വൈവിധ്യങ്ങളിലേക്ക് തുറക്കുന്ന ഹ്യുമാനിറ്റീസ്
“ഹ്യുമാനിറ്റീസ് പഠിച്ചിട്ട് എന്ത് ചെയ്യാനാണ്”? പ്ലസ് ടുവിന് സയന്‍സോ കൊമേഴ്സോ എടുക്കാതെ വഴിമാറി സഞ്ചരിക്കുന്നവര്‍ ഈ ചോദ്യം എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടാകും. ഹ്യുമാനിറ്റീസ് എടുക്കാനുള്ള തീരുമാനം പലരുടെയും നെറ്റി ചുളിയാന്‍ ഇടയാക്കുമെങ്കിലും കഴിവുള്ളവര്‍ക്ക് വിജയകരമായ കരിയറുകള്‍ കരസ്ഥമാക്കുന്നതിനോ സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതിനോ ഇത് തടസമാകാറുമില്ല. ആവേശമുണര്‍ത്തുന്ന സാധ്യതകളിലേക്കുള്ള വാതിലുകള്‍ തുറക്കാന്‍ ഹ്യുമാനിറ്റീസിന് തീര്‍ച്ചയായും കഴിയും. വൈവിധ്യം നിറഞ്ഞതും സംതൃപ്തി പകരുന്നതുമായ ഏതാനും കരിയര്‍ സാധ്യതകള്‍ ഇവയാണ്.
നിയമം
സമൂഹത്തിനു മുന്നില്‍ അഭിമാനവും വ്യക്തിജീവിതത്തില്‍ ആത്മവിശ്വാസവും പകരുന്ന തൊഴില്‍മേഖല. വിശകലനാത്മക ചിന്തയും ആശയവിനിമയ പാടവവും സ്വാധീനശേഷിയും ആകര്‍ഷകമായ വ്യക്തിത്വവും സര്‍വോപരി ആത്മവിശ്വാസവും കൈമുതലായുള്ളവര്‍ക്ക് യോജിക്കും. യുക്തിപരമായ ന്യായവാദങ്ങള്‍ നിരത്താനും സമയം മികച്ച രീതിയില്‍ ഉപയോഗിക്കാനുമൊക്കെ പരിശീലിക്കുകയാണെങ്കില്‍ ബിഎ എല്‍എല്‍ബി നല്ല ഓപ്ഷനാണ്. കോര്‍പറേറ്റ് ലോ മുതല്‍ ഹ്യൂമന്‍ റൈറ്റ്സ് വരെ നീളുന്ന സ്പെഷലൈസേഷനുകളുള്ള മേഖലയില്‍ മികച്ച തൊഴില്‍ കണ്ടെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കണ്ടന്റ്/കോപ്പി റൈറ്റിംഗ്
സമൂഹമാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെയും പ്രളയമാണ് ലോകമെമ്പാടും. അക്കൂട്ടത്തില്‍ വേറിട്ടു നില്ക്കുന്ന, അല്ലെങ്കില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതോ മനസില്‍ തങ്ങുന്നതോ ആയ ആശയങ്ങള്‍ പടച്ചുവിടാന്‍ കഴിയുന്നത് വലിയൊരു കഴിവാണ്. ഇത്തരത്തിൽ കഴിവുകളുള്ളവര്‍ക്ക് ബിസിനസുകള്‍ക്ക് വേണ്ടി കണ്ടന്റ് സ്ട്രാറ്റജി തയാറാക്കാം. നിരവധി പ്ലാറ്റ്ഫോമുകളില്‍ ഒരു കമ്പനിയെ വിജയകരമായി അവതരിപ്പിക്കുക, കസ്റ്റമേഴ്സിനെ നേടിയെടുക്കുക എന്നതെല്ലാം ചില്ലറ കാര്യങ്ങളല്ല. വാക്കുകള്‍കൊണ്ട് അമ്മാനമാടാനും വിസ്മയിപ്പിക്കാനും ശേഷിയുണ്ടെങ്കില്‍ പരസ്യങ്ങളില്‍ തെളിയുന്ന ആകര്‍ഷകമായ വാക്യങ്ങള്‍ ഒരുക്കുന്ന കോപ്പിറൈറ്റിംഗും പരീക്ഷിക്കാവുന്നതാണ്.
സോഷ്യോളജി
ഹ്യുമാനിറ്റീസ് പഠിച്ചവര്‍ക്ക് കഴിവ് തെളിയിക്കാവുന്ന മറ്റൊരു മേഖലയാണിത്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ മനസിലാക്കാനും നേരിടാനും താത്പര്യമുള്ളവര്‍ക്ക് ഇണങ്ങുന്നൊരു മേഖലയായാണ് ഇതിനെ പൊതുവേ കണക്കാക്കുന്നത്. സോഷ്യോളജി ബിഎ പാസാകുന്നവര്‍ക്ക് സോഷ്യല്‍ റിസര്‍ച്ച്, കമ്യൂണിറ്റി ഡെവലപ്മെന്റ്, പബ്ലിക് പോളിസി എന്നിവയുമായി ബന്ധപ്പെട്ട കരിയറുകള്‍ ഭാവിയില്‍ ലഭിക്കാം. അധ്യാപനത്തിനു പുറമേ പോളിസി അഡ്വൈസര്‍, പോളിസി അനലിസ്റ്റ്, സോഷ്യല്‍ റിസേര്‍ച്ചര്‍, സോഷ്യല്‍ വര്‍ക്കര്‍, കമ്യൂണിറ്റി ഡെവലപ്പര്‍, ക്രൈം അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലും ഇവര്‍ ജോലി ചെയ്യാറുണ്ട്.
ജേര്‍ണലിസം
അറിയാനും അറിയിക്കാനും താല്പര്യമുള്ളവര്ക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു കൈ നോക്കാവുന്നതാണ്. അല്പസ്വല്പം എഴുതാനുള്ള കഴിവ് കൂടിയുണ്ടെങ്കില്‍ ഈ ഫീല്‍ഡില്‍ തിളങ്ങാം. പരമ്പരാഗത മാധ്യമങ്ങളായ പ്രിന്റ്, ടെലിവിഷന്‍ എന്നിവയ്ക്കു പുറമേ ഡിജിറ്റല്‍ രംഗത്തും അവസരങ്ങള്‍ ധാരാളം.
ഹോട്ടല്‍ മാനേജ്മെന്റ്
ഹ്യുമാനിറ്റീസുകാര്‍ക്ക് പരിഗണിക്കാവുന്ന മറ്റൊരു ഓപ്ഷനാണിത്. ഹോസ്പിറ്റാലിറ്റി മേഖലയോട് താല്പര്യമുണ്ടെങ്കില് ഹോട്ടല്‍ മാനേജ്മെന്റ് ഒരു ഗ്ലോബല്‍ കരിയറിലേക്കുള്ള ചവിട്ടിപടിയായേക്കാം. സത്യത്തില്‍ ഏത് സ്ട്രീമില്‍ നിന്നുള്ളവര്‍ക്കും പോകാവുന്ന കോഴ്സാണിത്. എന്നിരുന്നാലും, ഈ മേഖലയ്ക്ക് ആവശ്യമായ കമ്യൂണിക്കേഷന്‍ സ്കില്ലും പ്രശ്നപരിഹാര ശേഷിയും ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ളവരിൽ കൂടുതലായി കണ്ടുവരാറുണ്ട്.
മറ്റു മേഖലകള്‍
ഇവയെ കൂടാതെ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യമുള്ളവര്‍ക്ക് ഹ്യുമാനിറ്റീസ് ഇണങ്ങും. ടീച്ചിംഗ്, ഫാഷന്‍, ഇന്റീരിയര്‍ ഡെക്കറേഷന്, കാറ്ററിംഗ് ടെക്നോളജി എന്നിവയൊക്കെ സാധ്യതകളാണ്. പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 26 കോംബിനേഷനുകള്‍ ലഭിക്കും. സ്വന്തം അഭിരുചിക്ക് ഇണങ്ങുന്ന കോംബിനേഷന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുകയും ഭാവിസാധ്യതകളെക്കുറിച്ച് ധാരണ രൂപീകരിച്ചു മുന്നോട്ടുപോകുകയും ചെയ്താല്‍ വിജയം ഉറപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.hseportal.kerala.gov.in /public/aprsl/1/1.
കിരൺ ജെ.കെ.വി.