ഞാനിപ്പോൾ പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയാണ്. പ്ലസ് ടു പഠനത്തിനുശേഷം ഏതെങ്കിലും നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ എൽഎൽബി പഠിക്കണമെന്നുണ്ട്. എന്റെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ആയതിനാൽ എനിക്ക് നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ എൻആർഐ കോട്ടയിൽ പ്രവേശനം ലഭിക്കുമോ? എൻആർഐ കോട്ടയിൽ പ്രവേശനം ലഭിച്ചതിനുശേഷം ക്ലാറ്റ് (CLAT) പരീക്ഷയിലെ റാങ്ക് അടിസ്ഥാനത്തിൽ മെറിറ്റ് കോട്ടയിൽ പ്രവേശനം ലഭിച്ചാൽ എൻആർഐ കോട്ടയിൽ ലഭിച്ച അഡ്മിഷൻ ക്യാൻസൽ ചെയ്തു മെറിറ്റ് കോട്ടയിലേക്ക് മാറാൻ കഴിയുമോ?
നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ എൻആർഐ കോട്ടയിൽ താങ്കൾക്ക് നിയമപഠനത്തിനായി പ്രവേശനം നേടാൻ അർഹതയുണ്ട്. കാരണം, താങ്കളുടെ പിതാവ് ഒരു നോണ് റസിഡൻഷ്യൽ ഇന്ത്യനാണ്. എൻആർഐ പ്രവേശനത്തിന് നാഷണൽ ലോ യൂണിവേഴ്സിറ്റികൾ നിഷ്കർഷിച്ചിട്ടുള്ള രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം എന്നുമാത്രം.
എന്നാൽ, വ്യത്യസ്തങ്ങളായ നാഷണൽ ലോ യൂണിവേഴ്സിറ്റികൾ ഓരോന്നും അവരുടേതു മാത്രമായ ചില നിയമങ്ങൾ എൻആർഐ കാറ്റഗറിയിൽ പ്രവേശനം നൽകുന്നതിന് പിന്തുടരുന്നുണ്ട്. എൻആർഐ സീറ്റുകളുടെ എണ്ണവും വ്യത്യാസമായിരിക്കും. എങ്കിലും പൊതുവേ എല്ലാ നാഷണൽ ലോ യൂണിവേഴ്സിറ്റികളും പിന്തുടരുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്.
എൻആർഐ വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്നതിന് പഠിതാവ് നാഷണൽ ലോ യൂണിവേഴ്സിറ്റികളിലെ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന ക്ലാറ്റ് പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട് . ന്യൂഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ എൻആർഐ അഡ്മിഷൻ ലഭിക്കാൻ ക്ലാറ്റ് പരീക്ഷ എഴുതേണ്ടതില്ല.
അപേക്ഷകന്റെ ക്ലാറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ നാഷണൽ ലോ യൂണിവേഴ്സിറ്റിയും റാങ്ക് ലിസ്റ്റ് പ്രത്യേകം തയാറാക്കി അതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. ക്ലാറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതോടൊപ്പം തന്നെയാണ് എൻആർഐ കോട്ട പ്രവേശനത്തിനുള്ള നടപടികളും ആരംഭിക്കുന്നത്.
ക്ലാറ്റ് പരീക്ഷയിൽ ഉയർന്ന സ്കോർ ലഭിക്കുന്നവരും ചിലപ്പോൾ എൻആർഐ കോട്ടയിൽ പ്രവേശനം നേടിയിട്ടുണ്ടാകും. ആ വിധത്തിൽ പ്രവേശനം നേടിയിട്ടുള്ളവർക്ക് പിന്നീട് റാങ്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിച്ചാൽ തീർച്ചയായും എൻആർഐ സീറ്റുകൾ റദ്ദ് ചെയ്ത് മെറിറ്റ് സീറ്റിലേക്ക് മാറാൻ സാധിക്കും.
വിവിധ നാഷണൽ ലോ യൂണിവേഴ്സിറ്റികൾ അവരുടേതു മാത്രമായ ചില നിയമങ്ങളും ചട്ടങ്ങളും ഈ വിധം പ്രവേശനം നേടുന്നതിന് പിന്തുടരാറുണ്ട്. അതുപോലെതന്നെ ക്ലാറ്റ് റാങ്കിന്റ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും നാഷണൽ ലോ യൂണിവേഴ്സിറ്റിയിലാണ് മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്നതെങ്കിലും എൻആർഐ പ്രവേശനം റദ്ദ് ചെയ്ത് മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനും അനുവാദം നൽകും.
വിനീത് വിശ്വനാഥൻ, വളാഞ്ചേരി