ഒരൊറ്റ മാവിൽ 50 ഇനം മാങ്ങകൾ
Monday, September 2, 2024 4:08 PM IST
ഒരൊറ്റ മാവിൽ 50 ഇനം മാന്പഴങ്ങൾ വിളയിച്ചു വിസ്മയം സൃഷ്ടിക്കുകയാണ് എറണാകുളം ജില്ലയിലെ ചെറായി സ്വദേശി തലപ്പിള്ളി പ്രസാദ് എന്ന എഴുപതുകാരൻ. മാവുകളിൽ കേമനായ മൽഗോവയിൽ മൂവാണ്ടൻ മുതൽ മിയാസാക്കിവരെ അദ്ദേഹം വച്ചു പിടിപ്പിച്ചിട്ടുണ്ട്.
ഇതിൽ മുപ്പതിലധികം ഇനങ്ങൾ കായ്ച്ചുകഴിഞ്ഞു. വീടിനടുത്ത് ലോറിയുടെ ടയർ റീസോളിംഗ് കട നടത്തുകയായിരുന്നു ഇദ്ദേഹം. പിന്നീട് തുണിക്കടയിലേക്കു തിരിഞ്ഞു. ഇതിനിടയിലെ ഒഴിവുസമയങ്ങളിലാണ് മാവിൽ ഗ്രാഫ്റ്റിംഗ് നടത്തിയത്.
ഒറ്റച്ചെടിയിൽ രണ്ടു നിറം റോസാപ്പൂക്കൾ
ഏതാണ്ട് 25 വർഷം മുന്പാണു ഗ്രാഫ്റ്റിംഗിന്റെ ലോകത്തേക്ക് പ്രസാദ് എത്തിപ്പെട്ടത്. അന്നു തുണിക്കടയോടൊപ്പം ഓർഡർ അനുസരിച്ചു തുണികൾ വീട്ടിൽകൊണ്ടുപോയി വിൽക്കുന്ന പതിവുമുണ്ടായിരുന്നു (തവണ വ്യവസ്ഥയിലും അല്ലാതെയും).
അങ്ങനെ പോകുന്നതിനിടയിലാണു രാജഗോപാൽ എന്ന ഹോമിയോ ഡോക്ടറുടെ വീട്ടിലെ ഒരു ചെടിയിൽ രണ്ടു നിറങ്ങളിലുള്ള റോസാപ്പൂക്കൾ കണ്ടത്. ഇതിന്റെ രഹസ്യം എന്തെന്ന് ആരാഞ്ഞപ്പോഴാണ് ഗ്രാഫ്റ്റിംഗ് ആണെന്നു മനസിലാക്കിയത്.
അതൊന്നു പഠിപ്പിച്ചു തരുമോ എന്നു ചോദിച്ചെങ്കിലും നിരാശാജനകമായിരുന്നു ഉത്തരം. അതിനിടെ, കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയോട് ഇതേക്കുറിച്ച് ചോദിച്ചറിയുകയും അവർ പറഞ്ഞു തന്നതനുസരിച്ചു റോസാച്ചെടിയിൽതന്നെ പരീക്ഷിക്കുകയും ചെയ്തു.
ശ്രമം വിജയിച്ചതോടെ ഒരൊറ്റ ചെടിയിൽ രണ്ടും മൂന്നും റോസാക്കന്പുകൾ ഒട്ടിച്ചെടുത്തു. പിന്നീട് രണ്ടും മൂന്നും നിറമുള്ള ഇത്തരം 28 വ്യത്യസ്ത ചെടികൾ വികസിപ്പിച്ചെടുത്തു.
ഹിമാപസന്ദ് മുതൽ മിയാസാക്കിവരെ
ചെറുപ്പംമുതലേ പ്രസാദിനു മാന്പഴത്തോടു വലിയ പ്രിയമായിരുന്നു. ഭാര്യക്കും കുട്ടികൾക്കും വളരെ ഇഷ്ടവും. മാന്പഴങ്ങളുടെ രാജാവ് എന്നു ദക്ഷിണേന്ത്യയിൽ പരക്കെ അറിയപ്പെട്ടിരുന്ന മൽഗോവ ഒരെണ്ണം ആകെയുള്ള എട്ടുസെന്റ് പുരയിടത്തിൽ നട്ടുപിടിപ്പിച്ചിരുന്നു.
നിറയെ കായ്ക്കുന്ന അതിൽത്തന്നെ ഒന്നു പരീക്ഷിച്ചുനോക്കാം എന്നു കരുതി. ഹിമാപസന്ദ് എന്ന മാവിന്റെ കൊന്പാണ് ആദ്യം ഒട്ടിച്ചത്. അതു വിജയമായി.
പിന്നീട് കോമാവ്, കുളന്പുമാവ്, കാലാപാടി, മൂവാണ്ടൻ, പ്രിയോർ, ഹിമാസാഗർ, കടുക്കാച്ചി, സിന്ദൂരം, പന്തൽമാവ്, ചന്ദ്രക്കാരൻ, പള്ളിയാടൻ, നാംടോക്ക്മയി (ഗ്രീൻ), ജഹാംഗീർ, കല്ലുകെട്ടി, അൽഫോൻസ, ഗുദാദത്ത്, കോശേരി, ഓൾസീസണ് മാവുകൾ, പലതരം തായ്ലൻഡ് മാവുകൾ എന്നിങ്ങനെ ഒടുവിൽ ലോകപ്രശസ്തമായ മിയാസാക്കിയിൽ എത്തിയപ്പോൾ എണ്ണം അന്പതായി.
ഒരൊറ്റ മൽഗോവ മാവിൽ 50തരം വ്യത്യസ്ത രുചിഭേദങ്ങളുള്ള മാങ്ങകളുടെ ശിഖിരങ്ങൾ. 35 എണ്ണത്തോളം പലപ്പോഴായി കായ്ച്ചുകഴിഞ്ഞു. ഇത്രമാത്രം വ്യത്യസ്ത ഇനങ്ങളുള്ളതിനാൽ വർഷം മുഴുവൻ മാങ്ങയുണ്ടാകും.
ഗ്രാഫ്റ്റിംഗിലൂടെ വരുമാനം
കടയെല്ലാം നിർത്തി കുറച്ചുവർഷം റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി. ഇപ്പോൾ 70 പിന്നിട്ട പ്രസാദ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഗ്രാഫ്റ്റിംഗിൽ പൂർണശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തന്റെ അപൂർവ മാവിനെക്കുറിച്ച് കേട്ടറിഞ്ഞു കാണാനെത്തുന്ന പലരും ഗ്രാഫ്റ്റിംഗ് നടത്തിത്തരാമോയെന്ന് ആവശ്യപ്പെടാൻ തുടങ്ങി.
മറ്റുചിലർ ഗ്രാഫ്റ്റിംഗ് തൈകൾ ചോദിക്കാനും. ഇതോടെ സമീപപ്രദേശങ്ങളിലെല്ലാം പോയി ചെറിയ നിരക്കിൽ ഗ്രാഫ്റ്റിംഗ് ചെയ്തുകൊടുക്കാൻ ആരംഭിച്ചു.
ഇതുകൂടാതെ നാലോ അഞ്ചോ ശിഖിരങ്ങളുള്ള വലിയ തൈകൾ (മിക്കവാറും ഹിമാസാഗറിന്റെ തൈകളാണ് അടുത്തുള്ള നഴ്സറിയിൽനിന്ന് ലഭിക്കാറ്) വാങ്ങി അവയിൽ നാലോ അഞ്ചോ ഇനം (ആവശ്യക്കാർ പറയുന്ന മാങ്ങകളുടെ) മാവുകളുടെ കന്പുകൾ ഒട്ടിച്ച് മൂന്നുമാസത്തിനുശേഷം (അവ പിടിച്ചുവെന്ന് ഉറപ്പുവന്നശേഷം ) നൽകുന്ന രീതിയും ആരംഭിച്ചു. ഒരിക്കൽ നാലടി ഉയരമുള്ള ഒരു തൈ പത്ത് ശിഖരങ്ങളോടെ കിട്ടി.
ഇതിൽ പത്തിനം മാവുകളുടെ കന്പുകൾ ഗ്രാഫ്റ്റ് ചെയ്ത് നൽകിയതു വൻ വിജയമായി. ഗ്രാഫ്റ്റിംഗിലൂടെ അഡീനിയവും റോസയും മാവും കൂടാതെ നാരകവും ഇദ്ദേഹം ഒട്ടിച്ചെടുത്തിട്ടുണ്ട്. ഒരൊറ്റ തൈയ്യിൽ ആറുതരം നാരക കന്പുകൾ ഇദ്ദേഹം ഒട്ടിച്ചെടുത്തു.
ഇപ്പോൾ ഇവയ്ക്കെല്ലാം പുറമേ പൂന്തോട്ടങ്ങളിലെ പ്രിയങ്കരിയായ അഡീനിയത്തിൽ ഗ്രാഫ്റ്റിംഗ് പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുകയാണ്. ഒരൊറ്റ തൈയ്യിൽ മൂന്നുതരം അഡീനിയം പൂക്കൾ വിരിയുംവിധം ഗ്രാഫ്റ്റിംഗ് നടത്തിക്കഴിഞ്ഞു.
പ്രസാദിന് എന്തോ സൂത്രവിദ്യയുണ്ടെന്നു പറയുന്നവരോട് എല്ലാരും ചെയ്യുന്ന ഗ്രാഫ്റ്റിംഗ് രീതിയാണ് താനും ചെയ്യുന്നതെന്നും ഒരു പ്രത്യേക സൂത്രവിദ്യയും ഇതിലില്ലെന്നും എഴുപതിന്റെ നിറവിലും മനസിൽ ചെറുപ്പം സൂക്ഷിക്കുന്ന ഇദ്ദേഹം പറയുന്നു.
രണ്ടുവിരലിന്റെ വണ്ണമുള്ള കന്പാണെങ്കിലും അതുമുറിച്ച് ബാക്കിഭാഗത്തെ തൊലികളഞ്ഞ് അതിൽ ഗ്രാഫ്റ്റിംഗ് നടത്തും. പ്രസാദിന്റെ ഗ്രാഫ്റ്റിംഗ് അഭിനിവേശത്തിന് പൂർണപിന്തുണ നൽകി ഭാര്യ സുലേഖയും മക്കളായ രൂപയും (അധ്യാപിക, ഗവ. എൽപി സ്കൂൾ, വാവക്കാട്) അരുണും (യുഡി ക്ലാർക്ക്, ഫോറസ്റ്റ് ഓഫീസ്, ഇടപ്പിള്ളി) കൂടെയുണ്ട്; ഒപ്പം മരുമക്കളും പേരക്കുട്ടികളും.
ഫോണ്: 9947261186