പൂന്തോട്ടത്തിലെ 'ചെറു'നാരകവും കുഞ്ഞന്‍ കപ്പളവും മുരിങ്ങയും
Wednesday, May 22, 2019 5:44 PM IST
ഔഷധഗുണമുള്ള വലിയ സസ്യങ്ങളായ കപ്പളവും മുരിങ്ങയും ചെറുനാരകവുമൊക്കെ ഐസക്കിന്റെ വീട്ടില്‍ അത്ര 'വലിയഭാവം' കാണിക്കാറില്ല. തിരുവല്ല കുറ്റൂര്‍ പാണ്ടിശേരി മേപ്പുറത്ത് പി.എ. ഐസക്കിന്റെ വീട്ടില്‍ ഇവയുടെ ഫലങ്ങളെ ഒരേസമയം ഭക്ഷണത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്നു. വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെയാണ് ഐസക്ക് ചെടികളെ കുഞ്ഞന്മാരാക്കുന്ന രീതി പഠിച്ചത്. തന്റെ വീട്ടുമുറ്റത്ത് ഭംഗിയായ പൂന്തോട്ടമൊരുക്കുന്ന ഐസക്ക്, ഇവയ്ക്കൊപ്പം കുഞ്ഞന്‍ പച്ചക്കറികളെയും ലെയറിംഗിലൂടെ ചട്ടിയില്‍ വളര്‍ത്തുന്നു. ആറുമാസത്തിനുള്ളില്‍ നിറയെ കായ്പിക്കുകയും ചെയ്യന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് സ്റ്റേഷന്‍മാസ്റ്ററായി വിരമിച്ച ഇദ്ദേഹം കൃഷിയില്‍ ഫുള്‍ടൈമറാണ്. വീടിനു സമീപമുള്ള 52 സെന്റിലും അല്പം മാറിയുള്ള 50 സെന്റിലുമാണ് ഐസക്കിന്റെ കൃഷി. കൃഷിയെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്നുമുണ്ട് ഐസക്ക്.
കുഞ്ഞനാക്കുന്നതു പഠിക്കാം
അല്പം കൃഷി താത്പര്യമുള്ള ആര്‍ക്കും ലെയറിംഗ് നടത്തി സസ്യങ്ങളെ കുഞ്ഞന്മാരാക്കി വളര്‍ത്താമെന്ന് ഐസക്ക് പറയുന്നു. മുരിങ്ങയിലാണ് അവസാന പരീക്ഷണം നടത്തിയത്. കായ്ച്ച മുരിങ്ങയുടെ, പൂ വരുന്നതിനുമുമ്പുള്ള കമ്പാണ് ലെയര്‍ ചെയ്യേണ്ടത്. വര്‍ഷകാലാരംഭത്തില്‍ വേണം ഇതു ചെയ്യാന്‍. കമ്പിന്റെ ഒരു മീറ്റര്‍ താഴ്ത്തി തടിയില്‍ കൊള്ളാതെ വട്ടത്തില്‍ മൂന്നു സെന്റീമീറ്റര്‍ തൊലി കളയുകയാണ് ആദ്യം വേണ്ടത്. ഇവിടെ മേല്‍മണ്ണ്, ചകിരിച്ചോറ്, ഉണങ്ങിയചാണകപ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതം ചെറുതായൊന്നു നനച്ച് സുതാര്യമായ പ്ലാസ്റ്റിക്കു കൊണ്ട് കെട്ടുക. മിശ്രതത്തിലേക്ക് ആദ്യം വെള്ള വേരിറങ്ങുന്നതു കാണാം. രണ്ടാഴ്ച കഴിയുമ്പോള്‍ ആവേരിനു തവിട്ടു നിറമാകും. അപ്പോള്‍ കെട്ടിന് രണ്ടിഞ്ച് താഴ്ത്തി ഇംഗ്ലീഷിലെ വി ആകൃതിയില്‍ പകുതി മുറിക്കുക. രണ്ടാഴ്ചയ്ക്കുശേഷം മുഴുവനായി മുറിച്ച് ചട്ടിയിലേക്കു മാറ്റാം. ആറു മാസത്തിനുള്ളില്‍ കായ്ക്കും. ചട്ടിയിലേക്കു മാറ്റി 15 ദിവസം തണലത്തുവയ്ക്കണം. അതിനുശേഷം 15 ദിവസം ഭാഗീകമായി വെയിലത്തുവച്ച് പൂണമായി വെയിലുള്ള സ്ഥലത്തേക്കു മാറ്റാം.
ചട്ടിയിലെ ചേരുവ
ലെയര്‍ ചെയ്ത സസ്യഭാഗങ്ങള്‍ നടുന്ന ചട്ടിയിലെ ചേരുവ സൂക്ഷ്മതയോടെ തയാറാക്കണം. എല്ലുപൊടി, ചാണകപ്പൊടി, ട്രൈക്കോഡര്‍മ, കടലപ്പിണ്ണാക്ക് എന്നിവ മണ്ണില്‍ കലര്‍ത്തി ചട്ടിയില്‍ നിറയ്ക്കാം. ഇവ രണ്ടാഴ്ച പുറത്തിട്ട് ചെറുതായി നനച്ചശേഷം വേണം ചട്ടിയില്‍ നിറയ്ക്കാന്‍. ഇതിലേക്ക് ലെയര്‍ ചെയ്ത് വേരുപിടിപ്പിച്ച തൈകള്‍ മാറ്റി നടാം. ചെറുനാരകം ഇതേ രീതിയില്‍ തന്നെയാണ് ലെയര്ചെയ്യുന്നത്. ഇങ്ങനെ ലെയര്‍ ചെയ്ത ചെറുനാരകം നിറയെ കായ്കളുമായി ചട്ടിയില്‍ നില്കുന്ന കാഴ്ച ആരിലും കൗതുകമുണര്‍ത്തും. വീട്ടിലെ, കായ്ച മുരിങ്ങയില്‍ നിന്നും നാരകത്തില് നിന്നുമാണ് ലെയര്‍ ചെയ്ത് കുഞ്ഞന്‍ തൈകള്‍ തയാറാക്കിയത്. കപ്പളം ലയര്‍ ചെയ്യുന്ന രീതി വ്യത്യസ്തമാണ്. താഴെനിന്നും മുകളിലേക്ക് കത്തിവച്ച് മുറിക്കണം. ഇത് കപ്പളത്തിലെ നടുവിലെ തുളവരെ എത്താന്‍ പാടില്ല. ഇങ്ങനെ മുറിച്ച തുളയിലേക്ക് ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് കയറ്റി വട്ടം ചുറ്റുക. പ്ലാസ്റ്റിക് ഷീറ്റിനു മുകളില്‍ വരുന്ന ഭാഗത്ത് മുമ്പു പറഞ്ഞ മിശ്രിതം ചേര്‍ത്ത് കെട്ടി ലെയറിംഗ് നടത്താം.
മനോഹരമായ ഉദ്യാനം
വീടിന്റെ ഇരുവശങ്ങളിലും ബോണ്‍സായി ബൊഗൈന്‍വില്ലച്ചെടികള്‍ തീര്‍ക്കുന്ന വര്‍ണപ്രപഞ്ചമാണ്. ആറു വെറൈറ്റി ബൊഗൈന്‍വില്ലകളാണ് കൃഷിചെയ്യുന്നത്. വേരുപിടിക്കാത്തവ ലെയര്‍ചെയ്ത് വേരുപിടിപ്പിച്ചെടുക്കും. വര്‍ഷകാലാരംഭത്തില്‍ ചട്ടിയിലേക്കുമാറ്റും. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്ത പോട്ടിംഗ് മിശ്രിതം ചട്ടിയില്‍ നിറയ്ക്കും. വെള്ളവും വളവും അധികം വേണ്ടാത്ത ഒന്നാണ് ബൊഗൈന്‍ വില്ലകള്‍. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തുവേണം ഇവ വയ്ക്കാന്‍. വര്‍ഷത്തില്‍ രണ്ടുതവണ കമ്പുകോതണം. ജൂണ്‍-ജൂലൈ, ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ കമ്പുകോതുന്നതാണ് (പ്രൂണിംഗ്) നല്ലത്. നവംബര്‍ മുതല്‍ പൂക്കാലമായി. മേയ് വരെ പൂക്കള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മുള്ളുള്ള ചെടിയാണെങ്കിലും ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ ഇവയില്‍ മുള്ളുണ്ടാകാറില്ല. വെള്ള, ഗോള്‍ഡന്‍, വയലറ്റ്, ചുവപ്പ് നിറങ്ങളിലുള്ള ചെടികളാണിവിടുള്ളത്.

വളപ്രയോഗം
മാസത്തിലൊരിക്കല്‍ കാലിവളമോ, സ്റ്റെറാമീലോ നല്‍കും. സ്റ്റെറാമീലാണെങ്കില്‍ 50ഗ്രാം ഒരു ചട്ടിക്ക് എന്ന ക്രമത്തിലാണിടേണ്ടത്.
ബൊഗൈന്‍വില്ലകള്‍ കൂടാതെ റെഡ് പാം, ലേഡീസ് ഫിന്ഗര് പാം, അറീലിയ, ഓര്‍ക്കിഡ്, അഡീനിയം, ഇലച്ചെടികള്‍, യൂഫോബിയ, ബോണ്‍സായ് ചെടികള്‍ എന്നിവയെല്ലാം ഐസക്കിന്റെ പൂന്തോട്ടത്തെ മനോഹരമാക്കുന്നു.
വീട്ടിലേക്കാവശ്യമുള്ളവ വീട്ടില്‍തന്നെ
വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളെല്ലാം ഐസക്ക് വീട്ടില്‍തന്നെ ഉത്പാദിപ്പിക്കുന്നു. വഴുതന, തക്കാളി, കോളിഫ്ളവര്‍, പയര്‍, ചീര തുടങ്ങി വീടിനു വലതുവശത്തെ പറമ്പില്‍ വിളയാത്തതൊന്നുമില്ല. ജൈവവളങ്ങള്‍ നല്‍കിയാണ് പച്ചക്കറി ഉത്പാദനം. പഴവര്‍ഗങ്ങളായ മുള്ളാത്ത, റംബൂട്ടാന്, ഫിലോസാന്, കറിനാരകം, ചെറുനാരകം, ചാമ്പ തുടങ്ങിയവയെല്ലാം വീട്ടുമുറ്റത്തെ പഴമുറ്റം കൂടിയാക്കുന്നു.
നിഴലില്‍ ഉണക്കിയ ചാണകം
ചെടികള്‍ക്കും പച്ചക്കറികള്‍ക്കും നിഴലില്‍ ഉണക്കിയ ചാണകപ്പൊടിയാണ് ഐസക്ക് നല്‍കുന്നത്. വെയിലിന്റെ ചൂടേറ്റ് ചാണകത്തിലെ സൂക്ഷ്മജീവികള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചാണകമുണക്കുന്ന രീതി ഉപയോഗിക്കുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയും അടിവളമായും അല്ലാതെയും നല്കുന്നു.
മഴവെള്ളസംഭരണിയിലെ മത്സ്യം
വീട്ടിലെ ടെറസില്‍ നിന്നെത്തുന്ന മഴവെള്ളം ഒരു തുള്ളിപോലും പാഴാകാതെ ചെന്നു വീഴുന്നത് സമീപത്തെ മഴവെള്ള സംഭരണിയിലേക്ക്. അതില്‍ ഗൗരാമി മത്സ്യം വളര്‍ത്തുന്നു. മീന്‍ വളരുന്ന വെള്ളം ചെടികള്‍ക്കും നല്കുന്നു. വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളാണ് മീനിന് ഭക്ഷണമായി നല്‍കുന്നത്.
രാവിലെ ആറിന് ആരംഭിക്കുന്നു ഐസക്കിന്റെ കൃഷിപ്പണികള്‍. ചെടികള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. ചെടികളുടെ ചുവട്ടിലെ മണ്ണ് ഇളക്കിക്കൊടുക്കുക, പുതയിടേണ്ടവയ്ക്ക് പുതയിടുക തുടങ്ങിയ പണികളൊക്കെയായി രാവിലെ 11 വരെ ചെടികളോടൊപ്പം തന്നെ. ചട്ടിയിലെ ചെടികള്‍ മാസത്തിലൊരിക്കല്‍ തിരിച്ചുവയ്ക്കും. ചെടിയുടെ എല്ലാ ഭാഗങ്ങളിലും വെയിലേറ്റ് പൂക്കളുണ്ടാകുന്നതിനാണിത്. മാര്‍ച്ച് മാസത്തില്‍ പ്രോട്രേയില്‍ ഇഞ്ചി നടുന്നു. ജൂണാകുമ്പോള്‍ ഇഞ്ചി കിളിര്‍ത്ത് ഒരടിയായിരിക്കും. ഇത് പറിച്ചു നട്ടാല്‍ വേഗം വിളവെടുക്കാം. വിപണിയില്‍ നല്ല വിലയും ലഭി ക്കും. മറ്റു കര്‍ഷകരുടെ ഇഞ്ചി, മാര്‍ക്കറ്റില്‍ എത്തുന്നതിനു മൂന്നു മാസം മുമ്പ് ഐസക്കിന്റെ ഇഞ്ചി മാര്‍ക്കറ്റിലെത്തുന്നു. ഫോണ്‍: ഐസക്ക്-94473 47899.
ടോം ജോര്‍ജ്
ഫോണ്‍- 93495 99023.