ഭിന്നശേഷിമേഖലയിൽ പ്രഫഷണലാകാം: നിപ്മറിൽ പുതിയ കോഴ്സ്
തൃശൂർ: റീഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ മെൽബണ്‍ സർവകലാശാലയുടെ സഹകരണത്തോടെ നിപ്മറിൽ കമ്യൂണിറ്റി ബേസ്ഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് (സിബിഐഡി) കോഴ്സ് ആരംഭിക്കുകയാണെന്നു മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ആറുമാസം ദൈർഘ്യമുള്ളതാണു സർട്ടിഫിക്കറ്റ് കോഴ്സ്.
ഭിന്നശേഷിമേഖലയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ സർക്കാർ ഏജൻസികളെയും സന്നദ്ധ സംഘടനകളെയും സഹായിക്കുന്നതിനുള്ള പ്രഫഷണൽ കേഡറായി വിദ്യാർഥിയെ മാറ്റലാണു കോഴ്സിന്റെ ലക്ഷ്യം.
20,000 രൂപയാണു ഫീസ്. 85 ശതമാനം ഹാജരുള്ള കുട്ടികൾക്ക് 18,000 രൂപയായി ഫീസിളവ് നൽകും. പത്താംക്ലാസ് പൂർത്തിയാക്കിയ പതിനെട്ടു വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്കു പ്രത്യേക പരിഗണന നൽകും. ആദ്യശ്രമത്തിൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാർക്കു നാലായിരം രൂപ റീഫണ്ടും ലഭിക്കും.
ഒരു ബാച്ചിൽ 40 സീറ്റുകളാണുള്ളത്. 28ന് ഉച്ചതിരിഞ്ഞു രണ്ടിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.nipmr.org.in വെബ്സൈറ്റിലും 9288099584 നന്പറിലും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.