ഞാൻ ജനറൽ നഴ്സിംഗ് പാസായ ഒരു വിദ്യാർഥിയാണ്. ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും നഴ്സിംഗ് ജോലി ലഭിക്കുന്നതിനായി ശ്രമിക്കുന്നു. കേരള സർക്കാരിന്റെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് എന്ന സ്ഥാപനം നഴ്സിംഗ് ബിരുദധാരികളായ തൊഴിൽ അന്വേഷകർക്ക് വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിനാവശ്യമായ നൈപുണ്യപരിശീലനം നൽകുന്നുണ്ട് എന്ന് കേൾക്കുന്നു. എന്താണിതെന്ന് വിശദീകരിക്കാമോ?
ഷെർലി മാത്യു, ഇരിട്ടി
നമ്മുടെ സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ ഇടയിലെ തൊഴിൽ പ്രാഗൽഭ്യ കുറവ് പരിഹരിക്കുന്നതിനും അവർ പഠിച്ച മേഖലകളിൽ മികവ് തെളിയിച്ച് തൊഴിൽ മാർക്കറ്റിൽ അവരുടെ എംപ്ലോയബിലിറ്റി റേറ്റിംഗ് വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നൽകുന്നതിനും കേരള സർക്കാർ 2015 ജൂലൈയിൽ തിരുവനന്തപുരത്തെ കിൻഫ്ര (KINFRA) ഇന്റർനാഷണൽ അപ്പാരൽ പാർക്കിൽ ആരംഭിച്ച സ്ഥാപനമാണ് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് അഥവാ KASE എന്ന സ്ഥാപനം.
ഈ സ്ഥാപനത്തിനു കീഴിൽ വിവിധങ്ങളായ ഇന്റർനാഷണൽ സ്കിൽ ട്രെയിനിംഗ് ആൻഡ് എംപ്ലോയ്മെന്റ് പ്രോഗ്രാമുകൾ നടത്തിവരുന്നുണ്ട്. ഇതിൽ വളരെ പ്രാധാന്യത്തോടെ KASE നൽകുന്ന പ്രധാന പരിശീലന പ്രോഗ്രാം നഴ്സിംഗ് മേഖലയിലാണ്. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതീയുവാക്കൾക്ക് വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി ലഭിക്കുന്നതിനാവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതിനും അനുബന്ധ സ്കില്ലും കാര്യശേഷിയും വളർത്തിയെടുക്കുന്നതിനു പ്രത്യേകം ഉൗന്നൽ നൽകി ആരംഭിച്ചിട്ടുള്ളതാണ് KASEന് കീഴിലുള്ള നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് അഥവാ നൈസ് (NICE) എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീ ഉത്രം തിരുനാൾ ഹോസ്പിറ്റലുമായി ചേർന്നാണ് NICE പ്രവർത്തിക്കുന്നത്.
നഴ്സിംഗ് മേഖലയിൽ ബിരുദവും ഡിപ്ലോമയും പാസായ യുവതീയുവാക്കൾക്ക് നഴ്സിംഗ് കരിയറുമായി ബന്ധപ്പെട്ട വിവിധ തലത്തിലുള്ള അനുബന്ധ തൊഴിൽ നൈപുണ്യ വികസനം, ആശയവിനിമയത്തിനുള്ള കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ, കംപ്യൂട്ടർ അവബോധം ഉണ്ടാക്കുന്നതിനുള്ള വിവിധ പ്രോഗ്രാമുകൾ, ഇംഗ്ലീഷ് ഭാഷാ പരിചയം ഉൾപ്പെടെ വിവിധങ്ങളായ മേഖലകളിലാണ് ഈ സ്ഥാപനത്തിൽ പരിശീലനം നൽകുന്നത്. വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് സഹായിക്കുന്ന നോർക്കയുമായും കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻസ് കണ്സൾട്ടന്റ് (OPDEC) എന്ന സ്ഥാപനവുമായും ചേർന്ന് പ്രവർത്തിക്കുന്ന NICE ഇവിടെ പരിശീലനം നേടുന്ന നഴ്സുമാർക്ക് വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നഴ്സിംഗ് ജോലി ലഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിച്ചുനൽകുന്നു.
കൂടാതെ NICE നടത്തുന്ന പരിശീലന പ്രോഗ്രാമുകളിലെ കണ്ടന്റുകളും മോഡ്യൂളുകളും വിദേശരാജ്യങ്ങളിൽ അംഗീകാരമുള്ളവയാണ്. ആയതിനാൽ ഈ പ്രോഗ്രാമുകൾ പഠിച്ചു മികവ് നേടുന്നത് വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ പ്രധാനമായും ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട്, കാഷ്വാലിറ്റി ആൻഡ് പേഷ്യന്റ്സ് സേഫ്റ്റി, എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ, നഴ്സിംഗ് ആൻഡ് വർക്ക് എത്തിക്സ് തുടങ്ങിയ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ഇവയ്ക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റും NICE നൽകുന്നുണ്ട്.
കൂടാതെ മിനിസ്ട്രി ഓഫ് ഹെൽത്ത് അഥോറിറ്റി, ഖത്തർ മിനിസ്ട്രി ഓഫ് ഹെൽത്ത് തുടങ്ങിയവയുടെ യോഗ്യതാ പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് ഭാഷയിലും അറബി ഭാഷയിലും പ്രാവീണ്യം നേടുന്നതിന് അവസരമൊരുക്കുന്ന തരത്തിലുള്ള കന്പോണന്റുകളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താൽതന്നെ വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നഴ്സിംഗ് മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് സഹായകമാകുന്ന ആധികാരികവും സമഗ്രവുമായ ഒരു പഠനപദ്ധതിയാണ് NICE പഠിതാക്കൾക്ക് നൽകുന്നത്.
ബിഎസ്സി നഴ്സിംഗ്/ജിഎൻഎം നഴ്സിംഗ് ബിരുദമോ ഡിപ്ലോമയോ നേടിയവർ, രണ്ടുവർഷത്തിൽ കുറയാത്ത ബെഡ് സൈഡ് പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് NICE നടത്തുന്ന പരിശീലന പ്രോഗ്രാമിന് ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് NICEന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.niceacademy.net സന്ദർശിക്കുക.