പഴസമൃദ്ധിയിൽ വല്ല്യച്ചൻ മല
Wednesday, August 28, 2024 11:13 AM IST
കോട്ടയം ജില്ലയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ അരുവിത്തുറ വല്യച്ചൻ മല പഴസമൃദ്ധിയിലും പ്രസിദ്ധം. കണ്ണിനും മനസിനും കുളിർമ പകരുന്ന വിസ്മയക്കാഴ്ചകൾ ഒരുക്കുന്ന വല്ല്യച്ചൻ മലയുടെ താഴ്വാരങ്ങൾ കൊതിയൂറും വിദേശ പഴങ്ങൾ വിളയുന്ന ഒന്നാന്തരം കൃഷി ഭൂമി കൂടിയാണ്.
ഈർപ്പമുള്ള ഉഷ്ണകാലാവസ്ഥയിൽ നന്നായി വിളയുന്ന മാങ്കോസ്റ്റിൻ, റംബൂട്ടാൻ, പ്ലാവ്, ഡ്രാഗണ്‍ ഫ്രൂട്ട്, പുലാസാൻ തുടങ്ങിയ പഴവർഗ ഇനങ്ങൾ കൃഷി ചെയ്യുന്ന വെള്ളുക്കുന്നേൽ ജോഷി ജോസഫ് പ്രതിവർഷം രണ്ടു കോടിയോളം രൂപയാണു വരുമാനം നേടുന്നത്.
തുടക്കം
വർഷങ്ങളോളം റബർ കൃഷിയിൽ സജീവമായിരുന്ന ജോഷി ജോസഫ്, റബറിനു വിലയിടഞ്ഞതോടെയാണു 15 ഏക്കറിലെ റബർ മരങ്ങളെല്ലാം വെട്ടി മാറ്റി ആയിരത്തോളം റംബൂട്ടാൻ നട്ടത്. 2012-ലായിരുന്നു അത്. മൂന്നു വർഷം കഴിഞ്ഞതോടെ വിളവ് ലഭിച്ചു തുടങ്ങി.
അഞ്ചു വർഷം കഴിഞ്ഞപ്പോൾ മികച്ച വിളവ്. സൂര്യപ്രകാശം സുഗമമാക്കാൻ മരങ്ങളുടെ എണ്ണം 350 ആയി നിജപ്പെടുത്തി. നല്ല സൂര്യപ്രകാശം കിട്ടുന്ന ചരുവിൽ ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളും വച്ചു പിടിപ്പിച്ചു. രണ്ടായിരത്തിലേറെ തൈകളാണ് നട്ടത്.
ബാക്കി വന്ന സ്ഥലത്ത് കംബോഡിയ ഇനത്തിൽപെട്ട 350 പ്ലാവുകളും വച്ചു. വിളവെടുപ്പായതോടെ തോട്ടം കാണാൻ സന്ദർശകരും എത്തിത്തുടങ്ങി. അങ്ങനെ, കോട്ടയം ജില്ലയിലെ മികച്ച വ്യവസായിക അടിസ്ഥാനത്തിലുള്ള പഴവർഗത്തോട്ടമായി ജോഷി ജോസഫിന്റെ ഹിൽവ്യൂ ഫാം മാറുകയായിരുന്നു.
പഴവർഗ കൃഷിയുടെ രുചിയും മധുരവും തരിച്ചറിഞ്ഞ അദ്ദേഹം, കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് മാങ്കോസ്റ്റിനും ഡ്രാഗണ്‍ ഫ്രൂട്ടും നട്ടു വളർത്തി. ഗുജറാത്ത് ഡ്രാഗണ്‍ ഫ്രൂട്ട് ഫാമിംഗ് രീതിയിലാണു ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി.
ഡ്രാഡണ് ഫ്രൂട്ട്
രണ്ടായിരത്തോളം ഡ്രാഡണ് ഫ്രൂട്ട് ചെടികൾ നട്ടു പരിപാലിക്കുന്ന ജോഷി ജോസഫിനു പ്രതിവർഷം പന്ത്രണ്ട് ടണ്ണിൽ കുറയാതെ പഴങ്ങൾ ലഭിക്കും. തൈകൾ നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിച്ചു തുടങ്ങും. അഞ്ചടി ഉയരത്തിൽ കാലുകളിട്ട് അതിൽ ടയർ സ്ഥാപിച്ചാണ് കൃഷി.
ഒരു പോസ്റ്റിൽ മൂന്നു നാല് തൈകൾ നടും. വർഷത്തിൽ മൂന്നു തവണ ചാണകവും ജൈവ കന്പോസ്റ്റുമാണു വളം. ഒരടിയിൽ കൂടുതൽ ഉയരവും ഒരു മുളയെങ്കിലുമുള്ള തൈകൾ തെരഞ്ഞെടുത്തു നട്ടാൽ ഒരുവർഷം കഴിയുന്പോൾ പുഷ്പിച്ചു തുടങ്ങും.
നട്ട തൈകൾ പോസ്റ്റിനോട് ചേർത്ത് കെട്ടിയശേഷം അല്പം അകലത്തിൽ വളമിട്ടു മൂടണം. വേനൽക്കാലത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ നന മതി. കടുത്ത വരൾച്ച ബാധിക്കാതെ നോക്കണം. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങൾ കൃഷിക്ക് ഒട്ടും അനുയോജ്യമല്ല.
മികച്ച വിളവും സാന്പത്തിക നേട്ടവും ലഭിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്കായി കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് രണ്ടായിരം പോസ്റ്റുകൾ സ്ഥാപിച്ച് ഗുജറാത്ത് ഫാമിംഗ് രീതിയിൽ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ കർഷകൻ.
എട്ട് അടി അകലത്തിൽ പോസ്റ്റുകൾ നിരയായി സ്ഥാപിക്കുകയാണ് ആദ്യ പടി. നിരകൾ തമ്മിൽ ഒൻപതടി അകലമുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്കായി പ്രത്യേകം തയാറാക്കിയ പോസ്റ്റുകൾ ഒന്നിന് 400 രൂപ നൽകിയാണ് വാങ്ങിയത്.
പോസ്റ്റുകൾക്ക് ചുറ്റും കുഴിയെടുക്കാതെ തടമെടുത്ത് അതിലാണ് തൈകൾ നടുന്നത്. തൈകൾ വളർന്ന് മുകളിൽ എത്തുന്പോൾ പോസ്റ്റിന്റെ ഏറ്റവും മുകളിലുള്ള ദ്വാരത്തിലൂടെ രണ്ട് അടി നീളമുള്ള കന്പികൾ ഇട്ട് ഉറപ്പിക്കുന്നു.
ഒരു നിരയിലുള്ള പോസ്റ്റുകളിലെ കന്പികൾ യോജിപ്പിച്ചു നാല് നിര കെട്ടു കന്പി അഴപോലെ വലിച്ചു കെട്ടുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് ചെടി വളർന്നു വരുന്പോൾ അവയുടെ ശിഖരങ്ങൾ കന്പികളുടെ മുകളിലൂടെ വളർന്നു താഴേയ്ക്കു വരും.
കൂടുതൽ ഫലങ്ങൾ ഉണ്ടാകാൻ ഈ രീതി സഹായിക്കും. വാരങ്ങളുടെ ഇടയിലൂടെ നടന്നു പരിചരിക്കാനും വിളവെടുക്കാനും കൂടുതൽ എളുപ്പമായിരിക്കുകയും ചെയ്യും. മാർക്കറ്റിൽ കൂടുതൽ ഡിമാൻഡുള്ള ചുവന്ന ഇനമാണ് ജോഷി ജോസഫ് പ്രധാനമായും കൃഷി ചെയ്യുന്നത്.
റംബൂട്ടാൻł
കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ നട്ടായിരുന്നു റംബൂട്ടാൻ കൃഷിയുടെ തുടക്കം. ആദ്യഘട്ടങ്ങളിൽ വിളവെടുപ്പിനു ശേഷം പ്രൂണിംഗ് നടത്തിയിരുന്നെങ്കിലും പിന്നീട് ശിഖരങ്ങൾ തിങ്ങി വളരാൻ തുടങ്ങി. സൂര്യ പ്രകാശം കൃത്യമായി കിട്ടാതെ വന്നതോടെ കായ് പിടിത്തം കുറഞ്ഞു.
ഇതിനു പരിഹാരമായി മൂന്നു മരങ്ങക്ക് ഇടയിലുള്ള ഓരോ മരങ്ങൾ വെട്ടിമാറ്റി. 850 മരങ്ങൾ നിന്ന സ്ഥലത്ത് ഇപ്പോൾ 350 മരങ്ങൾ മാത്രമാണുള്ളത്. മരങ്ങളുടെ എണ്ണം കുറഞ്ഞെ ങ്കിലും പഴയതിനേക്കാൾ കൂടുതൽ അളവിൽ പഴങ്ങൾ കിട്ടിത്തുടങ്ങി. 65 ടണ്‍ റംബൂട്ടാനാണ് പ്രതിവർഷം വില്പന നടത്തുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന എൻ18 ഇനമാണു കൂടുതൽ ആദായം നൽകുന്നത്. വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിൽ റംബൂട്ടാൻ നട്ട് വളർത്താം. പശിമരാശി മണ്ണാണു ചെടികളുടെ വളർച്ചയ്ക്കും മികച്ച വിളവിനും അനുയോജ്യം.
തൈകൾ തമ്മിൽ 40 അടി അകലം വേണം. ഒരേക്കറിൽ 35 തൈകൾ നടാം. മഴക്കാല ആരംഭത്തിലോ മഴയുടെ അവസാന ഘട്ടത്തിലോ നടുന്നതാണു നല്ലത്. ഗുണമേ·യുള്ള തൈകൾ നട്ടാൽ മൂന്നാം വർഷം പഴങ്ങളുണ്ടായി തുടങ്ങും.
അഞ്ചാം വർഷം മുതൽ മികച്ച വിളവ് ലഭിക്കും. പ്രധാനമായും ചാണകവും ജൈവ വളവുമാണ് നൽകുന്നത്. വർഷത്തിൽ രണ്ടു വളം, കടുത്ത വേനലിൽ ആഴ്ചയിൽ മൂന്നു നന. അതാണ് രീതി. ഇടയ്ക്ക് കന്പുകോതി ചെടികൾ അധിക ഉയരത്തിൽ പോകാതെ നിയന്ത്രിക്കും.
മാങ്കോസ്റ്റിൻ
പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന വിദേശ പഴച്ചെടിയാണ് മാങ്കോസ്റ്റിൻ. വിത്തുകൾ പാകി തൈകൾ ഉത്പാദിപ്പിക്കുന്ന രീതിയാണ് ഇന്നുള്ളത്. ഗ്രാഫ്റ്റ് തൈകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പറയുന്നുണ്ടെങ്കിലും ലഭ്യമല്ല.
അന്‍പത് വർഷമെങ്കിലും പ്രായമുള്ളതും കൂടുതൽ ഉത്പാദനം ഉള്ളതുമായ വൃക്ഷങ്ങളിലെ ഫലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകളാണ് തൈകളുടെ ഉത്പാദനത്തിന് ഉപയോഗിക്കേണ്ടത്. വെള്ളക്കെട്ട് ഇല്ലാത്ത കേരളത്തിലെ മിക്കവാറും സ്ഥലങ്ങളിലും മാങ്കോസ്റ്റിൻ നന്നായി വളരും.
വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തണൽ ആവശ്യമാണ്. പൂക്കൾ ഉണ്ടാകാനും കായ്കൾ പിടിക്കാനും നല്ല സൂര്യപ്രകാശം വേണം. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള മാങ്കോസ്റ്റിൻ പഴങ്ങൾ ലഭിക്കാൻ തൈ നട്ട് എട്ട് മുതൽ പത്ത് വരെ വർഷങ്ങൾ കാത്തിരിക്കണം.
ചാണകവും ജൈവവളവും അടിസ്ഥാനവളമായി നൽകിയാണ് ഒരു വർഷം പ്രായമായ തൈകൾ നട്ടത്. വേനൽക്കാലത്ത് ആഴ്ചയിൽ മൂന്ന് നനയും വർഷത്തിൽ മൂന്നു വളവും നൽകും. ചെടിയുടെ വളർച്ച നോക്കിയാണ് വളത്തിന്റെ അളവ് നിശ്ചയിക്കുന്നത്.
പ്ലാവ്
പഴവർഗ തോട്ടത്തിലെ പ്രധാന കൃഷിയാണു പ്ലാവ്. പ്രധാനമായും കംബോഡിയ ഇനം പ്ലാവുകളാണു നട്ടിരിക്കുന്നത്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും. മധുരവും രുചിയും കൂടുതലുള്ള ഇനമാണിത്.
എട്ടു മുതൽ പത്ത് കിലോവരെ തൂക്കമുള്ള ചക്കകളാണ് ഉണ്ടാകുന്നത്. 350 പ്ലാവുകളാണ് ഈ തോട്ടത്തിലുള്ളത്. 30 ടണ്ണോളം ചക്കകൾ വിൽക്കും. എന്നാൽ, ചെറിയ ചക്കകൾ വിൽക്കാറില്ല. കൃത്യമായ നനയും വളമിടീലും നല്ല വിളവിന് ആവശ്യമാണ്.
നിരവധി തരം വിദേശ പഴച്ചെടികൾ നിറഞ്ഞ ഈ കൃഷിയിടത്തിൽ താരമാകാൻ പുലാസാനുമുണ്ട്. റംബൂട്ടാൻ പഴങ്ങളോട് സദൃശ്യമായ പഴങ്ങളാണെങ്കിലും മധുരം കൂടുതലാണ്. നല്ല വളക്കൂറും നീർവാർച്ചയുമുള്ള ഏതുതരം മണ്ണിലും ഇതു വളരും.
കാലാവസ്ഥ അനുകൂലമായാൽ വിളവ് മികച്ചതാകും. റംബൂട്ടാന് നൽകുന്ന അകലം പുലാസാന് ആവശ്യമില്ല. പരാഗണം നടക്കാതെ തന്നെ കായ്കളുണ്ടാകാനുള്ള കഴിവ് ഈ ചെടിയുടെ പൂക്കൾക്കുണ്ട്. തൈകളുടെ ഉത്പാദനവും വിതരണവും ജോഷി ജോസഫിനുണ്ട്. റംബൂട്ടാൻ, മാങ്കോസ്റ്റിൻ, പ്ലാവ്, ഡ്രാഗണ്‍ ഫ്രൂട്ട് തൈകൾക്കാണ് ആവശ്യക്കാർ കൂടുതൽ.
മാർക്കറ്റിംഗ്
പഴങ്ങൾ വില്പന നടത്താൻ തെല്ലും ബുദ്ധിമുട്ടില്ലന്നാണ് ജോഷി ജോസഫിന്റെ അനുഭവം. ആദ്യകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാരാണ് പഴങ്ങൾ മൊത്തമായി വാങ്ങിയിരുന്നത്. എന്നാൽ, ഇപ്പോൾ എറണാകുളം, ഇടുക്കി ജില്ലകളിലെ വൻകിട കച്ചവടക്കാരാണ് കൂടുതലായും എത്തുന്നത്.
കച്ചവടക്കാർക്ക് റംബൂട്ടാൻ കിലോ 140 രൂപയ്ക്കും, ഡ്രാഗണ്‍ഫ്രൂട്ട് 150 രൂപയ്ക്കും ചക്ക 47 രൂപയ്ക്കും മാങ്കോസ്റ്റിൻ 180 രൂപയ്ക്കുമാണ് വിൽക്കുന്നത്. പ്രതിവർഷം ലഭിക്കുന്ന തുകയുടെ 20 ശതമാനം പ്രാരംഭ ചെലവിന് ഉപയോഗിക്കും.
50 ശതമാനം വളത്തിനും ജോലിക്കാർക്കും മറ്റു പരിചരണങ്ങൾക്കുമായി ചെലവാകും. അനുഭവങ്ങളും കൃഷിരീതികളും മറ്റും ആരുമായും പങ്കു വയ്ക്കാൻ ജോഷി ജോസഫ് തയാറാണ്.
ഫോണ്‍: 9947131300