മെറ്റാ ബ്ലൂപ്രിന്റ് സര്ട്ടിഫിക്കേഷന്
ഫേസ്ബുക്കിന്റെ അംഗീകൃത ഇലേണിംഗ് പ്ലാറ്റ്ഫോമായ ബ്ലൂപ്രിന്റ് ഓണ്‍ലൈന്‍ മീഡിയാ മാനേജ്മെന്റ്, സോഷ്യല്‍ മീഡിയാ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിറ്റി മാനേജ്മെന്റ്, വെബ് ജേര്‍ണലിസം എന്നീ മേഖലകളില്‍ വൈവിധ്യമാര്‍ന്ന വിവിധ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. 2015 ല്‍ ഫേസ്ബുക്ക് ട്രെയിനിംഗിന്റെ ഭാഗമായി ആരംഭിച്ച ബ്ലൂപ്രിന്റിൽ 75 ഓളം പ്രൊഫഷണല്‍ കോഴ്സുകളിലും, അസോസിയേറ്റ് പ്രോഗ്രാമുകളിലും, തികച്ചും സൗജന്യമായി ചെയ്യാവുന്ന മറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലുമായി രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ 2020 കാലയളവു വരെ എന്റോള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ തന്നെ അമേരിക്കയില്‍ മാത്രം, 2,50,000 ലധികം ചെറുകിട ബിസിനസ് സംരഭകര്‍ ഫേസ്ബുക്ക് ബ്ലൂപ്രിന്റ് ഉപയോഗിച്ച് പരിശീലനം നേടി.
ഇപ്പോള്‍ പെരുമാറ്റം നടത്തി മെറ്റാ ബ്ലൂപ്രിന്റ് എന്ന പേരിലാണ് ഫേസ്ബുക്ക് സര്ട്ടിഫിക്കേഷന് പ്രോഗ്രാമുകള്‍ നടത്തുന്നത്, പരീക്ഷകള്‍ പ്രധാനമായും രണ്ട് വിഭാഗത്തില്‍പ്പെടുന്നു. പ്രൊഫഷണല്‍, അസോസിയേറ്റ് എന്നിവയ്ക്ക് യഥാക്രമം 150 ഡോളര്‍, 99 ഡോളര്‍ ഫീയാണ് ഒടുക്കേണ്ടത്. ഇതിനുപുറമേ മുകളില്‍ പറഞ്ഞിരിക്കുന്ന മേഖലകളില്‍ തികച്ചും സൗജന്യമായി ചെയ്യാവുന്ന ഒട്ടനവധി പ്രോഗ്രാമുകളും ബ്ലൂപ്രിന്റ് വാഗ്ദാനം ചെയ്യുന്നു.
സാധാരണയായി പ്രൊഫഷണല്‍, അസോസിയേറ്റ് പരീക്ഷകളുടെ ദൈര്‍ഘ്യം 75 മിനിറ്റാണ്, അതില്‍ 50 മുതല്‍ 60 വരെ ചോദ്യങ്ങള്‍ ഉണ്ടാകും, പരീക്ഷ വിജയിക്കാന്‍ കുറഞ്ഞത് 70% സ്കോര്‍ നേടേണ്ടതുണ്ട്. ഇതിന് പുറമേ തികച്ചും സൗജന്യമായി ചെയ്യാവുന്ന 90 ലധികം കോഴ്സുകളും ബ്ലൂപ്രിന്റില്‍ ലഭ്യമാണ്. അവയില്‍ മിക്കതിനും 15 മുതല്‍ 50 മിനിറ്റിറ്റുവരെ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഉണ്ടാകും. കോഴ്സുകളുടെ പ്രധാന സവിശേഷത അവ പതിവായി അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. ബ്ലൂപ്രിന്റ് കാറ്റലോഗ് വാഗ്ദാനം ചെയ്യുന്ന ചില പ്രധാന കോഴ്സുകള്‍ ചുവടെ ചേര്‍ക്കുന്നു.
Facebook Certified Marketing Science Professional മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്ക് ഡാറ്റാ ഉപയോഗിക്കേണ്ട വിധം, അവയുടെ വിശകലനം, ഡാറ്റാ ഇന്‍സൈറ്റ് എന്നിവയില്‍ ഒരാളുടെ കഴിവ് പരിശോധിക്കുക എന്നതാണ് ഈ സര്‍ട്ടിഫിക്കേഷന്റെ പ്രധാന ലക്ഷ്യം.
Facebook Certified Creative Srategy Professional ഫേസ്ബുക്ക് ആപ്പുകളിലും സേവനങ്ങളിലും മൊബൈല്‍ അടിസ്ഥാനകാര്യങ്ങളുടെ തന്ത്രപരമായ ഉപയോഗം വിലയിരുത്തപ്പെടുന്നു.
Facebook Certified Media Planning Professional ബിസിനസ് ലക്ഷ്യങ്ങള്‍ മാര്‍ക്കറ്റിംഗ് പ്ലാനുകളുമായി സമന്വയിപ്പിക്കുന്ന തന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള കഴിവ് അളക്കുന്നു.
Facebook Certified Media Buying Professional ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവ ഉപയോഗിച്ച് കാമ്പെയ്ന് മാനേജുമെന്റിലൂടെ പരസ്യങ്ങള്‍ നേടുന്നതിനുള്ള ഒരാളുടെ കഴിവ് വിശകലനം ചെയ്യുന്നു.
Facebook Certified Marketing Developer Facebook pixel, Standard events, Custom conversions എന്നിവയുടെ സാങ്കേതിക ഉപയോഗം പ്രതിപാദിക്കുന്നു
Facebook Certified Advanced Marketing Developer SDK/App events, dynamic ads, offline conversions ഇവയുടെ സാങ്കേതികത പ്രായോഗികതലത്തില്‍ ക്രീയാത്മകമായി ഉപയോഗിക്കുന്ന കാര്യം വിശകലനം ചെയ്യുന്നു
Facebook Certified Advertising API Developer മാര്‍ക്കറ്റിംഗ് API (Application Programming Interface) സംയോജനം, ക്രമീകരിക്കുന്ന രീതി, സാങ്കേതിക പരിഹാരം ഇവയിലുള്ള വൈദഗ്ദ്ധ്യം അളക്കുന്നു.
അസോസിയേറ്റ് പ്രോഗ്രാമില്‍ ഏറ്റവും നൂതനമായ രണ്ട് കോഴ്സുകൾ ഇപ്പോള്‍ ലഭ്യമാണ്.
Facebook Certified Communtiy Manager ഇന്ന് സോഷ്യല്‍ മീഡിയാകളുടെ കടന്ന് വരവും അത് ജനങ്ങളിലുണ്ടാക്കിയ സ്വാധീനവും ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി മാനേജ്മെന്റില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നു. കമ്മൂണിറ്റി മാനേജ്മെന്റ് മാനദണ്ഡങ്ങള്‍, ഉപയോഗക്രമം, വിനിയോഗം ഇവയില്‍ പ്രായോഗികമായ അറിവ് ഈ കോഴ്സിലൂടെ സ്വായത്തമാക്കാം.
Facebook Certified Digital Marketing Associate ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയിലുടനീളം പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും റിപ്പോര്ട്ടുചെയ്യുന്നതിലുമുള്ള അടിസ്ഥാനപരമായ കഴിവ് അളക്കുന്നു.
Facebookസര്ട്ടിഫിക്കേഷന് ലഭിച്ച് കഴിഞ്ഞാല്‍, ഫേസ്ബുക്ക് കരിയര്‍ നെറ്റ് വര്‍ക്കുവഴി ഇതേ മേഖലയില്‍ വിദഗ്ദ്ധരെ തിരയുന്ന 60 ലേറെ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്നു. ഫേസ്ബുക്ക്, BBDO, ഹവാസ് മീഡിയ, ഗ്രൂപ്പ്എം എന്നിവയാണ് ഈ നെറ്റ് വര്‍ക്കുവഴി തൊഴില്‍ നല്കുന്ന സ്ഥാപനങ്ങളില്‍ പ്രധാനികള്‍.
ഫേസ്ബുക്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് മെറ്റാ ബ്ലൂപ്രിന്റ് സര്ട്ടിഫിക്കേഷന്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞവര്ക്ക് "ഫേസ്ബുക്ക് ബ്ലൂപ്രിന്റ് പ്രൊഫഷണല്‍' നെറ്റ് വര്‍ക്ക് പോലുള്ള ഗ്രൂപ്പുകളില്‍ അംഗത്വം ലഭിക്കുന്നു. ഇതിലൂടെ സമാന മേഖലയിലുള്ള പ്രൊഫഷണലുമായി ആശയവിനിമയം നടത്തുന്നതിനും സാങ്കേതിക വിദ്യയിലുള്ള അറിവ് വിപുലീകരിക്കുന്നതിനും കഴിയുന്നു. ബ്ലൂപ്രിന്റ് പരീക്ഷയില്‍ വിജയിച്ചാല്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ബാഡ്ജ് വിവിധ സോഷ്യല്‍ മീഡിയാ തലങ്ങളിലും സ്വന്തം ബയോഡേറ്റയിലും ഉള്‍പ്പെടുത്താവുന്നതാണ്.
ബ്ലൂപ്രിന്റ് വഴി ലഭ്യമാകുന്ന വിവിധ കോഴ്സുകള്‍, പഠന സാമഗ്രികള്‍, കോഴ്സിന്റെ വിശദവിവരം, രജിസ്ട്രേഷന് തുടങ്ങിയവ ഈ ലിങ്കില്‍ ലഭ്യമാണ്. https://www.facebookblueprint.com/student/catalog
കെ. ജയകുമാര്‍, ഐടി വിദഗ്ധന്‍