ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
Thursday, July 28, 2022 3:16 PM IST
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ കൂട്ടിലടച്ചത്. തൃശൂര്‍ തൃപ്രയാര്‍ ശ്രീവിലാസ് യുപി സ്‌കൂളിലെ മലയാളം അധ്യാപികയായിരുന്നു ശ്രീലക്ഷ്മി. പെട്ടെന്നു സ്‌കൂളും കുട്ടികളുമായുള്ള സമ്പര്‍ക്കം ഇല്ലാതായതോടെ ശ്രീലക്ഷ്മിക്കു വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു.

അതോടെ, മറ്റൊരു ജോലി തേടി. കുറച്ചുനാള്‍ ഒരു ലോക്കല്‍ ചാനലില്‍ വാര്‍ത്ത അവതാരകയായി. പിന്നീട് തൃശൂര്‍ ബ്രില്ല്യന്‍സ് കോളജില്‍ പിഎസ്‌സി കോച്ചിംഗ് ക്ലാസിനു ചേര്‍ന്നു. തുടര്‍ന്ന് അവിടെ ജോലിചെയ്തു. തൃശൂരിലെ ഫ്‌ളാറ്റില്‍ മകളുമൊത്ത് താമസിക്കുന്നതിനിടെയാണു വരുമാനത്തിനായി എന്തെങ്കിലും സ്വയം ചെയ്തു തുടങ്ങിയാലോ എന്ന ചിന്ത തുടങ്ങിയത്.

ആദ്യശ്രമം

'ഒറ്റയ്ക്കു ചെയ്യാവുന്ന എന്തെങ്കിലും ജോലി. ചെറിയൊരു വരുമാനം. അതുമാത്രമായിരുന്നു ചിന്ത. ഇതിനിടയിലാണു സോപ്പ് ഉണ്ടാക്കുന്ന ഒരു വീഡിയോ യുട്യൂബില്‍ കാണാനിടയായത്. പിറ്റേന്നുതന്നെ (2020 ഒക്ടോബര്‍ 24) അടുത്തുള്ള സുമംഗല ആന്റിയുടെ വീടിന്റെ ടെറസിലുള്ള കറ്റാര്‍വാഴയുടെ ഒരു തണ്ട് മുറിച്ചുകൊണ്ടുവന്നു. അവശ്യ സാധനങ്ങള്‍ വാങ്ങി അന്നുതന്നെ ഞാനും മകളുംകൂടി പരീക്ഷണം ആരംഭിച്ചു.

പിറ്റേന്ന് സോപ്പുണ്ടാക്കി സുമംഗല ആന്റിക്കുതന്നെ സമ്മാനിച്ചു. ആന്റിക്കു വലിയ അദ്ഭുതം. വളരെ നന്നായിട്ടുണ്ടെന്നു പറഞ്ഞു. ആദ്യശ്രമം തന്നെ മോള് അഷ്മിത വീഡിയോയില്‍ ആക്കിയിരുന്നു. അത് ഫേസ്ബുക്കിലിട്ടു. വളരെ നല്ല പ്രതികരണം. 630 രൂപ മുതല്‍ മുടക്കില്‍ ആദ്യമുണ്ടാക്കിയ ആ നാലു സോപ്പുകളാണ് എന്റെ ജീവിതത്തെതന്നെ മാറ്റിമറിച്ചത്. അധ്യാപികയില്‍നിന്ന് യുവസംരംഭകയിലേക്കുള്ള പരിണാമം അങ്ങനെയായിരുന്നു'.

വിവിധതരം സോപ്പുകള്‍

ആദ്യശ്രമം വന്‍ വിജയമായതോടെ പിന്നെ റെഡ് വൈന്‍, പപ്പായ, ബീറ്റ് റൂട്ട് എന്നിങ്ങനെ വിവിധ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചു ഞാനും മോളും സോപ്പു നിര്‍മാണം പൊടിപൊടിച്ചു. ശ്രീലക്ഷ്മിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ സാമ്പാറ് കഷ്ണത്തില്‍ നിന്നുവരെ അവള്‍ സോപ്പുണ്ടാക്കുമെന്നു കൂട്ടുകാരും മറ്റും പറയുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. 15 വ്യത്യസ്ത ഇനം സോപ്പുകള്‍.

എവര്‍ലി ഓര്‍ഗാനിക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ ഉത്പന്നങ്ങള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ ലഭിക്കുന്ന ഓര്‍ഡറനുസരിച്ച് വില്പന ആരംഭിച്ചു. വളരെ മനോഹരമായി റാപ്പുചെയ്തു ഗിഫ്റ്റ് പായ്ക്കാക്കിയായിരുന്നു വില്പന. ഉപഭോക്താക്കളുടെ ഡിമാന്‍ഡനുസരിച്ച് പിന്നീട് ഫേസ് ജെല്‍, ഹെയര്‍ ജെല്‍, ലിപ് ബാം, ഷാംപൂ, കണ്ടീഷണര്‍, ഹെയര്‍ ഓയില്‍, ഫേസ് ക്രീം തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണവും തുടങ്ങി. എല്ലാം സ്വന്തം ഫ്‌ളാറ്റിലായിരുന്നു ആദ്യം.



വാര്‍ഷികത്തിനു പുതിയ പ്രൊഡക്ഷന്‍ യൂണിറ്റ്

ഒരു വര്‍ഷം പിന്നിട്ടതോടെ 2021 ഒക്ടോബറില്‍ തൃശൂര്‍ അയ്യന്തോളില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് പ്രൊഡക്ഷന്‍ യൂണിറ്റ് അവിടേയ്ക്കു മാറ്റി. 25 തരം സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി.

ബംഗളൂരുവില്‍ ഫാക്ടറി

ഗുണമേന്മയുള്ള ജൈവ ഉത്പന്നമായതിനാല്‍ വിലയല്പം കൂടുതലാണെങ്കിലും ഡിമാന്‍ഡ് വര്‍ധിച്ചു. ഇതോടെ, ബംഗളൂരുവില്‍ പുതിയ ഫാക്ടറി വാടകയ്‌ക്കെടുത്തു നിര്‍മാണം തുടങ്ങി.

ഇപ്പോള്‍ ഓണ്‍ ലൈന്‍ ബിസിനസിനു പുറമേ സൂപ്പര്‍ മാര്‍ക്കറ്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നു നല്ല ഓര്‍ഡറുകളുണ്ട്. യുഎഇ, യുകെ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആവശ്യക്കാരേറെ വന്നതിനാല്‍ എക്‌സ്‌പോര്‍ട്ടിംഗ് ലൈസന്‍സിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പൊഡക്ഷനില്‍ ബീനയും മീരയുമാണു ശ്രീലക്ഷ്മിയുടെ സഹായികള്‍. റാപ്പിംഗ് നടത്തുന്നതു മകള്‍ അഷ്മിതയും സുഹൃത്തിന്റെ മകന്‍ ജോര്‍ജിയും. മാര്‍ക്കറ്റിംഗിലാകട്ടെ ആര്യ(മിന്നു)യും അലക്‌സും ജില്‍നയും.

'അധ്യാപനത്തില്‍ നിന്ന് സോപ്പു നിര്‍മാണത്തിലേക്ക് തിരിഞ്ഞതില്‍ മുഖം ചുളിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഇപ്പോള്‍ സപ്പോര്‍ട്ടുമായി വന്നു. പക്ഷേ, എനിക്ക് സജീവ പിന്തുണ നല്‍കുന്നതും കട്ട സപ്പോര്‍ട്ടുമായി കൂടെയുള്ളതും മൂന്നാം ക്ലാസുകാരി ഇവളുതന്നെ.' മോളെ ചേര്‍ത്തുപിടിച്ച് ശ്രീലക്ഷ്മി നിറചിരിയോടെ പറഞ്ഞു. ഫോണ്‍: 9746461312.

സെബി മാളിയേക്കല്‍