കിരൺ ജെ.കെ.വി.
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കാത്ത യുവാക്കൾ ഇന്ന് കേരളത്തിൽ കുറവാണ്. ഓരോ വർഷവും വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്നവരുടെ എണ്ണവും കൂടിവരുന്നു. പക്ഷേ ഉചിതമായ കോഴ്സ് തെരഞ്ഞെടുക്കേണ്ട ഘട്ടമെത്തുന്പോൾ പലരും കുഴങ്ങുന്നു. വ്യക്തിപരമായ അഭിരുചിയോടൊപ്പം തന്നെ അതിവേഗം മാറിമറിഞ്ഞു വരുന്ന ട്രെൻഡുകൾ സസൂക്ഷ്മം വീക്ഷിക്കേണ്ടതുണ്ട്. 2025ൽ ധൈര്യമായി കൈവയ്ക്കാവുന്ന മേഖലകൾ ഇവയാണ്.
ഡാറ്റാ സയൻസ് & അനലിറ്റിക്സ്
2025ലെ ലോകം വിലകൽപ്പിക്കുന്ന വസ്തുക്കളിൽ ഡാറ്റയ്ക്ക് പ്രഥമസ്ഥാനമുണ്ട്. സമൂഹത്തെയും വ്യക്തികളെയും വ്യാപാരസ്ഥാപനങ്ങളെയും സംബന്ധിക്കുന്ന ഡാറ്റ എന്പാടുമുണ്ട്. ഇത് ശേഖരിക്കാനും തരംതിരിക്കാനും ഉചിതമായ വിശകലനം നടത്താനും കഴിവുണ്ടെങ്കിൽ ഡാറ്റാ അനലിറ്റിക്സ് ഒരാൾക്ക് തൊഴിൽ സംതൃപ്തി നൽകുന്ന മേഖലയാണ്. ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, റിസ്ക് അനലിസ്റ്റ് എന്നീ ജോലികൾ ഭാവിയിൽ കരസ്ഥമാക്കാം. ഗണിതശാസ്ത്രത്തിലെ പ്രാവീണ്യത്തോടൊപ്പം കന്പ്യൂട്ടർ സയൻസ്, എൻജിനിയറിംഗ്, സ്റ്റാറ്റിസ്റ്റിക്സ് പശ്ചാത്തലമുള്ളവർക്ക് ഇവിടെ ശോഭിക്കാനാവും. ഡാറ്റ സയൻസിലെ വിശകലനാത്മകവും സാങ്കേതികവുമായ കണ്‍സെപ്റ്റുകൾ ഗ്രഹി്ക്കാൻ കഴിയുക അത്തരക്കാർക്കാവും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്
മനുഷ്യബുദ്ധിയെ എങ്ങനെ മെഷീനുകൾക്ക് അനുകരിക്കാം എന്നതിനെ സംബന്ധിക്കുന്ന വളരെ വിശാലമായ പഠനശാഖയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. സ്മാർട്ട് സ്പീക്കറുകൾ മുതൽ ഹൈടെക് കോഫി മേക്കറുകൾ വരെ സാധാരണ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറുന്ന തലത്തിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർന്നിരിക്കുന്നു. ഡാറ്റയിലെ പാറ്റേണുകൾ തിരിച്ചറിഞ്ഞ് ടാസ്കുകൾ സ്വയം ചെയ്യാൻ മെഷീനുകളെ പരശീലിപ്പിക്കുകയാണ് മെഷീൻ ലേണിംഗ് എന്ന ഉപവിഭാഗം ചെയ്യുന്നത്. പ്രോഗ്രാമിംഗ് ലാംഗ്വേജുകളിലുള്ള പ്രാവീണ്യം, ഗണിതവും സ്റ്റാറ്റിസ്റ്റിക്സും കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയോടൊപ്പം ക്രിട്ടിക്കൽ തിങ്കിംഗ് കൂടിയുണ്ടെങ്കിൽ എഐ റിസേർച്ചർ, മെഷീൻ ലേണിംഗ് എൻജിനിയർ, റോബോട്ടിക്സ് സ്പെഷലിസ്റ്റ് തുടങ്ങിയ കരിയറുകളിൽ തിളങ്ങാൻ കഴിയും.
സൈബർ സെക്യൂരിറ്റി
എല്ലാം ഓണ്‍ലൈനായ കാലത്ത് സൈബർ സുരക്ഷ എന്നത് നമ്മുടെ നാട്ടിലടക്കം നിത്യേന ചർച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിക്കഴിഞ്ഞു. 2023ൽ യുകെയിലെ 32% ബിസിനസുകളും ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം നേരിട്ടുവെന്നാണു കണക്ക്. രാജ്യത്തെ 69% വന്പൻ കന്പനികൾക്കും ഇതിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലാണെങ്കിൽ 2018ലുണ്ടായ മൊത്തം സൈബർ കുറ്റകൃത്യങ്ങളേക്കാൾ അധികം കേസുകൾ 2022ന്റെ ആദ്യ രണ്ടു മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ മേഖലയിൽ ലഭിക്കാവുന്ന മികച്ച ജോലികൾ സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജർ, എത്തിക്കൽ ഹാക്കർ എന്നിവയാണ്.
ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ്
അനവധി അവസരങ്ങളുള്ള മേഖലയാണ് ഹോസ്പിറ്റാലിറ്റിയും ടൂറിസം മാനേജ്മെന്റും. റസ്റ്ററന്റ് മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് എന്നീ മേഖലകൾക്കുപുറമേ ആരോഗ്യപരിപാലനമേഖലയിൽ വരെ ഹോസ്പിറ്റാലിറ്റി പ്രഫഷണലുകളെ ആവശ്യമുണ്ട്. ആളുകളുമായി മികച്ച ബന്ധങ്ങളുണ്ടാക്കാനും നിലനിർത്താനുമുള്ള കഴിവുള്ളവർക്ക് ഇവിടെ ബുദ്ധിമുട്ടുണ്ടാവുകയില്ല. മികച്ച കസ്റ്റമർ സർവീസ് നൽകാനും ടൈം മാനേജ്മെന്റിൽ വൈദഗ്ധ്യം പുലർത്താനും കഴിയണം. ഇതോടൊപ്പം അല്പം ബിസിനസ് ആഭിമുഖ്യവും സാന്പത്തിക ജ്ഞാനവും കൂടിയേ തീരൂ. അക്കോമോഡേഷൻ മാനേജർ, കേറ്ററിംഗ് മാനേജർ, കോണ്‍ഫറൻസ് സെന്റർ മാനേജർ, ഇവന്റ് മാനേജർ , റസ്റ്ററന്റ് മാനേജർ എന്നിങ്ങനെയുള്ള ജോലികളാവും മുഖ്യമായും ലഭിക്കുക.