അടുത്തകാലതായീ പല സർവകലാശാലകളും എംഎ എഡ്യുക്കേഷൻ എന്ന ബിരുദാനന്തര പ്രോഗ്രാം നൽകുന്നുണ്ട്. ഈ പ്രോഗ്രാം എംഎഡിന് (എഡ്യുക്കേഷൻ ) തുല്യമാണോ? ഇതു തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? എംഎ എഡ്യുക്കേഷൻ പ്രോഗ്രാം എംഎഡിന് തുല്യമായി ഇക്വലിൻസി സർട്ടിഫിക്കറ്റ് കേരളത്തിലെ സർവകലാശാലകൾ നൽകുമോ?
അരുണ്‍ കുമാർ, ചെറുതോണി, ഇടുക്കി.
എംഎ എഡ്യുക്കേഷനും എംഎഡ് (എഡ്യുക്കേഷൻ) തമ്മിൽ വലിയ വ്യത്യാസമുണ്ട്. പ്രോഗാമിന്റെ സ്വഭാവത്തിലുള്ള വ്യത്യാസം തന്നെയാണ് ഒന്നാമത്തേത്. എംഎഡ് (എഡ്യുക്കേഷൻ) എന്ന് പറയുന്നത് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷനും ( യുജിസി ), നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (എൻസിടിഇ ) അംഗീകരിച്ചിട്ടുള്ള സ്കൂൾ അധ്യാപകരാകുന്നതിനുള്ള ബാച്ചിലർ ഓഫ് ടീച്ചർ എഡ്യുക്കേഷൻ എന്നതിന്റെ ബിരുദാനന്തര ബിരുദമാണ്. ഇതൊരു പ്രഫഷണൽ ബിരുദാനന്തര ബിരുദവും ആണ്.
എംഎഡ് (എഡ്യുക്കേഷൻ )എന്നത് മുഖ്യമായും പ്രായോഗിക അധ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന നിലവാരത്തിലുള്ള പ്രായോഗിക പരിശീലനം നൽകുന്നതിലും അതിന് ആവശ്യമായ കരിക്കുലവും പഠന, പരീക്ഷാ സന്പ്രദായങ്ങളും ക്രമീകരിക്കപ്പെടുത്തിയിരിക്കുന്ന ഒരു പ്രഫഷണൽ പ്രോഗ്രാം ആണ്. നവീന ആശയങ്ങളിലുള്ള ഗവേഷണങ്ങളും വിദ്യാഭ്യാസത്തിന്റെ ആകെക്കൂടിയുള്ള രീതികളെയൊക്കെ സമഗ്രമായി പഠിക്കുന്ന പഠനപ്രക്രിയയാണ് എം എഡ് എഡ്യൂക്കേഷനിൽ ഉൾച്ചേരുന്നത്.
എന്നാൽ, എംഎ എഡ്യുക്കേഷൻ എന്നു പറയുന്നത് ഒരു നോണ്‍ പ്രഫഷണൽ ബിരുദാനന്തര ബിരുദമാണ്. ഈ ബിരുദാനന്തര ബിരുദം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ പരീക്ഷണങ്ങളെയും പരിവർത്തനങ്ങളെയും മുന്നേറ്റങ്ങളെയും മാറ്റങ്ങളെയും ഒക്കെ ഉൾച്ചേരുന്ന തരത്തിലുള്ള കരിക്കലും ഉൾക്കൊള്ളുന്ന പ്രോഗ്രാമാണ്.
യുജിസിയുടെ അംഗീകാരമുണ്ടാകും. എന്നാൽ, ടീച്ചർ എഡ്യുക്കേഷനെ നിയന്ത്രിക്കുന്ന നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്ന അപക്സ് ബോഡിയുടെ അംഗീകാരം ആവശ്യമില്ലാത്തതാണ് ഈ പ്രോഗ്രാം.
എംഎ എഡ്യുക്കേഷൻ എന്ന് പറയുന്നത് അധ്യാപനത്തിലെ പഴയതും പുതിയതുമായ തിയറികൾ പുതുതായി അധ്യാപന മേഖലയിൽ രൂപപ്പെട്ടിട്ടുള്ള പ്രവണതകൾ അതെങ്ങനെ പുതിയ വിദ്യാഭ്യാസ രീതിയിൽ ഉൾച്ചേർക്കാം എന്നതിനെ സംബന്ധിക്കുന്നതൊക്കെയായ കൂടുതലും തിയറികളായ പഠനമാണ്. പ്രായോഗിക പരിശീലനം കുറവുമാണ്. എന്നാൽ, ചില സർവകലാശാലകൾ പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം കൊടുത്ത് കാണുന്നുണ്ട്.
ആയതിനാൽ നമ്മുടെ രാജ്യത്തെ പ്രത്യേകിച്ചും കേരള സംസ്ഥാനത്തെ മിക്ക സർവകലാശാലകളും എംഎ എഡ്യുക്കേഷൻ എംഎഡ് ന് തുല്യമായ പ്രോഗ്രാം ആയി അംഗീകരിക്കുന്നില്ല. അതിനാൽ പൊതുവേ കേരളത്തിലെ സർവകലാശാലകൾ എംഎ എഡ്യുക്കേഷനെ എംഎഡിനു തുല്യമാ അംഗീകരിക്കുന്നില്ല. അതിന് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കില്ല.