സർവം ജെെവസന്പുഷ്ടം ഈ ശിവോഹം
Thursday, September 19, 2024 3:02 PM IST
ഐഎസ്ആർഒയുടെ ഇന്ത്യ ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് ടെക്നോളജിയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങൾക്കിടിയിലും ആർ. ഹരിപ്രസാദിനു കൃഷി വിട്ടൊരു ജീവിതമില്ല. തിരുവനന്തപുരം ജില്ലയിലെ പുഞ്ചക്കരിയിലെ ശിവോഹത്തിന്റെ മട്ടുപ്പാവിലെത്തിയാൽ അദ്ദേഹത്തിന്റെ കൃഷി സ്നേഹം വ്യക്തമായി കാണാം.
വെണ്ട, വെള്ളരി, കത്തിരി, മഞ്ഞൾ, ഇഞ്ചി, ചെടി മുരിങ്ങ, പച്ചമുളക്, ചേന, ചേന്പ്, പയർ അന്പഴങ്ങ, കറിവേപ്പില, പുതിന, കൂർക്ക, മരിച്ചീനി, പേര, വാഴ, പൈനാപ്പിൾ അങ്ങനെ വ്യത്യസ്ത ഇനം പച്ചക്കറികളുടെയും പഴങ്ങളുടെയും ഹരിത പ്രപഞ്ച മാണത്.
വീട്ടിലെ ഗുണ സന്പന്നമായ പച്ചക്കറികൾ കൊണ്ടു മാത്രമാണു കഴിഞ്ഞ 12 വർഷമായി ഹരിപ്രസാദിന്റെ വീട്ടിൽ ഓണസദ്യയൊരുക്കുന്നത്. ഈ ഓണത്തിനും അതിൽ മാറ്റമില്ല. അച്ഛൻ പി. രാജശേഖരൻ നായർ വലിയ കൃഷിസ്നേഹിയായിരുന്നു. പുഷ്പങ്ങളോട് അല്പം ഇഷ്ടക്കൂടുതലുണ്ടെന്നു മാത്രം.
അതുകൊണ്ടു തന്നെ പടിഞ്ഞാറെ കോട്ടയിലെ വീട്ടുമുറ്റത്തും പറന്പിലുമെല്ലാം റോസ, മുല്ല, ജമന്തി, പിച്ചി തുടങ്ങിയ ചെടികൾ ഇഷ്ടം പോലെയുണ്ടായിരുന്നു. അമ്മ വി. എൻ. രാജമ്മയുടെ പരശുവയ്ക്കലിലെ കുടുംബ വീട്ടിൽ പോകുന്പോൾ ശ്രദ്ധിച്ചിരുന്ന നെൽകൃഷിയും ഹരിപ്രസാദിന്റെ ബാല്ല്യകാല സ്മരണകളെ സന്പന്നമാക്കുന്നു.
ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന കൃഷിസ്നേഹം സാക്ഷാത്കരിച്ച് തുടങ്ങിയത് 12 വർഷം മുന്പു പുഞ്ചക്കരിയിൽ സ്ഥലം വാങ്ങി വീട് വച്ചതു മുതലാണ്. ടെറസിൽ കല്ലുകൾ അടുക്കി വച്ച് ഗ്രോ ബാഗുകളിലും മറ്റും ചെറിയ രീതിയിലായിരുന്നു തുടക്കത്തിൽ കൃഷി.
പിന്നീട് വ്യാപകമാക്കുകയായിരുന്നു. ആദ്യമൊക്കെ കുറെ ചെടികൾ കീടങ്ങൾ ബാധിച്ചു നഷ്ടമായി. 2018 ൽ പ്രശസ്ത ജൈവകർഷകൻ ഉള്ളൂർ ആർ. രവീന്ദ്രനെക്കുറിച്ച് അറിഞ്ഞതോടെയാണ് കൃഷി ജീവിതത്തിന്റെ ഗതി മാറുന്നത്.
അദ്ദേഹത്തിന്റെ കീഴിൽ കൃഷി പരിശീലനത്തിനു പോയശേഷമാണ് ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്തു തുടങ്ങിയതെന്ന് ഹരിപ്രസാദ് പറയുന്നു.
ടെറസിൽ കല്ലുകൾ വച്ച് അതിൽ കൃഷി ചെയ്യുന്പോൾ വെള്ളക്കെട്ടും പൂപ്പലും ഉൾപ്പെടെ മട്ടുപ്പാവിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടെറസ് ലീക്ക് പ്രൂഫ് ആക്കിയശേഷം സ്റ്റാൻഡുകൾ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ആ പ്രശ്നം മാറിയത്.
ജൈവകൃഷി രീതിയിലെ മണ്ണൊരുക്കലും വളവും കൂടനാശിനി പ്രയോഗവുമെല്ലാം ആർ. രവീന്ദ്രൻ നേതൃത്വം നല്കുന്ന അനന്തപുരി ജൈവ കൃഷി പഠനകളരിയിൽ നിന്നാണ് മനസിലാക്കിയത്. ഇന്നും പരിശീലനത്തിനു പോകുന്നുണ്ട്.
വെള്ളായണി കാർഷിക കോളജിൽ നിന്നും അനന്തപുരി ജൈവകൃഷി പഠനകളരിയിലെ കൃഷി കൂട്ടായ്മയിൽ നിന്നുമാണ് ഹരിപ്രസാദ് വിത്തുകൾ ശേഖരിക്കുന്നത്. ഉള്ളൂർ ആർ. രവീന്ദ്രൻ തയാറാക്കുന്ന സസ്യാമൃതം വളമായും ഉപയോഗിക്കുന്നു.
കഞ്ഞിവെള്ളവും കടലപ്പിണ്ണാക്കും പുളിപ്പിച്ചുണ്ടാക്കിയ വളവും, കടല പിണ്ണാ ക്കും വേപ്പിൻ പിണ്ണാക്കും പച്ചചാണകവും വെള്ളവും ചേർത്തിളക്കി വച്ചതും വളമായി ചേർക്കുന്നുണ്ട്. വീട്ടിലെ പച്ചക്കറി വേസ്റ്റ് കന്പോസ്റ്റാക്കിയും ഉപയോഗിക്കുന്നു.
കാന്താരി വെളുത്തുള്ളി വേപ്പണ്ണ മിശ്രിതം കീടനാശിയായി ഉപയോഗിക്കുന്നു. ചെടികൾക്കിടയിൽ നട്ടിരിക്കുന്ന ബന്ദി കീടങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഒരു മാസം മണ്ണ് കുമ്മായം ചേർത്തുവച്ച ശേഷം അതിൽ പച്ചചാണകം, കന്പോസ്റ്റ്, എല്ല്പൊടി, വേപ്പിൻപിണ്ണാക്ക്, ചകിരിച്ചോറ് എന്നിവ ചേർത്ത് മണ്ണ് കൂട്ടുന്നതു മുതൽ വിത്ത് പാകൽ, പരിപാലനം തുടങ്ങി എല്ലാകാര്യങ്ങളും ഹരിപ്രസാദ് തന്നെയാണ് ചെയ്യുന്നത്.
വീട്ടിലെ കൃഷി കൂടാതെ സ്വന്തമായി വാങ്ങിയ എട്ട് സെന്റ് പുരയിടത്തിൽ റംന്പൂട്ടാൻ, പേര, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഐഐഎസ്ടി ഡെപ്യൂട്ടി രജി സ്ട്രാർ (ഫിനാൻസ്) ആയ ആർ. ഹരിപ്രസാദ് രാവിലെ ഓഫീസിലേക്കു പോകുന്നതിനു മുന്പ് ഏതാണ്ട് ഒരു മണിക്കൂറോളം സമയം ചെടികളെ പരിപാലിക്കുന്നു.
രാത്രി ഏഴിനു വീട്ടിലെത്തിയാൽ ചെടികൾക്കു വെള്ളമൊഴിച്ച ശേഷം മാത്രമേ ചായപോലും കുടിക്കാറുള്ളൂ. ഓഫീസ് ജോലിയുടെ തിരക്കുകൾ ഏറെയുണ്ടെങ്കിലും സമയം ക്രമീകരിച്ച് ചെടികൾക്കും പച്ചക്കറികൾക്കും വേണ്ട പരിചരണം നല്കുന്നതിൽ അദ്ദേഹത്തിനു പ്രത്യേക ശ്രദ്ധയുണ്ട്.
ഭാര്യ പി. എസ് മഞ്ജുഷ തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ സ്കൂൾ വൈസ് പ്രിൻസിപ്പലാണ്. ഏക മകൻ എച്ച്. ഹർഷിത് നായർ. ക്രൈസ്റ്റ് നഗർ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി.
കുടുംബത്തിൽ ഒപ്പമുള്ള ഭാര്യാമാതാവ് പദ്മിനി അമ്മ ഉൾപ്പെടെ യുള്ളവരുടെ പിന്തുണ കൃഷികാര്യത്തിൽ ഹരിപ്രസാദിനുണ്ട്.
മകൻ ഹർഷിതിന്റെ സ്കൂൾ പ്രോജക്ടുമായി ബന്ധപ്പെട്ടു വീട്ടിൽ തന്നെ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ സമർപ്പിച്ചപ്പോൾ അധ്യാപകരടക്കമുള്ളവർക്കു വലിയ അത്ഭുതമായിരുന്നു.
വിദ്യാർഥികളും സ്കൂൾ അധികൃതരും മകനെ അഭിന്ദിക്കുകയും കൃഷിയെക്കുറിച്ച് ചോദിക്കുകയും ചെയ്തത് വലിയ അഭിമാനമായി അനുഭവപ്പെട്ടുവെന്ന് ഹരിപ്രസാദ് പറഞ്ഞു.
ഫോണ്: 8075422575