അരുണിനെ വാനില ചതിച്ചു; ഗൗരാമി വാരിക്കോരി നൽകി
Thursday, September 26, 2024 11:22 AM IST
കോട്ടയത്തിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന മുതുകോരമലയുടെ താഴ്വാരത്ത് കുന്നുകൾ കോട്ട കെട്ടിയ കുന്നോന്നിയിലെ കിഴക്കേക്കര വീട്ടുമുറ്റത്തെ പുൽത്തകിടികൾക്കിടയിലുള്ള കുളങ്ങളിൽ ജയന്റ് ഗൗരാമികൾ നീന്തി തുടിക്കുന്പോൾ അരുണ്‍ കെ. ജാൻസിന്റെ മനവും അറിയാതെ തുടിക്കും.
24 വർഷമായി ജയന്റ് ഗൗരാമി മത്സ്യങ്ങളെ വളർത്തുകയും പ്രജനനം നടത്തുകയും ചെയ്യുന്ന സംസ്ഥാനത്തെ മികച്ച മത്സ്യകർഷകനാണ് അരുണ്‍. രണ്ടു പതിറ്റാണ്ടുകൾക്കു മുന്‍പ് വാനിലയിൽ പ്രതീക്ഷയർപ്പിച്ച് അരയേക്കർ സ്ഥലത്ത് കൃഷിയിറക്കിയ കർഷകനാണ് അരുണ്‍.
വിലത്തകർച്ചയേത്തുടർന്ന് വാനില ഉപേക്ഷിക്കേണ്ടിവന്നപ്പോൾ പ്രതീക്ഷ നൽകിയതു വാനില കൃഷിക്കുവേണ്ടിയുള്ള ജലസേചനത്തിനായി നിർമിച്ച ഭീമൻ പടുതക്കുളമായിരുന്നു. വൈകാതെ, സുഹൃത്ത് മനുവിന്റെ പക്കൽ നിന്നു വാങ്ങിയ മത്സ്യങ്ങളെ കുളത്തിൽ നിക്ഷേപിച്ചു.
ഇവ പെറ്റുപെരുകി. അക്കാലത്ത് ജയന്റ് ഗൗരാമികൾ അത്ര പ്രചാരത്തിലുള്ളതായിരുന്നില്ലെങ്കിലും കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. അതിനാൽ വേഗത്തിൽ വിറ്റു തീരുകയും ചെയ്തു. മത്സ്യക്കുഞ്ഞുങ്ങളുടെ വിപണി പ്രാധാന്യം തിരിച്ചറിഞ്ഞ് കുളങ്ങളുടെ എണ്ണവും മീനുകളുടെ എണ്ണവും ക്രമാനുഗതമായി വർധിപ്പിച്ചു.
ഇപ്പോൾ വീട്ടുമുറ്റത്തും പറന്പിലുമായി 25 കുളങ്ങളുമുണ്ട്. പല വലുപ്പത്തിൽ ദീർഘചതുരാകൃതിയിൽ നിർമിച്ചിരിക്കുന്ന കുളങ്ങൾക്കു ചുറ്റും കോംഗോസിഗ്നൽ എന്ന ഇനം പുല്ല് വച്ചു പിടിപ്പിച്ചിട്ടുണ്ട്.
കുളം നിർമിക്കാൻ ഉപയോഗിച്ച ഷീറ്റ് കൂടുതൽ ഈട് നിൽക്കുന്നതിനും മീനുകളുടെ പ്രജനനത്തിനും ഈ പുല്ല് ഏറെ സഹായകമാണ്. പുല്ലുകൾക്കിടയിലാണ് മീനുകൾ കൂടു കൂട്ടുന്നതും മുട്ടയിടുന്നതും.
ജയന്റ് ഗൗരാമികൾക്കു പരിപാലനം കുറവാണ്. തൊടിയിൽ നിന്നുള്ള ഇലവർഗങ്ങൾ ഭക്ഷണമായി നൽകാം. വെള്ളം മോശമെങ്കിലും അതിജീവിക്കാനുള്ള ശേഷിയുണ്ട്.

മറ്റു മീനുകളെ അപേക്ഷിച്ച് വളരാനുള്ള കാലതാമസവും കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവുമാണ് ഗൗരാമി മത്സ്യങ്ങൾക്ക് വിപണിയിൽ വലിയ പ്രചാരം ഉണ്ടാവാത്തതിനു കാരണമെന്ന് അരുണ്‍ പറയുന്നു.
വലുപ്പമേറിയ മത്സ്യങ്ങൾ ആയതുകൊണ്ടു വലിയ കുളങ്ങളിലാണ് ഇവയുടെ പ്രജനനം നടക്കുന്നത്. പ്രായപൂർത്തിയാകാൻ ഏകദേശം നാലു വർഷം വേണം. 10 അടി നീളവും വീതിയും നാലടി താഴ്ചയുമുള്ള കുളത്തിൽ ഒരു ജോടി ഗൗരാമികളെ പ്രജനനത്തിനായി നിക്ഷേപിക്കാം.
18 അടി നീളവും 12 അടി വീതിയും നാല് അടി താഴ്ചയുമുള്ള കുളങ്ങളാണ് അരുണ്‍ തയാറാക്കിയിരിക്കുന്നത്. ഇതിൽ രണ്ടു ജോടി മത്സ്യങ്ങളെ നിക്ഷേപിക്കും. ശരാശരി 500 കുഞ്ഞുങ്ങളെ ഒരു ജോടിയിൽ നിന്നു പ്രതീക്ഷിക്കാം.
മേയ്, ജൂലൈ, ഒക്ടോബർ, ഡിസംബർ കാലയളവിലാണു പ്രധാനമായും പ്രജനനം. മഴക്കാലത്ത് കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകും. അതേസമയം, ഡിസംബർ കാലയളവിൽ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനയും കാണാറുണ്ട്.
കുളത്തിലേക്കു വളർന്നുകിടക്കുന്ന കോംഗോസിഗ്നൽ പുല്ലിന്റെ ഇടയിലാണ് ഗൗരാമികൾ മുട്ടയിടാൻ കൂടുണ്ടാക്കുന്നത്. ഇതിനായി ഉണങ്ങിയ പുല്ലുകൾ, സവാളച്ചാക്ക് അഴിച്ച നൂലുകൾ എന്നിവ ഇട്ടു കൊടുക്കും.
ആണ്‍മത്സ്യം ഇതുപയോഗിച്ച് കൂട് നിർമിക്കും. മുട്ടയിട്ട് 18 മുതൽ 21 ദിവസത്തിനുശേഷം കുഞ്ഞുങ്ങളെ പുറത്ത് കണ്ടുതുടങ്ങും. ഏകദേശം ഒരു സെന്റിമീറ്റർ വലുപ്പമാകുന്പോൾ പ്രത്യേകം തയാറാക്കിയ നഴ്സറി കുളങ്ങളിലേക്കു മാറ്റും.
1.52 ഇഞ്ച് വലുപ്പമാകുന്പോഴാണ് വിൽപന. വർഷം 40,000 കുഞ്ഞുങ്ങളെ അരുണിനു വിൽക്കാനുണ്ടാകും. ഒരു കുഞ്ഞിന് ഇപ്പോഴത്തെ മാർക്കറ്റ് വില 30-50 രൂപയാണ്. ഇനങ്ങൾക്കും വലിപ്പമനുസരിച്ചും വില വ്യത്യാസമുണ്ട്.
ഇലകളും പച്ചക്കറികളും ആഹാരമാക്കുന്ന ഗൗരാമികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം ചേന്പിലയാണ്. കൂടാതെ മൾബറിയില, അസോള, ഡക്ക്വീഡ്, വാട്ടർ കാബേജ്, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയൊക്കെ ആഹാരമായി നൽകാം. ഇതുകൂടാതെ സ്വന്തമായി തയാറാക്കുന്ന മീൻ തീറ്റയും അരുണ്‍ നൽകാറുണ്ട്.
കുന്നോന്നി ഗ്രാമം ഇന്നു ജയന്റ് ഗൗരാമിയുടെ പേരിലാണ് അറിയപ്പെടുന്നത്. അരുണിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലും സമീപത്തുമായി ഒട്ടേറെ കർഷകരാണ് ജയന്റ് ഗൗരാമികളെ വളർത്തി വരുമാനം നേടുന്നത്.
കേരളത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള ഉത്പാദനം നടക്കുന്നില്ലെന്നും മത്സ്യവകുപ്പും പ്രാദേശിക ഭരണകൂടവും ശ്രമിച്ചാൽ ഇതിനു മാറ്റമുണ്ടാകുമെന്നാണ് അരുണിന്റെ അഭിപ്രായം.
കേരളത്തിനകത്തും പുറത്തുമായി മത്സ്യകൃഷിക്കാവശ്യമായ കുളങ്ങളും മഴവെള്ള സംഭരണികളും അരുണ്‍ നിർമിച്ചു നൽകുന്നുണ്ട്. മത്സ്യ കൃഷിയോടൊപ്പം മറ്റു കൃഷികളിലും അരുണ്‍ തത്പരനാണ്.
പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അരുണിന്റെ വീട്ടുമുറ്റത്ത് മനോഹരമായ പുൽത്തകിടികളും ചെടികളും ട്രീ ഹൗസുമുണ്ട്. വീടിന്റെ മുൻഭാഗത്തുള്ള തോടും പരിസരവും കാറ്റാടി മരവും ഇല്ലിയും വച്ചു സംരക്ഷിച്ച് ഒരു റിവർ വാലിയാക്കി മാറ്റിയിട്ടുണ്ട്.
പൂഞ്ഞാർ ഭൂമികയുടെ ടൂറിസം ഡെസ്റ്റിനേഷൻ കൂടിയാണ് അരുണിന്റെ വീടും മത്സ്യ ഫാമും റിവർവാലിയും. ഭാര്യ തെരേസ്, മക്കളായ മേഘ, ദേവസി, ടിയാന എന്നിവരും അരുണിനൊപ്പം മത്സ്യകൃഷിയിൽ സഹായത്തിനുണ്ട്.
മത്സ്യക്കുള നിർമാണം
ഉചിതമായ സ്ഥലം കണ്ടെത്തി, മരങ്ങളുടെ ചോലയില്ലാത്ത തുറന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചു കുഴി കുത്തി, വശങ്ങൾ കല്ലും വേരുമൊക്കെ നീക്കി ലെവൽ ചെയ്യുക എന്നതാണ് കുളം നിർമാണത്തിന്റെ പ്രരംഭ നടപടി.
പഴയ പ്ലാസ്റ്റിക്കുകളും ചാക്കുകളും വിരിച്ചശേഷമാണ് നൈലോണ്‍ ഷീറ്റ് വിരിക്കുന്നത്. ആദ്യ കാലങ്ങളിൽ സിൽപോളിനാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് നൈലോണിലേക്കു മാറുകയായിരുന്നു.
വില അൽപം കൂടുമെങ്കിലും കൂടുതൽ കാലം ഈടുനിൽക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളം നിറച്ച ശേഷം പുറത്തേക്കു കൂടുതലായുള്ള ഷീറ്റിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റി ചെറിയ ചാലുകീറി അതിലേക്ക് ഇറക്കി മണ്ണിട്ടു മൂടുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ചെയ്യുന്പോൾ കുളത്തിന്റെ ഭംഗി വർധിക്കുമെന്നു മാത്രമല്ല നിരപ്പായ പ്രദേശത്ത് നയനമനോഹരമായ കാഴ്ചയും കുളങ്ങൾ സമ്മാനിക്കും.
ഫോണ്‍ : 9447850299