കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
ജോണ്സണ് വേങ്ങത്തടം
Thursday, November 21, 2024 11:32 AM IST
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെട്ടി, കന്പി കെട്ടി, വേരൊതുക്കി വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെറുപാത്രങ്ങളിൽ വളർത്തിയെടുക്കുന്ന മാന്ത്രിക വിദ്യയിൽ സദാ വ്യാപൃതനാണ് കൊച്ചി കടവന്ത്ര സ്വദേശി സി.സി. സെബാസ്റ്റ്യൻ.
സ്വന്തം വീട് തന്നെ അദ്ദേഹം പരിപാലിക്കുന്ന ബോണ്‍സായ് മരങ്ങളുടെ സാമ്രാജ്യമാണ്. പ്രാചീന കാലത്ത് ഭാരതത്തിൽ നിലവിലുണ്ടായിരുന്ന വാമന വൃക്ഷകല പിൽക്കാലത്ത് ജപ്പാൻകാർ കുത്തകയാക്കിയതോടെ പേര് ബോണ്‍സായി എന്നായി. ചെറുചട്ടികളിൽ കുഞ്ഞൻ മരങ്ങളായി വളരുന്ന ആലും ബോധിമരവും മാവുമെല്ലാം സെബാസ്റ്റ്യന്റെ കടവന്ത്രയിലെ വീട്ടിലുണ്ട്.
മാൽപിഗിയ ഗ്ലാബ്രൽ ഉൾപ്പെടെയുള്ള വിദേശികളും ഈ കൂട്ടത്തിലുണ്ട്. പഴകുംതോറും വീഞ്ഞിനു വീര്യം കൂടുമെന്നതുപോലെ വർഷങ്ങളുടെ പഴക്കം മൂലം വില കൂടുന്നവയാണ് ബോണ്‍സായി മരങ്ങൾ. നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ചാക്കോ നട്ടുവളർത്തിയ ബോധിമരത്തിനു പ്രായം അറുപത് കഴിഞ്ഞു.
അഞ്ച് ലക്ഷം രൂപയ്ക്കു മുകളിൽ വില പറഞ്ഞിട്ടും വിൽക്കാത്ത ഒന്നിലധികം ബോണ്‍സായ് മരങ്ങൾ ഈ കൂട്ടത്തിലുണ്ട്. അമൂല്യമായ അറുപതിലധികം ബോണ്‍സായ് മരങ്ങൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
ഇലക്ട്രോണിക് ടെക്നിഷ്യനായ പഴവീടൻ പാലത്തുശേശി സെബാസ്റ്റ്യൻ, പുലർച്ചെ നാലര മുതൽ രാത്രി ഏറെ വൈകുവോളം ഈ ചെടികളുടെ കൂടെത്തന്നെയാണ് സമയം ചെലവഴിക്കുന്നത്. ഭാര്യ ക്ലാരയും കൂടെയുണ്ട്.
ഇവർക്ക് രണ്ട് മക്കൾ. മൂത്ത മകൻ ജയിംസ് ആർമിയിൽ കേണൽ. രണ്ടാമത്തെ മകൻ റിച്ചാർഡ് ദുബായ് ഷിപ്പിംഗ് കന്പനിയിൽ മാനേജരും. മക്കളുടെ ഓഫീസിലും വീടുകളിലും ബോണ്‍സായ് മരങ്ങളുടെ ശേഖരമുണ്ട്.
തുടക്കം
ബോണ്‍സായി മരങ്ങളോടുള്ള ഇഷ്ടം പെരുത്ത് 1978 മുതൽ അവയുടെ കൂടെ കൂടിയതാണ് സെബാസ്റ്റ്യൻ. പിതാവ് ചാക്കോയായിരുന്നു പ്രേരണ. 86ൽ കൊച്ചിൻ ഫ്ളവർ ഷോയിൽ ചാന്പ്യനായി. അതോടെ, വൻ മരങ്ങളുടെ രൂപ ഭംഗി തെല്ലും നഷ്ടപ്പെടാതെ അതിനെ ഒരു ചെടിച്ചട്ടിയിൽ ഒതുക്കി വളർത്തുന്ന ഉദ്യാന കല സെബാസ്റ്റ്യന്റെ ജീവനായി മാറുകയായിരുന്നു.
ഇതിനിടയിൽ സമയവും കാലവുമൊക്കെ കടന്നു പോകുന്നതു പോലും അറിയാറില്ല. ചെന്പു കന്പികൊണ്ടോ അലൂമിനിയം കന്പി കൊണ്ടോ മരങ്ങളുടെ കൊന്പുകളും ശിഖരങ്ങളും വലിച്ചു കെട്ടുകയും ചുറ്റി വയ്ക്കുകയുമൊക്കെ ചെയ്ത് ഉദ്ദേശിക്കുന്ന ആകൃതിയിൽ വളർത്തിയെടുക്കാനുള്ള ഇദ്ദേഹത്തിന്റെ വൈഭവമാണ് ഈ ഉദ്യാനത്തെ തികച്ചും വ്യത്യസ്തമാക്കുന്നത്.
കനമുള്ള വേരുകളും കെട്ടുപിണഞ്ഞ കനം കുറഞ്ഞ വേരുകളുടെ അഗ്രവും നീക്കം ചെയ്തും കൂട്ടമായി കാണുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റിയും ചെടിക്കു കുള്ളൻ ആകൃതി കിട്ടാൻ അദ്ദേഹം രാപകൽ അധ്വാനിക്കുന്നു.
ചെടികൾ
പേരാൽ, അരയാൽ, നെല്ലി, ബൊഗൈൻ വില്ല, അത്തി, ഗുൽമോഹർ, വേപ്പ്, മുള, കാഞ്ഞിരം, പനവർഗങ്ങൾ, വാളൻപുളി, കണിക്കൊന്ന, കാറ്റടിമരങ്ങൾ, ചൂളമരം, ഷഫ്ളീറ, ബ്രസീലിയൻ മഴമരം, കശുമാവ്, പ്ലാവ്, മാവ്, സപ്പോട്ട, ചാന്പ, നാരകം, മാതളം, പേര, വ്യത്യസ്തയിനം പൂമരങ്ങൾ, ഫൈക്കസ് ബെഞ്ചാമിന, ഡിവിഡിവി, മാൽപിഗിയ ഗ്ലാബ്രൽ, ബ്രസിലിയൻ റെയിൻ ട്രീ, ബ്ലൂ ബ്രയാ, ഡസേർട്ട് റോസ്, ഇംപാലലില്ലി, കുടുമോക്ക് അസാലി, സബിസ്റ്റർ ബഗേഴ്സ് ബൗൾ(ക്രെസെൻഷ്യ കുജട്ട്), മണി ട്രീ എന്നിങ്ങനെ വൈവിധ്യമാർന്ന ചെടികളുടെ അപൂർവ ശേഖരമാണ് ഇവിടെയുള്ളത്.
ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാണ് അഡീനിയം അറബിക്കം. അഡീനിയം ബോമിയാനം, അഡീനിയം മൾട്ടിഫോറം, അഡീനിയം ഒബീസം, അഡീനിയം ഓലിഫോലിയം എന്നീ ഇനങ്ങൾക്ക് പുറമേ നിരവധി ഹൈബ്രിഡുകളും വിവിധ തരത്തിൽ ഗ്രാഫ്റ്റ് ചെയ്ത ചെടികളും ഇവിടെയുണ്ട്.
വീടിന്റെ ടെറസിൽ തുടങ്ങി താഴത്തെ നില വരെ വിന്യസിച്ചിരിക്കുന്ന ബോണ്‍സായി മരങ്ങൾ ആരെയും ആകർഷിക്കും. ഇവിടെ തിരക്കോ ധൃതിയോ തെല്ലും പാടില്ല. ക്ഷമ വേണം. കാത്തിരിക്കാനും പരിചരിക്കാനുള്ള മനസുമുണ്ടാകണം. വെള്ളവും വളവും നൽകാതെ ചെടികളെ വെട്ടിയൊതുക്കി മുരടിപ്പിച്ചു നിർത്തുന്നതാണ് ബോണ്‍സായ് എന്നാണ് പൊതുവേയുള്ള ധാരണ.
എന്നാൽ അതു തെറ്റാണ്. വേരുകൾക്ക് ആവശ്യാനുസരണം വളരാൻ മണ്ണും മണലും വളവും ചേർന്ന, നല്ല നീർവാർച്ചയുള്ള നടീൽ മിശ്രിതത്തിൽ നട്ട്, നനയും മറ്റു ശുശ്രൂഷയും നൽകിയാണ് ബോണ്‍സായ് മരങ്ങളെ പരിപാലിക്കേണ്ടത്. ഒപ്പം കന്പുകൾ കലാപരമായി കോതി കുള്ളൻ മരത്തിനെ സസ്യ പ്രകൃതിയിൽ ദീർഘകാലം നിലനിർത്താനും കഴിയണം.
മണ്ണിനു മുകളിൽ പടർന്നു കാണുന്ന വേരുകൾ, ചുവട്ടിൽ വണ്ണം കൂടിയും മുകളിലേക്കു പോകുന്തോറും വണ്ണം കുറഞ്ഞും, നിറയെ ശാഖകളോടുകൂടിയതുമായ തായ്ത്തടി എന്നിവയെല്ലാം ബോണ്‍സായിയുടെ രൂപഭംഗിക്കു മാറ്റുകൂട്ടും. വിത്ത് ഇട്ട് വളർത്തിയെടുക്കുന്ന ചെടികളാണ് നല്ലത്. പക്ഷേ, ഇതിനു സമയമെടുക്കും.
കാലാവസ്ഥ അനുസരിച്ച് ബോണ്‍സായ് ചെടി നനയ്ക്കണം. വേനൽക്കാലത്ത് ചെടി വാടാൻ അനുവദിക്കാത്ത വിധം നനയ്ക്കണം. ജൈവ വളമാണ് കൂടുതൽ യോജിച്ചത്. വിത്ത് മുളപ്പിച്ച് എടുക്കുന്ന തൈകൾ ബോണ്‍സായ് ആക്കുന്നതിനു ശ്രമം കൂടുതലാണ്. ഗ്രാഫ്റ്റ് ചെയ്തും പതി വച്ചും ഉപയോഗിക്കാം.
കെട്ടിടങ്ങളിലും പാറക്കെട്ടുകളിലും വളർച്ച മുരടിച്ചു നിൽക്കുന്ന മരങ്ങളെ എളുപ്പത്തിൽ ബോണ്‍സായ് ആക്കി മാറ്റാം. ഇവ ഇളക്കിയെടുത്ത് കോതി ഒരുക്കി ചട്ടികളിൽ നട്ടാൽ ഭംഗിയുള്ളതും പ്രായക്കൂടുതൽ തോന്നുന്നതുമായ ബോണ്‍സായ് ആക്കാം.
വർഷങ്ങൾ നീളുന്ന പരിശ്രമം
ഓരോ ബോണ്‍സായ് വൃക്ഷത്തിനു പിന്നിലും വർഷങ്ങൾ നീണ്ട പരിശ്രമവും ശ്രദ്ധയും ആവശ്യമാണ്. ഒരിക്കലും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഒരു ബോണ്‍സായ് ഉണ്ടാക്കാമെന്നു പ്രതീക്ഷിക്കരുതെന്ന് സെബാസ്റ്റ്യൻ പറയുന്നു.
നമ്മൾ ഉണ്ടാക്കുന്ന ബോണ്‍സായ് ആസ്വദിക്കുന്നത് അടുത്ത തലമുറയോ, അതിനപ്പുറത്തെ തലമുറയോ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെടികൾ മുരടിക്കുന്നതല്ല ബോണ്‍സായ്. സൈനിക സ്കൂളിൽ കുട്ടികളെ പരിശീലിപ്പിക്കുന്ന രീതിയിൽ അവയെ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. 85 ശതമാനം മരങ്ങളിലും ബോണ്‍സായ് രൂപപ്പെടുത്താൻ കഴിയുമെന്നാണ് സെബാസ്റ്റ്യന്റെ നിഗമനം.
ഫോണ്‍: 9847453583.