നാടന്‍ കൃഷിക്ക് നാട്ടുമാലിന്യം
Wednesday, February 12, 2020 3:00 PM IST
നാട്ടിലെ കൃഷിക്ക് നാടന്‍ വളങ്ങള്‍ നിര്‍മിക്കുകയാണിവിടെ. തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ഗ്രാമപഞ്ചായത്താണ് നാട്ടുമാലിന്യസംസ്‌കരണത്തിലും അതിന്റെ പുനരുപയോഗത്തിലും നാടിനു മാതൃകയാകുന്നത്. മാലിന്യങ്ങള്‍ ഒരു ശാപമായി കാണുന്ന രീതി തിരുത്തുകയാണിവര്‍. മാലിന്യം സംസ്‌കരിച്ച് വളമാക്കി വില്പന നടത്തുകയാണ് പഞ്ചായത്ത്. ഹരിത കേരളമിഷന്റെ ഭാഗമായി 'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി മാലിന്യത്തില്‍ നിന്നു ധനം എന്ന നിലയില്‍ എത്തി നില്ക്കുകയാണിപ്പോള്‍. പഴയന്നൂര്‍ പഞ്ചായത്തിലെ 22 വാര്‍ഡുകളിലെയും ജൈവമാലിന്യങ്ങള്‍ തരംതിരിക്കലാണ് ആദ്യപടി. കമ്പോസ്റ്റിംഗ് ഇനോക്കുലം ചേര്‍ത്ത് കമ്പോസ്റ്റാക്കുന്ന ലളിതമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതിനായി പഞ്ചായത്തിലെ ഖരമാലിന്യപ്ലാന്റിലേക്ക് മാലിന്യം തരംതിരിച്ച് എത്തിക്കുന്നതു മുതല്‍ വളമാക്കി ചാക്കില്‍ ഇക്കോഷോപ്പിലെത്തിച്ച് വില്ക്കുന്നതു വളരെയുള്ള കാര്യങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്നു. കടമ്പകള്‍ ഏറെയുണ്ടായിരുന്നെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയത് നേട്ടമായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജനും, വൈസ് പ്രസിഡന്റ് കെ. പി. ശ്രീജയനും പറയുന്നു. കേവലം മാലിന്യസംസ്‌കരണം എന്നതിലുപരി നാടന്‍ ജൈവവള ഉത്പാദനം, വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മാലിന്യസംസ്‌കരണത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കുന്ന പരിശീലനകേന്ദ്രം, പ്രത്യക്ഷമായി 30 പേര്‍ക്കും പരോക്ഷമായി 100 ലേറെ പേര്‍ക്കും ഉപജീവന മാര്‍ഗം കണ്ടെത്തുന്ന പദ്ധതി എന്നീ നിലകളിലേക്കു കൂടി ക്ലീന്‍ പഴയന്നൂര്‍, ഗ്രീന്‍ പഴയന്നൂര്‍ പദ്ധതി ഉയര്‍ന്നിരിക്കുന്നു.
പദ്ധതിയുടെ നാള്‍വഴികളിലൂടെ
ജൈവമാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരണശാലകളിലെത്തിക്കുകയെന്നത് വെല്ലുവിളിയായിരുന്നു. അതിനായി ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ആദ്യഘട്ടം. അതിനുവേണ്ടി ക്ലീന്‍ പഴയന്നൂര്‍, ഗ്രീന്‍ പഴയന്നൂര്‍ എന്നപേരില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവരടങ്ങിയ ഒരു സൊസൈറ്റി രൂപീകരിച്ചു. ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 22 വാര്‍ഡുകളില്‍ നിന്ന് രണ്ടുപേരെ വീതം തെരഞ്ഞെടുത്ത് 44 പേരടങ്ങുന്ന ഹരിത കര്‍മ്മസേനയ്ക്കു രൂപം നല്കി. ഇവര്‍ക്ക് പരിശീലനവും കൊടുത്തു. തരംതിരിച്ച ജൈവമാലിന്യങ്ങള്‍ പഞ്ചായത്തിന്റെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിക്കുന്നു. ഈ ജോലിയോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകമായി മാസത്തിലൊരിക്കല്‍ ശേഖരിക്കുവാനും ഹരിതകര്‍മ്മസേന ശ്രദ്ധിച്ചു.
മാലിന്യം വളമാക്കുന്ന വിധം
* തരംതിരിച്ച ജൈവമാലിന്യങ്ങള്‍ ഖരമാലിന്യ പ്ലാന്റില്‍ എത്തിക്കുന്നു. ഷെഡിനുള്ളിലെത്തിക്കുന്ന ജൈവമാലിന്യങ്ങളില്‍ കമ്പോസ്റ്റിംഗ് ഇനോക്കുലം ചേര്‍ത്ത ചകിരിച്ചോര്‍ കമ്പോസ്റ്റ് ചേര്‍ത്തിളക്കുന്നു.
* ഇങ്ങനെ ഇനോക്കുലം ചേര്‍ത്ത മാലിന്യങ്ങള്‍ അതിന്റെ വലിപ്പം കുറയ്ക്കുന്നതിനായി ഷ്രെഡ്ഡിംഗ് യന്ത്രത്തിലൂടെ വിട്ട് ചെറുതാക്കിയെടുക്കുന്നു.
* അവിലിന്റെ വലിപ്പവും പുട്ടിന്റെ പരുവത്തില്‍ ഈര്‍പ്പവും ഉള്ളതായിരിക്കണം മാലിന്യവും ഇനോക്കുലവും ചേര്‍ന്ന മിശ്രിതം.
* ഈ മിശ്രിതം തുമ്പൂര്‍മുഴി മോഡല്‍ പെട്ടികളില്‍ നിക്ഷേപിക്കുന്നു. ഒരു പെട്ടിയില്‍ ഒരു ടണ്‍ വരെ ഇടാം. പെട്ടി നിറയുന്നതുവരെ മാലിന്യം ഇട്ട്, വായു സഞ്ചാരം സുഗമമായി ലഭിക്കുന്ന രീതിയില്‍ ഇളക്കികൊടുക്കണം.
* ഇങ്ങനെ 10 പെട്ടികള്‍ കമ്പോസ്റ്റ് ഷെഡില്‍ ക്രമീകരിച്ചിട്ടുണ്ട്. ആ ദ്യത്തെ പെട്ടിയില്‍ നിറച്ച ജൈവമാലിന്യങ്ങള്‍ 30 ദിവസത്തിനകം ക മ്പോസ്റ്റ് ആയി മാറും. നിറയുന്നതനുസരിച്ച് മറ്റുപെട്ടികളിലേയും കമ്പോസ്റ്റെടുക്കാം.
* 30 ദിവസം കഴിഞ്ഞ് ലഭിക്കുന്ന കമ്പോസ്റ്റ് അരിച്ചെടുത്ത് 10, 25, കിലോഗ്രാം ചാക്കിലാക്കി വിപണനത്തിനെത്തിക്കുന്നു.
'കൃഷിമിത്ര' എന്ന പേരിലാണ് കമ്പോസ്റ്റ് വളം മാര്‍ക്കറ്റില്‍ എത്തിച്ചിരിക്കുന്നത്. പഴയന്നൂര്‍ കൃഷിഭവന്റെ സഹായത്തോടെ കൈരളി ഇക്കോഷോപ്പ് മുഖേനയാണ് പ്രധാന വില്പന. ഒരു കിലോഗ്രാമിന് 10 രൂപ നിരക്കില്‍ കമ്പോസ്റ്റ് ലഭ്യമാണ്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 20.42 ടണ്‍ കമ്പോസ്റ്റാണു വിറ്റത്. ഇതിലൂടെ രണ്ടു ലക്ഷം രൂപയും നേടാന്‍ ഈ സൊസൈറ്റിക്കു സാധിച്ചിട്ടുണ്ട്. മാലിന്യം കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന പഴയന്നൂര്‍ ഇപ്പോള്‍ ജൈവമാലിന്യത്തിനായുള്ള നെട്ടോട്ടത്തിലാണ്. കാരണം കര്‍ഷകരുടെ ഇടയില്‍ ഈ കമ്പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ശരിക്കും മാലിന്യം ധനമായി മാറുകയാണിവിടെ. ഖരമാലിന്യ പ്ലാന്റിനോട് ചേര്‍ന്ന് ജൈവകമ്പോസ്റ്റ് ഉപയോഗിച്ചു തന്നെ ഫലവൃക്ഷഉദ്യാനവും സജീകരിച്ചിട്ടുണ്ട്. വളത്തിന്റെ മാഹാത്മ്യം മനസിലാക്കാന്‍ മറ്റൊന്നും ആവശ്യമില്ല-ചെടികളുടെ വളര്‍ച്ചതന്നെ സാക്ഷി. പഴയന്നൂര്‍ മാറുകയാണ് മാലിന്യമുക്തഗ്രാമമായി-ഒപ്പം നാടിനൊരു മാതൃകയും. 2019 ലെ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡുകളില്‍ തൃശൂര്‍ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിനായിരുന്നു.
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, പഴയന്നൂര്‍
ഫോണ്‍: 94475 29904.