മലയാള സർവകലാശാല എംഎ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല 2019 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃകപഠനം, ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതിപഠനം, തദേശവികസന പഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നി പത്ത് എം.എ. കോഴ്സുകൾക്കു 2019 മേയ് പതിനഞ്ചിനകം അപേക്ഷ സമർപ്പിക്കണം. മേയ് 30നു രാവിലെ 8.30 മുതൽ ഉച്ചക്കു ഒന്നുവരെ എറണാകുളം, തിരൂർ (സർവകലാശാല കാന്പസ്), കോഴിക്കോട്, എന്നി മൂന്നു കേന്ദ്രങ്ങളിൽ വച്ച് പരീക്ഷ നടക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 20 ശതമാനം ഒറ്റവാക്കിലുള്ള ചോദ്യങ്ങളും 80 ശതമാനം വിവരണാത്മക രീതിയിലുമുള്ള ചോദ്യങ്ങളുമായിരിക്കും. ഒന്നാംഘട്ട പ്രവേശനം ജൂണ്‍ 17നു ആരംഭിക്കും. ഇരുപതു പേർക്കാണ് ഓരോ കോഴ്സിലും പ്രവേശനം. നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സുകൾക്കു ഏതെങ്കിലും വിഷയത്തിലെ ബിരുദവും എംഎസ്സി പരിസ്ഥിതി പഠനത്തിനു അംഗീകൃത സയൻസ് ബിരുദവുമാണ് അടിസ്ഥാനയോഗ്യത. അപേക്ഷകർക്കു 2019 ഏപ്രിൽ ഒന്നിനു 28 വയസു കഴിയാൻ പാടില്ല. (പട്ടികജാതിവർഗം, ഭിന്നശേഷിയുളളവർ എന്നിവർക്കു 30 വയസ്). വയസിളവ്, സംവരണാനുകൂല്യത്തിനു അർഹതയുള്ളവർ അതു തെളിയിക്കുന്നതിനുള്ള രേഖകൾ, നോണ്‍ക്രിമിലയർ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും. ഒരാൾക്കു പരമാവധി മൂന്നു കോഴ്സുകൾക്കു പ്രവേശന പരീക്ഷയെഴുതാം. സാഹിത്യരചനാ കോഴ്സിനു അപേക്ഷിക്കുന്നവർ അഞ്ചു പുറത്തിൽ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കണം.
ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നൽകാം. അപേക്ഷാ ഫീസ് കോഴ്സ് (ഒന്നിന്) 350 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) 700 രൂപ, (പട്ടികജാതിവർഗ, ഭിന്നശേഷിയുള്ളവർ കോഴ്സ് (ഒന്നിന്) 150 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) 300 രൂപ) എസ്ബിഐ തിരൂർ ടൗണ്‍ ശാഖയിലുള്ള സർവകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്കു പണമടച്ച് യുടിആർജേർണൽ നന്പർ വിവരങ്ങൾ അപേക്ഷയിൽ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അയക്കുന്പോൾ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാൻ ചെയ്ത് സമർപ്പിക്കണം. വെബ്സൈറ്റിൽ നിന്നു അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ടു അപേക്ഷ നൽകുന്നവർ ഫീസ് തുക തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ എന്ന പേരിൽ ഡിഡി ആയി നൽകണം. വിവരങ്ങൾക്കു സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക.