ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും അംഗീകൃത പരീക്ഷാ ബോർഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം.
എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളൂ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷ തീയതി പിന്നീട് അറിയിക്കും.
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്. www.iftk.ac.in അല്ലെങ്കിൽ www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി മേയ് 31നകം അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാം.
പൊതുവിഭാഗത്തിന് 1,500 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിലൂടെ ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 04742547775, 9447710275, 04712560327.