അമ്പതു സെന്റിലെ കൃഷിയും അക്വാപോണിക്‌സും
പ്ലംബിംഗിലെ മികവ് കൃഷിയിലേക്കെത്തിയപ്പോള്‍ വിളവു നൂറുമേനി. തൊടുപുഴ മാരിക്കലങ്ക് ആനച്ചാലില്‍ ജോളി വര്‍ക്കിയാണ് തന്റെ പ്‌ളംബിംഗ് ജോലിയിലെ പ്രാഗത്ഭ്യം കൃഷിക്ക് തുണയാക്കിയത്. വീട്ടുവളപ്പിലെ കൃത്രിമക്കുളത്തില്‍ ഇദ്ദേഹം നിറയെ മത്സ്യങ്ങളെയിട്ടു. ഈ കുളത്തിലെ ജലം പൈപ്പുപയോഗിച്ച് കൃഷിയിടത്തിലെത്തിക്കുന്നു. ഇത് പച്ചക്കറികൃഷിക്ക് ഒന്നാംതരം വളമാണ്. അഞ്ചുവര്‍ഷമായി അക്വാപോണിക്‌സ് രീതിയില്‍ കൃഷിയില്‍ നിന്ന് വരുമാനമുണ്ടാക്കുന്നു. ഒപ്പം പുത്തന്‍ ആശയങ്ങള്‍ കൃഷിയിടത്തില്‍ പരീക്ഷിക്കുകയും ചെയ്യുന്നു.

മുപ്പതു വര്‍ഷം മുമ്പ് പുരയിടത്തില്‍ ആരംഭിച്ച തേനീച്ച വളര്‍ത്തലില്‍ നിന്നാ ണ് കൃഷിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. കൃഷിചെയ്യാന്‍ സ്ഥലം ലഭിക്കാത്തതിനാല്‍ പ്‌ളംബിംഗ് ജോലിയില്‍ സജീവമായി. ഈ സമയത്തും മനസിലെ കൃഷി താത്പര്യം നശിച്ചില്ല. വീട്ടുവളപ്പ് കൃഷി സമൃദ്ധമാക്കി. അക്വാപോണിക്‌സ് കൃഷി യില്‍ താത്പര്യം തോന്നി അമ്പതു സെന്റിലെ പുരയിടത്തില്‍ ചെറിയകുളമൊരുക്കി. കൃഷിയും മീന്‍വളര്‍ത്തലും ആരംഭിച്ചത് അഞ്ചുവര്‍ഷം മുമ്പാണ്. തുടക്കത്തില്‍ നഷ്ടമായിരുന്നെങ്കിലും പിന്നീട് വീട്ടാവശ്യം കഴിഞ്ഞ് വില്‍ക്കാന്‍ തക്കവിധം പച്ചക്കറികളും മീനും ലഭിച്ചു. വീടിന്റെ ടെറസില്‍ കൃഷിയിടമൊരുക്കി പയറും പാവലും പടവലവുമെല്ലാം നട്ടു. പിന്നീട് ടെറസിനെ ഒരു പോളിഹൗസാക്കി മാറ്റി. ശീതകാലവിളകളും നടാന്‍ തുടങ്ങി. മീന്‍കുളങ്ങളുടെ എണ്ണം കൂട്ടി. ഇന്ന് ഏഴ് കൃത്രിമ കുളങ്ങളുണ്ട്. ഇവയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.

ചെലവ് നിയന്ത്രിച്ച് ഉത്പാദന വര്‍ധനവ് നടത്തിയാല്‍ മാത്രമേ കൃഷി ലാഭകരമാകൂ. ഓരോ വിളവെടുപ്പു കഴിയുമ്പോഴും പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിച്ചാല്‍ നേട്ടമുണ്ടാകും. ബാല്യകാലത്ത് ആരംഭിച്ച തേനീച്ച വളര്‍ത്തലില്‍ ഇന്നും സജീവമാണ് ജോളി. ചെറുതേനീച്ചകളെയാണ് കൂടുതലായി വളര്‍ത്തുന്നത്. ഒരുവര്‍ഷം അഞ്ചു കിലോ ചെറുതേന്‍ ലഭിക്കും. തേനീച്ച വളര്‍ത്തല്‍ കൃഷിക്ക് പലവിധത്തില്‍ ഉപകാരപ്രദമാണ്. പരാഗണത്തിലൂടെ ഉത്പാദനവര്‍ധനവുണ്ടാകുന്നു. തേനീച്ചകളുടെ സാന്നിധ്യമുണ്ടെങ്കില്‍ ശത്രുകീടങ്ങളുടെ ആക്രമണം കുറവായിരിക്കുമെന്ന് ജോളി പറയുന്നു.


ഗിഫ്റ്റ് തിലാപ്പിയ, വാള, ആറ്റുകൊഞ്ച്, ഗൗരാമി തുടങ്ങിയ ഇനങ്ങളാണ് വളര്‍ത്തുന്നത്. ഒരു സെന്റ് കുളത്തില്‍ 3500 മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയും. തിലാപ്പിയ അഞ്ചുമാസംകൊണ്ട് കാല്‍കിലോ തൂക്കം വയ്ക്കും. ഈ സമയത്താണ് വില്പന. ഈസ്റ്റര്‍, വിഷു, ഓണം, ക്രിസ്മസ് സീസണുകളില്‍ വിളവെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ജോളിയുടെ മീന്‍ വളര്‍ത്തല്‍. ഒരു കിലോ മത്സ്യത്തിന് 200 രൂപ ലഭിക്കും. ഇതില്‍ 125 രൂപ ചെലവു വരും. 3000 മത്സ്യങ്ങളെ എല്ലാമാസവും പിടിക്കാന്‍ കഴിയുന്ന തരത്തില്‍ കൃഷി ക്രമപ്പെടുത്തുന്നു. ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള മീന്‍ കുഞ്ഞുങ്ങളെ പ്രത്യേകം സംരക്ഷിച്ച് അവയുടെ ബാലാരിഷ്ടതകള്‍ മറികടന്നതിനു ശേഷമാണ് കുളങ്ങളിലേക്ക് വിടുന്നത്. ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തീറ്റയോടൊപ്പം 'ടെക്ബീഡ്' എന്ന അസോളപോലുള്ള പായലും നല്‍കുന്നുണ്ട്.

ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ ഇനത്തില്‍പെട്ട അമ്പതോളം കോഴികളെയും വളര്‍ത്തുന്നു. ഇവയ്ക്കും കൃത്യമായ തീറ്റയും പരിപാലനവും നല്‍കുന്നു. ജൈവരീതിയില്‍ തന്നെയാണ് കൃഷി.

പച്ചക്കറികളിലെത്തുന്ന കീടങ്ങളെ പിടികൂടാന്‍ ഈച്ചക്കെണികളും കൃഷിയിടത്തിലുണ്ട്. പച്ചമുളക്, വെണ്ട, വഴുതന, പാവല്‍, പടവലം, തക്കാളി, കാബേജ് തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. പരീക്ഷണമെന്ന നിലയില്‍ ജലക്കൃഷി ആരംഭിച്ചിട്ടുണ്ട്. വിജയം കണ്ടാല്‍ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനും ജോളിക്ക് പദ്ധതിയുണ്ട്. ഭാര്യ: സോണിറ്റിന്റെയും രണ്ട് മക്കളുടെയും പ്രോത്‌സാഹനവും പിന്തുണയുമാണ് ഈ കര്‍ഷകന്റെ വിജയമന്ത്രം. ഫോണ്‍: 94476 13 494.

നെല്ലി ചെങ്ങമനാട്‌