നിത്യഹരിതം ചെമ്പകം വരുന്ന വഴി
നിത്യഹരിതം ചെമ്പകം വരുന്ന വഴി
Saturday, September 21, 2019 3:44 PM IST
തൂവെള്ള ഇതളുകളും നടുവില്‍ മഞ്ഞവര്‍ണവും പേറി നില്ക്കുന്ന ഈ പൂക്കള്‍ ഇപ്പോള്‍ ഉദ്യാനങ്ങളിലെ സൗന്ദര്യറാണികളാണ്. ശരാശരി ഉയരത്തില്‍ പന്തലിച്ച് പൂക്കളുമായി നില്ക്കുന്ന പുഷ്പച്ചെടി പൂന്തോട്ടങ്ങളെ ആകര്‍ഷകമാക്കുന്നു. മലയാളികള്‍ പൊതുവേ ചെമ്പകം എന്നു വിശേഷിപ്പിക്കുന്ന ചെമ്പക കുടുംബത്തില്‍പ്പെടുന്നു മനോഹരമായ ഈ നിത്യഹരിതചെമ്പകവും. 'അപ്പോ സൈനേസിയ' കുടുംബത്തില്‍പ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്ര നാമം 'പ്ലുമേറിയ ഒബ്ട്യുസ' എന്നാണ്. വെസ്റ്റ് ഇന്‍ഡീസ്, പടിഞ്ഞാറന്‍ മെക്‌സിക്കോ, ഫ്‌ളോറിഡ തുടങ്ങിയവയാണ് സ്വദേശം. കേരളത്തില്‍ പൊതുവെ വെള്ള നിറത്തിലെ പൂക്കളുള്ള 'സിംഗപ്പൂര്‍വൈറ്റ്' ഇനമാണ് പ്രചാരത്തിലുള്ളത്. പിങ്ക് നിറത്തിലെ പൂക്കളുള്ള സിംഗപ്പൂര്‍ പിങ്ക് എന്ന ഇനവും വിദേശങ്ങളിലുണ്ട്. പ്ലൂമേറിയ ഇനങ്ങളില്‍ വച്ചേറ്റവും സുഗന്ധമുള്ളത് പ്ലൂമേറിയ ഒബ്ട്യൂസയ്ക്കാണ്. മറ്റു ചെമ്പകപൂക്കളില്‍ നിന്നു വ്യത്യസ്തമായി പൂക്കളുടെ അഗ്രം ഏതാണ്ട് വൃത്താകൃതിയിലാണ് കാണപ്പെടുന്നത്.

നിറയെ ഇലച്ചാര്‍ത്തുള്ള സസ്യമാണ്. ഇലകളുടെ അറ്റവും വൃത്താകൃതിയിലാണ് എന്നതും ഒരു പ്രധാന സവിശേഷതയാണ്. ഏറെ പ്രത്യേകതകളുള്ള ഒന്നാണ് പ്ലുമേറിയ ഒബ്ട്യുസ. വര്‍ഷം മുഴുവന്‍ നിര്‍ത്താതെ പുഷ്പിക്കും. സൂര്യപ്രകാശം അല്‍പം കുറഞ്ഞാലും ഒബ്ട്യുസ ഇനങ്ങള്‍ പൂക്കള്‍ വിടര്‍ത്തും. വലിയ പരിചരണമോ, വളമോ ഒന്നും കൂടാതെ നിത്യഹരിതമായി നില്ക്കുന്ന സസ്യമാണിത്. ഇതെല്ലാം കൊണ്ടുതന്നെ ലോകമെമ്പാടും ഇന്നിവ യഥേഷ്ടം പൂന്തോട്ടങ്ങളിലെത്തുന്നു. അടുത്തകാലത്താണ് നല്ല വെള്ള നിറത്തിലെ പ്ലൂമേറിയ ഒബ്ട്യുസ, ഉയര്‍ന്ന വശകൊമ്പുകളില്‍ കുലകളായി കാണുന്ന പൂക്കളുമായി നില്ക്കുന്ന പ്ലൂമേറിയ പ്യുഡിക്ക, പ്ലൂമേറിയ ആല്‍ബ എന്നിവ കേരളത്തിലെ പൂന്തോട്ടങ്ങളില്‍ സ്ഥാനം പിടിച്ചത്.


അതീവ സുഗന്ധിയായ പുരാതനമായ ചെമ്പകമാണ് യഥാര്‍ഥ ചെമ്പകം. മരമായി വളരുന്ന ഈ ചെമ്പകത്തില്‍ നിന്നു വളരെ വ്യത്യസ്തമാണ് ഇന്നു കേരളത്തില്‍ യഥേഷ്ടം കാണുന്ന ഇത്തരം ചെമ്പകച്ചെടികള്‍. മുന്‍ കാലങ്ങളില്‍ മിക്കവാറും വീട്ടുമുറ്റങ്ങളില്‍ കാണപ്പെട്ടിരുന്നത് വെള്ള, ഇളംമഞ്ഞനിറങ്ങള്‍ കലര്‍ന്ന പുഷ്പങ്ങളുള്ളതും ചുവപ്പ്പൂക്കളുള്ളതുമായ ചെമ്പകങ്ങളാണ്. പ്ലൂമേറിയ റുബ്ര എന്ന ഈ ചെമ്പകങ്ങള്‍ക്കൊപ്പം ഇപ്പോള്‍ പുതിയ ഇനങ്ങളും സുഗന്ധം പരത്തുന്നു. സാധാരണ ചെമ്പകം നടുന്നതു പോലെ കമ്പുവെട്ടി നട്ട് പുതിയ ഇനങ്ങളുടെയും തൈകള്‍ ഉത്പാദിപ്പിക്കാം.

എസ്. മഞ്ജുളാദേവി
ഫോണ്‍: 97455 05 465.