വെർച്വൽ ലോകത്ത് കാവലൊരുക്കും തൊഴിലുകൾ
കിരണ്‍ ജെ.കെ.വി.
എന്തിനും ഏതിനും ഇന്റര്‍നെറ്റ് വേണമെന്നായപ്പോള്‍ തട്ടിപ്പുകളും ഓണ്‍ലൈനായി. ഇന്ന് ഭൗതികലോകത്തെ സുരക്ഷയോടൊപ്പമോ, അല്ലെങ്കില്‍ അതിലും അപ്പുറമോ പ്രാധാന്യമുള്ള ഒന്നായി സൈബര്‍ സുരക്ഷയെ ലോകം കാണുന്ന കാലമാണ്. സൈബര്‍ സെക്യൂരിറ്റി കോഴ്സുകള്‍ ചെയ്യുകയെന്നത് 2025ല്‍ വളരെ ബുദ്ധിപരമായ കരിയര്‍ നീക്കമാണ്.
അനുദിനം വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ്, ശമ്പളവര്‍ധനവിനുള്ള സാധ്യതകള്‍ എന്നിവ ഈ മേഖലയിലെ ജോലികളെ ആകര്‍ഷകമാക്കുന്നു. ആവശ്യമായ സ്കില്‍ ഉള്ളവരുടെ ലഭ്യത പൊതുവേ കുറവായ ഈ മേഖല കഴിവുള്ളവര്‍ക്ക് ശോഭിക്കാനുള്ള മികച്ചൊരിടം തന്നെയാണ്.
സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന ലോകത്ത് അവഗണിക്കാനാവാത്ത സ്ഥാനം സൈബര്‍ സെക്യൂരിറ്റിക്കുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍, ആരോഗ്യ സേവന വ്യവസായം, റീട്ടെയ്ല്‍ ബിസിനസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ ആവശ്യമാണ്. ഈ മേഖലയിലെ ഏതാനും അവസരങ്ങള്‍ ഇവയാണ്.
സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്
സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളും ഡാറ്റയും സൈബര്‍ ഭീഷണികളില്‍നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അനലിസ്റ്റുകള്ക്കാണ്. സുരക്ഷാ വിശകലന വിദഗ്ധര്‍ എന്നും പറയാം. ഏറ്റവും പുതിയ ഭീഷണികള്‍ എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ച് ഇവര്‍ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം. ഉചിതമായ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും അടിയന്തരഘട്ടങ്ങളില്‍ മനഃസാന്നിധ്യം കൈവിടാതെ പ്രതികരിക്കാനും ഇവര്‍ക്ക് കഴിയണം.
നെറ്റ്വര്‍ക്ക് സെക്യൂരിറ്റി എന്‍ജിനിയര്‍
സ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിന്റെ സുരക്ഷാ നടപടികളുടെ രൂപകല്പനയും സൈബര്‍ സുരക്ഷാ പ്രോട്ടോക്കോളുകളുടെ മേല്‍നോട്ടവും സുരക്ഷാ പിഴവുകള്‍, ലംഘനങ്ങള്‍ എന്നിവയുടെ കണ്ടെത്തലും ഇവരുടെ ഉത്തരവാദിത്വങ്ങളില്‍ ഉള്‍പ്പെടും. എപ്പോഴും ജാഗ്രതയോടെയിരിക്കേണ്ട ജോലിയായതിനാല്‍ സമ്മര്‍ദവും കൂടിയെന്നു വരാം. പ്രശ്ന പരിഹാരത്തിവുള്ള കഴിവ്, ആശയവിനിമയപാടവം, വിമര്‍ശനാത്മക ചിന്തയുമൊക്കെ ഈ മേഖലയില്‍ തിളങ്ങാന്‍ സഹായിക്കും.
സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ്
ഒരു സ്ഥാപനത്തിന് ഉണ്ടാകുന്ന സൈബര്‍ ഭീഷണികള്‍ വിലയിരുത്താനും ലഘൂകരിക്കാനും ചുമതലയുള്ള പ്രഫഷണലുകള്‍ ആണ് ഇവര്‍. സുരക്ഷാ ദൗര്‍ബല്യങ്ങള്‍ കൃത്യമായി തിരിച്ചറിയാനും മറുതന്ത്രങ്ങള്‍ ആവിഷ്കരിക്കാനും ബാധ്യതയുള്ള കണ്‍സള്‍ട്ടന്റുകള്‍ക്ക് നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, ഓപ്പറേറ്റിംഗ് സിസ്റ്റംസ്, ഡേറ്റാ ബേസുകള്‍, ക്ലൗഡ് ടെക്നോളജികള്‍ എന്നിവയെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടാകണം. പുതിയതായി ഉരുത്തിരിയുന്ന ഭീഷണികളെക്കുറിച്ച് ബോധവാന്മാർ ആയിരിക്കേണ്ടവരാണ് ഇവരും.
ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍
ഒരു സ്ഥാപനത്തിന്റെ സൈബര്‍ സുരക്ഷാ പ്രോഗ്രാം വികസിപ്പിച്ച്, നടപ്പാക്കി, നിലനിര്‍ത്തുന്നത് ഇവരാണ്. വളരെയേറെ സെന്‍സിറ്റീവ് ആയിട്ടുള്ള ഡാറ്റ സൈബര്‍ ഭീഷണികളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തുക വലിയ ഉത്തരവാദിത്വമാണ്.
മികച്ച സ്ഥാപനങ്ങള്‍
സൈബര്‍ സെക്യൂരിറ്റി കോഴ്സുകള്‍ പഠിക്കാന്‍ ധാരാളം മികച്ച സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. ഐഐടി (ഡല്‍ഹി), ഐഐടി (കാണ്‍പുര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (തിരുച്ചിറപ്പള്ളി), വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വെല്ലൂര്‍), ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (ഡല്‍ഹി), മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷണല്‍ ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി (ഗുജറാത്ത്) എന്നിവ കഴിവുറ്റ പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനങ്ങളാണ്.