളുപ്പത്തിൽ വളരുകയും പൂക്കൾക്ക് നല്ല വലിപ്പമുണ്ടാകുകയും ചെയ്യും.
2015 മുതൽ കൃഷി രംഗത്ത് സജീവമായ കുഞ്ഞിരാമനെത്തേടി ഇതിനോടകം നിരവധി പുരസ്കാരങ്ങളുമെത്തി. കർഷക സേവാ പുരസ്കാരം, കിസാൻ മിത്ര, കിസാൻ രത്ന പുരസ്കാരം, വേൾഡ് ഫുഡ് ഡേ പുരസ്കാരം എന്നിവ ഇവയിൽ ചിലത് മാത്രം. 2014 ലെ കേരള കർഷക സമിതിയുടെ കേരമിത്ര പുരസ്കാരവും ഇദ്ദേഹത്തിനായിരുന്നു.
ഫോണ്: 9645055963