ജാമിഅ മില്ലിയ സർവകലാശാലയിൽ ഫീസ് കുത്തനേ കൂട്ടി
ന്യൂഡൽഹി: അടുത്ത അധ്യയനവർഷത്തേക്കുള്ള വിദ്യാർഥികളുടെ ഫീസ് കുത്തനേ കൂട്ടി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല. വിവിധ കോഴ്സുകളിലെ ഫീസുകളിൽ 16 മുതൽ 41 ശതമാനം വരെയാണ് വർധന വരുത്തിയത്.
വിദേശ ഭാഷകൾ പഠിപ്പിക്കുന്ന കോഴ്സുകളിലാണ് ഏറ്റവുമധികം വർധനയുണ്ടായിട്ടുള്ളത്. പേർഷ്യൻ ഭാഷാവിഭാഗത്തിലെ പ്രതിവർഷ ട്യൂഷൻ ഫീസ് 6700 രൂപയിൽനിന്ന് ഒറ്റയടിക്ക് 9475 രൂപയായി ഉയർന്നപ്പോൾ അറബിക് വിഭാഗത്തിന്റെ വാർഷിക ഫീസ് 7200 രൂപയിൽനിന്ന് 9875 രൂപയായും വർധിപ്പിച്ചു. പേർഷ്യൻ ഭാഷാവിഭാഗത്തിലെ വിദ്യാർഥിഫീസിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41.41 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.
പൊളിറ്റിക്കൽ സയൻസിലെ എംഎ, ബിഎ (ഓണേഴ്സ്), നാല് വർഷ ബിഎ (മൾട്ടിഡിസിപ്ലിനറി), ബികോം (ഓണേഴ്സ്) തുടങ്ങിയ സാമൂഹ്യശാസ്ത്ര പ്രോഗ്രാമുകളുടെ ഫീസുകളിൽ 32.99 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞവർഷത്തെ 7425 രൂപയിൽനിന്ന് ഈ പ്രോഗ്രാമുകളുടെ പ്രതിവർഷ ഫീസ് 9875 രൂപയായി ഉയർത്തിയപ്പോൾ ബിഎസ്സി (മൾട്ടി ഡിസിപ്ലിനറി), ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതിക ശാസ്ത്രം തുടങ്ങിയ സയൻസ് പ്രോഗ്രാമുകളുടെ പ്രതിവർഷ ഫീസ് 7800 രൂപയിൽനിന്ന് 10475 രൂപയായും വർധിച്ചു.
പ്രഫഷണൽ കോഴ്സുകളിൽ ബിടെക് കോഴ്സിന്റെ ഫീസ് പ്രതിവർഷം 16150 രൂപയിൽനിന്ന് 19225 ആയപ്പോൾ എംടെക്കിന്റെ പ്രതിവർഷ ഫീസ് 16.48 ശതമാനം ഉയർന്ന് 21375 രൂപയായി. നിയമപഠന പ്രോഗ്രാമുകളുടെ പ്രതിവർഷ ഫീസ് 15000 രൂപയിൽനിന്ന് 17850 രൂപയായും ഉയർന്നിട്ടുണ്ട്. അതിനിടെ സർവകലാശാല 14 പുതിയ കോഴ്സുകളും പുതിയ അധ്യയനവർഷത്തിലേക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.