കുട്ടനാട്ടിലും തഴച്ചുവളരും റംബുട്ടാനും മാങ്കോസ്റ്റിനും
Wednesday, October 23, 2024 1:27 PM IST
കുട്ടനാട്ടിൽ റംബുട്ടാനും, മാങ്കോസ്റ്റിനും ആദായകരമായി വളർത്താൻ കഴിയുമെന്നു പറഞ്ഞാൽ ചിലരെങ്കിലും അതിശയിച്ചേക്കാം. നെല്ലും തെങ്ങും വാഴയും അല്ലാതെ മറ്റൊന്നും കുട്ടനാടിന് ഇണങ്ങുന്നതല്ല എന്നു കരുതുന്നവർ റംബുട്ടാന്റേയും മാങ്കോസ്റ്റിന്റേയും പേര് കുട്ടനാടിനോട് ചേർത്ത് കേൾക്കുന്പോൾ അസാധ്യമെന്നു ചിന്തിച്ചാൽ തെറ്റു പറയാനാവില്ല.
എന്നാൽ, കുട്ടനാടൻ മണ്ണ് ഈ പഴവർഗങ്ങളുടെ കൃഷിക്ക് അനുയോജ്യമെന്നു തെളിയിക്കുകയാണു ചന്പക്കുളം പുല്പത്ര ലിസാ ജോസ്. 2018ലെ മഹാപ്രളയത്തിൽ ആഴ്ചകളോളം കുട്ടനാട്ടിലെ പുരയിടങ്ങൾ വെള്ളത്തിനടിയിലായിരുന്നു.
ഒന്നര ഏക്കറോളം വരുന്ന പുരയിടത്തിൽ 2015 മുതൽ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങളിൽ പലതും പ്രളയത്തിൽ കടപുഴകി വീണപ്പോൾ തല ഉയർത്തി നിന്നതു മാവുകളും റംബുട്ടാനും മാങ്കോസ്റ്റിനും മാത്രം. ഇതോടെ മൂന്നു മുതൽ നാല് വരെ വർഷം പ്രായമായ ഈ ചെടികളെ കൂടുതൽ ശ്രദ്ധയോടെ പരിപാലിച്ചു വളർത്താൻ തുടങ്ങി.
പാലാ ഭരണങ്ങാനത്തിനു സമീപമുള്ള തന്റെ മാതൃഭവനത്തിന് അടുത്തുള്ള ഒരു സന്ന്യാസ ആശ്രമത്തിൽ റംബുട്ടാനും മാങ്കോസ്റ്റിനും വളർത്തുന്നതും, അതിന്റെ പഴങ്ങൾ പലപ്പോഴായി രുചിക്കാൻ സാധിച്ചിരുന്നതുമാണ് ഇവ കൃഷി ചെയ്യാൻ ലിസയ്ക്കു പ്രചോദനമായത്.
നാലു മുതൽ 10 വർഷം വരെ പ്രായമുള്ള 25 ഓളം റംബുട്ടാൻ മരങ്ങളും, 20 ഓളം മാങ്കോസ്റ്റിൻ മരങ്ങളുമാണു പല വർഷങ്ങളിലായി ഇവിടെ നട്ടുവളർത്തിയത്. ഏകദേശം മൂന്നു വർഷമാകുന്പോൾ മുതൽ പഴങ്ങൾ ലഭിച്ചു തുടങ്ങി.

കഴിഞ്ഞ സീസണിൽ വലിയ മരങ്ങളിൽ നിന്നു മാത്രം ഒരു ലക്ഷത്തോളം രൂപ പഴങ്ങൾ വിറ്റു സമാഹരിക്കാനായി. ഓരോ വർഷം കഴിയുന്തോറും വരുമാനം വർധിച്ചു കൊണ്ടിരിക്കുകയുമാണ്.
അധികം ചെളിമയമില്ലാത്ത ഗ്രാവൽ മണലുള്ള കുട്ടനാടൻ പുരയിടങ്ങളിലാണ് റംബുട്ടാൻ നന്നായി വളരുന്നത്. എന്നാൽ, ചെളിമണ്ണിൽ നടുന്ന മരങ്ങൾ പലതിനും കാര്യമായ വളർച്ചയുണ്ടാകുന്നുമില്ല. റംബൂട്ടാൻ പൂവ് വിരിയുന്നതു മുതൽ വിളവെടുക്കാൻ വരെ ഏകദേശം 150 ദിവസം വേണം.
കായ്കൾ ആദ്യം പച്ച നിറവും വിളവെടുപ്പിന് പാകമാകുന്പോൾ കടും ചുവപ്പ് നിറവുമാകും. പഴത്തിനു പുറത്തെ രോമങ്ങൾകൂടി ചുവപ്പ് നിറത്തിലെത്തുന്പോഴാണു വിളവെടുപ്പിനു പാകമാകുന്നത്. പൂർണമായി വിളവെത്തിയതിനു ശേഷവും 15 ദിവസത്തോളം പഴങ്ങൾ മരത്തിൽ തന്നെ കേടുകൂടാതെ നൽക്കും.
ഏകദേശം 20 അടി അകലത്തിലാണ് മരങ്ങൾ നട്ടിരിക്കുന്നത്. ഒരു കൗതുകത്തിനു വേണ്ടിയാണ് കൃഷി തുടങ്ങിയതെങ്കിലും വരുമാനസാധ്യത കണ്ടെത്തിയതോടെ ബാക്കി സ്ഥല ത്തും കൂടി റംബുട്ടാനും, മാങ്കോസ്റ്റിനും കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ വീട്ടമ്മ.
കുട്ടനാട്ടിൽ പലയിടത്തും ചെമ്മണ്ണ് നിക്ഷേപിച്ചാണ് സ്ഥലം ഉയർത്തിയിരിക്കുന്നത്. വെള്ളം കെട്ടി നില്ക്കാത്ത ഇത്തരം സ്ഥലങ്ങൾ ഈ കൃഷിക്ക് അനുയോജ്യമാകുമെന്നാണ് നിഗമനം.
ഫോണ്: 9447505677