നിയമത്തിന്റെ വഴിക്കു പോകണോ?
കിരൺ ജെ.കെ.വി.
കോടതിമുറിയില്‍ കത്തിക്കയറുന്ന കഥാപാത്രങ്ങളെ സിനിമകളില്‍ പലരും ആരാധിച്ചിട്ടുണ്ടാകും. അത്തരം നിമിഷങ്ങളില്‍ യഥാര്‍ഥ ജീവിതത്തിലൊരു അഭിഭാഷകനായാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുണ്ടാകാം. പക്ഷേ, ഈ തീപ്പൊരി അണയാതെ കാക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്. നിയമമേഖല നിങ്ങള്‍ക്ക് ചേര്‍ന്നതാണോയെന്ന ചോദ്യം സ്വയം ചോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നീതിയും ന്യായവും പുലര്‍ന്നു കാണാനുള്ള ഉഗ്രമായ മോഹമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഓരോ ചങ്കിടിപ്പിലും ഉണ്ടാവേണ്ടത്. മറ്റുള്ളവരുടെ ദൃഷ്ടിയില്നിന്നു വഴുതിപ്പോകുന്ന സൂക്ഷ്മാംശങ്ങള്‍ കാണാനും വരികള്‍ക്കിടയില്‍ വായിക്കാനും ചിതറിത്തെറിച്ചു പോയ ചീളുകളെ ചേര്‍ത്തുവച്ചു വ്യാഖ്യാനിക്കാനും കഴിയുന്നവര്‍ ലീഗല്‍ പ്രഫഷന് പാകമായ വ്യക്തിത്വങ്ങളാണ്. ഇവയ്ക്കൊപ്പം ആശയവിനിമയ ചാതുരിയും ശ്രദ്ധയോടെ കേള്‍ക്കാനുള്ള ക്ഷമയും അനുനയ പാടവവും വേണ്ടവണ്ണം ചേര്‍ന്നാല്‍ നിയമമേഖലയിലേക്കൊരു വിജയവഴി വെട്ടാന്‍ കഴിഞ്ഞേക്കും.
ആദ്യപടി എന്ത്?
നിയമവിദ്യാഭ്യാസത്തിന് അനവധി കൈവഴികളുണ്ട്. വൈവിധ്യമാര്‍ന്ന കഴിവുകള്‍ ആവശ്യമായി വരുന്ന, ഫൗണ്ടേഷണല്‍ നിയമബിരുദങ്ങള്‍ മുതല്‍ അഡ്വാന്‍സ്ഡ് സ്പെഷലൈസേഷനുകള് വരെ സമ്പന്നമാക്കുന്ന വിശാലഭൂമികയാണിത്. നമ്മുടെ കരിയര്‍ ലക്ഷ്യങ്ങളുമായി ഏറ്റവും ചേര്‍ന്നുനടക്കുന്ന മേഖല കണ്ടെത്തുകയാണു ചെയ്യേണ്ടത്.
ഓപ്ഷനുകള്‍ എന്തൊക്കെ?
1) എല്‍എല്‍ബി (LLB)
മൂന്ന് വര്‍ഷത്തെ കോഴ്സാണിത്. ഏതെങ്കിലും ബിരുദമാണ് യോഗ്യത. ഇന്ത്യയില്‍ നിയമജ്ഞനായി പ്രാക്ടീസ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഫൗണ്ടേഷണല്‍ ഡിഗ്രിയാണ് ഇത്. കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ, ക്രിമിനല്‍ ലോ, ഫാമിലി ലോ എന്നിങ്ങനെ പലതും പഠിക്കാനുണ്ട് ഈ കോഴ്സില്‍. വിമർശനാത്മക ചിന്താശൈലിയും വിശകലന ന്യായവാദവും അടങ്ങുന്ന കൈമാറ്റം ചെയ്യാവുന്ന കഴിവുകൾ (transferable skills) തുടർപഠനത്തിനുള്ള ആത്മവിശ്വാസമേകും. ഭാവിയിൽ LLM, PhD in Law ഒക്കെ നേടാനുള്ള അടിത്തറ കെട്ടിയൊരുക്കുന്നത് ഇവിടെയാണ്.
2) ഇന്റഗ്രേറ്റഡ് ഡിഗ്രികള്‍ (BA LLB, BCom LLB, BBA LLB)
അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് പ്ലസ്ടു യോഗ്യതയാണു വേണ്ടത്. ആര്‍ട്സ്, ബിസിനസ്, കൊമേഴ്സ് എന്നീ വിഷയങ്ങളും നിയമബിരുദവുമായി സമന്വയിപ്പിച്ചുള്ള കോഴ്സാണിത്. അടിസ്ഥാന നിയമവിദ്യാഭ്യാസവും നിയമേതര മേഖലയുമായി ചേര്‍ത്തുവച്ചുള്ള പഠനം സമഗ്രമായി അറിവ് നല്‍കും. വിദ്യാര്‍ഥിയുടെ സ്കില്‍സ് മിനുക്കിയെടുക്കാന്‍ ഉതകുമെന്നതിനു പുറമേ, വിവിധ സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിയമം എങ്ങനെ പ്രയോഗിക്കാം എന്നതിനെ സംബന്ധിച്ചുള്ളൊരു പരന്ന കാഴ്ചയും നല്‍കും ഈ പഠനാനുഭവം.
3) ടാക്സേഷന്‍ ലോ ഡിപ്ലോമ
ഏതും രംഗത്ത് ബിരുദമുള്ളവര്‍ക്കും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിനു ചേരാം. ടാക്സ് പ്ലാനിംഗ്, ടാക്സ് കംപ്ലയന്‍സ്, ഡയറക്റ്റ് ടാക്സ്, ഇന്‍ഡയറക്ട് ടാക്സ് എന്നിവയെക്കുറിച്ചൊക്കെ പഠിപ്പിക്കുന്ന കോഴ്സ്. ഈ മേഖലയിലെ അറിവ് പ്രയോജനപ്രദമായേക്കാവുന്ന ഫിനാന്‍സ്, അക്കൗണ്ടിംഗ് പ്രഫഷണലുകള്‍ക്കും ഈ ഡിപ്ലോമ യോജിക്കും. അതിവേഗം മാറുന്ന നികുതിമേഖലയില്‍ ഉറച്ച പരിജ്ഞാനമുള്ള പ്രഫഷണലുകള്‍ക്ക് വ്യക്തികളെയും സര്‍ക്കാരിനെയും വന്‍കിട കമ്പനികളെയും ഇക്കാര്യത്തില്‍ ഉപദേശിക്കാനാകും.
4) സൈബര്‍ ലോ ഡിപ്ലോമ
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുത്തേക്കാവുന്ന ഡിപ്ലോമയാണിത്. യോഗ്യതയായി ഏതെങ്കിലും ബിരുദം മതിയാകും. ദിനംപ്രതിയെന്നോണം ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുകയറുന്ന സൈബര്‍ലോക ക്രമം ഇത്തരമൊരു മേഖലയ്ക്കു നല്‍കുന്നത് ശോഭനമായ ഭാവി തന്നെയാണ്. ഡിജിറ്റല്‍ ലോകത്തിന്റെ നിയമവശം പഠനവിധേയമാകുന്ന കോഴ്സില്‍ ഡാറ്റ പ്രൊട്ടക്ഷന്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇകൊമേഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം കടന്നുവരും.
5) മറ്റ് കോഴ്സുകള്‍
ഇവ കൂടാതെ ഓരോരുത്തരുടെയും താത്പര്യവും കഴിവും വിലയിരുത്തിയ ശേഷം തെരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍ വേറെയുമുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹ്യൂമന്‍ റൈറ്റ്സ് ലോ, പിജി ഡിപ്ലോമ ഇൻ എന്വയണ്മെന്റല് ലോ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ എന്നിവയും പരിഗണിക്കാവുന്നതാണ്. നമ്മുടെ രാജ്യത്തിന്റെ ചലനാത്മകമായ നീതിന്യായ ഭൂമികയിൽ സംതൃപ്തിയും അഭിമാനവും നല്കുന്ന ഭാവി നിർമിച്ചെടുക്കാന്‍ ഇത്തരം കോഴ്സുകളിലൂടെ സാധിക്കും.