ബിടെക് പരീക്ഷയിൽ 53.03 ശതമാനം വിജയം
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതികസർവകലാശാലയുടെ ബിരുദപരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ബിടെക്, ആർക്കിടെക്ചർ, ബിഎച്ച്എംസിടി (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി), ബിഡെസ് (ബാച്ചിലർ ഓഫ് ഡിസൈൻ) ഫലമാണ് പ്രസിദ്ധീകരിച്ചത്.
ബിടെക് പരീക്ഷയിൽ 53.03 ശതമാനം പേർ വിജയിച്ചപ്പോൾ ബിആർക്, ബിഎച്ച്എംസിടി, ബിഡെസ് ബാച്ചുകൾക്ക് യഥാക്രമം 71.28, 73.13, 65.79 എന്നിങ്ങനെയാണു വിജയശതമാനം.
128 എൻജിനിയറിംഗ് കോളജുകളിലായി പരീക്ഷയെഴുതിയ 27,000 വിദ്യാർഥികളിൽ 14,319 പേർ വിജയിച്ചു. വിജയശതമാനം 53.03. കഴിഞ്ഞ വർഷം വിജയശതമാനം 55.6 ആയിരുന്നു.) പരീക്ഷയെഴുതിയ 10,229 പെണ്‍കുട്ടികളിൽ 6,921 പേർ വിജയിച്ചു. വിജയം 67.66 ശതമാനം. 16,771 ആണ്‍കുട്ടികൾ പരീക്ഷ എഴുതിയതിൽ 7,398 പേർ വിജയിച്ചു. വിജയശതമാനം 44.11.
ഒന്പതിനു മുകളിൽ സിജിപിഎ ഉള്ള വിദ്യാർഥികളുടെ എണ്ണം 1117 ആണ്.
സർക്കാർ, സർക്കാർ എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിംഗ്, സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിലെ വിജയശതമാനം യഥാക്രമം 71.91, 75.94, 59.76, 43.39 എന്നിങ്ങനെയാണ്.
462 വിദ്യാർഥികൾ ബിടെക് ഓണേഴ്സ് ബിരുദത്തിന് അർഹരായി. 1126 വിദ്യാർഥികൾ ബിടെക് മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്സും മൈനറും ഒരുമിച്ചു നേടിയത് 135 വിദ്യാർഥികളാണ്.
ഉയർന്ന സ്കോർ ലഭിച്ച വിദ്യാർഥികൾ
ടികെഎം കോളജ് ഓഫ് എൻജിനിയറിംഗിലെ സിവിൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ ബീമ ജിഹാൻ (9.95 സിജിപിഎ), ബാർട്ടണ്‍ ഹിൽ എൻജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് വിദ്യാർഥിനി എസ്. അപർണ (9.88 സിജിപിഎ) ടികെഎം കോളജ് ഓഫ് എൻജിനിയറിംഗിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് വിദ്യാർഥിനി ഇ. അശ്വതി (9.87 സിജിപി എ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കിയവർ.