മാറുന്ന കാലാവസ്ഥയില്‍ കൃഷി കരുതലോടെ
കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ആഗോളതാപനില വര്‍ധിച്ചത് 0.74 ഡിഗ്രി സെല്‍ഷ്യസാണ്. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അന്തരീക്ഷ ഊഷ്മാവ് 1.4 മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കണക്ക്. താപനില ഇങ്ങനെ ഉയര്‍ന്നാല്‍ സമുദ്രജലനിരപ്പ് 18-50 സെന്റീമീറ്റര്‍ വരെ ഉയരും. പല ദ്വീപുകളും പട്ടണങ്ങളും കടലോരപ്രദേശങ്ങളും കടലെടുക്കും. കഠിനമായ ഉഷ്ണക്കാറ്റ്, വരള്‍ച്ച, പ്രളയം ഇങ്ങനെ എണ്ണമറ്റ മാറ്റങ്ങളാണ് ആഗോളതാപനം മൂലമുണ്ടാകുന്നത്. പ്രാദേശികമായി പൊരുത്തപ്പെട്ടു കഴിയുന്ന ഒട്ടുമിക്ക ജീവജാലങ്ങളും നശിക്കും. ആവാസവ്യവസ്ഥയും പരിസ്ഥിതി വ്യൂഹവും താറുമാറാകും.

ഈ മാറ്റങ്ങള്‍ ജീവികളുടെ നിലനില്പിനും ഉത്പാദനശേഷിക്കും വെല്ലുവിളികളുയര്‍ത്തും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയേയും കാലാവസ്ഥ പ്രതികൂലമായി ബാധിക്കും. എത്ര ഉന്നത സാങ്കേതികവിദ്യകളുണ്ടായാലും കാലാവസ്ഥാ മാറ്റങ്ങളുമായുള്ള ചൂതാട്ട മായിത്തന്നെ കൃഷി തുടരും. കേരളത്തിലുണ്ടായ അസാധാരണമായ ചുഴലിക്കൊടുംകാറ്റും പേമാരിയും പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മറ്റു ഭൗമപ്രതിഭാസങ്ങളും ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തരഫലമാണ്.

യു.എന്‍.ഒയുടെ കീഴില്‍ 1988 ല്‍ സ്ഥാപിതമായ 198 രാജ്യങ്ങളടങ്ങുന്ന സമിതിയായ ഐപിസിസിയാണ് ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് പഠിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. 2018 ല്‍ പോളണ്ടിലെ കാറ്റോ വിറ്റ്‌സയില്‍ നടന്ന ഉച്ചകോടി വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

അപ്രതീക്ഷിത കെടുതികള്‍ ഒഴിവാക്കാന്‍ ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാ തെ നോക്കണമെന്ന് ഐപിസി സി മുന്നറിയിപ്പുനല്‍കുന്നു. ഇന്ത്യയിലെ അന്തരീക്ഷ താപനില 1.2 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു കഴിഞ്ഞു. 2030 ല്‍ 1.5 ഡിഗ്രി സെല്‍ഷ്യസായി താപവര്‍ധന പിടിച്ചുനിര്‍ത്തണം. ഇല്ലെങ്കില്‍ കൂടുതല്‍ രൂക്ഷമായ ചുഴലി ക്കൊടുങ്കാറ്റുകള്‍, കാട്ടുതീ, ജലക്ഷാമം, കൃഷിനാശം, ഭക്ഷ്യപ്രതിസന്ധി, പട്ടിണിമരണം, കടല്‍ അമ്ലത്വ വര്‍ധന, ആവാസവ്യവസ്ഥാ വ്യതിയാനം, മത്സ്യത്തിന്റെയും പവിഴപ്പുറ്റുകളുടെയും നാശം, പകര്‍ച്ചവ്യാധി വ്യാപനം, പുതിയതരം രോഗങ്ങള്‍, പരിണാമം സംഭവിച്ച കള,കീട, രോഗാണുക്കള്‍ മുതലായവയെ നേരിടേണ്ടി വരും. ആര്‍ക്ടിക്, അന്റാര്‍ക്ടിക്ക് മേഖലയിലെ മഞ്ഞുരുകി കടല്‍ ജലനിരപ്പുയ ര്‍ന്നാല്‍ ലോകത്തെ വന്‍ നഗരങ്ങളടക്കം കടലോരത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും മാത്രമല്ല, നദികളുടെയും ഉള്‍നാടന്‍ ജലസ്രേതസുകളുടെയും തീരത്തുള്ളവരും വെള്ളത്തിനടിയിലാവും.

എന്താണ് കാലാവസ്ഥാ വ്യതിയാനം?

ആഗോളതാപന ഫലമായി കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങളെയാണ് കാലാവസ്ഥാവ്യതിയാനം എന്നു പറയുന്നത്. 1970 നു ശേഷം തു ടര്‍ച്ചയായി ആഗോളതാപനം വര്‍ധിക്കുകയാണ്. 21-ാം നൂറ്റാണ്ട് അവസാനത്തോടെ താപവര്‍ധന 1.4-4 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നു കണക്കാക്കുന്നു.

മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകള്‍, ഭൂഖണ്ഡങ്ങളു ടെ സ്ഥാനചലനം, അഗ്നിപര്‍വതങ്ങള്‍, ഭൂമിയുടെ ചരിവ്, സമുദ്രത്തിലെ പ്രവാഹങ്ങള്‍ മുതലായവയും ഇതില്‍ ഒരു പങ്കുവഹിക്കുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ് ദേശാടനപ്പക്ഷികള്‍ പറന്നെത്തുന്നതും കാ ര്‍ഷിക കലണ്ടര്‍ ക്രമം തെറ്റുന്നതും. ഫലവൃക്ഷങ്ങളുടെ പൂവിടല്‍ മാറുക, വന്യജീവികള്‍ കാടുവിട്ട് നാട്ടിലിറങ്ങുക, കാലം തെറ്റിയുള്ള മഴയും വേനലും, രൂക്ഷമായ ഇടിമിന്നലും വന്‍ മഴത്തുള്ളികളും, ചൂടുകനക്കുക, മരുഭൂമിവത്കരണം, വിളവും പാലും മത്സ്യസമ്പത്തും കുറയുക എന്നിവയെല്ലാം ഇതിനോടു ചേര്‍ത്തു വായിക്കാം. മറ്റു ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും തൊഴില്‍ ക്ഷമതയെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. പതിവിലേറെ നീളുന്ന മഴക്കാലവും, പെയ്തടങ്ങാത്ത മഴയും, മഴമാറിനിന്നാല്‍ ഉടനെത്തുന്ന കൊടുംചൂടുമെല്ലാം കാലാവസ്ഥാവ്യതിയാനം കാരണമെന്ന് വ്യക്തം. കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമാകുന്തോറും ദുരിതത്തിന്റെ വ്യാപ്തി യും വര്‍ധിക്കും. കാണാനാകാത്തതും കാണുന്നതുമായ നിരവധി മാറ്റങ്ങള്‍ക്കാണ് ഇതുമൂലം ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനങ്ങളെ കാര്യക്ഷമമായി നേരിടണമെങ്കില്‍ ഇവയെപ്പറ്റിയെല്ലാം വിശദമായ പഠനങ്ങളും ഗവേഷണങ്ങ ളും അനിവാര്യമാണ്.

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഒറ്റനോട്ടത്തില്‍

കാലാവസ്ഥ

$ താപനില, മഴ, കാറ്റ്, ബാഷ്പീകരണം, സുര്യപ്രകാശം ഇവയില്‍ പ്രവചനാതീതമായ മാറ്റങ്ങള്‍ ഉണ്ടാകും.

* ശീതകാലം ചുരുങ്ങും, ഈര്‍പ്പമേറിയതാകും.

* വരള്‍ച്ച അധികരിച്ച് വേന ല്‍ക്കാലം നീളും.

* നനവേറിയ മണ്ണില്‍ പേമാരിയും വെള്ളപ്പൊക്കവും വര്‍ധി ക്കും

* ഉണക്കേറിയ മണ്ണില്‍ വേനലും, വരള്‍ച്ചയും ജലദൗര്‍ലഭ്യവും അ ധികരിക്കും.

* കൃഷിക്കാലം വേഗത്തിലാവുകയും ചുരുങ്ങുകയും ചെയ്യും.

* ധ്രുവങ്ങളില്‍ മഞ്ഞരുകല്‍ വര്‍ധിക്കും.

കൃഷിഭൂമി

* മണ്ണൊലിപ്പ്, വേലിയേറ്റം, വെ ള്ളപ്പൊക്കം, ഉപ്പുവെള്ളം കയറല്‍ തുടങ്ങിയ കാരണങ്ങളാല്‍ തീരപ്രദേശത്തും താഴ്ന്ന പ്രദേശങ്ങ ളിലും കൃഷിഭൂമിലഭ്യത കുറയും.

* കൃഷിഭൂമി നഷ്ടം, ജലദൗര്‍ലഭ്യം, ആവാസവ്യവസ്ഥയിലെ മാ റ്റം മുതലായവയാല്‍ ഭൂവിനിയോഗത്തില്‍ സാരമായ മാറ്റമുണ്ടാകും.

* ആഗോളതലത്തില്‍ ഉത്തരാര്‍ധഗോളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കൃഷിസാധ്യതയും ഭൂവിനിയോഗവും കൂടും.

* ദക്ഷിണാര്‍ധഗോളത്തിലെ താ ഴ്ന്ന പ്രദേശങ്ങള്‍ കടലെടുത്ത് കൃഷി അസാധ്യമാകും.

* മണ്ണിലെ അധികരിച്ച നീര്‍വാര്‍ച്ചയാലുള്ള നൈട്രജന്‍ നഷ്ടം, മണ്ണൊലിപ്പ്, ജൈവവൈവിധ്യശോഷണം എന്നിവയാലുള്ള പാ രിസ്ഥിതികപ്രശ്‌നം രൂക്ഷമാകും.

* ജലസ്രോതസുകളുടെ ദൗര്‍ലഭ്യത്താല്‍ മണ്ണ് ശിഥിലീകരിക്കും.

* മണ്ണിന്റെ ജൈവാംശവും, വളക്കൂറും ഉത്പാദനശേഷിയും കുറ യും.

ഭക്ഷ്യോത്പാദനം

* കനല്‍കാറ്റ്, വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം, അതിശൈല്യം, മഞ്ഞുറയല്‍ മുതലായവ വിളകളെയും കാര്‍ഷികപ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും.

* വിളകളുടെ വളര്‍ച്ചാകാലവും ഉത്പാദനശേഷിയും കുറയും.

* പ്രകൃത്യായുള്ള വിളശോഷണം മൂലം പുതിയ കാലാവസ്ഥയ്ക്കു യോജിച്ച വിളകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാകും.

* ജീവജാലങ്ങളുടെ ത്വരിതഗതിയിലുള്ള പരിണാമത്താല്‍ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ക ണ്ടെത്തേണ്ടിവരും.

* കാലാവസ്ഥാ വ്യതിയാനം, ദീ ര്‍ഘകാല തോട്ടവിളകളെ കൂടുതല്‍ ദോഷമായി ബാധിക്കും.

* പ്രാദേശികമായി പരിണാമം സംഭവിച്ച പുതിയ കള- കീട രോഗാണുക്കളുടെ ശല്യം വിളനഷ്ടം രൂക്ഷമാക്കും.

* ജലസേചനം, വളപ്രയോഗം, കള- കീടനാശിനി പ്രയോഗങ്ങളിലെ മാറ്റം മൂലം കൃഷിരീതികളിലും മാറ്റങ്ങളുണ്ടാക്കേണ്ടിവരും.

* ഉഷ്ണമേഖലയില്‍ താപവര്‍ധ നയും ജലദൗര്‍ലഭ്യവുമുണ്ടാകും. ധാന്യഉത്പാദനവും ഗുണമേന്മ യും കുറയും.

* 1996- 2003 കാലഘട്ടങ്ങളില്‍ ആ ഗോളഭക്ഷ്യോത്പാദനം 1800 മി ല്യന്‍ ടണ്‍ ആയിരുന്നു. ഇത് 10 ശതമാനം കുറഞ്ഞുകഴിഞ്ഞു. 21-ാം നൂറ്റാണ്ടോടെ 30 ശതമാനം കുറയും.

* ആഗോള ഭക്ഷ്യോത്പാദനത്തി ലെ കുറവ് ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും.

* സമശീതോഷ്ണമേഖലയില്‍ കൃഷിയും വിളവും വര്‍ധിച്ചേ ക്കാം.

* ജലദൗര്‍ലഭ്യവും അകാലമഴയും ഫലവര്‍ഗ-പച്ചക്കറിവിളകളുടെ ഉത്പാദനവും വിളവും കുറ യ്ക്കും.

* ഭക്ഷ്യസുരക്ഷ തകിടം മറിയുകയും ഭക്ഷ്യപ്രതിസന്ധിരൂക്ഷമാവുകയും ചെയ്യും.
പാല്‍, മുട്ട, മത്സ്യം, മാംസം മുതലായവ

* പുല്‍മേടുകള്‍ ശോഷിച്ച് കന്നുകാലിവളര്‍ത്തല്‍ പ്രയാസമേറും.

* കന്നുകാലിവളര്‍ത്തല്‍ മേഖലയില്‍ ജലം, തൊഴുത്ത്, ഊര്‍ജം എന്നിവയുടെ ആവശ്യം അധികരിക്കും.

* പാലുത്പാദനവും ഗുണവും കു റയും.

* പുതിയതരം കീട- രോഗങ്ങള്‍ വര്‍ധിക്കും.

* മുട്ട, മത്സ്യ, മാംസ സമ്പത്ത് അ ളവിലും ഗുണത്തിലും കുറയും.

* രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ സസ്യാഹാര രീതിയിലേക്ക് മാറും.

ചുരുക്കിപ്പറഞ്ഞാല്‍ കാര്‍ഷികമേഖല പ്രവചനാതീതമായ വന്‍ മാറ്റങ്ങള്‍ക്കു വിധേയമാകും. അ തിരൂക്ഷമായ കാര്‍ഷിക ദുരന്തങ്ങളും പ്രതിസന്ധികളുമാണ് നേരിടേണ്ടി വരിക. ഭാവിതലമുറയ്ക്ക് ശുദ്ധമായ വായുവും ജലവും ഭക്ഷണവും ലഭ്യമാകണമെങ്കില്‍ ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുവാനുള്ള സത്വരനടപടികള്‍ അനിവാര്യമാണ്.

എന്താണ് ആഗോളതാപനം?

വാഹനങ്ങളും വ്യവസായശാ ലകളും പുറന്തള്ളുന്ന കാര്‍ബ ണ്‍, ജൈവവസ്തുക്കള്‍ അഴുകുമ്പോഴുണ്ടാകുന്ന മീഥൈന്‍, എയ ര്‍കണ്ടീഷണര്‍ മുതലായവ പ്രവ ര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ക്ലോ റോ ഫ്‌ളൂറോകാര്‍ബണ്‍, ഓസോണ്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും താപനില വര്‍ ധിക്കുന്ന പ്രതിഭാസമാണ് ആ ഗോളതാപനം.

പ്രകാശവും താപവും വഹിക്കുന്ന സൂര്യരശ്മികള്‍ ബഹിരാകാശത്തുകൂടി കടന്ന് ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുന്നു. ഇപ്രകാരം പകല്‍ സമയത്തു പതിക്കുന്ന സൂര്യരശ്മികളിലെ ഉര്‍ജത്തിന്റെ ഏറിയപങ്കും മേഘങ്ങളിലും സമുദ്ര, ജലോപരിതലത്തിലും ഹിമാവരണത്തിലും തട്ടി പ്രതിഫലിച്ചു പോകും. ചെറിയൊരു പങ്കു ഭൂമിയും അതിലെ ജലവും ജീവജാലങ്ങളും കൂടി ആഗീരണം ചെയ്യും. ഇങ്ങനെ ആഗീരണം ചെയ്യുന്ന ഊര്‍ജം ഭൂമിയുടെ താപനില ഉയര്‍ത്തും. ത ത്ഫലമായി ഭൂമി ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ഉത്സര്‍ജിക്കുന്നു. ഈ രശ്മികള്‍ക്ക് ഭൂമിയിലേക്ക് പതിക്കുന്ന രശ്മിയേക്കാള്‍ തരംഗ ദൈര്‍ഘ്യമുണ്ട്.

പകല്‍ ഊര്‍ജം സ്വീകരിച്ച ഭൂമി രാത്രിയും വികിരണങ്ങള്‍ ഉത്സര്‍ ജിച്ചുകൊണ്ടിരിക്കും. ഈ താപരശ്മികളെ ഭൂമിയെ വലയം ചെയ്യു ന്ന അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങള്‍ ആഗീരണം ചെയ്യും. ഇതിന്റെ ഫലമായി ബഹിരാകാശത്തേക്ക് ബഹിര്‍ഗമിക്കേണ്ട ചൂടില്‍ ഒരുവലിയ ഭാഗം ഭൂമിയില്‍ തന്നെ തങ്ങും. തുടര്‍ച്ചയായ ഈ പ്രക്രിയയുടെ ഫലമായി ഭൂമിയുടെ ഉപരിതലവും അന്തരീക്ഷത്തിലെ കീഴ്ഭാഗവും ജീവയോഗ്യമായ താപനില കൈവരിക്കുന്നു. ഇങ്ങനെ ഒരു നല്ല പുതപ്പിന്റെ ധര്‍മം നിര്‍വഹിക്കുന്ന അന്തരീക്ഷത്തിലെ ഈ വാതകങ്ങളെ ഹരിതഗൃഹവാതകങ്ങള്‍ എന്നു പറയുന്നു.

എന്നാല്‍ ഈ വാതകങ്ങള്‍ നിശ്ചിതപരിധിയില്‍ കൂടിയാല്‍ പ്രശ്‌നങ്ങളുണ്ടാകും. ഹരിതഗൃഹങ്ങളുടെ ചില്ലുമേല്‍ക്കൂരയി ല്‍ക്കൂടി സൂര്യരശ്മികളിലെ പ്ര കാശം അകത്തേക്കു കടക്കും. താപവികിരണം തടയപ്പെടും. തുടര്‍ച്ചയായി അകത്തേക്ക് പ്രവേശിക്കുന്ന പ്രകാശോര്‍ജം താപമായി മാറും. ഈ താപം മുകളിലേ ക്കു പോയി ചില്ലുമേല്‍ക്കുരയില്‍ തട്ടി പുറത്തേക്കു കടക്കാനാകാതെ ഹരിതഗൃഹത്തിനുള്ളില്‍ തന്നെ നില്‍ക്കും. ഇങ്ങനെ ഹരിതഗൃഹങ്ങളിലെ താപം ക്രമേണ വര്‍ധിച്ച് പുറത്തുള്ളതിനേക്കാള്‍ കൂടിയ നിലയില്‍ എത്തും. ഇ തിനെ ഹരിത ഗൃഹപ്രഭാവം എ ന്നു പറയുന്നു. ഈ പ്രതിഭാസത്തിനു കാരണമാകുന്ന വാതകങ്ങളെ ഹരിതഗൃഹവാതകങ്ങള്‍ എന്നു പറയുന്നു. നീരാവി, കാ ര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍, ഓ സോണ്‍, എയ്‌റോസോള്‍ എന്നിവയാണ് ഹരിതഗൃഹവാതകങ്ങള്‍. ഇവയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 70 ശതമാനവും ബാക്കിയുള്ളവ താരതമ്യേന കുറവുമായതിനാല്‍ പകുതിയിലധികം ഹരിതഹൃഹപ്രഭാവത്തിന് കാരണം കാര്‍ ബണ്‍ ഡൈ ഓക്‌സൈഡ് ആണ്.

ആഗോളതാപനത്തിന്റെ കാരണങ്ങള്‍

1850കളില്‍ വ്യവസായ വിപ്ല വം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയതോടെയാണ് അന്തരീക്ഷം ചൂടുപിടിച്ചു തുടങ്ങിയത്. ഫോസില്‍ ഇന്ധനോപയോഗം വര്‍ധിച്ചതോടെ വന്‍ തോതില്‍ കാര്‍ബണ്‍ പുറന്തള്ളാന്‍ തുടങ്ങി. ലോകത്തിലെ ശരാശരി താപനില ഉയര്‍ന്നു. ഇതോടെ ധ്രുവങ്ങളിലെ മഞ്ഞുരുകി കടല്‍ നിരപ്പുയരാന്‍ തുടങ്ങി. വര്‍ധിച്ച ഫോസില്‍ ഇന്ധനോപയോഗവും വന്‍കിട വൈ ദ്യുതി ഉത്പാദനകേന്ദ്രങ്ങളും വ്യവസായശാലകളും വാഹനപ്പെരുപ്പവും ആധുനിക ശീതീകരണ സംവിധാനങ്ങളും ജനപ്പെരുപ്പവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.


പുതുതലമുറയുടെ ധൂര്‍ത്തും ആഡംബരഭ്രമവും ഉപഭോഗസംസ്‌കാരവും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയല്‍ ശൈലിയും കൂടി ചേര്‍ന്നപ്പോള്‍ പരിസരം മുഴുവനും മലീമസവും കാര്യങ്ങള്‍ നിയന്ത്രണാതീതവും ആയിക്കൊണ്ടിരിക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെക്കാള്‍ ചൂടിനെ കൂട്ടുവാനുള്ളശേഷി മീഥേന് 20 മടങ്ങും നൈട്രസ് ഓക്‌സൈഡിന് 200 മടങ്ങും, ക്ലോറോ ഫ്‌ളൂറോ കാര്‍ ബണിന് 10,000 മടങ്ങും കൂടുതലാണ്. ഹരിതഗൃഹവാതകങ്ങളില്‍ 70 ശതമാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ്. അതിനാല്‍ അന്തരീക്ഷത്തിലെ താപനില പ്രധാനമായും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവിനെ ആശ്രയിച്ചിരിക്കും.

മൊത്തം താപവര്‍ധനവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് 50 ശതമാനത്തിലേറെയും ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ 14 ശതമാനവും ഓസോണ്‍ 12 ശതമാനവും നൈട്രസ് ഓക്‌സൈഡ് ആറു ശതമാനവും മീഥേന്‍ 18 ശതമാനവും കാരണമാകുന്നു.

ഇന്ത്യയുടെ 2004 ലെ ആദ്യ കാലാവസ്ഥാ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ വിവിധ മേഖലകളില്‍ നിന്ന് കാര്‍ ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഇപ്രകാരമാണ്. ഊര്‍ജം- 61 ശതമാനം, കൃഷി- 28 ശതമാനം, വ്യവസായം- എട്ടു ശതമാനം, മാലിന്യം- രണ്ടു ശതമാനം ഭൂവിനിയോഗമാറ്റം- ഒരു ശതമാനം എന്നിങ്ങനെയാണ്. കൃഷിയില്‍ പ്രധാനമായും എന്ററിക് ഫെര്‍മെന്റേഷന്‍- 59 ശതമാനം, നെല്‍കൃഷി- 23 ശതമാനം, മണ്ണ്- 12 ശതമാനം, വളങ്ങള്‍- അഞ്ചു ശതമാനം, വിളാവശിഷ്ടങ്ങള്‍- ഒരു ശതമാനം എന്നിങ്ങനെയാണ്.

പ്രധാനമായും ഫോസില്‍ ഇന്ധനോപയോഗം മൂലം കാര്‍ ബണ്‍ ഡൈ ഓക്‌സൈഡും കൃ ഷി സ്ഥലങ്ങളില്‍ നിന്ന് മീഥേനും നൈട്രസ് ഓക്‌സൈഡും കന്നുകാലികളില്‍ നിന്ന് മീഥേനും ശീതീകരണ സംവിധാനങ്ങളില്‍ നിന്ന് ക്ലോറോ ഫ്‌ളൂറോ കാര്‍ബണും, ജലോപരിതത്തില്‍ നിന്ന് എത്തുന്ന നീരാവിയും അന്തരീക്ഷത്തിലെ താപവര്‍ധനയ്ക്ക് കാരണമാകുന്നു.

വ്യാവസായ വിപ്ലവത്തിനു ശേ ഷം അന്തരീക്ഷത്തിലെ കാര്‍ ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത 30 ശതമാനവും മീഥേ ന്റെ സാന്ദ്രത 147 ശതമാനവും നൈട്രസ് ഓക്‌സൈഡിന്റെ സാന്ദ്രത 15 ശതമാനവും ക്ലോറോ ഫ്‌ളൂറോ കാര്‍ബണിന്റേത് 900 ശതമാനം വര്‍ധിച്ചു. അതിന് ആ നുപാതികമായി ചൂടും വര്‍ധിച്ചു. അന്തരീക്ഷത്തി ലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത 1850 ല്‍ 280 പിപിഎം ആയിരുന്നത് 1957 ല്‍ 315 പിപിഎമ്മും 1990 ല്‍ 360 പിപിഎമ്മും 2004ല്‍ 379 പിപി എമ്മുമായി വര്‍ധിച്ചു. 2100 ല്‍ ഇത് 670 പിപിഎം ആകുമെന്ന് കണക്കാക്കുന്നു. ഒരു ടണ്‍ കാര്‍ബണ്‍ കത്തുമ്പോള്‍ 3.3 'ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡുണ്ടാകുന്നു. 1990 നു ശേഷം ഓരോവര്‍ഷവും ആറു ബില്യണ്‍ ടണ്‍ കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നെന്നാണ് കണക്ക്.

പരിസ്ഥിതിയെ തകര്‍ക്കുന്ന സംസ്‌കാരം

സാങ്കേതിക ജ്ഞാനത്തെ പ്ര കൃതിക്കും മനുഷ്യനും ഒരുപോ ലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള വികസനമാണ് നാം പിന്തുടരുന്നത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്‍ത്തമായതിനെ സത്യമായി ഉദ്‌ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത് കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഉപയോഗശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോടൊപ്പം ചേര്‍ത്തുപിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടാന്‍ തുടങ്ങിയത്.

വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയങ്ങളിലേക്ക് തുറന്നുവിടുന്ന മാലിന്യങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനകളുമെല്ലാം ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നുകഴിഞ്ഞു. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കുംവേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍ക്കീഴിലെ മണ്ണാണെന്ന് നാം ഓര്‍ക്കുന്നില്ല. ഭൂമി അതിന്റെ ഏറ്റവും ദുരിതപൂര്‍ണമായ കാലത്തെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

പരിഹാരമാര്‍ഗങ്ങള്‍

രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ ശ്രമംകൊണ്ടു മാ ത്രമേ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകൂ. ഭൂമി മനുഷ്യരുടേതല്ല, മനുഷ്യര്‍ ഭൂമിയുടെതാണെന്ന സത്യം നാം മനസിലാക്കണം.

മാനുഷിക ഇടപെടല്‍ മൂലമുണ്ടാകുന്ന ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും തന്മൂലമുള്ള തീവ്രപ്രകൃതി ദുരന്ത സാധ്യതയുടെയും അളവുകോലാണ് വാര്‍ഷിക കാര്‍ബണ്‍ പുറന്തള്ളല്‍ അഥവാ കാര്‍ബണ്‍ കാലടിപ്പാട് (കാര്‍ബ ണ്‍ ഫുട്പ്രിന്റ്). ഊര്‍ജ ഉപയോഗം, വ്യവസായം, ഗതാഗതം, കൃഷി, മാലിന്യസംസ്‌കരണം തുടങ്ങിയവയിലൂടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ ഗമനത്തിന്റെ വാര്‍ഷിക അളവാണ് കാര്‍ബണ്‍ കാലടിപ്പാടുകളായി കണക്കാക്കുന്നത്. ആഗോളതാപനം മുലമുള്ള പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കാന്‍ വിവിധമേഖലകളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഏതുവിധേനയും കുറയ്‌ക്കേണ്ടിയിരിക്കുന്നു.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍

* ഫോസില്‍ ഇന്ധനോപയോഗം കുറച്ച് ബദല്‍ ഊര്‍ജമാര്‍ഗങ്ങ ള്‍ സ്വീകരിക്കണം.

* ഊര്‍ജോത്പാദനത്തിന്റെ കാര്യക്ഷമതവര്‍ധിപ്പിക്കണം.

* ഊര്‍ജക്ഷമതയുള്ള യന്ത്രസാമഗ്രികളും സംവിധാനങ്ങളും ഉപയോഗിക്കുക.

* വാഹനപ്പെരുപ്പം കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക, സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിച്ച് പൊതുഗതാഗതം മെച്ചപ്പെടുത്തുക.

* മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരം ശീലിക്കുക.

* വനനശീകരണം തടയുക. കൂടുതല്‍ വനങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ച് കാര്‍ബണ്‍ വലിച്ചെടുക്കുന്നതിനു വഴിയൊരുക്കുക.

* കാര്‍ബണ്‍ കുറഞ്ഞ സാങ്കേതികവിദ്യകളും സമ്പദ്‌വ്യവസ്ഥയും കെട്ടിപ്പടുക്കുക.

* കൃഷി മേഖലയില്‍ ഊര്‍ജ സംരക്ഷണവും വിനിയോഗവും കാര്യക്ഷമമാക്കുക.

* രാസവളപ്രയോഗം കുറച്ച്, ജൈവവളവും വിളാവശിഷ്ട പുനഃചംക്രമണവും കൂട്ടുക.

$കാര്‍ബണ്‍ പുറന്തള്ളല്‍ കുറ ഞ്ഞ പുതിയവിളകള്‍, ഇനങ്ങള്‍, കൃഷി ഭൂവിനിയോഗരീതികള്‍, വിഭവസംരക്ഷണ സാങ്കേതിക വിദ്യകള്‍,കീടജാഗ്രതാ മാര്‍ഗങ്ങള്‍ എന്നിവ കണ്ടെത്തുക.

സുസ്ഥിരവികസനം

* അന്ധമായ വികസന- നിര്‍മാണ പ്രവൃത്തികള്‍ക്കു പകരം വരും തലമുറയെക്കൂടി കരുതിയുള്ള സുസ്ഥിര വികസന മാതൃക സ്വീകരിക്കുക.

* വിഭവങ്ങളുടെ ലഭ്യത, നിലനില്പ്, കാര്യക്ഷമത, പരിസ്ഥിതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കുക.

* എല്ലാ മേഖലയിലും ഭൂവിഭവ വിനിയോഗവും സംരക്ഷണവും കാര്യക്ഷമമാക്കുക.

* വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളെ കൂടുതല്‍ ആശ്രയിക്കുക. ഏറ്റവും കാര്യക്ഷമവും മാലിന്യരഹിതവുമായ ഉത്പാദനങ്ങള്‍ നടത്തുക.

മാലിന്യനിര്‍മാര്‍ജനം

* മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുക.

* ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരം ഉപേക്ഷിക്കുക. പകരം സംസ്‌കാരം പിന്തുടരുക.

* പാഴ്‌വസ്തുക്കളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബ യോഗ്യാസ് പ്ലാന്റുകള്‍ വ്യാപകമാക്കുക.

* മാലിന്യങ്ങള്‍ ഉറവിടത്തില്‍ ത ന്നെ തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും സംസ്‌കാരവും വളര്‍ത്തിയെടുക്കുക.

ബോധവത്കരണം

* വരുംതലമുറയെ പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പഠിപ്പിക്കുക.

* എല്ലാ പ്രദേശങ്ങളിലും സമയബന്ധിത കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനങ്ങളൊരുക്കി, തുടര്‍ നിരീക്ഷണവും വിലയിരുത്തലും കാര്യക്ഷമമാക്കുക.

* പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള കൃഷിനാശത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുക.

* ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മാലിന്യസംസ്‌കരണവും സംബന്ധിച്ച സാ ക്ഷരതാ പ്രചാരണം എല്ലാ തലത്തിലും വ്യാപിപ്പിക്കുക.

ആര്‍ഭാടരഹിത ജീവിതശൈലി

* ധൂര്‍ത്തും ആര്‍ഭാടവും ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങിയ ലളിതജീവിതം നയിക്കുക. അടു ത്ത തലമുറയെ അതിനായി അഭ്യസിപ്പിക്കുക.

* ഏറ്റവും കുറച്ച് ഊര്‍ജം ഉപയോഗിക്കുന്നതും പാഴ്‌വസ്തുക്കള്‍ ഉത്പാദിപ്പിക്കാത്തതുമായ ജീവിതശൈലിയിലേക്ക് മാറുക.

* എല്ലാവിധത്തിലും ഉത്തമമായ സൈക്കിള്‍ സംസ്‌കാരം പ്രോ ത്സാഹിപ്പിക്കുക.

* നാം വസിക്കുന്ന ഭൂമി വരും തലമുറയ്ക്ക് ഏറ്റവും സുരക്ഷിതമായി കൈമാറാനുള്ള ഉത്തരവാദിത്വബോധം ഉള്‍ക്കൊണ്ടു മാ ത്രം പ്രവര്‍ത്തിക്കുക.

* ഭൂമി നമ്മുടെ മാത്രമല്ല, സഹജീവികള്‍ക്കും കൂടിയുള്ളതാണെന്ന് ബോധ്യത്തോടെ എല്ലാജീവജാലങ്ങളോടും കരുണയുള്ളവരാകുക.

* ആത്യന്തിക പരിഹാരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള മാലിന്യരഹിത ലളിത ജീവിതം തന്നെ.

മുന്നോട്ട് എങ്ങനെ?

ആഗോളതാപനത്തിന്റെയും കാ ലാവസ്ഥാവ്യതിയാനത്തിന്റെയും തിക്തഫലങ്ങള്‍ കേരളത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തോടെ പ്രത്യക്ഷത്തില്‍ നാം അനുഭവിച്ചുകഴിഞ്ഞു. ഓരോമേഖലയിലേയും നമ്മുടെ പ്രളയാനന്തര പുനര്‍ നിര്‍മാണവും ഭാവിവികസനവും കാര്‍ബണ്‍ തുലിതം(കാര്‍ബണ്‍ ന്യൂട്രല്‍) അളക്കേണ്ടതുണ്ട്. അതായത് ഓരോ വികസനപ്രവര്‍ത്തനത്താലും പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവു തിട്ടപ്പെടുത്തി അത്രതന്നെ കാര്‍ബണ്‍ പ്രകൃതിയില്‍ നിന്ന് ആഗീരണം ചെയ്യാനുള്ള സൗകര്യമൊരുക്കണം.

കേരളം കാര്‍ബണ്‍ തുലിതമാക്കുക

2030 ആകുമ്പോഴേക്കും സ മ്പൂര്‍ണ കാര്‍ബണ്‍ തുലിത സംസ്ഥാനമായി കേരളത്തെമാറ്റണമെന്നാണ് നിര്‍ദേശം. വയനാട് ജില്ലയിലെ മീനങ്ങാടിയെ കാ ര്‍ബണ്‍ തുലിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ മാതൃ ക സംസ്ഥാന വ്യാപകമായി നടപ്പാക്കണം. ആദ്യപടിയായി നിലവിലെ ഹരിത വാതകങ്ങളുടെ അളവു കണ്ടെത്തണം. അതിനുശേഷം സസ്യജാലങ്ങളിലും മണ്ണിലുമായി ശേഖരിക്കപ്പെട്ടിട്ടുള്ള കാര്‍ബണിന്റെ അളവും കണ്ടെത്തണം.

ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരം വൈദ്യുതവാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന്റെ വേഗം വര്‍ധിപ്പിക്കണം. സിഎന്‍ജി, എല്‍എന്‍ജി എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. സൗരോര്‍ജത്തിലേക്കു മാറണം. കാര്‍ബണ്‍ ന്യൂട്രല്‍ സം സ്ഥാനമാകാന്‍ വ്യക്തമായ കാര്യപരിപാടികള്‍ തയാറാക്കണം.

കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍

രൂക്ഷമാകുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും, പരിസരമലിനീകരണവും, ഹരിതഗൃഹവാതകങ്ങളു ടെ പുറന്തള്ളലും കാര്‍ഷികമേഖലയ്ക്കും മനുഷ്യരാശിയുടെ നിലനില്പിനുതന്നെയും ഭീഷണിയായിക്കൊണ്ടിരിക്കുന്നു. ഇവ പ്രത്യക്ഷമായി കൂടുതല്‍ ബാധിക്കുന്നത് കാര്‍ഷികമേഖലയെയാണ്. രൂക്ഷമാകുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍, ഇടിമിന്നലുകള്‍, കാലം തെറ്റിയുള്ള പേമാരി, വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വേനല്‍, വരള്‍ച്ച, ജലക്ഷാമം, മരുഭൂമിവത്കരണം, കൃഷിനാശം, ഭക്ഷ്യപ്രതിസന്ധി, ജൈവവൈവിധ്യശോഷണം, കള- കീടരോഗാണുക്കളുടെ പരിണാമങ്ങള്‍ എല്ലാം തന്നെ ഇതിന്റെ പ്രത്യക്ഷമായ ലക്ഷണങ്ങളാണ്. കൃഷിഭൂമിയുടെ ലഭ്യതകുറയുക, മണ്ണിന്റെ ഉത്പാദനക്ഷമത കുറയുക, ധാന്യം, പാല്‍, മാം സാദി ഭക്ഷ്യോത്പാദനം കുറയുക, ഭക്ഷ്യപ്രതിസന്ധി ഉണ്ടാകുക ഇതെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങളാണ്. ശുദ്ധജല ദൗര്‍ലഭ്യം രൂക്ഷമാകും. ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കും.


ഡോ. പി.പി. ജോയി
മുന്‍ പ്രഫസര്‍, അഗ്രോണമി, കേരള കാര്‍ഷിക സര്‍വകലാശാല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 94460 10905, 88480 96306