ഉദ്യാനത്തിലെ ഋതുസുന്ദരി
ഉദ്യാനത്തിലെ ഋതുസുന്ദരി
Thursday, May 21, 2020 4:58 PM IST
'ഫോര്‍ സീസണ്‍ പേള്‍' ഇങ്ങനെ വിളിപ്പേരുള്ള ഒരു ഉദ്യാനസുന്ദരിയുണ്ട് പൂച്ചെടികളുടെ കൂട്ടത്തില്‍. പേര് ചൈനീസ് ഫ്രിഞ്ച് ഫ്‌ളവര്‍- ഏതു ഋതുവിനും മനോഹാരിത കൈവിടാതെ വ്യത്യസ്ത ഭാവത്തില്‍ അണിഞ്ഞൊരുങ്ങാനുള്ള അപൂര്‍വസിദ്ധിയാണ് ഫ്രിഞ്ച് ഫ്‌ളവറിനെ ഇതരപൂച്ചെടികളില്‍ നിന്നു വ്യത്യസ്തയാക്കുന്നത്. പൂക്കള്‍ക്കു പൊതുവെ പിങ്ക് നിറമാണ്. കടുത്ത പര്‍പ്പി ള്‍ നിറമുള്ള ഇലകള്‍. ഋതുഭേദങ്ങള്‍ കൂടുതല്‍ ഭംഗിയോടെയും മിഴിവോടെയും തരണം ചെയ്യുന്ന ഈ പൂച്ചെടി ഏത് ഉദ്യാനത്തിനും അഴകു പകരും. സസ്യനാമം ലോറോപെറ്റലം ചൈനെന്‍സ്. ഗ്രീഷ്മത്തിലും ശരത്കാലത്തിലും പുതിയ ഇലകള്‍ ഇതില്‍ വിടരുന്നതു കാണാം. ശിശിരം കഴിഞ്ഞാല്‍ കടുംചുവപ്പും കാപ്പിപ്പൊടിനിറവും ഇടകലര്‍ന്ന വര്‍ണത്തില്‍ തൊങ്ങള്‍ പിടിപ്പിച്ച പൂക്കള്‍ വളര്‍ന്നു തൂങ്ങുന്നതു കാണാം. ഇതിന്റെ ഹൃദയാകൃതിയുള്ള ഇലകള്‍ക്കും ഹരിതരാശിയുള്ള പര്‍പ്പിള്‍ നിറമാണ്. പൂക്കളെ പോലെ ഇലകളും ആകര്‍ഷകം. 70 മുതല്‍ 100 സെന്റീമീറ്റര്‍ വരെയാണ് ചെടിയുടെ ഉയരം. സ്ട്രാപ്പ് ഫ്‌ളവര്‍ എന്നും പേരുണ്ട്. ജപ്പാന്‍, ചൈന, ഹിമാലയത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യമായി ഈ ചെടി കണ്ടെത്തിയത്. ഇവിടങ്ങളിലെല്ലാം ഇത് മികച്ച ഒരു ഉദ്യാനസസ്യവുമാണ്. കുലകളായി വിടരുന്ന പുഷ്പമഞ്ജരിയാണ് ഈ ചെടിയുടെ ഏറ്റവും ശ്രദ്ധേയമായ ഘടകം. ഇലകള്‍ക്കും സ്ഥലകാല ഭേദമനുസരിച്ച് നിറഭേദങ്ങള്‍ ഉണ്ടാകും. പച്ച, കോപ്പര്‍, പര്‍പ്പിള്‍, ചുവപ്പ് എന്നിങ്ങനെ. പൂക്കള്‍ക്ക് വളരെ മൃദുവായി വ്യാപരിക്കുന്ന നേരിയ സുഗന്ധമുണ്ട്.

ഇളം ചൂട് ഇഷ്ടപ്പെടുന്ന ഫ്രിഞ്ച് ഫ്‌ളവര്‍ ഒരിക്കലും നേരിട്ട് വെയിലടിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. വേനല്‍ ക്കാലങ്ങളില്‍ ഉച്ചക്ക് തണല്‍ നല്‍കിയേതീരൂ. ചട്ടികളില്‍ വളര്‍ ത്താന്‍ അനുയോജ്യമായ പൂച്ചെടിയാണിത്. തറയില്‍ കൂട്ടമായി വളര്‍ത്തുന്നത് ലാന്‍ഡ് സ്‌കേപ്പിംഗിന് ഉത്തമം. ഉദ്യാനഘടകങ്ങള്‍ക്ക് വേലിപോലെയും ഇതു വളര്‍ത്താം. നീര്‍വാര്‍ച്ചയുള്ള ജൈവവള മാധ്യമത്തില്‍ ചെടി നന്നായി വളരും. പുതയിടുന്നതും നന്ന്. നന്നായി വേരോടിക്കഴിഞ്ഞാല്‍ വരള്‍ച്ച പ്രശ്‌നമാകാറില്ല. രാസവളമിശ്രിതങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് തടത്തിലൊഴിക്കുന്നത് ഇതിനിഷ്ടമാണ്. അമിതമായ കൊമ്പുകോതല്‍ വേണ്ട.


വ്യത്യസ്ത നിറങ്ങളില്‍ പൂക്കള്‍ വിടര്‍ത്തുന്ന നിരവധി ഇനങ്ങള്‍ ഫ്രിഞ്ച് ഫ്‌ളവറിലുണ്ട്. ബ്ലഷ്, ബര്‍ഗണ്ടി, കരോളിന മിഡ്‌നൈറ്റ്, റെഡ് ഡയമണ്ട്, റൂബി എന്നിവ പിങ്ക് പൂക്കള്‍ വിടര്‍ത്തും. കരോളിന മൂണ്‍ലൈറ്റ്, എമറാള്‍ഡ് സ്റ്റോ, സ്റ്റോ മഫിന്‍ എന്നിവയ്ക്ക് വെള്ള പൂക്കളാണ്.

പുതുതായി വളരുന്ന തണ്ടില്‍ നിന്ന് ആറിഞ്ചു നീളത്തില്‍ ഒരു കഷണം മുറിച്ച് താഴ്ഭാഗത്തെ ഇലകള്‍ നീക്കുക. ഇതിന്റെ മുറിഭാഗം വേരുപിടിപ്പിക്കല്‍ ഹോര്‍മോണില്‍ മുക്കിയെടുക്കുക. പോട്ടിംഗ് മിശ്രിതം നിറച്ച ഒരു ചെറുചട്ടിയില്‍ കമ്പു നടുക. മീതെ ഒരു പ്ലാസ്റ്റിക് ബാഗ് കമ്പില്‍ തൊടാ തെ ആവരണം ചെയ്യുക. മാധ്യമത്തില്‍ നനവുണ്ടാകണം. ചട്ടി നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്നു മാറ്റി വയ്ക്കുക. നാലു മുതല്‍ ആറാഴ്ച കഴിയുമ്പോള്‍ കമ്പിനു വേരുപൊട്ടും. ഇതു ക്രമേണ തോട്ടത്തിലേക്കു മാറ്റാം. പതിത്തൈകളും കിട്ടും.

ദ്രുതവളര്‍ച്ചാസ്വഭാവമാണിതിന്. മികച്ച ഒരു ഉദ്യാനസസ്യമാണ് ചൈ നീസ് ഫ്രിഞ്ച് ഫ്‌ളവര്‍. കേരളത്തിലെ ഉദ്യാനങ്ങളില്‍ ഇത് ഇനിയും പ്രചാരം നേടേണ്ടിയിരിക്കുന്നു.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍
കൃഷി വകുപ്പ്, തിരുവനന്തപുരം