അവസരങ്ങൾ വറ്റാത്ത ലോജിസ്റ്റിക്സ് മേഖല
കിരൺ ജെ.കെ.വി.
ഒരു ബിസിനസ് സ്ഥാപനത്തിന്റെ വിജയത്തിൽ നിർണായക പങ്കുണ്ട് ലോജിസ്റ്റിക്സിന്. മനുഷ്യന്റെ നിലനിൽപ്പിന് അടിസ്ഥാനപരമായി ആവശ്യമുള്ള വസ്തുക്കൾ മുതൽ ജീവിതനിലവാരം ഉയർത്താനുതകുന്ന വസ്തുക്കൾ വരെ കാര്യക്ഷമതയോടെയും കൃത്യതയോടെയും ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും നാം പ്രാപ്തരായതിനു ശേഷമാണ് മുന്പെങ്ങുമില്ലാത്തവിധം സാന്പത്തിക വളർച്ച ലോകം കൈവരിച്ചത്. എല്ലാ ഉത്പാദകർക്കും അവരവരുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കുറ്റമറ്റ ചരക്കുഗതാഗത ശൃംഖലയെ ആശ്രയിച്ചേ തീരൂ.
അതീവ പ്രാധാന്യമുള്ള ഈ മേഖല മികച്ച തൊഴിലവസരങ്ങളുടെ കലവറയാണ്. യുഎസിലെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം 2022നും 2032നും ഇടയിൽ ലോജിസ്റ്റിക്സ് മേഖലയിലെ തൊഴിലവസരങ്ങൾ 18% വർധിക്കും. ഇകൊമേഴ്സിന്റെ വളർച്ചയും സങ്കീർണമായിക്കൊണ്ടിരിക്കുന്ന ചരക്കുഗതാഗത ശൃംഖലയും ഈ വളർച്ചയ്ക്ക് പിന്നിലുണ്ട്.
വിശകലനാത്മക ചിന്താശൈലിയും പ്രശ്ന പരിഹാരത്തിനുള്ള പാടവവും ആസൂത്രണ വൈഭവവും എല്ലാത്തിനുംപുറമേ സമ്മർദം തളർത്താത്ത മനസുമുണ്ടെങ്കിൽ ലോജിസ്റ്റിക്സ് മേഖലയിൽ ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. തൊഴിലവസരങ്ങൾ വറ്റാത്ത മേഖലയാണ് എന്നതിനാൽ ധൈര്യമായി കടന്നുചെല്ലുകയും ചെയ്യാം.
ഈ മേഖലയിൽ ഉന്നതപഠനം കഴിഞ്ഞാൽ ലഭിക്കാവുന്ന അവസരങ്ങളിൽ ചിലത് ഇവയാണ്:
ലോജിസ്റ്റിക്സ് അനലിസ്റ്റ്
കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതും ലാഭകരവുമായ തലത്തിലേക്ക് ബിസിനസിനെ കൊണ്ടെത്തിക്കുകയെന്ന ചുമതലയാണ് ഇവർക്കുള്ളത്. വലിയ കോർപറേറ്റുകൾ മുതൽ ചെറിയ ബിസിനസുകൾക്ക് വരെ ലോജിസ്റ്റിക്സ് അനലിസ്റ്റുകളെ ആവശ്യമാണ്. ലോജിസ്റ്റിക്സ്, പ്രൊഡക്ഷൻ പ്ലാനിംഗ് കണ്സപ്റ്റുകളെക്കുറിച്ച് അറിവ് ഇവർക്ക് വേണം. ഡാറ്റാബേസസ്, സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻസ്, ഡാറ്റാ മൈനിംഗ്, അനാലിസിസ് എന്നിവയിലെ പരിചയസന്പന്നതയും മുഖ്യം.
ഫ്ളീറ്റ് മാനേജർ
ഗതാഗത മേഖലയിലെ ലോജിസ്റ്റിക്സ് വിദഗ്ധരാണ് ഫ്ളീറ്റ് മാനേജർമാർ. ഗതാഗത സംവിധാനങ്ങളുടെ മേൽനോട്ടത്തോടൊപ്പം ഡെലിവറികളും ഷെഡ്യൂളുകളും ക്രമീകരിക്കുക, ചെലവുകൾ നിയന്ത്രിക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്വങ്ങളാണ്. സപ്ലയർമാരുമായുള്ള ചർച്ചകളും കന്പനിയുടെ ഇതരവിഭാഗങ്ങളുമായുള്ള ഏകോപനവും വേണ്ടിവരും. എല്ലാത്തരം ഗതാഗത നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതും ഫ്ളീറ്റ് മാനേജർമാർ ആണ്.
വെയർഹൗസ് ഓപ്പറേഷൻസ് മാനേജർ
ഉത്പന്നങ്ങൾ ശേഖരിച്ചുവെച്ചു വിതരണം ചെയ്യുന്ന ഏതൊരു കന്പനിക്കും വെയർഹൗസിന്റെ പ്രാധാന്യം അറിയാം. ഈ വിഭാഗത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ കഴിയുന്നവർക്ക് ഈ ജോലി യോജിക്കും. ജീവനക്കാരെ നിയന്ത്രിക്കുക, പ്രൊഡക്റ്റ് മൂവ്മെന്റ / സ്റ്റോറേജ് സിസ്റ്റങ്ങൾ ഒരുക്കുക, റിക്കാർഡുകൾ സൂക്ഷിക്കുക, വെയർഹൗസ് പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന പോളിസികൾ ഉണ്ടാക്കുകയും നടപ്പിക്കാലാക്കുകയും ചെയ്യുക എന്നിവയെല്ലാം വെയർഹൗസ് മാനേജറുടെ ഉത്തരവാദിത്തങ്ങളുടെ പരിധിയിൽ വരും.
വിദേശ പഠനം
ലോജിസ്റ്റിക്സ് മേഖലയിലെ വൈവിധ്യമേറിയ രീതികളും ട്രേഡ് നിയമങ്ങളും അടുത്തറിയാനും ആഗോള മാർക്കറ്റിനായി സ്വയം ഒരുക്കാനും വിദേശത്ത് പഠിക്കുന്നതാണ് അഭികാമ്യം. ഈ മേഖലയിലെ കോഴ്സുകൾ ചെയ്യാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും ഉചിതമായ രാജ്യങ്ങൾ യുകെ, ഫ്രാൻസ് എന്നിവയാണ്.
യൂറോപ്പിലെ രണ്ടാമത്തെ വലിയ ലോജിസ്റ്റിക്സ് മാർക്കറ്റ് ആണെന്നതും സമുദ്രാതിർത്തിയുള്ള അനേകം യൂറോപ്യൻ രാജ്യങ്ങളുമായി തൊട്ടുരുമ്മി നിലകൊള്ളുന്നുവെന്നതും ഫ്രാൻസിന് ഗുണകരമാണ്. പഠനകാലത്ത് ആകർഷകമായ നെറ്റ് വർക്കിംഗ് അവസരങ്ങളും ഒന്നര ലക്ഷത്തിലധികം ലോജിസ്റ്റിക്സ് കന്പനികളുടെ സാന്നിധ്യവും ഫ്രാൻസിനെ വേറിട്ടു നിർത്തുന്നുവെന്നതിൽ സംശയമില്ല. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു നിരന്തരം പുതുക്കപ്പെടുന്ന കോഴ്സ് കണ്ടന്റും ഇതോടൊപ്പമുണ്ട്.
യുകെയിൽ പഠനം
ഈ മേഖലയിൽ ശോഭനമായ ഭാവി മോഹിക്കുന്നവർക്ക് യുകെയിലെ സർവകലാശാലകൾ നല്ലൊരു ഓപ്ഷനാണ്. ആഗോള റാങ്കിംഗ് പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനങ്ങൾ നടത്തുന്ന ലോജിസ്റ്റിക്സ് പ്രോഗ്രാമുകൾ ആണ് രാജ്യത്തിന്റെ പ്രത്യേകത. ഇൻഡസ്ട്രിയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദഗ്ധരുടെ സഹായത്തോടെ തയാറാക്കിയ പാഠ്യപദ്ധതിയും ഇവിടെയുണ്ട്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ലൊക്കേഷനും ആഗോളവാണിജ്യ കേന്ദ്രങ്ങളിൽ പ്രധാനിയെന്ന സ്ഥാനവും ഇവിടുത്തെ സർവകലാശാലകൾക്ക് മൾട്ടിനാഷണൽ കന്പനികളുമായുള്ള പാർട്ട്ണർഷിപ്പുകളും ഇന്ത്യൻ വിദ്യാർഥികൾക്ക് ശുഭപ്രതീക്ഷയേകുന്ന ഘടകങ്ങളാണ്.