ജോസഫിന് അത്രയ്ക്ക് ഇഷ്ടമാണ് പശുക്കളെ
Tuesday, September 17, 2024 2:29 PM IST
കറവയുള്ള പത്ത് പശുക്കളും അവയുടെ കിടാക്കളും ജോസഫിന്റെ സന്പത്താണ്. സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന അവയെ ജോസഫിന് അത്രയ്ക്ക് ഇഷ്ടമാണ്.
പശുവളർത്തലിനോട് ചെറുപ്പം മുതൽ തന്നെ അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ട്. തൊഴുത്തിൽ വളരുന്ന ഓരോ പശുക്കളെക്കുറിച്ചും ജോസഫിന് നന്നായി അറിയാം.
കോട്ടയം ജില്ലയിൽ അതിരന്പുഴ കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ പരേതനായ ജോസഫ് ചാക്കോയുടെയും ലീലാമ്മയുടെയും മകനാണു വി.സി ജോസഫ്.
ഭാര്യ സോളിയുടെയും അമ്മ ലീലാമ്മയുടെയും കട്ട സപ്പോർട്ടുണ്ട് ജോസഫിന്. കഠിനാധ്വാനം ചെയ്യുന്പോഴും ഫാം വികസിപ്പിക്കുന്നതിനെക്കുറിച്ചാണ് ഈ കർഷകന്റെ ആലോചന. ഈയാഴ്ച രണ്ടു മൂന്നു പശുക്കൾകൂടി ഫാമിലേക്കു വരും.
അറുപതു പശുക്കളെയും എരുമകളെയും വളർത്താനുള്ള ഒരുക്കത്തിൽ പുതിയ ഫാമിന്റെ പണി തുടങ്ങിയിട്ടുണ്ട്. നേരത്തെ അന്പതോളം ആടുകളെ വളർത്തിയിരുന്നു. മലബാറി ആടുകളായതുകൊണ്ട് കുഞ്ഞുങ്ങൾക്കു കുടിക്കാനുള്ള പാൽ മാത്രമാണ് ലഭിച്ചിരുന്നത്.
ലാഭകരമല്ലെന്നു വന്നതോടെ പശുക്കളിലേക്കു തിരിയുകയായിരുന്നു. ജേഴ്സി, എച്ച്എഫ്, എച്ച്എഫ് ക്രോസ് എന്നീ ഇനങ്ങളാണ് ഫാമിലുള്ളത്. ഓരോന്നിനും ശരാശരി 15 ലിറ്റർ പാൽ ലഭിക്കും.
കാണക്കാരി ക്ഷീരസഹകരണസംഘത്തിലാണ് പാൽ അളക്കുന്നത്. 49 മുതൽ 52 രൂപവരെ ലിറ്ററിനു ലഭിക്കും. വീടുകളിലും വില്പനയുണ്ട്.
പേര് ചൊല്ലി വിളിച്ചാണ് ഓരോ പശുവിനെയും ജോസഫ് തൊഴുത്തിലേക്കു കയറ്റുന്നത്. തീറ്റയും കുടിയും കൊടുക്കുന്പോഴും ജോസഫിന്റെ സാന്നിധ്യമുണ്ടാവും.
പെണ്ണി, ചെന്പി, മൊട്ട, കുഞ്ഞി, കൊന്പി, ആനിയമ്മ, കുഞ്ഞിപ്പശു, കുഞ്ഞാവി, വെളുന്പി, കുഞ്ഞുവെളുന്പി തുടങ്ങിയ പേരുകൾ കേൾക്കുന്നതു തന്നെ ഇന്പകരമാണ്.
തീറ്റയായി കൂടുതലും പച്ചപ്പുല്ലാണു കൊടുക്കുന്നത്. സ്വന്തം പറന്പിലും പാട്ടത്തിനെടുത്ത സ്ഥലത്തും പച്ചപ്പുല്ല് വച്ചു പിടിപ്പിച്ചിട്ടുണ്ട്. നന്നായി കുടിയും കൊടുക്കും.
പുലർച്ചെ നാലരയ്ക്കു ഫാമിലെത്തിയാൽ പിന്നെ പശുക്കളെ കുളിപ്പിച്ചു കറന്നു പാൽ സൊസൈറ്റിയിൽ കൊടുത്തു തിരിച്ചെത്തി ഭക്ഷണത്തി നിരിക്കുന്പോൾ പതിനൊന്നാകും. ഉച്ചകഴിഞ്ഞും കറവയുണ്ട്.
സൊസൈ റ്റിക്ക് പാൽ കൊടുക്കണം. ഇതിനിടെ, മത്സ്യകൃഷി ഉൾപ്പെടെ മറ്റു കൃഷി കളിലേക്കും ജോസഫും കുടുംബവും കടന്നിട്ടുണ്ട്. മക്കളായ സിദ്ധാർഥും ആഞ്ജലോയും പശുപരിപാലനത്തിൽ തത്പരരാണ്.
അടിക്കടി വർദ്ധിക്കുന്ന കാലിത്തീറ്റയുടെ വില കർഷകന് വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ജോസഫ് പറഞ്ഞു. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപ കൊടു ക്കണം.
കന്പനികൾ വില കുറയ് ക്കണം അല്ലെങ്കിൽ അളക്കുന്ന പാലിന് അനുസരിച്ചു സബ്സിഡി കൊടുക്കാൻ സർക്കാർ തയാറാകണ മെന്നാണ് ജോസഫിന്റെ ആവശ്യം.
ചാണകം മാർക്കറ്റ് ചെയ്യും
രണ്ടു വർഷം മുന്പ് ആരംഭിച്ച ഫാം തൊഴിലാളികളെ ആശ്രയിക്കാതെയാണ് മുന്നോട്ടു പോകുന്നത്. പാൽ കൂടാതെ ചാണകവും മാർക്കറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ജോസഫ്.
ചാണകം പ്രോസസ് ചെയ്തു പാക്കറ്റിൽ വിത രണം ചെയ്യാനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. നഴ്സറികളിലും മറ്റു കടകളിലും ഇതിന് ആവശ്യക്കാരേറെയുണ്ട്.
ഇപ്പോൾ ലോറിയിൽ ഒരു ലോഡ് ചാണകം കയറ്റിവിട്ടാൽ 1500 രൂപയിൽ കൂടുതൽ കിട്ടില്ല. ഇതു ക്ഷീരകർഷകനെ സംബന്ധിച്ചു നഷ്ടക്കച്ചവടമാണ്.
ക്ഷീരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലിന് നിശ്ചിത വില ലഭിക്കാതെയും പുല്ലും വെള്ളവും മരുന്നും കിട്ടാ തെയും കന്നുകാലി പരിചരണം പ്രതിസന്ധിയിലാണ്.
നിലവിൽ തീറ്റപ്പുൽ കൃഷിക്കും കന്നുക്കുട്ടി പരിപാലനത്തിനും കാലിത്തീറ്റയ്ക്കും സർക്കാരിൽ നിന്ന് സബ്സിഡി ഉണ്ടെങ്കിലും കൃത്യമായി കിട്ടാറി ല്ലെന്നു ജോസഫ് പറഞ്ഞു.