വാഴയിലെ മൂല്യവർധിത ഉത്പന്നങ്ങളും കയറ്റുമതി സാധ്യതകളും
Wednesday, February 7, 2024 4:58 PM IST
ഇന്ത്യയിൽ ഏറ്റവും അധികം സ്ഥലത്ത് കൃഷിചെയ്യുന്ന വാഴയ്ക്കു കേരളത്തിലും വലിയ പ്രാധാന്യമുണ്ട്. വാഴകൃഷിയുടെ പ്രധാന ഉത്പന്നം എപ്പോഴും വാഴക്കുലകൾ തന്നെ. കേരളത്തിലെ ഭവനങ്ങളിലും അന്യനാടുകളിലെ മലയാളികളുടെ തീൻമേശയിലും വാഴപ്പഴമായാണ് ഇതിൽ ഭൂരിഭാഗവും എത്തുന്നത്.
എന്നാൽ, മൂല്യവർധിത ഉത്പന്നങ്ങളിലൂടെ കാർഷിക വിഭവങ്ങൾക്കു കൂടുതൽ വിലയും സ്വീകാര്യതയും കയറ്റുമതി സാധ്യതയും ലഭിക്കുന്നുണ്ട്. കേരളത്തിൽ വാഴയിലെ മൂല്യവർധന എന്നു കേൾക്കുന്പോൾ മനസിൽ ഓടിയെത്തുന്നത് ചിപ്സും, ഏത്തക്കാ വരട്ടിയതുമൊക്കെയാണ്.
എന്നാൽ അവയ്ക്കപ്പുറം ഏതെങ്കിലും ഉത്പന്നം ലഭ്യമാക്കാൻ കഴിയുമോ എന്നത് പഠനവിഷയമാക്കണം. അതിലേയ്ക്കാണ് ഈ അധ്യായം വിരൽ ചൂണ്ടുന്നത്. മൂല്യവർധനയിലൂടെ സംസ്കരിച്ച ഉത്പന്നങ്ങളാക്കി മാറ്റുന്നതിനു സാധിച്ചാൽ കച്ചവടം ലാഭകരമാക്കാം.
സംസ്കരണ നിർമാണ പ്രക്രിയ കൂടാതെ വാഴയിലെ ഉത്പന്നങ്ങളെ തരംതിരിക്കലിലൂടെയോ പാക്കിംഗിലൂടെയോ കൂടുതൽ മൂല്യമുള്ളതാക്കുന്നതിന് സാധിക്കും. അതിനു കയറ്റുമതിക്കുതകുന്ന കൃഷിരീതികൾ അവലംബിക്കേണ്ടതുണ്ട്.
നേന്ത്രക്കുലകളായി വിൽക്കുന്നതിനു പകരം പടലകൾ ആക്കി അറുത്തെടുത്ത് കറ മാറ്റിയതിനുശേഷം കടലാസ് പെട്ടികളിലാക്കി വില്പന സ്ഥലത്ത് എത്തിക്കുന്നതും ഒരു മൂല്യവർധനയാണ്.
നാളികേരത്തെപ്പോലെ വാഴയുടഐല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമായ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന് യോജിച്ചതാണ്. വിദേശ വിപണിയിൽ കൂടി പ്രിയങ്കരമായ ചില മൂല്യവർധിത ഉത്പന്നങ്ങളെ പരിചയപ്പെടാം.

1. വാഴയ്ക്കാപ്പൊടി
ഒട്ടനവധി മേന്മകളുള്ള വാഴയ്ക്കാപ്പൊടി കുട്ടികൾക്കുള്ള പോഷക സമൃദ്ധ ആഹാരമായി ഉപയോഗിക്കുന്നു. ഇതിന്റെ പോഷക മൂല്യങ്ങളെപ്പറ്റിയുള്ള അവബോധം അന്യ നാടുകളിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ വിദേശ വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കാനാകും.
കണ്ണൻ, നേന്ത്രൻ എന്നീ ഇനങ്ങൾ ബനാന പൗഡർ ഉണ്ടാക്കുന്നതിന് മികച്ചവയാണ്. മൂപ്പെത്തിയ കായ്കളുടെ തൊലി നീക്കിയ ശേഷം അരിഞ്ഞ് സൂര്യപ്രകാശത്തിലോ ഡ്രഡർ ഉപയോഗിച്ചോ ഉണക്കിയെടുത്ത് പൊടിച്ചാണ് കായപ്പൊടി തയാറാക്കുന്നത്.
പഞ്ചസാര, പാൽ എന്നിവ ചേർത്ത് ഇളക്കി നെയ്യ് ചേർത്ത് വാഴയ്ക്കാപൊടി മൈസൂർ പാവും ഉണ്ടാക്കാം.
2. ഉപ്പേരി
കായയിൽ നിന്ന് ഏറ്റവും അധികം ഉണ്ടാക്കുന്ന ഉത്പന്നമാണ് കായ് വറവ് അഥവാ ഉപ്പേരി. വിദേശവിപണിയിൽ ഉരുളക്കിഴറങ്ങ് ചിപ്സ് ആണ് പ്രധാന എതിരാളി. കനം കുറഞ്ഞതും വറുത്തെടുക്കുന്പോൾ പൊടിയാകുന്ന സ്വഭാവവുമുള്ളതിനാലാണ് ഉരുളക്കിഴങ്ങ് ചിപ്സിനെ പ്രിയപ്പെട്ടതാക്കുന്നത്.
ഇതു കായ് ഉപ്പേരിക്ക് അത്രയ്ക്കില്ല. എന്നാൽ, ആധുനിക പാക്കിംഗ് സംവിധാനത്തിലൂടെ പഴുത്ത/പച്ചക്കായുടെ അതേ രൂചി നൽകാൻ കഴിയുന്ന ചിപ്സുകൾ രംഗ പ്രവേശം ചെയ്തു കഴിഞ്ഞിട്ടുണ്ട്.
മധുരമുള്ളതിനാൽ ശർക്കരവരട്ടിക്ക് ഇപ്പോഴും മലയാളികളുടെ ഇടയിൽ മാത്രമെ വലിയ സാന്നിധ്യമാകാൻ കഴിഞ്ഞിട്ടുള്ളൂ.
3. പെക്റ്റിൻ
കായയുടെ പുറംതൊലിയിൽ നിന്നു മേന്മയുള്ള പെക്റ്റിൻ എന്ന രാസവസ്തു നിർമിക്കാൻ കഴിയും. ഔഷധങ്ങൾക്കും, സൗന്ദര്യ വർധക വസ്തുക്കളിലും അടിസ്ഥാനഘടകമായി ഉപയോഗിക്കുന്ന ഒന്നാണ് പെക്റ്റിൻ. വ്യവസായിക ഉത്പന്നമായതിനാൽ വിദേശവിപണിയിൽ നല്ല സാധ്യത പ്രതീക്ഷിക്കാം.
4. വൈൻ
പാളയംകോടൻ, പൂവൻ ഇനങ്ങൾ വൈൻ നിർമാണത്തിന് യോജിച്ചതാണ്. നന്നായി പഴുത്ത പഴങ്ങളാണ് വേണ്ടത്. അതുകൊണ്ട് വില്പനയ്ക്ക് അത്ര യോജിക്കാത്ത, പഴുപ്പ് കൂടുതലായ പഴങ്ങളും എടുക്കാം. മധുരമേറിയ പഴമാണെങ്കിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
5. ബനാന ഫിഗ്
ഉണക്കിയെടുത്ത വാഴപ്പഴമാണ് ഫിഗ്. നേന്ത്രപ്പഴമാണ് ഇതിനു യോജിച്ചത്. പഴം കഴുകി വൃത്തിയാക്കി ഒരു ട്രേയിൽ നിരത്തി രണ്ടു ദിവസം ഉണക്കണം. പിന്നീട് തൊലി നീക്കം ചെയ്തു നേരിയ തുണികൊണ്ട് മൂടി ഒരാഴ്ചയോളം വീണ്ടും ഉണക്കിയെടുക്കണം.
അതിനുശേഷം പഞ്ചസാര പാനിയുണ്ടാക്കി അതിൽ മുക്കി രണ്ട് ദിവസം കൂടി ഉണക്കാം. ഇങ്ങനെ ലഭിക്കുന്ന വാഴപ്പഴ ഫിഗ്സ് വായുകടക്കാത്ത ഭരണികളിൽ സൂക്ഷിച്ചു വച്ച് ആവശ്യനുസരണം ഉപയോഗിക്കാം. ഉണക്കാനായി സോളാർ/ഇലക്ട്രിക് ഡ്രയറുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
മികച്ച വിപണി വില ലഭിക്കുന്ന, വിദേശ മാർക്കറ്റുകളിൽ പോലും ഡിമാൻഡ് ഉള്ള ഒന്നാണ് ഫിഗ്. പഴം പൾപ്പാക്കി ഒരു കിലോയ്ക്ക് 100-200 ഗ്രാം പഞ്ചസാര ചേർത്ത് ഉണക്കിയെടുക്കുന്നതു വേറൊരു രീതിയാണ്.
ഇതിന് പഴം ബാർ അഥവാ തെര എന്നു പറയും. ഒരേ രീതിയിൽ കൃഷിചെയ്ത് എടുത്ത ഒരേയിനം ഉപയോഗിക്കുന്നത് ഇത്തരം ഉത്പന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കും.
6. വാഴനാര്
വാഴക്കുലകൾ വെട്ടിയെടുത്ത ശേഷം ബാക്കിയാകുന്ന വാഴത്തടയിൽ നിന്നുണ്ടാക്കിയെടുക്കാവുന്ന ഉത്പന്നമാണ് വാഴനാര്. ഇലനാര് എന്നാണ് വാഴനാരിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. വാഴത്തടയുടെ പുറം പോളകളിൽ നിന്ന് പരുപരുത്ത നാരുകളും അകത്തെ പോളകളിൽ നിന്ന് മൃദുലമായ നാരുകളും ലഭിക്കുന്നു.
എല്ലായിനം വാഴകളിൽ നിന്നും വാഴനാര് ലഭിക്കുമെങ്കിലും നേന്ത്രൻ, ഞാലിപ്പൂവൻ, ചെങ്കദളി, പാളയം കോടൻ എന്നീയിനങ്ങളിൽ നിന്ന് നല്ല രീതിയിലുള്ള വാഴനാരുകൾ നിർമിക്കാൻ കഴിയും. അതിൽ തന്നെ ഞാലിപ്പൂവനിൽ നിന്നാണ് ഏറ്റവും തിളക്കമേറിയ നാര് ലഭിക്കുന്നത്.
നല്ല തടയുള്ള ഒരു വാഴയിൽ നിന്നു 150-200 ഗ്രാം വാഴനാര് ലഭിക്കും. നാരെടുക്കുന്നതിന് യന്ത്രസഹായവും ലഭ്യമാണ്. കരകൗശലവസ്തുക്കൾ, ടേബിൾമാറ്റുകൾ, പൂക്കുടകൾ, ഷോപ്പിംഗ് ബാഗുകൾ തുടങ്ങി ഒട്ടനവധി ഉല്പന്നങ്ങൾ വാഴനാരുകൊണ്ട് ഉണ്ടാക്കിയെടുക്കാം.
7. ഇലവാഴകൃഷി
തൂശനിലയിലെ ഊണ് മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്. അതിനുള്ള ഇലകൾ കൃഷിചെയ്യുന്നതും വാഴകൃഷിയുടെ ഭാഗമായിട്ടുണ്ട്. കേരളത്തിൽ ഇലവാഴ കൃഷി ചെയ്യുന്നവരിൽ അധികവും ഞാലിപ്പൂവനാണ് കൃഷി ചെയ്യുന്നത്.
ഒരിലയ്ക്ക് 4 മുതൽ 6 രൂപ വരെ വില ലഭിക്കും. ഗൾഫ് നാടുകളിലേക്കും മികച്ച രീതിയിൽ കയറ്റിമതിയുണ്ട്. മൂല്യവർധിത ഉത്പന്നമല്ലെങ്കിലും വാഴകർഷകന് ഇലകൾ മോശമല്ലാത്ത വരുമാനമുണ്ടാക്കി കൊടുക്കും.
ഫോണ്: 9447529904.
ജോസഫ് ജോണ് തേറാട്ടിൽ
കൃഷി അസിസ്റ്റന്റ് ഡയറക്ടർ
ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര.