ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
Tuesday, November 19, 2024 3:22 PM IST
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു തിരിയുന്ന റോഡിന്റെ വശത്ത് തല ഉയർത്തി നിൽക്കുന്ന ശാന്തി ഭവൻ ആശ്രമത്തോട് ചേർന്നുള്ള പന്ത്രണ്ടര ഏക്കർ സ്ഥലം മുഴുവൻ കൃഷി സമൃദ്ധമാണ്. അവിടെ വിളയാത്തതൊന്നുമില്ല.
ആശ്രമത്തോട് ചേർന്നു പ്രവർത്തിക്കുന്ന ബധിര വിദ്യാലയവും കിന്റർഗാർട്ടനും സെൻട്രൽ സ്കൂളും കോളജും സ്ഥാപിച്ചത് സി.എം.ഐ സഭാംഗമായ ഫാ. ജോസ് കടവിലാണ്. സ്ഥാപനങ്ങളും രണ്ടു ഗ്രൗണ്ടുകളും കഴിഞ്ഞാൽ ബാക്കി സ്ഥലം മുഴുവൻ പച്ചക്കറികളും പലതരം വാഴകളും ഏത്തവാഴയും കൃഷി ചെയ്തിരിക്കുകയാണ്.
കൂടാതെ 20 ആടുകളും ഏഴു പശുക്കളും രണ്ടു പോത്തുകളുമുണ്ട്. ആശ്രമത്തിലെ പാചകാവശ്യത്തിനുള്ള ബയോഗ്യാസ് പ്ലാന്റും ക്രമീകരിച്ചിട്ടുണ്ട്. സമ്മിശ്ര കൃഷിരീതിയാണ് ഇവിടെ നടപ്പാക്കുന്നത്.
ഇഞ്ചി, മഞ്ഞൾ, ചേന്പ്, ചേന, കാച്ചിൽ, കപ്പ, ഏത്തവാഴ തുടങ്ങി എല്ലാമുള്ള കൃഷിയിടം. കന്നുകാലികൾക്കുള്ള തീറ്റപ്പുല്ലും കൃഷി ചെയ്യുന്നുണ്ട്. ആശ്രമത്തിന്റെ ചുമതലക്കാരനും കുട്ടനാട്ടുകാരനുമായ ഫാ.ജോസഫ് അയങ്കരിയും അദ്ദേഹത്തോടൊപ്പമുള്ള ഫാ.ബെന്നി തോട്ടനാനിയും ചേർന്നാണ് സമ്മിശ്ര കൃഷി യാഥാർഥ്യമാക്കിയത്.
ആണ്ടുവട്ടം മുഴുവൻ എല്ലാത്തരം പച്ചക്കറികളും വാഴക്കുലകളും ലഭ്യമാകത്തക്ക വിധത്തിലാണ് കൃഷികൾ ക്രമീകരിച്ചിരിക്കുന്നത്. കന്നുകാലികളുടെ ചാണകമാണ് പ്രധാന വളം. ഓരോ കൃഷിക്കും നിശ്ചിത സ്ഥലം നീക്കി വച്ചിട്ടില്ലെങ്കിലും കപ്പയും, വാഴയും, നിശ്ചിത കാലം മാത്രമാണ് ഒരു സ്ഥലത്ത് കൃഷി ചെയ്യുന്നത്.
കാച്ചിലും ചേന്പും ചേനയും ഒരിടത്ത് ഒരിക്കൽ കൃഷി ചെയ്താൽ അവിടെ അടുത്ത കൃഷി കപ്പയും ഏത്തവാഴയുമായിരിക്കും. അതുവഴി മണ്ണിലെ വളം നഷ്ടപ്പെടില്ലെന്ന ഗുണവുമുണ്ട്. പുതുതലമുറ വിദ്യാർഥികൾക്ക് സമ്മിശ്ര കൃഷിത്തോട്ടം വിദ്യാഭ്യാസത്തോടൊപ്പം അറിവിന്റെ പാഠശാല കൂടിയായി മാറുന്നുണ്ട്.
ബധിര വിദ്യാല യത്തിലെ കുട്ടികളും മറ്റു കുട്ടികളും കൃഷി കാര്യങ്ങളൾ താത്പര്യപൂർവ മാണ് വീക്ഷിക്കുന്നത്. ചിലപ്പോഴെ ങ്കിലും അവർ സഹകരിക്കുകയും ചെയ്യും.