രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്ലസ്ടു വിജയിച്ചതിനുശേഷം കേരളത്തിലെ സർവകലാശാലകളിൽ തുടർപഠനത്തിനായി എത്തുന്ന വിദ്യാർഥികൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങണമെന്നു പറയുന്നു. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ബിബിൻ ജോർജ്, ഈരാറ്റുപേട്ട.
കേരളത്തിനു പുറത്തുള്ള ഏതെങ്കിലും സംസ്ഥാനത്തെ സ്കൂൾ ബോർഡിൽനിന്ന് പന്ത്രണ്ടാം ക്ലാസ് ജയിച്ചശേഷം കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയിൽ ഉപരിപഠനത്തിന് ചേരുന്പോൾ ആ സർവകലാശാല പ്രസ്തുത ബോർഡ് അവാർഡ് ചെയ്തിട്ടുള്ള 12 ക്ലാസ് യോഗ്യത അംഗീകരിച്ചിട്ടുണ്ട് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് (Eligibility cerificate) ഹാജരാക്കിയാൽ മാത്രമേ ആ സർവകലാശായിൽ തുടർപഠനം സാധ്യമാകൂ. ഇവിടെ വിദ്യാർഥി ശ്രദ്ധിക്കേണ്ടത്, കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കുക അല്ല മറിച്ച് അയാൾ ഏതു സർവകലാശാലയുടെ കീഴിലുള്ള കോളജിലാണ് ചേരാൻ ആഗ്രഹിക്കുന്നത് ആ സർവകലാശാലയിൽനിന്ന് വിദ്യാർഥിക്ക് 12ാം ക്ലാസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള സ്കൂൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് സർവകലാശാല അംഗീകരിച്ചിട്ടുണ്ടാകണം.
ആയതിനാൽ ഓരോ സർവകലാശാലയും അവരുടേതു മാത്രമായ നിയമങ്ങളാണ് ഇത്തരം കോഴ്സുകൾ അംഗീകരിക്കുന്ന കാര്യത്തിൽ പിന്തുടരുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു സർവകലാശാലയിൽ അംഗീകാരം ഉണ്ടായിരുന്നു എന്ന കാരണത്താൽ ബാക്കിയുള്ള സർവകലാശാലകളിലും പ്രസ്തുത കോഴ്സിന് അംഗീകാരം ഉണ്ടാകും എന്ന് പറയാൻ കഴിയില്ല.
മറ്റു സംസ്ഥാനങ്ങളിലെ സ്കൂൾ ബോർഡുകൾ നൽകുന്ന 12ാം ക്ലാസിലെ സർട്ടിഫിക്കറ്റുകൾക്ക് കേരളത്തിലെ സർവകലാശാലകളിൽ അംഗീകാരം ഉണ്ടോയെന്ന് നേരത്തേ അറിയുന്നതിന് വഴികൾ ഉണ്ട്.
നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ ബോർഡുകളുടെ അംഗീകാരത്തെ സംബന്ധിച്ച് പരിശോധിച്ച് ഉറപ്പുവരുത്താനായി കൗണ്‍സിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ (സിഒബിഎസ്ഇ) വെബ്സൈറ്റിൽ കയറി ഇന്ത്യയിലെ സിഒബിഎസ്ഇ മെന്പർഷിപ്പുള്ള സ്കൂൾ ബോർഡുകളുടെ പേരുകൾ കൊടുത്തിട്ടുണ്ട്. അതിൽ ഉൾപ്പെടുന്നതാണ് ഒരാൾ പഠിക്കാൻ ഉദ്ദേശിക്കുന്ന സ്കൂൾ ബോർഡ് എങ്കിൽ ആ സ്കൂൾ ബോർഡിന് അംഗീകാരമുണ്ട്.
കേരളത്തിലെ സർവകലാശാലകൾ സിഒബിഎസ്ഇയുടെ അംഗീകാരം ഉള്ള എല്ലാ സ്കൂൾ ബോർഡുകൾക്കും ഉപരിപഠനം നടത്തുന്നതിന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകാറുണ്ട്. എന്നാൽ, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മിക്ക സംസ്ഥാനങ്ങളിലും ഒന്നിൽ കൂടുതൽ സ്കൂൾ ബോർഡുകൾ ഉണ്ടാകും. നമ്മുടെ സംസ്ഥാനമായ കേരളത്തിലും അത്തരം വ്യത്യസ്തങ്ങളായ സ്കൂൾ ബോർഡുകൾ ഉണ്ട്. ആ സ്കൂൾ ബോർഡുകൾക്ക് അതാത് സംസ്ഥാനത്ത് എല്ലാവിധ അംഗീകാരവും ഉണ്ടാകും. എന്നാൽ ഈ മുഴുവൻ സ്കൂൾ ബോർഡുകളും കൗണ്‍സിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇന്ത്യയിൽ മെന്പർഷിപ്പ് ഉള്ളവർ ആകണമെന്നില്ല.
ഈ സ്കൂൾ ബോർഡുകൾ എസ്റ്റാബ്ലിഷ് ചെയ്തിട്ടുള്ള സംസ്ഥാനത്തിനു പുറത്ത് ഈ സർട്ടിഫിക്കറ്റുമായി ഉപരിപഠനത്തിനു ശ്രമിക്കുന്പോഴാണ് അംഗീകാര പ്രശ്നം ഉണ്ടാകുക. അയതിനാൽ നിങ്ങൾ പഠിക്കുന്ന സ്കൂൾ കൗണ്‍സിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ മെന്പർഷിപ്പ് ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുക. അങ്ങനെ മെന്പർഷിപ്പ് ഉണ്ടെങ്കിൽ നിങ്ങളുടെ സ്കൂൾ ബോർഡിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ ഉപരിപഠനത്തിന് യാതൊരു തടസവും ഉണ്ടാകാറില്ല.
കൗണ്‍സിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എജുക്കേഷൻ ഇൻ ഇന്ത്യയുടെ വെബ്സൈറ്റ് (www.cobse.org.in).
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് ([email protected])