പാലക്കാടിന് പോകാം, ഉപ്പേരി കൊറിക്കാം
Monday, September 30, 2024 12:59 PM IST
ഓണക്കാലം പച്ചക്കറികളുടെയും നേന്ത്രക്കായ (ഏത്തക്കായ)യുടെയും വിളവെടുപ്പു കാലം കൂടിയാണ്. പാലക്കാട്ടെ കരപ്പാടങ്ങളിൽ ഒന്നാംവിള കൊയ്ത്തും ഈ ദിവസങ്ങളിൽ നടക്കും. ചിങ്ങമാസത്തിലെ അത്തപ്പുലരിയിൽ മുറ്റത്തൊരു പൂക്കളം പോലെ മനോഹരവും സ്വാദേറുന്നതുമാകണം മലയാളിക്ക് ഓണസദ്യയും.
ഓണസദ്യ വിളന്പുന്ന തൂശനിലയിലെ പ്രധാന ഇനങ്ങളാണ് ഉപ്പേരി കൂട്ടുകൾ. ഓണസദ്യക്കു മാത്രമല്ല കല്യാണസദ്യയ്ക്കും ഇലയിൽ ആദ്യം സ്ഥാനം പിടിക്കുന്നത് ഉപ്പേരികൾ തന്നെ. വട്ടത്തിലും നാലു കഷണങ്ങളാക്കിയും ശർക്കര വരട്ടിയുമായി ഉപ്പേരി നാലുതരമുണ്ട്.
പണ്ടൊക്കെ ഓണത്തിന് ആഴ്ചകൾക്കു മുന്പേ ഉപ്പേരി വറുത്ത് വലിയ ഭരണികളിലും ഡപ്പികളിലും അമ്മമാർ നിറച്ച് വയ്ക്കുമായിരുന്നു. ഇന്നിപ്പോൾ അതിന്റെ ആവശ്യമില്ല. കടകളിൽ എപ്പോഴും കിട്ടും. ഉപ്പേരി കൂട്ടുകൾ ആലത്തൂരിലെ എസ്എൻആർ ചിപ്സ് വകയായാൽ സദ്യ വട്ടങ്ങൾ ബഹുകേമമാകുമെന്നാണു പറച്ചിൽ.
തനി നാടൻ നേന്ത്രക്കായ കനം കുറച്ച് വട്ടത്തിലരിഞ്ഞു ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്പോൾ കൊതിയൂറുന്ന മണം ദൂരസ്ഥലത്തേക്കു പോലും പറന്നെത്തും. നാടൻ മഞ്ഞൾ പൊടിയും പാകത്തിന് ഉപ്പും കൂടി ചേർത്താൽ ചിപ്സ് സ്വർണ വർണമാകും.
മലയാളികളുള്ള നാട്ടിലെല്ലാം മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടുള്ള എസ്എൻആർ ചിപ്സ് എത്തിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും മുൻ എംപി വി.എസ്. വിജയരാഘവൻ വഴി ചിപ്സ് എത്തിച്ചിട്ടുണ്ടെന്നതാണ് എസ്എൻആർ ചിപ്സിന്റെ ചരിത്രം.
അബ്ദുൾ ജബാർ, അബ്ദുൾ കരീം, മുഹമ്മദ് റഫീക്, മുഹമ്മദ് മുസ്തഫ എന്നീ നാല് സഹോദരങ്ങൾ ചേർന്നാണ് എസ്എൻആർ ചിപ്സ് നടത്തുന്നത്. 1947ൽ മുത്തച്ഛൻ ഷാഹുൽ ഹമീദ് ആരംഭിച്ച എസ്എൻആർ പിന്നീട് അച്ഛൻ നൂർ മുഹമ്മദും ഇപ്പോൾ ഈ സഹോദരങ്ങളുമാണ് നടത്തുന്നത്.
ഓണം പോലെ സഹോദര സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സംരംഭം കൂടിയാണ് എസ്എൻആർ. ഓണ ദിവസങ്ങളിലും ശബരിമല തീർഥാടന സീസണിലും ആലത്തൂർ, വടക്കഞ്ചേരി മേഖലയിലെ ചിപ്സ് കടകളിലെല്ലാം തിരക്കുകൂടും.
കുതിരാൻ മുതൽ ആലത്തൂർ വരെയുള്ള 20 കിലോമീറ്റർ ദൂരവും ദേശീയപാതയ്ക്ക് ഇരുവശവും നിരവധി ചിപ്സ് കടകളുണ്ട്. മംഗലം പാലത്താണ് ചിപ്സ് കടകൾ കൂടുതലും.
പീച്ചി, മരോട്ടിച്ചാൽ എന്നിവിടങ്ങളിലെ വാഴത്തോട്ടങ്ങൾ നേരിട്ട് കണ്ട് ചിപ്സിനു പറ്റിയ നല്ല കുലകൾ മാത്രമാണ് തെരഞ്ഞെടുക്കുകയെന്ന് എസ്എൻആറിലെ മൂത്ത സഹോദരൻ അബ്ദുൾ ജബാർ പറഞ്ഞു.
കായയുടെയും വെളിച്ചെണ്ണയുടെയും വിലനിലവാരമനുസരിച്ചിരിക്കും ചിപ്സ് ഉൾപ്പെടെയുള്ള ഉപ്പേരി കൂട്ടുകളുടെ വില. കായവില ഉയർന്നു നിൽക്കുന്നത് ചിപ്സ് വിലയും കൂട്ടും. ഓണവിപണി ലക്ഷ്യം വച്ച് കൃഷിയിറക്കിയിരുന്ന നേന്ത്രക്കായയുടെ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.
ഫോണ്: 04922-224487