ഡിസൈൻ പഠനം: എൻഐഡികളിൽ ഇപ്പോൾ അപേക്ഷിക്കാം
ബിബിൻ വർഗീസ്
പരന്പരാഗതമായ പതിവ് കോഴ്സുകളിൽനിന്നും മാറി, അനന്തമായ സാധ്യതകൾ നൽകിക്കൊണ്ട് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയാണ് ഡിസൈനിംഗ്. കേവലം ഫാഷൻ ഡിസൈൻ എന്നതിനപ്പുറം ഇന്നത്തെ ലോകത്ത് രൂപകല്പന വളരെ പ്രാധാന്യമുള്ളതിനാൽ ഇന്ത്യയിലും വിദേശത്തുമൊക്കെ വലിയ തൊഴിൽ സാധ്യതകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഡിസൈൻ പഠനത്തിനും ഗവേഷണത്തിനും ആഗ്രഹിക്കുന്നവർക്ക് പഠിക്കാൻ പറ്റിയ ശ്രദ്ധേയമായ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി), സ്വയംഭരണ അധികാരത്തോടെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിസ്), മാസ്റ്റർ ഓഫ് ഡിസൈൻ (എംഡിസ്) പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബിഡിസ്
എൻഐഡിയിലെ ഏറെ ശ്രദ്ധേയമായ നാലുവർഷ ബിരുദ പ്രോഗ്രാമാണ് ബിഡിസ്. അഹമ്മദാബാദിലെ പ്രധാന കാന്പസിന് പുറമേ ഹരിയാന, മധ്യപ്രദേശ്, ആസാം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ കാന്പസുകളിലും ബിഡിസ് പഠിക്കാം. കമ്യൂണിക്കേഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, ടെക്സ്റ്റൈൽ, അപ്പാരൽ, ലൈഫ് സ്റ്റൈൽ, & അക് സെസ്സറി ഡിസൈൻ എന്നീ ഫാക്കൽറ്റികളുടെ ഭാഗമായി അനിമേഷൻ ഫിലിം, എക്സിബിഷൻ, ഫിലിം & വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, സെറാമിക് & ഗ്ലാസ്, ഫർണിച്ചർ & ഇന്റീരിയർ, പ്രോഡക്ട്, ടെക്സ്റ്റൈൽ ഡിസൈൻ എന്നീ കോഴ്സുകൾ ബിരുദതലത്തിൽ പഠിക്കാനവസരമുണ്ട്. ഏതെങ്കിലും വിഷയമെടുത്ത് പ്ലസ് ടു വിജയിച്ചവർക്കും 2025ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പത്ത് കഴിഞ്ഞതിനുശേഷം മൂന്നു വർഷ ഡിപ്ലോമ കഴിഞ്ഞവരും അപേക്ഷിക്കാൻ അർഹരാണ്. 2004 ജൂലൈ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
എംഡിസ്
അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ കാന്പസുകളിലാണ് രണ്ടുവർഷ മാസ്റ്റേഴ്സ് പ്രോഗ്രാമുള്ളത്. പ്ലസ് ടു പഠനത്തിന് ശേഷം മൂന്നോ നാലോ വർഷത്തെ ബിരുദം അല്ലെങ്കിൽ നാല് വർഷത്തെ ഡിസൈൻ / ഫൈൻ ആർട്സ് /അപ്ലൈഡ് ആർട്സ്/ ആർക്കിടെക്ചർ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും.
അഹമ്മദാബാദ് കാന്പസിൽ അനിമേഷൻ ഫിലിം, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക്, സെറാമിക് ആൻഡ് ഗ്ലാസ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രോഡക്ട്, ടെക്സ്റ്റയിൽ എന്നീ സ്പെഷലൈസേഷനുകളാണുള്ളത്. ഗാന്ധിനഗറിൽ ഫോട്ടോഗ്രഫി, ടോയ് ആൻഡ് ഗെയിം, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, അപ്പാരൽ ഡിസൈൻ, ലൈഫ് സ്റ്റൈൽ അക്സസറി എന്നിവയും ബംഗളൂരുവിൽ യൂണിവേഴ്സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്ഷൻ, ഡിസൈൻ ഫോർ റീട്ടെയിൽ എകസ്പീരിയൻസ് എന്നിവയും ലഭ്യമാണ്. പരമാവധി രണ്ടു പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
പ്രവേശനം
ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂട് ടെസ്റ്റ് (ഡാറ്റ്) വഴിയാണ് അഡ്മിഷൻ നടക്കുന്നത്. പ്രിലിംസ്, മെയിൻസ് എന്നിങ്ങനെയുള്ള രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ . രണ്ടു പ്രോഗ്രാമു കളുടെയും പ്രിലിംസ് പരീക്ഷ ജനുവരി അഞ്ചിന് നടക്കും. ബിഡിസ് മെയിൻ പരീക്ഷ ഏപ്രിൽ 26നും മേയ് നാലിനുമിടയിൽ നടക്കും. എംഡിസ് മെയിൻ പരീക്ഷ മാർച്ച് മൂന്നിനും ഏപ്രിൽ ആറിനുമിടയിലും. ഇരു പ്രോഗ്രാമുകൾക്കും ഡിസംബർ മൂന്നിന് വൈകുന്നേരം നാലിനുള്ളിൽ ഓണ്ലൈനിൽ അപേക്ഷിക്കണം. 3000 രൂപയാണ് ഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ മതി. എംഡിസ് രണ്ടു പ്രോഗ്രാമിന് അപേക്ഷിക്കാൻ ഇരട്ടി ഫീസടയ്ക്കണം. തിരുവനന്തപുരം, കൊച്ചി അടക്കം 22 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഡിസംബർ 24 മുതൽ അഡ്മിറ്റ് കാർഡ് ഡൗണ്ലോഡ് ചെയ്യാം.
വിവരങ്ങൾക്ക്: www.admissions.nid.edu