ചെറുകിട- നാമമാത്ര കര്‍ഷകരും കൃഷിയും
ചെറുകിട- നാമമാത്ര കര്‍ഷകരും കൃഷിയും
Monday, June 28, 2021 4:02 PM IST
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാര്‍ഷികമേഖലയുടെ സംഭാവന നിസാരമല്ല. 2011- ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 54.6 ശതമാനവും കാര്‍ഷിക, അനുബന്ധമേഖലയിലാണ് തൊഴില്‍ തേടുന്നത്. 2010-11-ലെ കാര്‍ഷിക സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഒറ്റയ്‌ക്കോ കൂട്ടമായോ കൃഷിചെയ്യുന്നവരുടെ എണ്ണം 138.35 ദശലക്ഷമായിരുന്നു. എന്നാല്‍ 2015-16 ല്‍ ഇത് 5.86 ശതമാനം വര്‍ധിച്ച് 146.45 ദശലക്ഷമായി. ഇതില്‍ 68.5 ശതമാനം നാമമാത്ര കര്‍ഷകരും 17.6 ശതമാനം ചെറുകിട കര്‍ഷകരുമാണ്.

കര്‍ഷകരുടെ എണ്ണത്തിന്റെ അനുപാദത്തില്‍ കൃഷിഭൂമിയുടെ വിസ്തൃതി കൂടുന്നില്ലെന്നു മാത്രമല്ല, വന്‍ ഇടിവും സംഭവിക്കുന്നെന്നതാണ് വിരോധാഭാസം. 2010-11 ല്‍ 159.59 ദശലക്ഷം ഹെക്ടറിലായിരുന്നു കൃഷി നടന്നിരുന്നതെങ്കില്‍ 2015-16 ല്‍ ഇത് 1.11 ശതമാനം ചുരുങ്ങി 157.82 ദശലക്ഷം ഹെക്ടറായി. ചെറുകിട കൃഷിയിടങ്ങളില്‍ 22.9 ശതമാനത്തിന്റെയും നാമമാത്ര കൃഷിയിടങ്ങളില്‍ 24 ശതമാനത്തിന്റെയും കുറവാണുണ്ടായിരിക്കുന്നത്. അതായത് ചെറുകിട-നാമമാത്ര കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമിയുടെ വിസ്തൃതി കുറയ്ക്കുന്നെന്ന് അര്‍ഥം. അരയേക്കര്‍ മുതല്‍ രണ്ടര ഏക്കര്‍ വരെയാണ് ചെറുകിട നാമമാത്ര കര്‍ഷകരുടെ ശരാശരി കൃഷിയിട വിസ്തീര്‍ണം.

നമ്മുടെ കാര്‍ഷിക മേഖലയുടെ ഇന്നത്തെ സ്ഥിതി ഇതിലുമൊക്കെ എത്രയോ വ്യത്യാസപ്പെട്ടിട്ടുണ്ടാകും. സര്‍ക്കാരുകള്‍ നയം രൂപീകരിക്കുമ്പോള്‍ ചെറുകിട-നാമമാത്ര കര്‍ഷകരെ മുന്നില്‍ കണ്ടുവേണം നടത്താനെന്നാണ് കണക്കുകള്‍ നല്‍കുന്ന പാഠം.

നെല്‍കൃഷിയും കര്‍ഷകരും

2018-19 വര്‍ഷം 1.98 ലക്ഷം ഹെക്ടറിലാണ് കേരളത്തില്‍ നെല്‍കൃഷി നടന്നത്. 2017-18 നെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ധനവാണ് കൃഷിഭൂമിയുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. ഇതേകാലയളവിലെ നെല്ലുത്പാദനം 10.9 ശതമാനം വര്‍ധിച്ച് 5.78 ലക്ഷം ടണ്ണായി. ഉത്പാദന ക്ഷമത 5.9 ശതമാനം വര്‍ധിച്ച് ഹെക്ടറിന് 2920 കിലോഗ്രാമായി. താങ്ങുവിലയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കൈക്കൊണ്ട നല്ല തീരുമാനങ്ങളുടെ കൂടി ഫലമാണിത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ നെല്‍കൃഷി മേഖലയെ വിടാതെ പിന്തുടരുന്നുണ്ട്. സര്‍ക്കാര്‍ സ്വകാര്യമില്ലുകളുമായുണ്ടാക്കുന്ന കരാര്‍ പ്രകാരം അവരാണ് കര്‍ഷകരില്‍ നിന്ന് താങ്ങുവിലപ്രകാരം നെല്ലു സംഭരിക്കുന്നത്. എന്നാല്‍ പലപ്പോഴും സര്‍ക്കാര്‍ സ്വകാര്യമില്ലുകാരുമായി ധാരണയിലെത്താന്‍ താമസിക്കുന്നതിനാല്‍ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. സര്‍ക്കാര്‍ സംഭരണം വൈകിയാല്‍ സ്വകാര്യമില്ലുകാര്‍ പറയുന്ന വിലയ്ക്ക് നെല്ലുവില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. നെല്ലുസംഭരിക്കാന്‍ ഇടമില്ലാത്തതാണിതിനു കാരണം. കിലോയ്ക്ക് താങ്ങുവിലയിലും പത്തുരൂപവരെയൊക്കെ കുറച്ചാണ് ഇങ്ങനെ സ്വകാര്യമില്ലുകാര്‍ നെല്ലെടുക്കുന്നത്.

നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ തോന്നുംപോലെ കിഴിവ് ആവശ്യപ്പെടുന്നതാണ് മറ്റൊരു കീറാമുട്ടി. കിന്റലിന് 10 കിലോ മുതല്‍ മുകളിലോട്ട് കര്‍ഷകര്‍ കിഴിവു നല്‍കേണ്ട അവസ്ഥയുണ്ട്. ഇത്തരം പ്രശ്‌നങ്ങളെകുറിച്ച് ഏപ്രില്‍ ലക്കത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവയിലൊക്കെ പ്രായോഗിക പരിഹാരം കണ്ടെത്താനായാലേ കര്‍ഷകരെ ചൂഷണത്തില്‍ നിന്നു മുക്തരാക്കാനാകൂ.

തെങ്ങും കമ്പനികളും

സംസ്ഥാനത്ത് 7.61 ലക്ഷം ഹെക്ടറിലാണ് തെങ്ങുകൃഷിയുള്ളത്. രാജ്യത്ത് തെങ്ങുകൃഷിയുടെ വിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഉത്പാദനക്ഷമതയില്‍ നാലാമതും. നീര ഉള്‍പ്പെടെ മൂല്യവര്‍ധനവിന് വന്‍സാധ്യതകളുണ്ടെങ്കിലും ഒന്നും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്കു സാധിച്ചിട്ടില്ല. നാളികേരവികസനബോര്‍ഡിനു കീഴില്‍ ത്രിതല സംവിധാനമൊരുക്കി നീര ഉത്പാദനവും മറ്റും ഊര്‍ജിതമാക്കിയെങ്കിലും ലക്ഷങ്ങളും കോടികളും കടമെടുത്തും കര്‍ഷകരുടെ ഷെയര്‍വാങ്ങിയും തുടങ്ങിയ ഉത്പാദക കമ്പനികള്‍ മിക്കതും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണിന്ന്. ഇവയെ പുനരുജ്ജീവിപ്പിക്കാനായാല്‍ ഈ രംഗത്ത് വന്‍കുതിച്ചുചാട്ടമുണ്ടാക്കാനാകും. നാളികേര വിപണി പ്രദേശിക മാര്‍ക്കറ്റുകളെ ആശ്രയിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. നാളികേരം സംഭരിക്കാനും മെച്ചപ്പെട്ട വിലനല്‍കാനും സംവിധാനമുണ്ടാകണം. റബറിനു ബദലായി പലരും തെങ്ങിനെ കാണുന്നുണ്ട്. എന്നാല്‍ തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവ് വിളവെടുപ്പിനെ ബാധിക്കുന്നുണ്ട്. ഉത്പാദനക്ഷമതയുള്ള കുള്ളന്‍ തെങ്ങിനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കര്‍ഷകരിലെത്തിച്ച് ഇവ കൃഷി ചെയ്യിപ്പിച്ചാല്‍ മാത്രമേ ഉത്പാദനക്ഷമതയിലും നമുക്കു മുന്നേറാനാകൂ.


റബര്‍: അടിയന്തര ശ്രദ്ധ അനിവാര്യം

പ്രകൃതിദത്ത റബറിന്റെ ദേശീയ ഉത്പാദനത്തില്‍ 78 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. കേരളത്തിലെ കൃഷിഭൂമിയുടെ 21 ശതമാനമാണ് റബര്‍ കൈയടക്കിയിരിക്കുന്നത്. കേരളത്തില്‍ ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കാന്‍ 172 രൂപ ചെലവുവരുന്നെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ റബര്‍വിലസ്ഥിരതാ പദ്ധതിപ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് 170 രൂപയാണ്. ഇതുതന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ പ്രശ്‌നവും. കര്‍ഷകനു ജീവിച്ചുപോകാനാവശ്യമായ വരുമാനം ലഭിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തന്നെകൈക്കൊള്ളണം. സര്‍ക്കാരിനു കീഴില്‍ റബര്‍കമ്പനി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കാണുന്നത്.

നല്ലവിത്തുകള്‍ വേണം

സംസ്ഥാനത്തിനനുയോജ്യമായ നല്ല വിത്തിനങ്ങളുടെ ഉത്പാദനത്തിന് കേരളകാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് നൂതന സംവിധാനങ്ങളുണ്ടാകണം. കര്‍ഷകന്റെയും വിപണിയുടെയും ആവശ്യമനുസരിച്ച് വിത്തുകള്‍ വികസിപ്പിക്കാന്‍ ഈ രംഗത്തെ ഗവേഷണം ശക്തിപ്പെടുത്തണം. ഈ വിത്ത് കര്‍ഷകരുടെ കൈകളില്‍ എളുപ്പത്തിലെത്തിക്കാന്‍ കൃഷിഭവന്‍ പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. നിലവില്‍ വ്യാവസായിക കൃഷിക്ക് കര്‍ഷകര്‍ ആശ്രയിക്കുന്നത് സ്വകാര്യ കമ്പനികളുടെ വിത്തുകളെയാണ്. അതാകട്ടെ പലതും കേരളത്തിലെ കൃഷി ഉദ്ദേശിച്ചു വികസിപ്പിച്ചവയുമല്ല.

കൃഷി ഓഫീസര്‍മാര്‍ ഫയലില്‍ നിന്ന് ഫീല്‍ഡിലെത്തണം

സര്‍ക്കാര്‍ പ്രഖ്യപിക്കുന്ന കുറേപദ്ധതികളുടെ ഫയലുകള്‍ ശരിയാക്കുക എന്ന ജോലിയില്‍ നിന്ന് കൃഷി ഓഫീസര്‍മാരുടെ റോള്‍ മാറ്റണം. എത്ര ഫണ്ട് കൊടുത്തു തീര്‍ത്തു എന്നതില്‍ നിന്ന് എത്രകര്‍ഷകരെ കണ്ടു? നല്‍കിയ പണത്തിനാനുപാദികമായി എന്ത് ഉത്പാദനമുണ്ടായി എന്ന നിലയിലേക്ക് ഇവരുടെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ മാറണം. ഒരു കൃഷി ഓഫീസര്‍ വീട്ടില്‍ വന്ന്, കൃഷിയിടം സന്ദര്‍ശിച്ച് കൃഷി ചെയ്യാനുള്ള വിളയും നിര്‍ദ്ദേശിച്ച് ആവശ്യമുള്ള സഹായവും നല്‍കിയാല്‍ ആരാണ് കൃഷിയിലേക്ക് ഇറങ്ങാതിരിക്കുക? പദ്ധതിപണത്തിനായി കൃഷിഓഫീസ് കയറി കര്‍ഷകരുടെ ചെരുപ്പുതേയുന്ന പതിവുരീതി മാറണം. കൃഷി ഓഫീസര്‍ കൃഷി ചെയ്യിപ്പിക്കാന്‍ കര്‍ഷകരുടെ അടുത്തെത്തിയാല്‍, സര്‍ക്കാര്‍ നല്‍കുന്ന പണത്തിനാനുപാദികമായി എന്ത് ഉത്പാദനമുണ്ടായി എന്നു വിലയിരുത്തിയാല്‍ ഇവിടെ ഉത്പാദന വിപ്ലവം നടക്കുമെന്നതില്‍ സംശയമില്ല.

ഇക്കോഷോപ്പുകള്‍ സജീവമാക്കണം

ഓരോ കൃഷിഭവനു കീഴിലും ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോര്‍ട്ടികോര്‍പ്പു പോലുള്ള സംവിധാനങ്ങള്‍ പച്ചക്കറിയും ഫലവര്‍ഗങ്ങളും ശേഖരിക്കുന്നുണ്ട്. എന്നിട്ടും സാധാരണ കര്‍ഷകന്‍ താനുണ്ടാക്കിയ പച്ചക്കറിയുമായി തേരാപാര നടക്കുന്ന സ്ഥിതിയുണ്ട്. ദിവസം 1200 ടണ്‍ പൈനാപ്പിളെത്തുന്ന വാഴക്കുളം പോലുള്ള സ്ഥലങ്ങളില്‍ നിന്ന് സീസണില്‍ ആകെ 300 ടണ്‍ പൈനാപ്പിള്‍ സര്‍ക്കാര്‍ സംഭരിച്ചു എന്നത് വാര്‍ത്തയാകുന്ന കാലമാണിത്. അതുകൊണ്ട് കര്‍ഷകന്റെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ ഇവിടെ നിന്ന് ചരക്കെടുത്ത് ഇവിടെ തന്നെ വിതരണം ചെയ്താല്‍ കര്‍ഷകന് വില ലഭിക്കില്ല. അതിനു ചരക്ക് കേരളമാര്‍ക്കറ്റില്‍ നിന്നു മാറണം. വയനാട്ടില്‍ നിന്ന് സര്‍ക്കാര്‍ നേതൃത്വത്തില്‍ കര്‍ഷകകൂട്ടായ്മയുണ്ടാക്കി വിദേശത്തേക്ക് ഏത്തയ്ക്ക കയറ്റിയയച്ച മാതൃക പിന്തുടരുകയാണു വേണ്ടത്. ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണം ഏകോപിപ്പിക്കണം. നിലവില്‍ അങ്ങനെയൊരു സംവിധാനമില്ല. കര്‍ഷകര്‍ക്ക് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നം വില്‍ക്കാനായി ബന്ധപ്പെടാന്‍ ജില്ലാതലത്തില്‍ ഒരു സംവിധാനമുണ്ടാകണം. ഇത്തരത്തില്‍ ബന്ധപ്പെടുന്നവരുടെ ഉത്പന്നം താങ്ങുവില നല്‍കിയെടുത്ത് വിവിധ ഇക്കോഷോപ്പുകളിലെത്തിക്കാന്‍ വാഹന സംവിധാനമുണ്ടാകണം. ഈ രീതിയിലേക്കു ഹോര്‍ട്ടികോര്‍പ്പിനെ മാറ്റണം. എങ്കിലേ സര്‍ക്കാര്‍ പ്രഖ്യപിച്ച താങ്ങുവില കര്‍ഷകനു ലഭിക്കൂ. നിലവില്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംഭരണമില്ലാത്തതിനാല്‍ ഇത് കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

ടോം ജോര്‍ജ്
എഡിറ്റര്‍ ഇന്‍ ചാര്‍ജ്, കര്‍ഷകന്‍
ഫോണ്‍: 93495 99023.