ചെലവില്ലാതെ പൊന്നുംവിള
Saturday, February 10, 2024 4:34 PM IST
സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ചെലവില്ലാ പ്രകൃതി കൃഷി എന്നത് ഒരു ജൈവ കൃഷി രീതിയാണ്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ മണ്ണിലെ സൂക്ഷ്മജീവികളുടെ സഹായത്തോടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനുള്ള പ്രകൃതിദത്തമായ മാർഗമാണിത്.
എല്ലാത്തരം വിളകൾക്കും ഉപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹാർദമായ ഘടകങ്ങളുമാണ് സീറോ ബജറ്റ് പ്രകൃതി കൃഷിയിലുള്ളത്. പത്മശ്രീ സുഭാഷ് പലേക്കറാണഝ് സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ഹോളിസ്റ്റിക്ക് സ്പിരിച്ച്വൽ കൃഷിയുടെ പിതാവ്.
രാസവളങ്ങൾ ഉപയോഗിക്കുന്പോൾ മണ്ണിന്റെ ഫലഭൂയിഷ്ഠത താരതമ്യേന കുറഞ്ഞു വരുന്നതായി അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ, കാടുകളിലെ മണ്ണിൽ ഒരു രീതിയിലും പോഷകക്കുറവ് അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം മനസിലാക്കി.
അതിലൂടെയാണ് സീറോ ബജറ്റ് പ്രകൃതി കൃഷി എന്ന ആശയം ഉടലെടുത്തത്. ജീവാമൃതം, ബീജാമൃതം, പുതയിടൽ എന്നിവയാണു സീറോ ബജറ്റ് പ്രകൃതി കൃഷിയിൽ പ്രധാനമായും ഉപയോഗിക്കുന്നത്. അവിടെ വേറെ വളമൊന്നും ആവശ്യമില്ല.
ജീവാമൃതം
സൂക്ഷ്മജീവികളെ കൊണ്ടു പുളിപ്പിച്ചെടുത്ത വളമാണ് ജീവാമൃതം. മണ്ണിന്റെ പോഷകം കൂട്ടാനും സൂക്ഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കാനും ഇതു സഹായിക്കുന്നു.
ജീവാമൃതം മണ്ണിൽ ചേർക്കുന്നതു വഴി മണ്ണിലെ ജൈവ വസ്തുക്കൾ പെട്ടെന്ന് തന്നെ അഴുകി ചേരുന്നു. ഒരു ഏക്കർ ഭൂമിക്ക് 200 ലിറ്റർ ജീവാമൃതം മതിയാകും. അതിനുവേണ്ടി 200 ലിറ്റർ വെള്ളം ഒരു ബാരലിൽ നിറയ്ക്കുക.
അതിലേക്ക് നാടൻ പശുവിന്റെ 10 കിലോ ചാണകവും 10 ലിറ്റർ ഗോ മൂത്രവും 2 കിലോ വീതം ശർക്കരയും പയറുപൊടിയും പിന്നെ ഒരു കൈ നിറയെ മണ്ണും ഇടുക. ഈ മിശ്രിതം ഇടവിട്ട് ഇളക്കി കൊടുത്ത് 48 മണിക്കൂർ അടച്ചു വയ്ക്കുക.
14 ദിവസം കൂടുന്പോൾ ഇവ വിളകളിലേക്ക് ജലസേചനം വഴി എത്തിച്ചു കൊടുക്കുക. 15 മുതൽ 20 ദിവസം വരെ ജീവാമൃതം സൂക്ഷിച്ചുവയ്ക്കാം.
ബീജാമൃതം
വിത്തിലെ അണുബാധകളെ നശിപ്പിക്കാനാണ് ബീജാമൃതം ഉപയോഗിക്കുന്നത്. 20 ലിറ്റർ വെള്ളത്തിലേക്ക് നാടൻ പശുവിന്റെ അഞ്ച് കിലോ ചാണകവും അഞ്ച് ലിറ്റർ ഗോമൂത്രവും 50 ഗ്രാം ചുണ്ണാന്പും ഒരു കൈ നിറയെ മണ്ണും ഇട്ടു നന്നായി ഇളക്കി 48 മണിക്കൂർ വയ്ക്കുക.
ഈ മിശ്രിതത്തിൽ വിത്തുകൾ മുക്കിവച്ച് ഉണക്കി എടുക്കുക.

പുതയിടൽ
മണ്ണിനു മുകളിൽ ജൈവ വസ്തുക്കൾ വിതറുന്ന രീതിയാണു പുതയിടൽ. രണ്ടു തരം പുതയിടലുണ്ട്. പയറുവർഗങ്ങൾ, പുല്ലുകൾ തുടങ്ങിയ വിളകൾ ഉപയോഗിച്ചുള്ള പുതയിടലും പുല്ല്, ഇലകൾ തുടങ്ങിയ ജൈവ വസ്തുക്കൾ ഉപയോഗിച്ചുള്ള പുതയിടലും.
മണ്ണിൽ നിന്നു ജല ബാഷ്പീകരണം കുറയ്ക്കുകയും വായു സഞ്ചാരം കൂട്ടുകയും ഫലഭൂയിഷ്ഠത വർധിപ്പിക്കുകയും ചെയ്യുന്നു. കളകൾ വളരാതിരിക്കുവാനും പുതയിടൽ സഹായിക്കും.
കീടരോഗ നിയന്ത്രണത്തിനായി അഗ്ന്യാസ്ത്രം, നീമാസ്ത്രം, ബ്രഹ്മാസ്ത്രം എന്നിവയാണ് ഉപയോഗിക്കുന്നത്. വെള്ളീച്ചകൾ, തണ്ടു തുരപ്പൻ, നീര് ഊറ്റി കുടിക്കുന്ന പ്രാണികൾ പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാൻ ഇവ ഇലകളിലേക്ക് തളിക്കുക.
അഗ്ന്യാസ്ത്രം: 20 ലിറ്റർ ഗോമൂത്രത്തിൽ കുഴന്പ് പരുവത്തിൽ വേപ്പില (1 കിലോ), വെളുത്തുള്ളി (250 ഗ്രാം), പച്ചമുളക് (500 ഗ്രാം), പുകയില പൊടി (500 ഗ്രാം), 200 ഗ്രാം മഞ്ഞൾപൊടി എന്നിവ ചേർത്ത് തിളപ്പിക്കുക.
ബ്രഹ്മാസ്ത്രം: വേപ്പ്, ഉറുമാന്പഴം, പേര, സീതാപഴം തുടങ്ങിയ ഇലകളുടെ സത്ത് 2 കിലോ വീതം 20 ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് നന്നായി ഇളക്കി വയ്ക്കുക.
നീമാസ്ത്രം: 200 ലിറ്റർ വെള്ളത്തിലേക്ക് 10 ലിറ്റർ ഗോമൂത്രവും രണ്ട് കിലോഗ്രാം ചാണകവും 10 കിലോഗ്രാം വേപ്പില കുഴന്പും ചേർത്ത് നന്നായി ഇളക്കുക.
അഗ്ന്യാസ്ത്രത്തിനും ബ്രഹ്മാസ്ത്രത്തിനും ഒരേ ഉപയോഗ രീതിയാണ്. 68 ലിറ്റർ ലായനി 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് വിളകളിലേക്ക് തളിക്കുക. നീമാസ്ത്രവും അതുപോലെതന്നെ ഉപയോഗിക്കാം.
മുകളിൽ പറഞ്ഞ എല്ലാ ലായനികളും 48 മണിക്കൂർ അടച്ചു വച്ച് അരിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. 6 മാസം വരെ സൂക്ഷിച്ചു വയ്ക്കാം. അനാവശ്യമായ ഒരു ചെലവും സീറോ ബജറ്റ് പ്രകൃതി കൃഷിയിൽ വരുന്നില്ല.
അതുകൊണ്ടാണ് ഇതിനെ ചെലവില്ലാക്കൃഷി രീതി എന്ന് അറിയപ്പെടുന്നത്. സീറോ ബജറ്റ് പ്രകൃതി കൃഷി കർഷകർക്ക് സാന്പത്തികമായി ലാഭകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഫോണ്: 80896 82091
ആദർശ് ബി. സജീവ്
വെള്ളായണി കാർഷിക കോളജ്