കുസാറ്റ്: ക്യാറ്റ് 2024 ഫലം പ്രസിദ്ധീകരിച്ചു
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അഖിലേന്ത്യാതലത്തിൽ യുജി / പിജി പ്രോഗ്രാമുകൾക്കായി മേയ് 10, 11, 12 തീയതികളിൽ നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റി (ക്യാറ്റ് 2024) ന്റെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലമറിയാൻ https://admissions.cusat.ac.in സന്ദർശിക്കുക. ഫോൺ: 04842577100.
ബിടെക്/ ബിലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷന് രജിസ്ട്രേഷൻ ഈമാസം പത്തിന് ആരംഭിക്കും. ഇന്റഗ്രേറ്റഡ് എംഎസ്സി/ എംഎസ്സി/ എംസിഎ/ ബിബിഎ/ ബികോം എല്‍എല്‍ബി പ്രോഗ്രാമുകൾക്കുള്ള ഓപ്ഷന് റീ അറേഞ്ച്മെന്റിനുള്ള അവസരം ഈ മാസം ഒന്‍പത് വരേയാണ്. വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിന്‍ ചെയ്ത് ഓപ്ഷന് റീഅറേഞ്ച് ചെയ്യണം.
ബിടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷയിൽ തൃശൂർ പൂങ്കുന്നം സ്വദേശി എസ്. ശിവറാം ഒന്നാം റാങ്ക് നേടി. പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക് തൃശൂർ ദേശമംഗലം സ്വദേശി കെ. അനൂപിനാണ്. പട്ടികവർഗ വിഭാഗത്തിൽ ഇടുക്കി മലയിഞ്ചി സ്വദേശി സി.ബി. രോഹിത് ഒന്നാം റാങ്ക് നേടി
ബിബിഎ എൽഎൽബി/ ബികോം എൽഎൽബി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയിൽ മലപ്പുറം ഒഴുകൂർ സ്വദേശി എൻ. നിദ ഫാത്തിമ ഒന്നാം റാങ്ക് നേടി.
അഞ്ചു വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ്, എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് തൃശൂർ പുന്നയൂർക്കുളം സ്വദേശി അമൽ റോഷിനാണ് ഒന്നാം റാങ്ക്.